കോട്ടയം: സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ഉദ്ഘാടന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ വേദി പങ്കിടുമെന്നായിരുന്നു എല്ലാവരും കരുതിയത്. അതിന് കാരണം ഉമ്മൻ ചാണ്ടിയെ കുടി ഉൾപ്പെടുത്തി ഉദ്ഘാടന ചടങ്ങിന്റെ നോട്ടീസ് ച്ചടിച്ചതായിരുന്നു. ഇതോടെ സോളാർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഈ നോട്ടീസ് വിവാദമാകുകയും ചെയ്തു. ഇന്നലെ ഉദ്ഘാടന വേദിയിൽ അദ്ദേഹം എത്തുകയുമുണ്ടായില്ല. താൻ പരിപാടിക്ക് എത്താതിരുന്നത് ആരും ക്ഷണിക്കാത്തതു കൊണ്ടാണെന്നാണ് ഉമ്മൻ ചാണ്ടി ഇതിൽ വിശദീകരിച്ചത്.

സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഉദ്ഘാടനച്ചടങ്ങിനു തന്നെ ആരും ക്ഷണിച്ചിരുന്നില്ലെന്നു ഉമ്മൻ ചാണ്ടി പറഞ്ഞു. തന്റെ പേരു പരിപാടിയിൽ ഉൾപ്പെടുത്തിയ കാര്യം പത്രങ്ങളിൽ വായിച്ചാണ് അറിഞ്ഞത്. പരിപാടിയുടെ നോട്ടിസും കിട്ടിയിരുന്നില്ല. ഇന്നലെ രാവിലെ 11 മണിയോടെ ഒരാൾ എന്നെ വിളിച്ചു. എപ്പോഴാണു പാലായിൽ എത്തുന്നതെന്നു ചോദിച്ചു. ആരും ക്ഷണിച്ചില്ലല്ലോ, അതുകൊണ്ടു വരാൻ കഴിയില്ലെന്നും പറഞ്ഞു ഉമ്മൻ ചാണ്ടി പറഞ്ഞു.

ഇന്നലെ മൂന്നുമണിക്കു വൈക്കം കാട്ടിക്കുന്നിൽ യൂത്ത് കോൺഗ്രസിന്റെ പരിപാടിയിൽ പങ്കെടുക്കണമെന്നുള്ള കാര്യവും വിളിച്ചയാളെ ഉമ്മൻ ചാണ്ടി അറിയിച്ചു. സ്‌കൂൾ കായികമേളയുടെ ലോഗോ രൂപകൽപന ചെയ്ത വിദ്യാർത്ഥിക്ക് ഉമ്മൻ ചാണ്ടി പുരസ്‌കാരം നൽകുമെന്നായിരുന്നു കായികമേളയുടെ നോട്ടിസിൽ ചേർത്തിരുന്നത്.

ഇന്നലെ കായിക മേളയുടെ ഉദ്ഘാടകനായ പിണറായിക്കൊപ്പം ആരൊക്കെ വേദി പങ്കിടുമെന്ന കാര്യത്തിൽ അൽപ്പം രാഷ്ട്രീയമുണ്ടായിരുന്നു താനും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു എങ്കിലും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാൻ ഉമ്മൻ ചാണ്ടി സ്വയം വഴിമാറി എന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. ഉമ്മൻ ചാണ്ടി വിട്ടു നിന്നെങ്കിലും ചടങ്ങിൽ നിന്നും ഉമ്മൻ ചാണ്ടി വിട്ടു നിന്നെങ്കിലും സോളാർ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശ വിധേയനായ ജോസ് കെ മാണി ഉദ്ഘാടന വേദിയിലും പങ്കാളിയായി.

പാലയിൽ വെച്ചു നടക്കുന്ന കായികമേളയിൽ കാരണവരുടെ റോളിൽ പാലക്കാരുടെ സ്വന്തം മാണിസാറായിരുന്നു. എല്ലാം ഒകെയല്ലേ.. എന്നു പറഞ്ഞ് കാര്യങ്ങൾ തിരക്കുകയായിരുന്നു അദ്ദേഹം. മാർച്ച് പാസ്റ്റോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. എല്ലാവർക്കും ഇരിപ്പിടം കിട്ടിയിലേയെന്നത് അടക്കമുള്ള കാര്യങ്ങൾ കെ എം മാണി ശ്രദ്ധിച്ചു. ഇടയ്ക്ക് മാണി വേദിയിൽ വെച്ച് മുഖ്യമന്ത്രി പിണറായിക്ക് ഒരു കത്ത് കൈമാറി. എന്തായിരിക്കും ആ കത്തിലെ ഉള്ളടക്കം എന്ന് മാധ്യമപ്രവർത്തകർക്ക് അടക്കം കൗതുകം ഉണ്ടായി. എന്നാൽ, തന്റെ പ്രസംഗത്തിൽ തന്നെ എന്താണ് പറഞ്ഞതെന്ന് കെ എം മാണി വ്യക്തമാക്കി.