- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താരങ്ങൾ വീട്ടിലിരുന്നു മേക്കപ്പ് ചെയ്താൽ മാത്രം മതിയെന്നു മുഖ്യമന്ത്രി; മാദ്ധ്യമപ്രവർത്തകനെ തല്ലിയ വാർത്തയ്ക്കൊപ്പം എല്ലാ പത്രങ്ങളും തന്റെ പടം ഒന്നാം പേജിൽ നൽകിയതിനു നന്ദിയെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സീരിയൽ താരങ്ങൾ വീട്ടിലിരുന്നു മേക്കപ്പ് ചെയ്താൽ മാത്രം മതിയെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരള രാഷ്ട്രീയം ഒന്നടങ്കം ശ്രദ്ധകേന്ദ്രീകരിച്ച അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ സിനിമാ-സീരിയൽ താരങ്ങൾ പ്രചാരണത്തിന് ഇറങ്ങിയതിനെ പരിഹസിച്ചാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. തന്റെ ചിത്രം ഇന്നത്തെ എല്ലാ പത്രങ്ങളുടെയും ഒന്ന
തിരുവനന്തപുരം: സീരിയൽ താരങ്ങൾ വീട്ടിലിരുന്നു മേക്കപ്പ് ചെയ്താൽ മാത്രം മതിയെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരള രാഷ്ട്രീയം ഒന്നടങ്കം ശ്രദ്ധകേന്ദ്രീകരിച്ച അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ സിനിമാ-സീരിയൽ താരങ്ങൾ പ്രചാരണത്തിന് ഇറങ്ങിയതിനെ പരിഹസിച്ചാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശം.
തന്റെ ചിത്രം ഇന്നത്തെ എല്ലാ പത്രങ്ങളുടെയും ഒന്നാം പേജിൽ നൽകിയതിനു നന്ദിയുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പൊട്ടിപ്പൊളിഞ്ഞ നിരത്തിൽ റോഡ് ഷോ നടത്തിയ മുഖ്യമന്ത്രിയുടെ ചിത്രം എടുക്കാൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തകനെ മർദിച്ച സംഭവത്തെ സൂചിപ്പിച്ചാണ് പരിഹാസരൂപേണ മുഖ്യമന്ത്രി മാദ്ധ്യമങ്ങൾക്കും നന്ദി പറഞ്ഞത്.
കഴിഞ്ഞ ദിവസം ബിജെപിക്കായി പ്രചാരണ രംഗത്തിറങ്ങിയ സീരിയൽ താരം മേഘ്‌ന അരുവിക്കര മണ്ഡലത്തിലെ റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ അവസ്ഥ മേക്കപ്പിടുന്നതുമായി ബന്ധിപ്പിച്ചാണ് മേഘ്‌ന അവതരിപ്പിച്ചത്. ഇതിനെയാണ് മുഖ്യമന്ത്രി പരിഹസിച്ചത്. താരങ്ങൾ പ്രചാരണത്തിനെത്തുമ്പോൾ മേക്കപ്പിട്ടു വരേണ്ട കാര്യമില്ലെന്നും അതൊക്കെ സീരിയലിലും സിനിമയിലും മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചലച്ചിത്ര താരങ്ങളായ ഇന്നസെന്റും സുരേഷ് ഗോപിയും പ്രചാരണത്തിൽ സജീവമായിരുന്നു. ഇന്നസെന്റ് ഇടതുപക്ഷത്തിനു വേണ്ടിയും സുരേഷ് ഗോപി ബിജെപിക്കുവേണ്ടിയുമാണ് രംഗത്തെത്തിയത്. ഇരുവരും ജനക്കൂട്ടത്തെ ഏറെ ആകർഷിക്കുകയും ചെയ്തിരുന്നു.
കേരള രാഷ്ട്രീയ രംഗം ഒന്നടങ്കം ഉറ്റുനോക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ദിവസം നേതാക്കൾ തമ്മിൽ കടുത്ത വാക്‌പോരാണ് നടന്നത്. വി എസിനെ കടന്നാക്രമിച്ചാണ് ഇന്നു യുഡിഎഫ് നേതാക്കൾ എത്തിയത്. അതിനു ചുട്ടമറുപടിയുമായി സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് സീരിയൽ താരങ്ങൾ മേക്കപ്പിട്ടു വീട്ടിലിരുന്നാൽ മതിയെന്ന വിവാദ പരാമർശവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.