കോട്ടയം: വർഷം 50 പിന്നിടുകയാണ് കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയെ പ്രണയിച്ചിട്ട്. സെപ്റ്റംബർ 17-ഉം ഉമ്മൻ ചാണ്ടിയും പുതുപ്പള്ളിയും തമ്മിലുള്ള ആ ബന്ധത്തിന് 2020-ലെ ആ ദിവസം അമ്പതാണ്ടുകൾ പിന്നിടും.പക്ഷെ ആഘോഷങ്ങളില്ലാതെ ജൂബിലി ആഘോഷിക്കാനാണ് ഉമ്മൻ ചാണ്ടിയുടെ തീരുമാനം. മാത്രമല്ല, ആ ദിവസം പൂർണമായും പുതുപ്പള്ളിയിൽ സ്വന്തം നാട്ടുകാർക്കൊപ്പം ആയിരിക്കാനാണ് ഉമ്മൻ ചാണ്ടിയുടെ തീരുമാനവും.

ഒരേമണ്ഡലത്തിൽ നിന്നും തോൽക്കാതെ തുടർച്ചയായി 50 വർഷം നിയമസഭാംഗമായതിന്റെ ക്രഡിറ്റ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രത്തിൽ ഇനി ഉമ്മൻ ചാണ്ടിക്ക് സ്വന്തമാകുകയാണ്.

രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർട്ടിയിൽ ഉമ്മൻ ചാണ്ടിയുടെ ഈ റെക്കോഡ് മറ്റാർക്കും അവകാശപ്പെടാനില്ല. മുമ്പ് ഓരേ മണ്ഡലത്തിൽനിന്നും തോൽക്കാതെ 50 വർഷം പൂർത്തിയാക്കിയത് അന്തരിച്ച കേരളാ കോൺഗ്രസ് നേതാവ് കെ എം മാണി മാത്രമായിരുന്നു.

ഇടയ്‌ക്കൊരു തവണ തോറ്റെങ്കിലും 56 വർഷം നിയമസഭാംഗമായിരുന്ന മറ്റൊരാൾ മഹാരാഷ്ട്രയിലെ പ്രാദേശിക പാർട്ടി നേതാവായ ഗണപതി റാവു ദേശ്മുഖ് ആണ്.

പക്ഷേ കോൺഗ്രസിൽനിന്നൊരാൾ അതും തോൽക്കാതെ തുടർച്ചയായി ഒരേ മണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയായത് ഉമ്മൻ ചാണ്ടി മാത്രമാണ്. സെപ്റ്റംബർ 17-ന് ആ സുവർണാവസരം ആഘോഷിക്കാൻ കെപിസിസി തലത്തിൽ ആലോചന നടന്നതാണ്.

തിരുവനന്തപുരത്ത് ഇന്ദിരാഭവനിൽ വച്ച് വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കാനായിരുന്നു തീരുമാനം. പക്ഷേ താൻ ആഘോഷങ്ങൾക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞ ഉമ്മൻ ചാണ്ടി അന്ന് താൻ പുതുപ്പള്ളിയിലായിരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

ആ ദിവസം പൂർണമായും പുതുപ്പള്ളിക്കാരോടൊപ്പം ചിലവഴിക്കാനാണ് ഉമ്മൻ ചാണ്ടിയുടെ തീരുമാനം.

1970 സെപ്റ്റംബർ 17-നായിരുന്നു പുതുപ്പള്ളിയിൽ നിന്നും ഉമ്മൻ ചാണ്ടിയുടെ ആദ്യവിജയം. അന്നാരും കരുതിയിരുന്നില്ല, ഇത് ഇവിടംകൊണ്ടൊന്നും തീരുന്ന ഏർപ്പാടല്ലെന്ന്. ഇപ്പോൾ 11 മത്സരങ്ങളും അത്രതന്നെ വിജയങ്ങളും.

അതിനിടെ 3 തവണ മന്ത്രി, രണ്ട് തവണ മുഖ്യമന്ത്രി, ഒരിക്കൽ പ്രതിപക്ഷ നേതാവ്. അതിനിടെ രണ്ടോ മൂന്നോ തവണ പാർട്ടിയിലെ സഹപ്രവർത്തകർക്കുവേണ്ടി മന്ത്രിസ്ഥാനം ത്യാഗം ചെയ്തു.

ഇതൊക്കെയാണെങ്കിലും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തിനുശേഷം ഉമ്മൻ ചാണ്ടി പാർട്ടിയിൽ കൈകാര്യം ചെയ്യുന്ന ഒരു പ്രധാന ഭാരവാഹിത്വം 2 വർഷം മുമ്പ് ചുമതലയേറ്റ എഐസിസി ജനറൽ സെക്രട്ടറി പദവിയും വർക്കിങ്ങ് കമ്മറ്റി അംഗത്വവുമായിരുന്നു. ഒരു തവണ യുഡിഎഫ് കൺവീനറുമായി.

1977-ൽ തൊഴിൽ മന്ത്രിയും 81-ൽ ആഭ്യന്തരമന്ത്രിയുമായിരുന്നു. രണ്ട് ചെറിയ കാലയളവുകൾ. 94-ൽ ധനമന്ത്രിയായും പ്രവർത്തിച്ചു. 2005-ലും 2011-ലും മുഖ്യമന്ത്രിയായി. ഇപ്പോൾ എന്താണെന്ന് ചോദിച്ചാൽ ഉമ്മൻ ചാണ്ടിയുടെ ഭാഷയിൽ പറഞ്ഞാൽ മുൻ മുഖ്യമന്ത്രിയായി പ്രവർത്തിക്കുന്നു. അതാണ് ശരി. ഇപ്പോഴും സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ നേതാവ് ഉമ്മൻ ചാണ്ടിയാണ്.