കൊച്ചി: ബാർ കോഴയിൽ തൃശൂർ വിജിലൻസ് കോടതിയുടെ പരാമർശങ്ങൾ സർക്കാരിനെ ഞെട്ടിക്കുന്നതായിരുന്നു. വിജിലൻസ് വകുപ്പിനെ കടന്നാക്രമിച്ചായിരുന്നു പ്രതികരണങ്ങൾ. ഹൈക്കോടതിയിൽ അപ്പീൽ പോയാലും രക്ഷയില്ലാത്ത അവസ്ഥ. അങ്ങനെ പുറത്തുവന്നതെല്ലാം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വെട്ടിലാക്കുന്നതായിരുന്നു. അത്തരം ചർച്ചകൾ തുടരുന്നത് മന്ത്രിസഭയ്ക്ക് കടുത്ത വെല്ലുവിളിയും. ധനമന്ത്രി സ്ഥാനം കെ എം മാണി രാജിവച്ചത് ഇരട്ട നീതിയെന്ന ആരോപണം ഉന്നയിച്ചും. അതുകൊണ്ട് തന്നെ ബാബുവിനെതിരായ കോടതി പരാമർശങ്ങൾ നിലനിൽക്കുന്നത് നല്ലതല്ലെന്ന ഉമ്മൻ ചാണ്ടി ആഗ്രഹിച്ചു. മുന്നണിയുടെ ശിഥിലീകരണത്തിലേക്ക് പോലും അത് കാര്യങ്ങൾ എത്തിക്കും. അതുകൊണ്ടാണ് ബാർ കോഴയിലെ തൃശൂർ വിജിലൻസ് കോടതി വിധി വന്നപ്പോൾ തന്നെ കെ ബാബു രാജിവയ്ക്കുന്നതും.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രധാന ശിഷ്യനാണ് ബാബു. ഉമ്മൻ ചാണ്ടിയുടെ ഉറച്ച പിന്തുണ തന്നെയാണ് കേരള രാഷ്ട്രീയത്തിലെ പ്രധാനികളിൽ ഒരാളായി ബാബുവിനെ മാറ്റിയതും. എ ഗ്രൂപ്പിന്റെ മുന്നണി പോരാളിയായിരുന്നു ബാബു. ആന്റണിയിൽ നിന്ന് എ ഗ്രൂപ്പ് നേതൃത്വം ഉമ്മൻ ചാണ്ടിയിലെത്തിച്ചതിൽ പ്രധാനി. അത്തരമൊരു നേതാവ് അപമാനിതനാകുന്നത് ഉമ്മൻ ചാണ്ടിയും ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ എഫ് ഐ ആർ ഇടണമെന്ന തൃശൂർ കോടതി വിധിയിൽ രാജി വയ്ക്കുന്നതാണ് നല്ലതെന്ന് ബാബുവിനോട് ഉമ്മൻ ചാണ്ടി പറഞ്ഞു. രാഷ്ട്രീയ ധാർമികതയുടെ പ്രതീകമായി ഇതിലൂടെ മാറാമെന്നാണ് ഉപദേശിച്ചത്. ഇത് അക്ഷരാർത്ഥത്തിൽ ഏറ്റെടുത്ത് രാജിയും വച്ചു. ഇതിലൂടെ ബാബുവിന്റെ മാറ്റ് കൂടുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ പ്രതീക്ഷ.

മന്ത്രിസ്ഥാനം രാജിവയ്ക്കുമ്പോൾ എന്തൊക്കെ പറയണമെന്ന് ബാബുവിനോട് വിശദീകരിച്ചതും മുഖ്യമന്ത്രിയാണ്. സർക്കാരിന്റെ മദ്യനയം കാരണം കനത്ത നഷ്ടമുണ്ടായ ചിലർ സിപിഐ(എം) നേതാക്കളുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് തന്റെ രാജിക്ക് പിന്നിൽ. അവരുടെ ഗൂഢാലോചനയുടെ രക്തസാക്ഷിയാണ് താൻ. എനിക്കെതിരെ ഒരു മദ്യരാജാവ് ആരോപണം ഉന്നയിച്ചപ്പോൾതന്നെ ഗൗരവമായ ഒരു പരാമർശം ഉണ്ടായാൽ അധികാരത്തിൽ കടിച്ചുതൂങ്ങില്ലെന്നും സാങ്കേതികത്വം പറയില്ലെന്നും അന്നേ പറഞ്ഞിരുന്നു. കഴിഞ്ഞ മാർച്ച് 31ന് തിരുവനന്തപുരത്തെ പി.ആർ.ഡി ചേമ്പറിലായിരുന്നു ഇത് പറഞ്ഞത്. ഈ നിമിഷം വരെഎനിക്കെതിരെ കേസില്ല, പ്രതിയല്ല, എഫ്.ഐ.ആറുമില്ല. കോടതിയിൽ നിന്ന് പരാമർശം ഉണ്ടായി. കോടതി വിധി പരിശോധിക്കാനുള്ള സമയം പോലും എടുത്തിട്ടില്ല. കോടതി വിധി മാനിക്കുന്നുവെന്നായിരുന്നു ബാബു പറഞ്ഞത്.

ബാർ കോഴയിൽ മാണി രാജിവച്ചത് സമ്മർദ്ദത്തിലൂടെയാണ്. യുഡിഎഫ് പോലും രാജി ആവശ്യപ്പെട്ടതിന് ശേഷമാണ് സ്ഥാനം ഒഴിഞ്ഞത്. എന്നാൽ ബാബു വളരെ വേഗം തീരുമാനമെടുത്തു. ഇതിനെ രാഷ്ട്രീയ ധാർമികതയായി ഉയർത്തിക്കാട്ടും. ഈ കേസുമായി വേണമെങ്കിൽ സർക്കാരിന് ഹൈക്കോടതിയിലും പോകാം. മന്ത്രിയല്ലാത്ത ബാബുവിനെതിരെ എന്ത് പരമാർശം വന്നാലും കുഴപ്പവുമുണ്ടാകില്ല. അതിലുപരി സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയ ബാബുവിന്റെ വാക്കുകൾ കോൺഗ്രസ് നേതാക്കൾ ഏറ്റെടുക്കും. കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ കർശനമായി നിർദ്ദേശത്തെ തുടർന്നാണ് രാജിയെന്ന തരത്തിലെ വ്യാഖ്യാനങ്ങളിൽ നിന്നും ബാബുവിനെ തന്ത്രപരമായി രക്ഷിച്ചെടുക്കാൻ ഉമ്മൻ ചാണ്ടിക്കായിരിക്കുന്നു.

എന്നാൽ ഇന്നത്തെ ദിവസം തന്നെ ഇതെല്ലാം സംഭവിച്ചതിൽ ഉമ്മൻ ചാണ്ടിക്ക് നിരാശയുണ്ട്. ബാബുവിന്റെ രാജിയോടെ തൃശൂർ വിജിലൻസ് കോടതി വിധിയുടെ ചർച്ചകൾ അപ്രസക്തമാകും. അതിന് വേണ്ടിയാണ് ബാർ കോഴ ആരോപണത്തിൽ തനിക്കെതിരായ ഗൂഢാലോചന നടന്നത് സിപിഐ(എം) എംഎ‍ൽഎ വി.ശിവൻകുട്ടിയുടെ വീട്ടിൽ വച്ചാണെന്ന് കെ.ബാബു പറഞ്ഞത്. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്നും മന്ത്രി സ്ഥാനം രാജി വച്ചുകൊണ്ട് എറണാകുളം പ്രസ് കഌിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബാബു ആരോപിച്ചതും വ്യക്തമായ ലക്ഷ്യത്തോടെയാണ് ഇതിലൂടെ പ്രതിപക്ഷ ഗൂഢാലോചനയിലേക്ക് ചർച്ചകളെത്തിയെന്നത് ആശ്വാസമാകുമ്പോഴും കൊച്ചി മെട്രോ മാഞ്ഞു പോയെന്നത് തിരിച്ചടിയാണ്.

കൊച്ചി മെട്രോ ഓടിത്തുടങ്ങാൻ ഇനിയും പത്ത് മാസം എടുക്കും. അതുകൊണ്ടാണ് പരീക്ഷണ ഓട്ടം ഗംഭീരമാക്കാൻ തീരുമാനിച്ചത്. എന്നാൽ ഈ ചടങ്ങിനിടെ തൃശൂർ കോടതി വിധി എത്തിയതോടെ കൊച്ചി മെട്രോ അപ്രസക്തമായി. വാർത്ത ആകെപ്പാടെ മാറിപ്പോയി. കോടതി പരമാർശങ്ങളും മന്ത്രിയുടെ രാജിയിലേക്കും വരെ വിശകലനം നീണ്ടു. ഇതോടെ കൊച്ചി മെട്രോയുടെ വികസന പദ്ധതിയിൽ പ്രതീക്ഷിച്ച മൈലേജ് കിട്ടാതെ പോയി. സ്മാർട്ട് സിറ്റിയും കണ്ണൂർ വിമാനത്താവളവും പുറകേ വരുന്നുണ്ട്. ഈ കുറവ് അവിടെ തീർക്കാമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും കൊച്ചി മെട്രോയുടെ പ്രാധാന്യമറിയാവുന്ന സർക്കാരിന്റെ ഇന്നത്തെ ദിവസം ഇങ്ങനെ ഒരു വിവാദമുണ്ടായതിൽ നിരാശ ഏറെയാണ്. കൊച്ചി മെട്രോയിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പോലും ആരും ശ്രദ്ധിക്കാതെ പോയി.

ഇത് വലിയ നഷ്ടമാണെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാം. അതിലും പ്രധാനം ബാബുവാണ്. മന്ത്രിസഭയിൽ മുഖ്യമന്ത്രിക്കായി പോരാടുന്നവരിൽ പ്രധാനിയാണ് ബാബു. കെസി ജോസഫ് മാത്രമാണ് ഈ ഗണത്തിൽ ഇനിയൊരു മന്ത്രിയുള്ളത്. അതുകൊണ്ട് തന്നെ ബാർ കോഴയിലെ ബാബുവിന്റെ രാജി മുഖ്യമന്ത്രിക്കുള്ള വ്യക്തിപരമായ നഷ്ടം തന്നെയാണ്.