കൊച്ചി: കൈയിൽ പണമായി ഒരു രൂപ പോലുമില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണു മുഖ്യമന്ത്രിയുടെ സാമ്പത്തിക വിവരങ്ങളുള്ളത്. ഭാര്യ മറിയാമ്മയുടെ കൈയിൽ 10,516 രൂപയും മകൻ ചാണ്ടി ഉമ്മന്റെ കൈയിൽ പണമായുള്ളത് 942 രൂപയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

താൻ ഒരു കേസിലും പ്രതിയല്ലെന്നും ഉമ്മൻ ചാണ്ടി നാമനിർദ്ദേശ പത്രികയിൽ പറയുന്നു. സത്യവാങ്മൂലത്തിലെ മറ്റു വിവരങ്ങൾ ഇങ്ങനെയാണ്:

ഉമ്മൻ ചാണ്ടിക്ക് 1,04,880 രൂപ വിലയുള്ള 38 ഗ്രാം സ്വർണ്ണവും ഭാര്യയ്ക്ക് 8,16,960 രൂപ വിലയുള്ള 296 ഗ്രാം സ്വർണ്ണവുമുണ്ട്. ഭാര്യയുടെയും മകന്റെയും പേരിലായി മൂന്നു ലക്ഷം രൂപവിലയുള്ള മാരുതി സ്വിഫ്റ്റ് കാറുണ്ട്.

97,160 രൂപയുടെ നിക്ഷേപമാണു വിവിധ ബാങ്കുകളിലായി ഉമ്മൻ ചാണ്ടിക്കുള്ളത്. 1,19,800 രൂപയുടെ ഷെയറുമുണ്ട്. ജയ്ഹിന്ദ് ടിവിയിലടക്കം വിവിധ സ്ഥാപനങ്ങളിലായി 1,19,800 രൂപയുടെ ഓഹരിയുണ്ട്. ഭാര്യക്ക് 10,57,524.47 രൂപയുടെ ബാങ്ക് നിക്ഷേപവും മുത്തൂറ്റ് ഫിനാൻസിൽ 11 ലക്ഷം രൂപയുടെ കടപ്പത്രവുമുണ്ട്. മകന് വിവിധ ബാങ്കുകളിലായി 5,08,929 രൂപയുടെ നിക്ഷേപവും മുത്തൂറ്റ് ഫിനാൻസിൽ എട്ടുലക്ഷം രൂപയുടെ കടപ്പത്രവുമുണ്ട്. ഉമ്മൻ ചാണ്ടിയുടെ പേരിൽ ഭൂമിയോ കടബാദ്ധ്യതയോ ഇല്ല. എന്നാൽ ഭാര്യയ്ക്ക് ഹൗസിങ് ലോൺ അടക്കം 18,47,555 രൂപയുടെ കടബാദ്ധ്യതയും 13.25 സെന്റ് സ്ഥലവും വീടുമുണ്ട്. മകന് വിദ്യാഭ്യാസ വായ്‌പ്പയടക്കം 4,91,535 രൂപയുടെ ബാദ്ധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.