- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബിഐ അന്വേഷണത്തെ ഭയമില്ല; ഇടതു സർക്കാർ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തിട്ടും ഒരു നടപടിയും സ്വീകരിക്കാനായില്ല; നിയമപരമായി നേരിടുമെന്ന് ഉമ്മൻ ചാണ്ടി
കോട്ടയം: സോളർ കേസിൽ സിബിഐ അന്വേഷണത്തെ ഭയമില്ലെന്നും നിയമപരമായി നേരിടുമെന്നും മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നേരത്തെ ഇടതു സർക്കാർ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തതാണെന്നും ഒരു നടപടിയും സ്വീകരിക്കാനായില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സോളർ പീഡനക്കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു. ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി.അനിൽകുമാർ, ഹൈബി ഈഡൻ എന്നീ കോൺഗ്രസ് നേതാക്കൾക്കും ബിജെപി നേതാവ് എ.പി.അബ്ദുള്ളക്കുട്ടിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് എഫ്ഐആർ കോടതിയിൽ നൽകി. തെളിവില്ലെന്ന് വിവിധ അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയ കേസ്, സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരമാണ് സിബിഐ ഏറ്റെടുക്കുന്നത്.
ആറ് നേതാക്കൾക്കുമെതിരെ ആറ് വ്യത്യസ്ത കേസുകളെടുത്ത സിബിഐ തിരുവനന്തപുരം യൂണിറ്റ് മുൻ മന്ത്രി എ.പി. അനിൽകുമാറിനെതിരായ എഫ്.ഐ.ആർ എറണാകുളം സിജെഎം കോടതിയിലും മറ്റുള്ളവർക്കെതിരെയുള്ളത് തിരുവനന്തപുരത്തുമാണ് നൽകിയത്. കുറ്റകൃത്യം നടന്നതായി പരാതിയിൽ ആരോപിക്കുന്ന സ്ഥലം അനുസരിച്ചാണിത്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലിരിക്കെ, 2012ലെ വിവിധ ദിവസങ്ങളിലായി മന്ത്രിമന്ദിരങ്ങളിലും എംഎൽഎ ഹോസ്റ്റലിലും വിവിധ ഹോട്ടലുകളിലുമായി പീഡിപ്പിച്ചെന്നതാണ് പരാതിയുടെ കാതൽ.
ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിരുന്നെങ്കിലും കാര്യമായൊന്നും ചെയ്തിരുന്നില്ല. കേസെടുക്കാനാവില്ലെന്ന് അന്വേഷണസംഘത്തലവന്മാരായിരുന്ന ഡിജിപി രാജേഷ് ദിവാനും ഇന്നത്തെ ഡിജിപി അനിൽകാന്തും റിപ്പോർട്ടും നൽകിയിരുന്നു. ഒടുവിൽ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, ജനുവരി 24ന് സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറി. ആ ഉത്തരവിനൊപ്പം ആഭ്യന്തര സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ പോലും ഉമ്മൻ ചാണ്ടിക്ക് ക്ളീൻ ചിറ്റായിരുന്നു. മറ്റുള്ളവർക്കെതിരെ തെളിവ് ശേഖരിക്കുന്നുവെന്നുമായിരുന്നു വിശദീകരണം.
എന്നാൽ ആറര മാസത്തെ പ്രാഥമിക വിലയിരുത്തലിന് ശേഷം കേസ് ഏറ്റെടുക്കാൻ സിബിഐ തീരുമാനിക്കുകയായിരുന്നു. കേസ് എടുത്തെങ്കിലും നേതാക്കൾക്കെതിരെ തിടുക്കപ്പെട്ട് നടപടിയുണ്ടായേക്കില്ല. 9 വർഷം മുൻപ് നടന്നതായി പറയുന്ന കുറ്റകൃത്യത്തിൽ ശാസ്ത്രീയ തെളിവുകളോ ഫോൺരേഖകളോ ലഭ്യമല്ല. ക്രൈംബ്രാഞ്ചിൽനിന്ന് കേസ് ഡയറി വാങ്ങി പരാതിക്കാരിയുടെ മൊഴിയും പരിശോധിച്ച ശേഷമാവും തെളിവ് ശേഖരണത്തിലേക്ക് കടക്കുക.
മറുനാടന് മലയാളി ബ്യൂറോ