- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാവക്കാട്ട് എത്താൻ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഭയമോ? ഗ്രൂപ്പ് വൈര്യത്തിൽ കോൺഗ്രസുകാരനെ കുത്തിമലർത്തിയതിൽ സമാധാനം പറയാനാകാതെ നേതാക്കൾ; ചാവക്കാട്ടെ എ-ഐ സംഘർഷത്തിൽ അയവില്ല
തൃശൂർ:ഗ്രൂപ്പ് രാഷ്ട്രീയം കൊലക്കത്തിയെടുത്ത ചാവക്കാട് പുത്തൻ കടപ്പുറം കോൺഗ്രസ്സിന് എന്നും തലവേദന സൃഷ്ടിക്കുന്ന പ്രദേശം. എ-ഐ ഗ്രൂപ്പുകൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്ന പതിനാലാം വാർഡ് എന്ന വിളിപ്പെരുള്ള മേഖലയിൽ രാഷ്ട്രീയം തെരുവിൽ തല്ലുന്നത് ഇത് ആദ്യമായുമല്ല. മറ്റു രാഷ്ട്രീയ പാർട്ടികളുമായി ഇപ്പോൾ കാര്യമായ പ്രശ്‌നങ്ങൾ ഒന്നും നിലന
തൃശൂർ:ഗ്രൂപ്പ് രാഷ്ട്രീയം കൊലക്കത്തിയെടുത്ത ചാവക്കാട് പുത്തൻ കടപ്പുറം കോൺഗ്രസ്സിന് എന്നും തലവേദന സൃഷ്ടിക്കുന്ന പ്രദേശം. എ-ഐ ഗ്രൂപ്പുകൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്ന പതിനാലാം വാർഡ് എന്ന വിളിപ്പെരുള്ള മേഖലയിൽ രാഷ്ട്രീയം തെരുവിൽ തല്ലുന്നത് ഇത് ആദ്യമായുമല്ല. മറ്റു രാഷ്ട്രീയ പാർട്ടികളുമായി ഇപ്പോൾ കാര്യമായ പ്രശ്‌നങ്ങൾ ഒന്നും നിലനിൽക്കാത്ത സ്ഥലത്ത് കോൺഗ്രസ്സുകാർ ആണ് നാട്ടുകാരുടെ സമാധാന ജീവിതത്തിന് വെല്ലുവിളി ഉയർത്തുന്നത്. ഇവരാകട്ടെ ജില്ല-സംസ്ഥാന കോൺഗ്രസ്സ് നേതൃത്വം പോലും പറഞ്ഞാൽ കേട്ട ഭാവം നടിക്കാത്തവരും. ഫനീഫയുടെ കൊലപാതകമുണ്ടാക്കിയ സാമൂഹിക സാഹചര്യത്തിന് അറുതി വരുത്താൽ കോൺഗ്രസ് സംസ്ഥാന നേതാക്കൾക്ക് പോലും ഫോർമുലയില്ല. തത്കാലും ഈ പ്രദേശത്തേക്ക് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവർ വരാൻ സാധ്യത കുറവാണ്.
ക്വട്ടേഷൻ സംഘങ്ങളെ വെല്ലുന്ന രാഷ്ട്രീയമെന്ന് പലപ്പോഴും കണ്ണൂർ ജില്ലയെ കളിയാക്കി പറയുമെങ്കിലും അതിലെല്ലാം ഏറെയാണ് ഇവിടുത്തെ കോൺഗ്രസ്സുകാരുടെ കൈക്കരുത്ത് പൊളിറ്റിക്‌സ്. ഒരു പ്രശ്‌നം നടന്നാൽ അത് സംഘർഷത്തിലേക്ക് വഴിമാറാൻ കുറച്ച് സമയം മാത്രം മതിയത്രെ ഇവിടുത്തുകാർക്ക്. കട്ടവനെ കിട്ടിയില്ലേൽ കിട്ടിയവനെ എന്ന മനോഭാവമാണ് പലർക്കും. കഴിഞ്ഞ ജൂൺ 27 ന് കെഎസ്‌യു നേതാവ് ഫാറൂക്കിന് വെട്ടേറ്റതിന് ശേഷമാണ് പ്രദേശത്ത് കലാപം രൂക്ഷമായത്. വീട്ടിലുള്ള കുട്ടികളേയും സ്ത്രീകളേയും ഉൾപ്പെടെ വഴിയിൽ പരസ്യമായി തെറി പറഞ്ഞ് അവഹേളിക്കൽ വരെ ഇവിടെ പതിവാണെന്നാണ് അനുഭസ്ഥർ പറയുന്നത്. ജില്ലയിലെ എ-ഐ വിഭാഗങ്ങളുടെ നേതാക്കൾ സമന്വയത്തിലെത്തി പലതവണ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സിഎ ഗോപ പ്രതാപനേയും എ ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്ന ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെപിഎ റഷീദിനേയും ഒരുമിച്ചിരുത്തി ചർച്ച ചെയ്തിട്ട് പോലും സംഘർഷത്തിന് യാതൊരു അയവും വന്നിരുന്നില്ല .
ഹനീഫയുടെ കൊലപാതകത്തോടെ സംഘർഷം നിയന്ത്രണാതീതമായി. ഗ്രൂപ്പ് പോര് എപ്പോൾ വേണമെങ്കിലും അതിരുവിടും. ഇക്കാര്യം ഇന്റലിജൻസും സർക്കാരിനെ അറിയിച്ചിട്ടുണ്ട്. മന്ത്രിമാരോ പ്രമുഖ നേതാക്കളോ സ്ഥലം സന്ദർശിക്കാതിരിക്കുന്നതാണ് ഉചിതമെന്നാണ് ഇന്റലിജൻസിന്റെ നിലപാട്. ഇത് മനസ്സിലാക്കിയാണ് പല നേതാക്കളും ഹനീഫയുടെ വീട്ടിൽ എത്തുന്നത് ഒഴിവാക്കുന്നത്. എത്രയും വേഗം പ്രശ്‌ന പരിഹാരത്തിന് കെപിസിസി പ്രസിഡന്റെ മുൻകൈയെടുക്കണമെന്നാണ് ചില പ്രമുഖ നേതാക്കളുടെ നിലപാട്. എന്നാൽ അക്രമ രാഷ്ട്രീയത്തിൽ സന്ധി ചെയ്യാൻ തന്നെ കിട്ടില്ലെന്നാണ് സുധീരൻ അവരോട് പറഞ്ഞത്. ഇതോടെ പ്രശ്‌നം വഷളാവുകയാണ്. ചാവക്കാട്ടെ യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞാണ് സുധീരന്റെ നിലപാട് വിശദീകരണം. എല്ലാം വഷളാക്കിയവർ എല്ലാം നേരെയാക്കട്ടേ എന്നാണ് സുധീരൻ വ്യക്തമാക്കുന്നത്.
ജില്ല കോൺഗ്രസ്സ് നേതാക്കളുമായി അടുത്ത ബന്ധമുള്ള നേതാക്കൾ പോലും പുത്തൻകടപ്പുറത്തെ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് വേണ്ടിയാണ് നിലകൊണ്ടിരുന്നത് എന്നാണ് ആക്ഷേപം. ഫാറൂക്കിന് നേരെ നടന്ന അക്രമത്തിന് ശേഷം ബ്ലോക്ക് കോൺഗ്രസ്സ് നേതാക്കൾ ആസൂത്രണം ചെയ്യുന്ന ഒരു പരിപാടിയിലും എ ഗ്രൂപ്പുകാർ പങ്കെടുത്തിരുന്നില്ല. പലപ്പോഴും പരിപാടി പൊളിക്കാൻ അവർ മുന്നണിയിൽ നിൽക്കുകയും ചെയ്യും. തങ്ങളുടെ പ്രവർത്തകനെ അക്രമിച്ചതിന്റെ പകയെന്നോണം ഐ ഗ്രൂപ്പിനെ തിരിച്ചടിക്കാനും അവർ മറന്നില്ല.സംഗതി ഇത്രയൊക്കെയായതോടെ ആഭ്യന്തര വകുപ്പ് കയ്യിലുള്ള ഐ ഗ്രൂപ്പ് നേതാക്കളും വിട്ടില്ല. പൊലീസിനെ കൊണ്ട് ഫാറൂക്കിനെതിരെ കേസ് എടുപ്പിച്ച് എ ഗ്രൂപ്പിനെ അടിക്കുകയായിരുന്നു അവർ ചെയ്തത്. ഇതിനിടെ ചെറുതും വലുതുമായ നിരവധി സംഘർഷങ്ങൾ പുത്തൻ കടപ്പുറത്ത് നടന്നു. കഴിഞ്ഞ രണ്ടാഴ്ച മുൻപ് ചാവക്കാട് നഗരസഭയുടെ ബസ്സ്റ്റാന്റ് ഉദ്ഘാടനത്തിന് മന്ത്രി സിഎൻ ബാലകൃഷണൻ അവിടെയെത്തിയത് .
ബ്ലോക്ക് കോൺഗ്രസ്സ് നേതൃത്വം കയ്യാളുന്ന ഐ ഗ്രൂപ്പിന്റെ ബഹിഷ്‌കരണ നിർദ്ദേശം തള്ളിയായിരുന്നു ആ ഗ്രൂപ്പുകാരൻ കൂടിയായ മന്ത്രിയുടെ ചടങ്ങിൽ പങ്കെടുക്കൽ. ഇതെല്ലാം ഗ്രൂപ്പ് പോരിൽ ഐ വിഭാഗം പരാജയപ്പെട്ടു എന്ന പ്രതീതി സൃഷ്ടിക്കുമ്പോഴായിരുന്നു പാരമ്പര്യ കോൺഗ്രസ്സ് നേതാവായ ഹനീഫയുടെ കൊലപാതകം നടക്കുന്നത്. ഗോപപ്രതാപനോട് അടുത്ത് നിൽക്കുന്നവർ തന്നെയാണ് കൊല നടത്തിയതെന്ന് ആരോപണത്തിൽ ഉറച്ച് നില്ക്കുകയാണ് എ വിഭാഗം. പ്രതികളെ സംരക്ഷിക്കുന്നതും ഇവർ തന്നെയാണെന്നാണ് മറു വിഭാഗത്തിന്റെ ആക്ഷേപം. അതേസമയം ചാവക്കാട് മേഖലയിലേക്ക് കോൺഗ്രസ്സ് നേതാക്കൾ ആരും തന്നെ പോകരുതെന്ന് കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.
ഹനീഫയുടെ ഖബറടക്ക ദിവസം ചാവക്കടിന് തൊട്ടടുത്ത് കുന്നംകൂളത്ത് എത്തിയിട്ട് പോലും മുഖ്യമന്ത്രി ഹനീഫയുടെ വീടോ പ്രദേശമോ സന്ദർശിക്കാത്തതിൽ എ വിഭാഗം കടുത്ത അതൃപ്തിയിലാണ്. ചാവക്കട് മേഖലയെ പൂർണ്ണമായും അവഗണിച്ച് തങ്ങൾക്ക് ഈ കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്ന് തെളിയിക്കാനാണ് എ-ഐ വിഭാഗം പരസ്പരം ഇപ്പോൾ മത്സരിക്കുന്നത്. ഇങ്ങനെ വന്നാൽ സംസ്ഥാന -ജില്ല നേതാക്കൾക്കെതിരായി പല വെളിപ്പെടുത്തലുകളും തെളിവുകളുമായി തങ്ങൾ രംഗത്ത് വരുമെന്നാണ് ഇവിടുത്തെ കോൺഗ്രസ്സുകാരുടെ ഭീഷണി. സംസ്ഥാന നേതാക്കളുടെ പിന്തുണയോടെ ഇവിടുത്തുകാർ മറ്റിടങ്ങളിൽ പോയി നടത്തിയ അക്രമ വിവരങ്ങൾ പുറത്താകുമോ എന്ന ഭയത്തിലാണ് പല നേതാക്കന്മാരുമിപ്പോൾ.
എന്തായാലും ബ്ലോക്ക് കമ്മറ്റി പിരിച്ച് വിട്ടതിൽ പ്രതിഷേധം ഇന്ന് നടക്കുന്നതോടെ ഗ്രൂപ്പ് പോര് അതിന്റെ രൂക്ഷതയിൽ എത്തുമെന്നാണ് വിലയിരുത്തുന്നത്.ഇത് മറ്റു പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനുള്ള കൊണ്ടി പിടിച്ച ശ്രമത്തിലാണ് നേതാക്കൾ ഇപ്പോൾ.