തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി എം സുധീരനും ടി എൻ പ്രതാപൻ എംഎൽഎയ്ക്കും മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത്. യുവാവല്ലെന്നു സ്വയം തോന്നുന്നവർക്കു മത്സരരംഗത്തു നിന്നു പിന്മാറാമെന്നു മുഖ്യമന്ത്രി പറഞ്ഞു.

അതിനുള്ള തീരുമാനം എടുക്കേണ്ടതു മത്സരിക്കുന്നവരും പാർട്ടിയുമാണ്. മത്സരിക്കുന്നതു ജനസേവനത്തോടുള്ള ആർത്തി കൊണ്ടുമാകാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അതിനെ സ്ഥാനമോഹത്തിനോടുള്ള ആർത്തിയായി കാണേണ്ടതില്ല. തെരഞ്ഞെടുപ്പ് മത്സരരംഗത്തുനിന്ന് പിന്മാറുകയാണെന്ന ടി എൻ പ്രതാപന്റെ തീരുമാനം മറ്റുള്ളവർക്ക് മാതൃകയാണെന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിലപാടിന് മറുപടി പറയുകയായിരുന്നു ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രിയുടെ നിലപാടു കോൺഗ്രസിനുള്ളിൽ വീണ്ടും പൊട്ടിത്തെറിയെന്ന സൂചന ശക്തിപ്പെടുത്തുന്നതാണ്.

ടി എൻ പ്രതാപൻ മത്സര രംഗത്ത് നിന്ന് സ്വയം പിന്മാറിയതിന്റെ തുടർച്ചയായി പ്രായമായവർ തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് സ്വയം മാറിനിൽക്കണമെന്ന് കെപിസിസി അധ്യക്ഷൻ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. വി എസ് അച്യുതാനന്ദനെ പേരെടുത്ത് പറഞ്ഞായിരുന്നു സുധീരന്റെ പരാമർശമെങ്കിലും കൊണ്ടത് ഉമ്മൻ ചാണ്ടിക്കും കോൺഗ്രസിലെ മറ്റ് മുതിർന്ന നേതാക്കൾക്കുമായിരുന്നു. ഇതിൽ രോഷം പൂണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം്.

കേവലം വ്യക്തിപരം മാത്രമാണു സുധീരന്റെ അഭിപ്രായമെന്നും സ്ഥാനാർത്ഥി നിർണയ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും എ ഗ്രൂപ്പ് നേതാവുകൂടിയായ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും രാവിലെ അഭിപ്രായപ്പെട്ടിരുന്നു. പാർട്ടിയിൽ ഐ, ഐ ഗ്രൂപ്പുകൾക്ക് അതീതനായി സുധീരൻ സ്വന്തം നിലയിൽ ഗ്രൂപ്പ് പ്രവർത്തനം നടത്തുന്നുവെന്ന വിമർശനമാണ് ഈ നേതാക്കളിൽനിന്നുണ്ടാകുന്നത്. ഇന്നലെ രണ്ട് ഗ്രൂപ്പുകളുടെ നേതാക്കൾ മന്ത്രി കെ സി ജോസഫിന്റെ വീട്ടിൽ യോഗം ചേർന്ന് സ്ഥാനാർത്ഥി നിർണയ കാര്യത്തിൽ സുധീരനെതിരെ നിലപാട് സ്വീകരിക്കുന്നതിൽ യോജിപ്പിലെത്തിയിരുന്നു.

തനിക്കെതിരെ ഇരുഗ്രൂപ്പുകളും നീങ്ങുന്ന പശ്ചാത്തലത്തിൽ സർക്കാരിന്റെ വഴി വിട്ടനീക്കങ്ങൾക്കെതിരെ പരസ്യ പ്രതികരണമാണ് സുധീരൻ ഇപ്പോൾ നടത്തുന്നത്. സർക്കാർ കാലാവധി തീരാനിരിക്കുമ്പോൾ ചട്ടങ്ങൾ ലംഘിച്ച് ഭൂമി പതിച്ച് നൽകുന്നതിനെതിരെ കടുത്ത നിലപാടാണ് സുധീരൻ സ്വീകരിക്കുന്നത്. ഇതിനുള്ള അമർഷവും മുഖ്യമന്ത്രിയുടെ പ്രതികരണത്തിനു കാരണമായിട്ടുണ്ട്.