- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞു വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് സിപിഎം നൽകിയത് ഡബിൾ പ്രമോഷൻ; ബിജു കണ്ടക്കൈ ഇപ്പോൾ എകെജി സെന്റർ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവും; ഉമ്മൻ ചാണ്ടിയോട് മാപ്പു പറഞ്ഞിട്ടും കോടതി കയറി ഇറങ്ങി സി.ഒ.ടി നസീർ; 2013 ലെ കേസിൽ ഇപ്പോഴും വിസ്താരം തുടരുന്നു
കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ കേസിന്റെ പേരിൽ നാടെങ്ങും പ്രക്ഷോഭം നടത്തിയപ്പോൾ കണ്ണൂരിൽ അദ്ദേഹത്തിന്റെ വാഹനം കല്ലെറിഞ്ഞ് തകർക്കുന്ന അവസ്ഥ വരെയുണ്ടായി. അന്ന് സംഘടിച്ചെത്തിയ സിപിഎമ്മുകാർ കല്ലു വടിയും കൊണ്ട് പാഞ്ഞടുക്കുകയായിരുന്നു. 2013ൽ നടന്ന ഈ കേസിൽ ഇനിയും വിചാരണ പൂർത്തിയായിട്ടില്ല. ഇന്നലെയും ഈ കേസിന്റെ വിസ്താരം നടന്നു. മൂന്ന് പൊലീസുകാരെയാണ് കേസുമായി ബന്ധപ്പെട്ട് ഇന്നലെ വിസ്തരിച്ചത്.
ഉമ്മൻ ചാണ്ടിയുടെ വാഹനത്തിന് എസ്‌കോർട്ട് പോയ പൊലീസുകാരായ ബൈജു, ഷിജു, രാജൻ എന്നിവരെയാണു വിസ്തരിച്ചത്. ബൈജുവിന് കല്ലേറിൽ പരുക്കേറ്റിരുന്നു. വിചാരണ ഇന്നും തുടരു. 2013 ഒക്ടോബർ 27നാണ് കേസിന് ആസ്പദമായ സംഭവം. സംസ്ഥാന പൊലീസ് അത്ലറ്റിക് മീറ്റിന്റെ സമാപനപരിപാടി പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യാൻ കണ്ണൂരിൽ എത്തിയതായിരുന്നു ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയെ വധിക്കാൻ ഗൂഢാലോചന നടത്തുകയും കാൽടെക്‌സ് മുതൽ പൊലീസ് ക്ലബ് വരെ എൽഡിഎഫ് പ്രവർത്തകർ റോഡിൽ മാർഗ തടസ്സം സൃഷ്ടിക്കുകയും മാരകായുധങ്ങളുമായി വധിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണു കേസ്. അന്നുണ്ടായ കല്ലേറിൽ ഉമ്മൻ ചാണ്ടിക്കു പരുക്കേറ്റിരുന്നു.
ഈ കേസിൽ 113 പ്രതികളാണ് ഉണ്ടായിരുന്നത്. ഈ കേസിൽ പ്രതിയായിരുന്ന ബിജു കണ്ടക്കൈ ഇന്ന് എകെജി സെന്റർ സെക്രട്ടറിയാണ്. സിപിഎം സംസ്ഥാന സമിതി അംഗവും. 2013 ഒക്ടോബർ 27നു വൈകിട്ട് 5.40നു കണ്ണൂർ പൊലീസ് മൈതാനിയിൽ സംസ്ഥാന പൊലീസ് അത്ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സംഘം ചേർന്നു കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണു കണ്ണൂർ ടൗൺ പൊലീസ് കേസ്. ഒപ്പം കാറിൽ ഉണ്ടായിരുന്ന കോൺഗ്രസ് നേതാക്കളായ കെ.സി.ജോസഫ്, ടി.സിദ്ദീഖ് എന്നിവർക്കും പരുക്കേറ്റിരുന്നു.
വധിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി സംഘം ചേർന്ന് അക്രമിക്കാനായിരുന്നു പദ്ധതിയെന്നാണ് എഫ്‌ഐആറിൽ പറഞ്ഞത്. മുഖ്യമന്ത്രിയെ കൊല്ലണമെന്നു വിളിച്ച് അകമ്പടി പോയ പൊലീസ് വാഹനം തടഞ്ഞു. ഇതിനിടെ കണ്ടാലറിയാവുന്ന ഒരു കൂട്ടം പേർ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ വലതു വശത്തു കൂടി ഇരച്ചുകയറി. കല്ല്, മരവടി, ഇരുമ്പുവടി എന്നിവ കൊണ്ട് എറിഞ്ഞു പരുക്കേൽപിച്ചു. മുഖ്യമന്ത്രിയുടെയും പൊലീസിന്റെയും വാഹനം തകർത്തതിൽ അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്നും കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്. ആകെ 253 സാക്ഷികളാണുള്ളത്.
അതേസമയം കേസിൽ പ്രതിയായിരുന്ന സിഒടി നസീർ പിന്നീട് ഉമ്മൻ ചാണ്ടിയോട് മാപ്പു പറഞ്ഞിട്ടും ഈ കേസ് അവസാനിച്ചിട്ടില്ല. കേസ് ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ പുതിയ സമരമുറ കണ്ടെത്തുന്നതാണ നല്ലതെന്നാണ് സിഒടി നസീർ പറയുന്നത്. ഒമ്പത് വർഷമായി നിരപരാധിത്വം തെളിയിക്കാൻ കോടതി കയറി ഇറങ്ങുകയാണെന്നും നസീർ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
അന്ന് സിപിഎം നേതാവായിരുന്ന സി.ഒ.ടി. നസീറും കേസിൽ പ്രതിയായിരുന്നു. എന്നാൽ, പിന്നീട് താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് നസീർ ഉമ്മൻ ചാണ്ടിയെ കണ്ട് മാപ്പ് ചോദിച്ചിരുന്നു. ഇതിനിടെ സി.ഒ.ടി നസീറിന് നേരെ വധശ്രമവും നടന്നു. 2019 മെയ് 18-ന് രാത്രി ഏഴു മണിയോടെ, സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോൾ കായ്യത്ത് റോഡിൽവച്ചാണ് ആക്രമിക്കപ്പെട്ടത്. എ.എൻ.ഷംസീർ എംഎൽഎ.യുടെ നിർദേശപ്രകാരമാണ് വധശ്രമം നടത്തിയതെന്ന് നസീർ ആരോപിച്ചതോടെ കേസ് ചൂടേറിയ രാഷ്ട്രീയചർച്ചകൾക്ക് വഴിയൊരുക്കി.
ഗൂഢാലോചന നടത്തിയതിന് സിപിഎം. പ്രവർത്തകൻ പൊട്ടി സന്തോഷ്(വി.പി.സന്തോഷ്) പിടിയിലായി. തുടർന്ന് സിപിഎം. ഏരിയ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറി എ.കെ.രാജേഷ് അറസ്റ്റിലായി. സിഐ. വി.കെ.വിശ്വംഭരനായിരുന്നു കേസന്വേഷിച്ചത്. എംഎൽഎക്കെതിരായി മൊഴിനൽകിയിട്ടും സിഐ. രേഖപ്പെടുത്തിയില്ലെന്ന നസീറിന്റെ ആരോപണത്തെ തുടർന്ന് വീണ്ടും മൊഴിയെടുത്തു. പ്രതികളെ അറസ്റ്റു ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെ വിശ്വംഭരനെ മാറ്റി.
അന്വേഷണോദ്യോഗസ്ഥനായി സിഐ. കെ.സനൽകുമാർ എത്തി. തുടർന്ന് ഷംസീറിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള കാർ വിളിച്ചുവരുത്തി തെളിവെടുത്തു. അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ട് നസീർ തലശ്ശേരി കോടതിയിൽ നൽകിയ ഹർജി തള്ളി. വടകര ലോക്സഭ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിരിക്കെയാണ് നസീർ ആക്രമിക്കപ്പെട്ടത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ -സ്വപ്ന വിഷയം അന്ന് (2013) മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി -സരിത വിഷയം. ഇന്ന് വിമാനത്തിൽ പ്രതിഷേധിക്കുന്നു അന്ന് റോഡിൽ പ്രതിഷേധിച്ചു. ആർക്കെങ്കിലും തോന്നുന്നുണ്ടോ ഈ വ്യവസ്ഥിയിൽ വല്ല മാറ്റം ഉണ്ടാവുമെന്ന് ? പറയാൻ കാരണം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞു എന്ന കേസ് ഇന്നും തിർന്നിട്ടില്ല. 9 വർഷമായി നിരപാധിത്വം തെളിയിക്കാൻ കോടതിപടി കയറി ഇറങ്ങുന്നു. സമരം ചെയുന്ന സമരഭടന്മാരോട് പുതിയ കാലത്ത് പുതിയ സമരമുറ കണ്ടെത്തുന്നതാണ് നല്ലത്.
മറുനാടന് മലയാളി ബ്യൂറോ