അടൂർ: ബസ് യാത്ര ഉമ്മൻ ചാണ്ടിക്ക് പുത്തരിയൊന്നമല്ല. പക്ഷേ ഉമ്മൻ ചാണ്ടിയെ ബസിൽ കാണുമ്പോൾ സഹയാത്രക്കാർക്ക് അതൊരു പുതിയ അനുഭവമാകും. ആഡംബരക്കാറിൽ അതിവേഗം ചീറിപ്പായുന്ന തൊഴിലാളി വർഗ്ഗ നേതാക്കളുള്ള നാട്ടിൽ ഉമ്മൻ ചാണ്ടി വല്ലപ്പോഴുമെല്ലാം വ്യത്യസ്തനാകും. അങ്ങനെ കഴിഞ്ഞ ദിവസവും മുൻ മുഖ്യമന്ത്രി ആനവണ്ടിയിൽ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തു. ഒരു പബ്ലിസിറ്റിയും കൊടുക്കാതെയുള്ള യാത്ര. അതുകൊണ്ട് തന്നെ ചാനലുകളിൽ ഒന്നും ദൃശ്യങ്ങളിലെത്തിയില്ല. ഇതിനിടെയിലും ഉമ്മൻ ചാണ്ടിയുടെ യാത്ര അറിഞ്ഞെത്തിയവർ നിവേദനവുമായെത്തി.

കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യവേ ഉമ്മൻ ചാണ്ടിക്ക് അടൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടേയും ലോട്ടറി തൊഴിലാളികളുടേയും നിവേദനം. നേരത്തെ ലോട്ടറി അച്ചടിച്ചിരുന്നതിന്റെ ഇരട്ടിയായി ലോട്ടറി അച്ചടിക്കുകയും സമ്മാനത്തുക പകുതിയായി കുറയ്ക്കുകയും ചെയ്ത സർക്കാർ നടപടിക്കെതിരെയുള്ള നിവേദനമാണ് നൽകിയത്. കെ എസ് ആർ ടി സി ബസിൽ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ മധ്യേ ബസ് അടൂർ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് പെരിങ്ങനാടിന്റെ നേതൃത്വത്തിൽ നിവേദനം നൽകിയത്. ഈ ഫോട്ടോയും വാർത്തയും സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

മുൻ മുഖ്യമന്ത്രിയും സിപിഐ നേതാവുമായിരുന്ന പികെ വാസുദേവൻ നായർക്ക് കെഎസ്ആർടിസി ബസിനോടായിരുന്നു താൽപ്പര്യം. സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന എൻ ഇ ബൽറാമും ബസിൽ യാത്ര ചെയ്ത് പൊതു പ്രവർത്തനം നടത്തി. സിപിഎം സൈദ്ധാന്തികനായിരുന്ന പി ഗോവിന്ദപിള്ളയും ഓട്ടോയിലും ബസിലുമായിരുന്നു യാത്ര. പക്ഷേ ഇതൊന്നും ആരും ആരേയും അറിയിച്ചില്ല. അതുകൊണ്ട് തന്നെ വാർത്തയായതുമില്ല. എന്നാൽ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് പുതുപ്പള്ളിക്കാരുടെ എംഎൽഎ ആയി മാറിയ ഉമ്മൻ ചാണ്ടിയുടെ ബസ് യാത്ര നേരത്തെ ചാനലുകൾക്ക് വാർത്തയായി. ഈ സാഹചര്യത്തിലാണ് ഇത്തവണ ആരേയും അറിയിക്കാതെ ആനവണ്ടിയാത്ര ഉമ്മൻ ചാണ്ടി ആസ്വദിച്ചത്.

നേരത്തെ കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ട്രയിൻ വൈകിയതു കൊണ്ട് ഉമ്മൻ ചാണ്ടി ബസ് യാത്ര നടത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള ഈ യാത്ര മാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു.അന്ന് ബസ് യാത്ര എങ്ങിനെയുണ്ടായിരുന്ന ചോദ്യത്തിന്. സെൽഫി വിശേഷം തന്നെയായിരുന്നു അദേഹത്തിന് പറയാനുണ്ടായിരുന്നത്. ഇനിയുള്ള യാത്രകൾ ബസിൽ തന്നെയായിരുക്കുമെന്ന് പറഞ്ഞാണ് മുൻ മുഖ്യമന്ത്രി അന്ന് മടങ്ങിയത്. ഇതിനിടെയാണ് കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് യാത്രയും ചർച്ചയാകുന്നത്. ട്രയിൻ വൈകിയതു തന്നെയാണ് ഈ യാത്രയ്ക്കും കാരണം.

നേരത്തെ തീവണ്ടിയിൽ സ്ലീപ്പർ ക്ലാസ് സീറ്റിൽ ചാഞ്ഞുറങ്ങുന്ന ഉമ്മൻ ചാണ്ടിയുടെ ചിത്രം നവമാധ്യമങ്ങളിൽ വൈറലായിരുന്നു. സുരക്ഷാ പരിവാരങ്ങളില്ലാതെ സ്ലീപ്പർ ക്ലാസ് ട്രെയിനിൽ കിടന്നുറങ്ങുന്ന മുന്മുഖ്യമന്ത്രിയുടെ ജനകീയയാത്ര ദേശീയ മാധ്യമങ്ങളിലടക്കം തരംഗമായിരുന്നു. തിരുവനന്തപുരത്തേക്കള്ള യാത്രാവേളയിൽ ശബരി എക്സ്‌പ്രസിലെ സ്ലീപ്പർ കോച്ചിൽ സീറ്റിൽ കിടന്നുറങ്ങുന്ന ഉമ്മൻ ചാണ്ടിയുടെ ചിത്രമാണ് ഇന്റർനെറ്റിൽ അന്ന് ചർച്ചയായത്. ശബരി എക്സ്‌പ്രസിന്റെ എസ്-13 കോച്ചിലെ സ്ലീപ്പർ കോച്ചിൽ കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു ഉമ്മൻ ചാണ്ടിയുടെ ആ യാത്ര.

ഉച്ചയ്ക്ക് ശേഷമുള്ള ട്രെയിനിലായിരുന്നതിനാൽ കോച്ചിലെ സഹയാത്രികരോടുള്ള കുശലാന്യേഷണ ശേഷം ക്ഷീണമകറ്റാനായി സീറ്റിൽ കിടന്നുറങ്ങി. മുൻ കേരള മുഖ്യന്റെ ലാളിത്യത്തിന്റെ ചിത്രം സഹയാത്രക്കാരിലൊരാൾ പകർത്തി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.