ന്യൂഡൽഹി: നിയമസഭാ തരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ തർക്കങ്ങൾ പൊട്ടിത്തെറിയിലേക്ക്. സിറ്റിങ് എംഎൽഎമാർക്ക് അകാരണമായി സീറ്റ് നിഷേധിച്ചാൽ താൻ മത്സരത്തിനില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിലപാട് സ്വീകരിച്ചെങ്കിലും കുലുക്കമില്ലാത്ത അവസ്ഥ തുടരുകയാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. ഇതോടെ വിഷയത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇടപെട്ടു. ഇരു നേതാക്കളെയും വിളിച്ച് രാഹുൽ ഗാന്ധി ചർച്ച നടത്തി.

കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ സിറ്റിങ് എംഎൽഎമാരെ മാറ്റാൻ നിരത്തുന്ന കാരണങ്ങൾ തനിക്കും ബാധകമാണെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഗുലാം നബി ആസാദുമായി ഉമ്മൻ ചാണ്ടി ചർച്ച നടത്തി. സുധീരന്റെ കടുംപിടിത്തത്തിന് വഴങ്ങിയാൽ കടുത്ത നിലപാട് എടുക്കുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. ആരോപണമാണു പ്രശ്‌നമെങ്കിൽ ഏറ്റവുമധികം ആരോപണത്തിനു വിധേയനായതു താൻ, കൂടുതൽ മത്സരിച്ചവർ മാറണമെന്നാണെങ്കിൽ ആദ്യം മാറേണ്ടതു താൻ എന്ന വജ്രായുധമാണ് ഉമ്മൻ ചാണ്ടിയുടേത്.

അതേസമയം, കേരളത്തിലേക്ക് മടങ്ങുന്നതിന് ഡൽഹി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി യാത്രമാറ്റിവച്ച് കേരളാ ഹൗസിലേക്ക് മടങ്ങിയിരുന്നു. വിമാനം വൈകിയതിനെ തുടർന്നാണ് മുഖ്യമന്ത്രി കേരള ഹൗസിലേക്ക് മടങ്ങിയത്. സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ തീരുമാനം ഉണ്ടാക്കിയതിന് ശേഷമേ മുഖ്യമന്ത്രി തിരികെ കേരളത്തിലേക്ക് മടങ്ങൂ എന്നാണ് സൂചന.

നിലപാടിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നാണ് സുധീരൻ രാഹുൽ ഗാന്ധിയെ കണ്ട ശേഷവും പ്രതികരിച്ചത്. മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് അമിതമായ തർക്കങ്ങളൊന്നും നിലനിൽക്കുന്നില്ല. എല്ലാ തെരഞ്ഞെടുപ്പുകളിലും ഉണ്ടാകാറുള്ളതു പോലുള്ള മിതമായ പ്രശ്‌നങ്ങളുണ്ടെങ്കിലും അതിൽ അസാധാരണമായി ഒന്നുമില്ല. മറ്റ് നേതാക്കളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഘട്ടം ഘട്ടമായി സ്ഥാനാർത്ഥികളുടെ മുഴുവൻ പേരും പ്രഖ്യാപിക്കുമെന്നും സുധീരൻ പറഞ്ഞു. കേരളത്തിലെ സ്ഥിതിഗതികൾ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്ന് സുധീരൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം സമവായ ശ്രമവുമായി രമേശ് ചെന്നിത്തലയും രംഗത്തുണ്ട്. രാഹുൽ എ കെ ആന്റണിയുമായും കൂടിക്കാഴ്‌ച്ച നടത്തി. കോൺഗ്രസിൽ പ്രശ്‌നങ്ങളില്ലെന്നും ചർച്ചകൾ നടക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. വെള്ളിയാഴ്ചത്തെ സ്‌ക്രീനിങ് കമ്മിറ്റിക്കുശേഷം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. വാർത്തകൾ ഊഹാപോഹം മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സുധീരന് അനുകൂലമാണ്. എ കെ ആന്റണിയുടെ പിന്തുണയും സുധീരനുണ്ട്. ഈ സാഹചര്യത്തിലാണ് കർക്കശ നിലപാടിലൂടെ ഉമ്മൻ ചാണ്ടി വിശ്വസ്തർക്ക് സീറ്റുറപ്പിക്കാൻ ശ്രമിക്കുന്നത്. ഇതോടെ അനുനയ ശ്രമങ്ങൾ ഗുലാം നബി ആസാദ് തുടങ്ങി കഴിഞ്ഞു.

എങ്ങനേയും പ്രശ്‌ന പരിഹാരമാണ് ഹൈക്കമാണ്ട് ലക്ഷ്യമിടുന്നത്. കേരളത്തിൽ അധികാരം നേടണമെന്ന ഉറച്ച നിലപാടിലാണ് അവർ. ഉമ്മൻ ചാണ്ടി ഇടയുന്നത് ഇതിന് തടസ്സമാകുമെന്നും ഗുലാം നബി ആസാദ് മനസ്സിലാക്കുന്നു. ഈ സാഹചര്യത്തിൽ ആന്റണിയുമായി കൂടിയാലോചിച്ച് പ്രശ്‌ന പരിഹാര ഫോർമുലയാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഹൈക്കമാണ്ടിന്റെ തീരുമാനം അംഗീകരിക്കേണ്ട ബാധ്യത എല്ലാവർക്കും ഉണ്ട്. ഇത് ഉമ്മൻ ചാണ്ടിക്കും ബാധകമാണെന്നും ആന്റണിയും പറയുന്നു. നിലപാടിൽ മാറ്റം വരുത്താൻ സുധീരനും തയ്യാറല്ല. ഇതോടെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം കടുത്ത പ്രതിസന്ധിയിലാവുകയാണ്.

ആരോപണം നേരിടുന്നവരും നാലിൽ കൂടുതൽ തവണ മത്സരിച്ചവരും തിരഞ്ഞെടുപ്പിൽ മാറി നിൽക്കുകയാണെങ്കിൽ താനും അതേ രീതി പിന്തുടരുമെന്ന് ഉമ്മൻ ചാണ്ടി. ഇത്തരം സ്ഥാനാർത്ഥികളെ മാറ്റണമെന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിലപാടിനോട് കടുത്ത പ്രതികരണമാണ് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിൽ ഉമ്മൻ ചാണ്ടി നൽകിയതെന്നറിയുന്നു. സിറ്റിങ് എംഎ!ൽഎമാരെ മാറ്റാൻ നിരത്തുന്ന കാരണങ്ങൾ തനിക്കും ബാധകമാണ്. താനും നാലിൽ കൂടുതൽ തവണ മത്സരിച്ചയാളാണ്. മന്ത്രിസഭയിൽ ഏറ്റവും കൂടുതൽ ആരോപണം നേരിട്ടതും താനാണ്. അങ്ങനെയാണെങ്കിൽ താനാണ് ആദ്യം മാറിനിൽക്കേണ്ടത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിനിടെ വ്യാഴാഴ്ച നടത്തേണ്ടിയുന്ന എ.ഐ.സി.സിയുടെ സ്‌ക്രീനിങ് കമ്മിറ്റിയോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചിട്ടുണ്ട്.

കോന്നി, തൃക്കാക്കര, തൃപ്പൂണിത്തുറ, ഇരിക്കൂർ, പാറശാല മണ്ഡലങ്ങളിൽ സിറ്റിങ് എംഎൽഎമാരെ മാറ്റി വോട്ടർമാർക്കു വ്യക്തമായ സന്ദേശം നൽകണമെന്നാണു സുധീരന്റെ നിലപാട്. കോന്നിയിൽ അടൂർ പ്രകാശിനു പകരം പി. മോഹൻരാജ്, തൃപ്പൂണിത്തുറയിൽ കെ. ബാബുവിനു പകരം എൻ. വേണുഗോപാൽ, ഇരിക്കൂരിൽ കെ.സി. ജോസഫിനു പകരം സതീശൻ പാച്ചേനി, തൃക്കാക്കരയിൽ ബെന്നി ബഹനാനു പകരം പി.ടി. തോമസ്, പാറശാലയിൽ എ.ടി. ജോർജിനു പകരം നെയ്യാറ്റിൻകര സനൽ അല്ലെങ്കിൽ മരിയാപുരം ശ്രീകുമാർ എന്നിവരെയാണു കെപിസിസി പ്രസിഡന്റ് നിർദ്ദേശിച്ചതെന്നറിയുന്നു. കെ ബാബുവും കെ സി ജോസഫും ബെന്നി ബെഹാന്നാനും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരാണ്. ബെന്നി ബെഹന്നാന് കഴിഞ്ഞ തവണയാണ് എംഎൽഎ ആയത്. എടി ജോർജും 2011ൽ ആദ്യമായാണ് സ്ഥാനാർത്ഥിയായത്. ഇതെല്ലാം മുഖ്യമന്ത്രി ഉയർത്തിക്കാട്ടുന്നുണ്ട്.

സ്ഥാനാർത്ഥികൾ മാറിയില്ലെങ്കിൽ കോന്നി, തൃക്കാക്കര, തൃപ്പൂണിത്തുറ, ഇരിക്കൂർ, പാറശാല മണ്ഡലങ്ങളിൽ കോൺഗ്രസ് തോൽക്കുമെന്നാണ് സുധീരൻ പറയുന്നത്. എന്നാൽ ഇതിനെ സമർത്ഥമായി പ്രതിരോധിക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞിട്ടുമില്ല. ഇതിനിടെ യുവ നേതാക്കൾ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. അഴിമതിക്കാരെ മാറ്റി പുതുമുഖങ്ങളെ സ്ഥാനാർത്ഥികളാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. സുധീരന്റെ ഹിറ്റ് ലിസ്റ്റിൽ പെട്ടവരിൽ അടൂർ പ്രകാശ് മാത്രമാണ് ഐ ഗ്രൂപ്പുകാരാൻ. എന്നാൽ ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ചെന്നിത്തലയും പ്രകാശും തമ്മിലെ ബന്ധം മോശമായിരുന്നു. അതുകൊണ്ട് തന്നെ അടൂർ പ്രകാശിനായി ചെന്നിത്തല വാദിക്കുന്നുമില്ല. ഇതോടെയാണ് ഉമ്മൻ ചാണ്ടി കടുത്ത നിലപാടുകളിലേക്ക് മാറിയത്.

സ്ഥാനാർത്ഥി നിർണയത്തിനുള്ള എ.ഐ.സി.സി സ്‌ക്രീനിങ് സമിതി യോഗത്തിൽ ഇന്നലെ ഭിന്ന സ്വരം ഉയർന്നതിനേത്തുടർന്ന് യോഗം അവസാനിക്കുന്നതിന് മുമ്പേ ഉമ്മൻ ചാണ്ടി മടങ്ങിയിരുന്നു. നിലവിൽ ധാരണയായ നാല് സീറ്റുകളിൽ പ്രമുഖ സ്ഥാനാർത്ഥികൾക്ക് പകരം കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പുതിയ ആളുകളെ നിർദ്ദേശിച്ചത് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളത്തിലേക്ക് മടങ്ങാതെ ഡൽഹിയിൽ തുടരാൻ മുഖ്യമന്ത്രി തീരുമാനിച്ചത്.