തിരുവനന്തപുരം: ഇടതുസർക്കാരിന്റെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും മൂലം ആലപ്പുഴ ബൈപാസ് മൂന്നര വർഷം വൈകിയാണ് സാക്ഷാത്കരിച്ചതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതിന് ഇടതുസർക്കാർ ജനങ്ങളോട് മാപ്പുപറയണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. 2017 ഓഗസ്റ്റ് 14ന് പൂർത്തിയാക്കേണ്ട പദ്ധതിയാണിത്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി 30 ശതമാനം പണി നടത്തിയിട്ടാണ് 2016ൽ യുഡിഎഫ് സർക്കാർ അധികാരം വിട്ടത്. സ്വന്തമായി ഒരു പദ്ധതിയുമില്ലാത്ത ഇടതുസർക്കാരിന് യുഡിഎഫിന്റെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പോലും സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രചെലവിൽ ദേശീയപാതയുടെ ഭാഗമായി ആലപ്പുഴ ബൈപാസ് നിർമ്മിക്കാനുള്ള ശ്രമം അനന്തമായി നീണ്ടപ്പോഴാണ് ബൈപാസിന്റെ ചെലവ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ 50ഃ50 ആയി വഹിക്കാമെന്ന സുപ്രധാന തീരുമാനം 2013 ഓഗസ്റ്റ് 31ന് എടുത്തത്. തുടർന്ന് നാലു ദശാബ്ദത്തിലധികം നിർജീവമായി കിടന്ന കൊല്ലം, ആലുപ്പുഴ ബൈപാസുകൾക്ക് ജീവൻ കിട്ടി. ഇന്ത്യയിൽ ആദ്യമായാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുല്യമായി തുക വിനിയോഗിച്ച് ഒരു പദ്ധതി നടപ്പാക്കിയത്. ഇത് രാജ്യത്ത് പുതിയൊരു വികസന മാതൃക സൃഷ്ടിച്ചു. ബീച്ചിനു മുകളിലൂടെ പോകുന്ന എലവേറ്റഡ് ഹൈവെ എന്ന പ്രത്യേകതയും ആലപ്പുഴ ബൈപാസിനുണ്ട്.

സംസ്ഥാന വിഹിതമായി കൊല്ലത്തിന് 352 കോടിയും ആലപ്പുഴയ്ക്ക് 348.43 കോടിയും അനുവദിച്ച് 2015 ഫെബ്രു 11ന് ഉത്തരവിറക്കി. 2015 മാർച്ച് 16 ന് പണി ആരംഭിച്ചു. 30 മാസത്തിനകം പണി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടു. പക്ഷേ മൂന്നര വർഷം വൈകിയാണ് ഇപ്പോൾ പൂർത്തിയായത്.

ആലപ്പുഴ ബൈപാസ് നിർമ്മാണത്തിൽ കെസി വേണുഗോപാൽ എംപി നിർണായക പങ്കുവഹിച്ചെന്നും ഉമ്മൻ ചാണ്ടി ഓർമ്മിപ്പിച്ചു. 50ഃ50 എന്ന ആശയം അദ്ദേഹമാണ് ആദ്യമായി അവതരിപ്പിച്ചത്. കൊല്ലം ബൈപാസും 50ഃ50 മാതൃകയിലാണ് നിർമ്മിച്ചത്. എംപിമാരായ എൻകെ പ്രേമചന്ദ്രനും എൻ പീതാംബര കുറുപ്പും കൊല്ലത്തിനുവേണ്ടി പ്രയത്‌നിച്ചവരാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഇന്ന് ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചത്. ദേശീയപാത 66-ൽ (പഴയ എൻ.എച്ച്.-47) കളർകോടുമുതൽ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. ഇതിൽ അപ്രോച്ച് റോഡ് ഉൾപ്പെടെ 4.8 കിലോമീറ്റർ ആകാശപാത(എലിവേറ്റഡ് ഹൈവേ)യാണ്. മേൽപ്പാലംമാത്രം 3.2 കി.മീ. വരും. കേരളത്തിലെ ഏറ്റവും വലുതും കടൽത്തീരത്തിനുമുകളിലൂടെ പോകുന്നതുമായ ആദ്യ എലിവേറ്റഡ് ഹൈവേയും ഇതാണ്. ദേശീയപാതയിലൂടെ തെക്കോട്ടും വടക്കോട്ടും പോകുന്ന വാഹനങ്ങൾക്ക് ഇനി ആലപ്പുഴ നഗരത്തിലെത്താതെ എളുപ്പത്തിൽ യാത്രചെയ്യാം.

348 കോടി രൂപ ചെലവിലാണ് ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമാക്കിയിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 174 കോടി രൂപ വീതം ചെലവഴിച്ചു നിർമ്മിച്ച ബൈപ്പാസിന്റെ നിർമ്മാണം പൂർണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിർവ്വഹിച്ചത്. ലൈറ്റ് സ്ഥാപിക്കാനും മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് റെയിൽവേയ്ക്ക് നൽകിയ 7 കോടിയും കൂടി ചേർത്ത് 25 കോടി രൂപകൂടി സംസ്ഥാനം അധികമായി ചെലവഴിച്ചു. കേന്ദ്രപദ്ധതിയിൽ 92 വഴിവിളക്കുകൾമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 412 വിളക്കുകളുണ്ട്.

1990ലാണ് ബൈപ്പാസ് നിർമ്മാണം ആരംഭിച്ചത്. പല കാരണങ്ങളാൽ പണി നീളുകയായിരുന്നു. 35 വർഷം കൊണ്ട് ബൈപാസ് നിർമ്മാണത്തിന്റെ 20 ശതമാനമാണ് തീർന്നതെങ്കിൽ 5 കൊല്ലം കൊണ്ടാണ് ബൈപാസ് നിർമ്മാണം 100 ശതമാനം പൂർത്തിയായതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി എന്നിവയാണ് ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്നതിന് അൽപ്പം കാലതാമസം വരുത്തിയത്.