ന്യൂഡൽഹി: ഇനിയുള്ള കാര്യങ്ങളെല്ലാം ഹൈക്കമാൻഡു തീരുമാനിക്കുമെന്നു കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിൽ പൂർണ തൃപ്തനെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഡൽഹിയിൽ അദ്ദേഹം മാദ്ധ്യമപ്രവർത്തകരെ കണ്ടത്. 'രാഹുൽ ഗാന്ധിയുമായി കാര്യങ്ങളെല്ലാം ചർച്ച ചെയ്തു. ചർച്ചയിൽ പൂർണ തൃപ്തിയുണ്ട്. ഇനിയുള്ള കാര്യങ്ങളെല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്നുള്ളത് പുതിയ ആവശ്യമില്ല. അതുൾപ്പെടെയുള്ള കാര്യങ്ങളെല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും'-ഉമ്മൻ ചാണ്ടി പറഞ്ഞു.

'തനിക്കൊരു പരാതിയുമില്ല, ഡിമാൻഡുമില്ല' എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളാണ് ഹൈക്കമാൻഡിനു പ്രധാനം. അഞ്ചു സംസ്ഥാനങ്ങളിലാണു തെരഞ്ഞെടുപ്പു നടക്കുന്നത്. പാർട്ടി പരിപാടികളിൽ നിന്നു താൻ വിട്ടുനിന്നിട്ടില്ല. രാഷ്ട്രീയകാര്യ സമിതി പാർട്ടി പരിപാടിയല്ലല്ലോ എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അന്ന് പങ്കെടുക്കാൻ സൗകര്യം ലഭിക്കാത്തതിനാലാണ് പങ്കെടുക്കാതിരുന്നത്. രാഹുലുമായുള്ള ചർച്ചയിൽ തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു. ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത് പറയാനാകില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഡിസിസി അഴിച്ചുപണിക്കുശേഷം ഉമ്മൻ ചാണ്ടിയുടെ ആദ്യ ഡൽഹി സന്ദർശനമായിരുന്നു ഇത്.
സംഘടനാ തിരഞ്ഞെടുപ്പ് എന്ന ആവശ്യം രാഹുലുമായി നടത്തിയ ചർച്ചയിൽ ഉയർത്തിയതായാണു സൂചന.