തിരുവനന്തപുരം: 'എംഎൽഎ തെറ്റ് ചെയ്തിട്ടില്ല സാറെ അത് ഞങ്ങൾക്ക് ഉറപ്പാണ്. എന്ത് പ്രതിസന്ധി വന്നാലും ഞങ്ങൾക്ക് സത്യം അറിയാം വിൻസെന്റെന്ന മനുഷ്യനെ എംഎൽഎ ആകും മുൻപേ ഞങ്ങൾ കാണുന്നതാണ്ഭ അറസ്റ്റിലായ കോവളം എംഎൽഎ എം വിൻസെന്റിന്റെ വീട് സന്ദർശിക്കാനെത്തിയ ഉമ്മൻ ചാണ്ടിയോട് നാട്ടുകാരും അയൽവാസികളും പാർട്ടി പ്രവർത്തകരും ഒരേ സ്വരത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇത്. തെറ്റ് ചെയ്തിട്ടില്ലെന്ന് തന്നെയാണ് വിൻസെന്റ് പറഞ്ഞതെല്ലാം നിങ്ങളെപ്പോലെ അത് തന്നെയാണ് ഞാനും വിശ്വസിക്കുന്നതെന്നും സത്യാവസ്ഥ പുറത്ത് വരുമെന്നും വിശ്വസിക്കുന്നതായി ഉമ്മൻ ചാണ്ടി അവർക്ക് മറുപടിയും നൽകി.

എംഎൽഎയുടെ വീട് സന്ദർശിക്കാൻ മുൻ മുഖ്യമന്ത്രി എത്തുന്ന വിവരം അറിഞ്ഞപ്പോൾ തന്നെ വിൻസന്റിന്റെ വീട്ടിലേക്ക് കൂടുതൽ പ്രവർത്തകരം നാട്ടുകാരും എത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ഉമ്മൻ ചാണ്ടി എത്തും എന്നറിയിച്ചപ്പോൾ തന്നെ ബാലരാമപുരത്ത് നിന്നും വിഴിഞ്ഞം റോഡിലുള്ള വിൻസന്റിന്റെ തറവാട്ടിലേക്ക് നാട്ടുകാർ എത്തി. വിൻസന്റിന്റെ പഴയ തറവാട് വീട്ടിന് പിന്നിലായി സഹോദരൻ ഡി പോളിന്റെ വീട്ടിലാണ് വിൻസന്റിന്റെ കുടുംബം ഇപ്പോൾ ഉള്ളത്. പഴയ വീട് ഇപ്പോൾ എംഎൽഎയുടെ മണ്ഡലത്തിലെ ഓഫീസായി പ്രവർത്തിക്കുകയാണ്.അമ്മയ്കും ഭാര്യക്കും മക്കൾക്കുമൊപ്പം ഇവിടെ തന്നെയാണ് എംഎൽഎയും താമസിക്കുന്നത്. ഇതിന് പിന്നിലാണ് സഹോദരന്റെ വീട്.

വിൻസന്റ് അറസ്റ്റിലായതതിനെ തുടർന്ന് രാജി ആവശ്യപ്പെട്ട് സി.പി.എം ബിജെപി നടത്തുന്ന പ്രക്ഷോഭങ്ങളും കോൺഗ്രസ് നടത്തുന്ന രാപ്പകൽ സമരവും തുടരുന്നതിനാൽ സംഘർഷ സാധ്യത കണക്കിലെടുത്ത് വലിയ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. ബാലരാമപുരം ജംങ്ഷനിൽ എംഎൽഎക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് നടത്തുന്ന രാപ്പകൽ സമരവും പുരോഗമിക്കുകയാണ്. ഇത് കരുതികൂട്ടിയുള്ള ആരോപണവും ഗൂഢാലോചനയും തന്നെയാണെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. വിൻസെന്റിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകളാണ് പ്രദേശത്ത് കൂടുതലും. ആരോപണമുന്നയിച്ചും രാജി ആവശ്യപ്പെട്ടും ഫ്ളക്സ് ബോർഡുകൾ കാണാം. നിരവധി ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച നിലയിലും കാണാമായിരുന്നു.

12.45 കഴിഞ്ഞതോടെയാണ് ഉമ്മൻ ചാണ്ടി സ്ഥലത്ത് എത്തിയത്. മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ അദ്ദേഹത്തെ എംഎൽഎയുടെ കുടുംബമുള്ള വീട്ടിലേക്ക് കൊണ്ട് പോയത്. എംഎൽഎയുടെ ഭാര്യ ശുഭ പുറത്ത് വന്ന് ഗൂഢാലോചനയുണ്ടെന്നും വിൻസെന്റ് ഒരിക്കലും ഇത് ചെയ്യില്ലെന്നും പറഞ്ഞാണ് ഉമ്മൻ ചാണ്ടിയെ അകത്തേക്ക് സ്വീകരിച്ചത്. ഉമ്മൻ ചാണ്ടി അകത്തേക്ക് പ്രവേശിച്ചതിന് പിന്നാലെ ചാനൽ ക്യാമറകളും അകത്തേക്ക് പ്രവേശിച്ചെങ്കിലും താൻ ഇപ്പോൾ എംഎൽഎയുടെ കുടുംബത്തെ കാണാനാണ് വന്നതെന്ന് പറഞ്ഞ് ഏവരേയും പുറത്തേക്ക് മാറ്റിയ ശേഷം 40 മിനിറ്റോളം എംഎൽഎയുടെ ഭാര്യ ശുഭയുമായും എൺപത് വയസ്സ് പിന്നിട്ട അമ്മ സിലിസ്സിയോടും ചർച്ച നടത്തി.

തന്റെ മകൻ ഇത്തരം പ്രവർത്തി ചെയ്യില്ലെന്ന ഉറച്ച വിശ്വാസമുണ്ടെന്നാണ് അവർ പറഞ്ഞത്.കാര്യങ്ങൾ കേട്ട ശേഷം മാധ്യമങ്ങളെ കണ്ട ഉമ്മൻ ചാണ്ടി പറഞ്ഞത് ഒരു എംഎൽഎക്ക് എന്നല്ല ഒരു സാധാരണ പൗരന് ലഭിക്കുന്ന പരിഗണന പോലും എംഎൽഎക്ക് ലഭിച്ചില്ലെന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് ഗൂഢാലോചനയിൽ പങ്കുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ ആരെയും പേരെടുത്ത് പറയുന്നില്ലെന്നും ഇത് കേരളമാണെന്ന് മാത്രം ഓർത്താൽ മതിയെന്നുമായിരുന്നു പ്രതികരണം. പിന്നീട് പുറത്തേക്ക് ഇറങ്ങിയപ്പഴും നിരവധിയാളുകൾ വിൻസന്റെ തെറ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഉമ്മൻ ചാണ്ടിയോട് പറഞ്ഞു. ഇവിടെ വന്നിറങ്ങിയപ്പോൾ മുതൽ ഓരോ കൊച്ചുകുട്ടിയും പറയുന്നത് ഇത് തന്നെയാണെന്നും സത്യം പുറത്ത് വരുമെന്നും പറഞ്ഞ് ആശ്വസിപ്പിച്ച ശേഷമാണ് ഉമ്മൻ ചാണ്ടി മടങ്ങിയത്.

വിൻസന്റ് അറസ്റ്റിലായത് ശനിയാഴ്ച വൈകുന്നേരമാണ്. ഇതിന് ശേഷം നിരന്തരം എംഎൽഎയുടെ കുടുംബ വീട്ടിൽ ബന്ധുക്കളും അതിഥികളും എത്തികൊണ്ടിരിക്കുകയാണ്. ഇന്ന് ജാമ്യ അപേക്ഷ പരിഗണിക്കുമെന്നതിനാൽ 11 മണിമുതൽ വിധി അറിയാൻ ഏവരും ടിവിക്ക് മുന്നിലുണ്ടായിരുന്നു. എന്നാൽ ജാമ്യാപേക്ഷയും കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള പൊലീസിന്റെ ആവശ്യവും നാളെയെ പരിഗണിക്കുകയുള്ളുവെന്ന വാർത്ത വന്നതോടെ കുടുംബത്തിന്റെ മുഖത്ത് നിരാശ പടരുകയും ചെയ്തു. അതേ സമയം വിൻസെന്റിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങൾക്ക് കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് സി.പി.എം നേതൃത്വം. ഇതിന്റെ ഭാഗമായി നാളെ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.