കോഴിക്കോട്: ഒട്ടേറെ വിവാദങ്ങൾ ഉയരുമ്പോഴും നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് വികസന വിഷയങ്ങളാണ്. അഞ്ച് വർഷത്തെ ഭരണ നേട്ടങ്ങൾ ഉയർത്തിയാണ് തുടർഭരണത്തിനായി എൽഡിഎഫ് വോട്ട് തേടുന്നത്. എന്നാൽ അഴിമതിയും സ്വജനപക്ഷവാദവും അടക്കം എൽഡിഎഫിന്റെ ദുർഭരണം തുറന്നുകാട്ടുകയാണ് പ്രതിപക്ഷ കക്ഷികൾ. പോരാട്ടച്ചൂട് ഏറിയതോടെ എൽഡിഎഫിന് വലിയൊരു വെല്ലുവിളിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ മുഖ്യമന്ത്രി 

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പൂർത്തീകരിച്ച പാലങ്ങളുടെ പട്ടിക പുറത്തുവിട്ട ഉമ്മൻ ചാണ്ടി എൽഡിഎഫ് കാലത്തെ പട്ടിക പുറത്തുവിടാമോ എന്ന വെല്ലുവിളിയുമായി രംഗത്ത്.

2011 മുതൽ 2016 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് പൂർത്തീകരിച്ച 227 പാലങ്ങളുടെ പട്ടികയാണ് ഉമ്മൻ ചാണ്ടി ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഇതിനൊപ്പമാണ് എൽ.ഡി.എഫിനെ വെല്ലുവിളിക്കുകയും ചെയ്തിട്ടുള്ളത്.

എൽ.ഡി.എഫ്. കാലത്ത് നിർമ്മിച്ച പാലങ്ങളുടെ പട്ടിക പുറത്തുവിടാമോ എന്നതാണ് ഉമ്മൻ ചാണ്ടിയുടെ വെല്ലുവിളി. കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ഫേസ്‌ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ആയിരത്തിലേറെ കമന്റുകളാണ് പോസ്റ്റിന് കീഴിലുള്ളത്. നാലായിരത്തിലേറെ ഷെയറും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.