- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ പീഡനക്കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ എടുത്ത കേസ്; തെളിവില്ലെന്ന് എല്ലാവർക്കും അറിയാം; സത്യം അധികനാൾ മൂടിവയ്ക്കാനാകില്ല; ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പ്രതികരിച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സോളാർ പീഡനക്കേസ് യാതൊരുവിധ തെളിവുകളുമില്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ എടുത്ത കേസാണെന്ന് ഉമ്മൻ ചാണ്ടി. സത്യം അധികനാൾ മൂടിവെയ്ക്കാൻ സാധിക്കില്ല. സർക്കാരിനും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും എന്നിട്ടും രാഷ്ട്രീയമായ ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. സോളാർ പീഡനക്കേസിൽ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.
രാഷ്ട്രീയ എതിരാളികൾക്കെതിരേ ഹീനമായ അവസരം ഉപയോഗപ്പെടുത്തുക എന്നത് ലക്ഷ്യമിട്ട് കൊണ്ടുവന്ന കേസാണിത്. കേസിലെ പരാതിക്കാരി എഴുതിയ കത്ത് കമ്മീഷന്റെ റിപ്പോർട്ടിന്റെ ഭാഗമാക്കാൻ പാടില്ലെന്നും അതിന്മേൽ യാതൊരു നടപടിയും എടുക്കാൻ പാടില്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. അത്കൊണ്ട് അവസാനിക്കേണ്ട കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ, രാഷ്ട്രീയ എതിരാളികളെ അപമാനിക്കാൻ കൊണ്ടുവന്നതാണ്. തെളിവില്ല എന്നത് എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് ജാമ്യമില്ലാ വകുപ്പ് ഇട്ട് കേസെടുത്തിട്ടും മുൻകൂർ ജാമ്യത്തിനോ എഫ്ഐആർ റദ്ദാക്കാനോ പോകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
' ഈ കേസ് കഴിഞ്ഞ രണ്ട് കൊല്ലമായി നിലനിൽക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന് വേണമെങ്കിൽ എന്നെ അറസ്റ്റ് ചെയ്യാം. അറസ്റ്റിന് ശേഷം നിയമപരമായി നീങ്ങാം എന്ന നിലപാടാണ്. ഞാൻ നിയമനടപടി സ്വീകരിച്ചതുകൊണ്ടാണ് തുടർനടപടി സ്വീകരിക്കാൻ സാധിക്കാതെ പോയതെന്ന് സർക്കാറിന് പറയാൻ അവസരം കൊടുക്കരുതെന്ന് കരുതി.' - ഉമ്മൻ ചാണ്ടി പറഞ്ഞു.
അഞ്ച് വർഷം നടപടി എടുക്കാൻ സാധിക്കാതെയാണ് കേസ് സിബിഐയ്ക്ക് വിട്ടതെന്ന് ചൂണ്ടിക്കാണിച്ച ഉമ്മൻ ചാണ്ടി കേരള പൊലീസിന് എന്തുപറ്റിയെന്നും ചോദിച്ചു.
സംഭവം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അന്നേ ദിവസം പരാതിക്കാരി ക്ലിഫ് ഹൗസിൽ എത്തിയതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉമ്മൻ ചാണ്ടിക്കും മറ്റ് നേതാക്കൾക്കും എതിരായ സോളാർ പീഡനക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് അടുത്തിടെയാണ് സർക്കാർ ഉത്തരവിറക്കിയത്. 2018ലാണ് പരാതിക്കാരുടെ മൊഴി പ്രകാരം ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുന്നത്. തുടർന്ന് രണ്ടര വർഷം ക്രൈംബ്രാഞ്ച് കേസിൽ അന്വേഷണം നടത്തി. തുടർന്ന് പരാതിക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് സിബിഐയ്ക്ക് വിടുന്നത്.
നടപടിക്രമങ്ങളുടെ ഭാഗമായി കേസ് അന്വേഷണത്തിന്റെ സ്ഥിതിവിവര റിപ്പോർട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ് കേന്ദ്ര സർക്കാരിന് അയച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ഉമ്മൻ ചാണ്ടിക്കെതിരായി തെളിവ് ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്ന കാര്യങ്ങൾ നടന്നതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമുള്ള വിവരമാണ് ഈ റിപ്പോർട്ടിലുള്ളത്.
2012 സെപ്റ്റംബർ 19ന് നാല് മണിക്ക് ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻ ചാണ്ടി പീഡിപ്പിച്ചു എന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. കൃത്യം നടന്നു എന്നു പറയുന്ന സമയത്ത് ക്ലിഫ് ഹൗസിലുണ്ടായിരുന്ന പൊലീസുകാർ, ജീവനക്കാർ, മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്, മറ്റ് ആളുകൾ എന്നിവരെ ചോദ്യം ചെയ്തതതിന്റേയും പരാതിക്കാരിയുടേയും ഡ്രൈവറുടേയും മൊഴിയുടേയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ഇതുപ്രകാരം പീഡനം നടന്നു എന്ന് പറയുന്ന സമയത്ത് ഉമ്മൻ ചാണ്ടിയോ പരാതിക്കാരിയോ സ്ഥലത്ത് ഉണ്ടായിരുന്നു എന്നതിന് തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇത് സംബന്ധിച്ച ടെലിഫോൺ രേഖകൾ സർവീസ് പ്രൊവൈഡർമാരോട് ചോദിച്ചെങ്കിലും ഏഴ് വർഷമായതിനാൽ ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. പരാതിക്കാരി പറയുന്ന സംഭവം നടന്നു എന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും അതിനാൽ കേസ് തുടർ അന്വേഷണത്തിനായി സിബിഐയ്ക്ക് ശുപാർശ ചെയ്യുന്നുവെന്നും ടി.കെ. ജോസ് കേന്ദ്ര സർക്കാരിന് അയച്ച റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ