തിരുവനന്തപുരം: ആർ ശങ്കർ പ്രതിമ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വെള്ളാപ്പള്ളി നടേശന്റെ കുരുട്ട ബുദ്ധിയിൽ പിറന്നതാണെന്ന വാദം ശക്തമാവുകയും വെള്ളാപ്പള്ളിക്ക് എതിരെ ഭരണ-പ്രതിപക്ഷങ്ങൾ ഒരുമിച്ച് പ്രതിഷേധം തുടരുന്നതിനും ഇടെ വിവാദങ്ങളുടെ യഥാർത്ഥ ഉറവിടം പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ എന്ന സൂചന പുറത്തുവന്നു. വിഴിഞ്ഞവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇതിന് കാരണമെന്നാണ് ഡൽഹിയിലെ പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മുഖ്യമന്ത്രിയെ ഒഴിവാക്കിയില്ലെങ്കിൽ പ്രധാനമന്ത്രി എത്തില്ലെന്ന വ്യക്തമായ സൂചന ലഭിച്ചതോടെ മറ്റൊരു വഴിയുമില്ലാതെയാണ് വെള്ളാപ്പള്ളി ഇത്തരമൊരു നിലപാട് എടുത്തതെന്നാണ് ഇവർ പറയുന്നത്. ഇതാണ് ശരിയെങ്കിൽ വെള്ളാപ്പള്ളി പുലിവാല് പിടിച്ചത് മനസ്സറിയാതെ എന്ന് പറയേണ്ടി വരും.

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തോടെ കേരളത്തിലെ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കമിടാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിച്ചിരുന്നത്. തന്റെ അടുപ്പക്കാരനായ ഗൗതം ആദാനിയെ കൊണ്ട് വിഴിഞ്ഞത്തെ പദ്ധതി ഏറ്റെടുപ്പിച്ചതും ഇതിന്റെ ഭാഗമായിരുന്നു. കുളച്ചലിന്റെ മോഹങ്ങളെ തകർത്ത് വിഴിഞ്ഞം യാഥാർത്ഥ്യമാക്കിയതിന് ചുക്കാൻ പിടിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസായിരുന്നു. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയത്തിലെ ഉപമന്ത്രിയും കന്യാകുമാരിയിൽ നിന്നുള്ള എംപിയുമായ പൊൻ രാധാകൃഷ്ണൻ ആഞ്ഞുപിടിച്ചിട്ടും മോദിയുടെ ഓഫീസ് വഴങ്ങിയില്ല. കേരളത്തിന്റെ സ്വപ്‌ന പദ്ധതയിൽ തന്റെ കൈയൊപ്പ് വരട്ടേ എന്ന് മോദി കരുതി. എന്നാൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം അതിനപ്പുറത്തേക്ക് ചിന്തിച്ചു. മോദി എത്തിയാൽ അതിന്റെ രാഷ്ട്രീയ ഗുണം ബിജെപിക്ക് പോകും. അതിന് അവർ തയ്യാറല്ലായിരുന്നു. പ്രധാനമന്ത്രിയെ നിർമ്മാണോദ്ഘാടനത്തിന് എത്തിക്കുമെന്ന് അദാനിയും സൂചന നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകളും അതേ രീതിയിലായിരുന്നു.

എന്നാൽ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ കടുപ്പിച്ചതോടെ എല്ലാം മാറിമറിഞ്ഞു. പ്രധാനമന്ത്രിയെ വിഴിഞ്ഞത്ത് ഉദ്ഘാടനാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. ഇതോടെ ഉമ്മൻ ചാണ്ടിയും മനസ്സുമാറ്റി. നിർമ്മാണ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്ക് കത്ത് പോലും നൽകിയില്ല. മുഖ്യമന്ത്രി ഉദ്ഘാടകനാക്കി. ബിജെപി നേതാക്കളേയും ചടങ്ങിലേക്ക് ക്ഷണിച്ചില്ല. ജനപ്രതിനിധികൾക്ക് മാത്രമായി ക്ഷണം ഒതുക്കിയായിരുന്നു ഇത്. എന്നാൽ ഇടതുപക്ഷം വിട്ടുനിന്നതോടെ കോൺഗ്രസ് നേതാക്കൾ മാത്രമായി വേദിയിൽ. അദാനിയുടെ സമ്മർദ്ദം മൂലം നിഥിൻ ഗഡ്ഗരി എത്തുകയും കമ്പോട്ടാഷ് നിമയത്തിൽ ഇളവ് പ്രഖ്യാപിക്കുകയും ചെയ്തു. അതൊക്കെ അദാനിയോടുള്ള പ്രത്യേക താൽപ്പര്യമായിരുന്നു. വിഴിഞ്ഞത്തിൽ പ്രധാനമന്ത്രിയോട് ഉദ്ഘാടനത്തിന് വരണമെന്ന സൂചന പലപ്പോഴും ഉമ്മൻ ചാണ്ടി തന്നെ നൽകിയിരുന്നു. അതിന് ശേഷമായിരുന്നു ഒഴിവാക്കാൽ.

ഇതിനുള്ള പ്രതികാരമാണ് കൊല്ലത്ത് കണ്ടത്. കൊടുത്താൽ കൊല്ലത്ത് കിട്ടുമെന്ന പഴഞ്ചൊല്ല് യാഥാർത്ഥ്യമാക്കുകയായിരുന്നു മോദി. വിഴിഞ്ഞത്തിൽ എല്ലാ സഹകരണവും നൽകിയിട്ടും ചതിയുണ്ടായി. വികസനത്തിൽ രാഷ്ട്രീയമാണ് കേരളം പ്രകടിപ്പിച്ചത്. ഇതിന് കെപിസിസിയുടെ നിലപാട് ഉണ്ടായിരിക്കാം. എന്നാൽ മുഖ്യമന്ത്രിയെന്ന നിലയിൽ ഉമ്മൻ ചാണ്ടി ആർജ്ജവം കാട്ടിയില്ല. പ്രധാനമന്ത്രിയെ വിഴിഞ്ഞത്തുകൊണ്ടുവരണമെന്ന് അദാനിയും പറഞ്ഞിരുന്നു. എന്നാൽ രാഷ്ട്രീയം പറഞ്ഞ് മുഖ്യമന്ത്രി ഒഴിവാക്കി. ഇതെല്ലാം അദാനി വഴി മോദി അറിയുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ആർ ശങ്കറിന്റെ പ്രതിമാനാച്ഛാദനത്തിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റിയത്. ഇതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കിയത് മോദിയുടെ ഓഫീസ് തന്നെയായിരുന്നു. വെള്ളാപ്പള്ളി നടേശന് അത് അംഗീകരിക്കേണ്ടിയും വന്നു.

വിഴിഞ്ഞം പദ്ധതി ഉദ്ഘാടനം, ശിവഗിരി തീർത്ഥാടനസമ്മേളന ചടങ്ങ് എന്നിവയിൽ മോദിയുടെ അസാന്നിധ്യം പ്രധാനമന്ത്രിയുടെ ഓഫീസ് ഗൗരവത്തോടെയാണ് കാണുന്നത്. ശിവഗരിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഉദ്ഘാടകയാക്കി. ഇതിന് നേതൃത്വം നൽകിയതും മുഖ്യമന്ത്രിയാണ്. ശിവഗിരി സന്യാസിമാരുമായി മോദിക്ക് ഏറെ അടുപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പോലും ശിവഗരി മഠത്തിന് പ്രാധാന്യം നൽകി. എന്നിട്ടും വെള്ളാപ്പള്ളിയുമായി അടുത്തതിന്റെ പേരിൽ തന്നെ ശിവഗിരി തള്ളിപ്പറഞ്ഞതിൽ മോദിക്ക് അമർഷമുണ്ട്. ഈ സാഹചര്യത്തിലാണ് ശിവഗിരിയിൽ എത്തുന്നത്. കേന്ദ്ര സർവ്വകലാശാലയ്ക്ക് ശ്രീ നാരായണഗുരുവിന്റെ പേര് നൽകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

ശിവഗിരി തീർത്ഥാടനസമ്മേളന ചടങ്ങിലേക്ക് ക്ഷണം ലഭിക്കാത്തതിന് മറുപടിയായാണ് പരിപാടിയിൽ മാറ്റംവരുത്തി മോദി ശിവഗിരിയിലെത്തുന്നത്. ശബരിമല വികസനപദ്ധതിക്കൊപ്പം ശിവഗിരി വികസനം സംബന്ധിച്ചും പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടാകും. മുഖ്യമന്ത്രിയെ ഒഴിവാക്കിയതോടെ, ശങ്കറിന്റെ പ്രതിമാ അനാച്ഛാദനച്ചടങ്ങിലെ മോദിയുടെ പ്രസംഗസമയവും വർധിക്കും. 45 മിനുട്ട് പരിപാടിയിൽ 35 മിനുട്ടാണ് ഇപ്പോൾ മോദിയുടെ പ്രസംഗം. പുതുക്കിയ പരിപാടിയനുസരിച്ച് ചടങ്ങിൽ മോദി മാത്രമേ പ്രസംഗിക്കാൻ സാധ്യതയുള്ളൂ. ഈഴവ സമുദായത്തെ ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇതിനെല്ലാം പിന്നിൽ. ഇതോടെ സർവ ജനപ്രതിനിധികളും വിട്ടുനിൽക്കുന്നതോടെ കൊല്ലത്തെ പരിപാടി പ്രധാനമന്ത്രിയെ ബഹിഷ്‌കരിക്കുന്ന ഇന്ത്യയിലെ ആദ്യ ചടങ്ങായി മാറും. എന്ത് വിവാദമുണ്ടായാലും കുഴപ്പമില്ലെന്ന് മോദിയുടെ ഓഫീസ് വ്യക്തമാക്കുകയും ചെയ്യുന്നു. കേരളത്തിലെ പ്രസംഗങ്ങളിൽ ഈ വിവാദമൊന്നും മോദി ഉയർത്തിക്കാട്ടില്ല.

ബിജെപിയുടെ സമ്മർദ്ദം തന്നെയാണ് മുഖ്യമന്ത്രിയെ മാറ്റാൻ കാരണമെന്ന് എസ്എൻഡിപി നേതൃത്വത്തിലെ പ്രമുഖനും മറുനാടനോട് പറഞ്ഞു. ആദ്യം സമ്മതിച്ചില്ലെങ്കിലും മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കിൽ ചടങ്ങിൽ പങ്കെടുക്കില്ലെന്ന ഭീഷണിയെത്തുടർന്നു വെള്ളാപ്പള്ളി വഴങ്ങുകയായിരുന്നു. പ്രതിസന്ധിയിലായ വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയോടു വിട്ടുനിന്ന് സഹായിക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു. അതേസമയം, ആർ. ശങ്കർ കേരളത്തിന്റെ മുഖ്യമന്ത്രിയൂം കെപിസിസി. പ്രസിഡന്റുമായിരുന്നതുകൊണ്ട് പരിപാടിയിൽ താൻ പങ്കെടുക്കേണ്ടതുണ്ടെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. എന്നാൽ, കേന്ദ്രത്തിൽ നിന്നുള്ള സമ്മർദത്തിൽ തന്റെ നിസഹായവസ്ഥ വെള്ളാപ്പള്ളി പറഞ്ഞപ്പോഴാണ് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ഉമ്മൻ ചാണ്ടി വാക്കുനൽകിയത്. എന്നാൽ ഇക്കാര്യത്തിൽ പത്രക്കുറിപ്പിറക്കുമെന്നും ഉമ്മൻ ചാണ്ടി അറിയിച്ചിരുന്നു.

തന്നെ വെട്ടിലാക്കരുതെന്ന അപേക്ഷയാണ് അപ്പോൾ വെള്ളാപ്പള്ളിയുടെ ഭാഗത്തുനിന്നുണ്ടായത്. എന്നാൽ തന്റെ നിലപാട് പരസ്യപ്പെടുത്തുമെന്ന അഭിപ്രായത്തിൽ ഉമ്മൻ ചാണ്ടി ഉറച്ചുനിന്നു. തന്റെ ചെലവിൽ ബിജെപിവെള്ളാപ്പള്ളി സഖ്യം രാഷ്ട്രീയനേട്ടം കൊയ്യേണ്ടതില്ലെന്ന നിലപാടാണ് ഉമ്മൻ ചാണ്ടി സ്വീകരിച്ചത്. നാളെ ഇതേ ആൾക്കാർതന്നെ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടി മുഖ്യമന്ത്രി ബഹിഷ്‌കരിച്ചെന്ന് പ്രചരിപ്പിച്ച് തന്നെ പ്രതിക്കൂട്ടിൽ നിർത്തുമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ വിലയിരുത്തൽ. തുടർന്നു മുഖ്യമന്ത്രി പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. ഇതിലൂടെ സർദാർ വല്ലഭായി പട്ടേലിനെ സ്വന്തമാക്കി കോൺഗ്രസിനെ വടക്കേ ഇന്ത്യയിൽ സ്വന്തമാക്കിയത് പോലെ ശങ്കറിനെ ഒപ്പംകൂട്ടി ഇവിടെയും ആ രീതി നടപ്പാക്കാനാണ് ബിജെപി ശ്രമിച്ചത്. അതുകൊണ്ടുതന്നെ അത്തരമൊരു വേദിയിൽ കോൺഗ്രസുകാരനായ മുഖ്യമന്ത്രിയുണ്ടാകുന്നതിനോട് മോദിക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. അതാണ് ഒഴിവാക്കലിന് മറ്റൊരു കാരണം.

പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടപ്രകാരമാണ് ഉമ്മൻ ചാണ്ടിയെ ആർ. ശങ്കറിന്റെ പ്രതിമ അനാച്ഛാദനച്ചടങ്ങിൽനിന്ന് ഒഴിവാക്കിയത്. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നു പ്രോട്ടോകോൾ പട്ടിക വന്നപ്പോൾ അതിൽ മുഖ്യമന്ത്രിയുടെ പേരുണ്ടായിരുന്നില്ല. സർക്കാർ പരിപാടിയല്ലെന്നും ഒരു സാമുദായിക പരിപാടിയായതുകൊണ്ട് മുഖ്യമന്ത്രി ആവശ്യമില്ലെന്നും അവർ വ്യക്തമാക്കിയതായാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.