കോട്ടയം: അരനൂറ്റാണ്ടിലേറെ കേരളരാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന ഉമ്മൻ ചാണ്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിൽ എത്തി കോൺഗ്രസ് പ്രസ്ഥാനത്തിന്റെ തന്നെ അതികായന്മാരിലൊരാളായി മാറിയ ഉമ്മൻ ചാണ്ടിക്ക് ജീവിതത്തിന്റെ സായാഹ്നത്തിലും തിരക്കോട് തിരക്കാണ്. അതുകൊണ്ട് തന്നെ യാത്രയൊഴിഞ്ഞൊരു നേരമില്ലാത്ത നേതാവിന് ഈ പിറന്നാളും പതിവു പോലെ ഒരു സാധാരണ ദിവസം. ആഘോഷങ്ങൾ ഒന്നും തന്നെ ഇല്ല. വിപുലമായി പിറന്നാൾ ആഘോഷിക്കുന്ന പതിവു പണ്ടേ ഇല്ലാത്ത നേതാവ് ഇന്നും പാർ്ടടി കാര്യങ്ങളുമായി ജനങ്ങൾക്കിടയിൽ തന്നെ ആയിരിക്കും.

രാവിലെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ കുടുംബാംഗങ്ങൾക്കൊപ്പം പ്രാതൽ കഴിക്കുന്നതിൽ മിക്കവാറും പിറന്നാൾ ആഘോഷം ഒതുങ്ങും. പാർട്ടി നേതാക്കളും പ്രവർത്തകരും നേരിട്ടും ഫോണിലും ആശംസ അറിയിക്കും. കേക്കുമുറിക്കൽ പോലുള്ള ആഘോഷങ്ങൾ വീട്ടിലും ഇല്ല. പറയാൻ ന്യായീകരണമുണ്ട്. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനമാചരിക്കുമ്പോൾ എങ്ങനെ ആഘോഷിക്കും? അല്ലെങ്കിലും ജന്മദിനാഘോഷങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി തിരക്കിലമരുന്നയാളാണ് ഈ നേതാവ്. ഇന്ന് പകൽ തിരുവനന്തപുരത്തുണ്ടെങ്കിലും രാത്രി 7ന് ഡൽഹിക്ക് പോകും, പാർട്ടി കാര്യങ്ങൾക്കായി.

പിറന്നാൾ എന്നത് പലരേയും സംബന്ധിച്ചിടത്തോളം ഒരു വയസ് കൂടി എന്നത് മാത്രമാണ്. എന്നാൽ 74-ാം വയസിൽ കണ്ട ഉമ്മൻ ചാണ്ടിയല്ല 75-ാം വയസിൽ നിൽക്കുന്നത്. കേരള രാഷ്ട്രീയത്തിന്റെ നാലതിരുകളിൽ നിന്ന് ദേശീയ രാഷ്ട്രീയത്തിന്റെ വിഹായസിലേക്ക് ഉമ്മൻ ചാണ്ടി പറന്നുചെന്ന മാറ്റത്തിന്റെ വർഷമാണ്. മുൻ മുഖ്യമന്ത്രി എന്ന പേരിൽ മാത്രം 74-ാം വയസിൽ ഒതുങ്ങിനിന്ന ഉമ്മൻ ചാണ്ടി 75-ാം വയസിൽ എ.ഐ.സി.സി ജനറൽസെക്രട്ടറിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമാണ്.

സാദ്ധ്യതകളെ കലയാക്കി മാറ്റിയെന്നത് വെറുമൊരു ആലങ്കാരികപ്രയോഗമല്ലെന്ന് ആന്ധ്ര കോൺഗ്രസിന്റെ ചുമതലക്കാരനായി ഉമ്മൻ ചാണ്ടി തെളിയിച്ചിരിക്കുന്നു. ആന്ധ്രയിൽ ഉമ്മൻ ചാണ്ടിയെ മുന്നിൽ നിറുത്തിയാലുണ്ടാകുന്ന ആൾക്കൂട്ടം കോൺഗ്രസ് ദേശീയ നേതൃത്വത്തെ പോലും അതിശയിപ്പിക്കുന്നു. ആന്ധ്രയിൽ കോൺഗ്രസിന് പഴയ പ്രതാപമോ നിറമോ ഇന്ന് അവകാശപ്പെടാനാവില്ല. ജീവനറ്റ് നിന്നിരുന്ന പാർട്ടിക്ക് വലുതായില്ലെങ്കിലും ചലനമുണ്ടാക്കാൻ ഉമ്മൻ ചാണ്ടിയുടെ വരവിലൂടെ സാധിച്ചിരിക്കുന്നുവെന്ന് രാഹുൽഗാന്ധി പോലും വിശ്വസിക്കുന്നുണ്ട്.

ഏതാനും ദിവസങ്ങളായി ആന്ധ്രയിലായിരുന്ന ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസമാണു തിരുവനന്തപുരത്ത് എത്തിയത്. ഭാര്യ മറിയാമ്മയും മക്കളായ മറിയയും ചാണ്ടി ഉമ്മനും രാവിലെ പള്ളിയിൽ പോകുന്നുണ്ട്. ഉമ്മൻ ചാണ്ടി കൊല്ലത്തു യുഡിഎഫ് പൊതുസമ്മേളനത്തിൽ പങ്കെടുക്കും. പിറന്നാളൊന്നും ആഘോഷിക്കാറില്ലെന്നു ഉമ്മൻ ചാണ്ടി പറയുന്നു. 'മിക്കവാറും യാത്രയിലായിരിക്കും. പുതുപ്പള്ളിയിൽ പോകുന്ന പതിവുമില്ല.'

പുതുപ്പള്ളി കാരോട്ട വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബിയുടെും മകനായി 1943 ഒക്ടോബർ 31നാണു ജനനം. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂൾ, കോട്ടയം സിഎംഎസ് കോളജ്, ചങ്ങനാശേരി എസ്ബി കോളജ് എന്നിവിടങ്ങളിലെ പഠന ശേഷം എറണാകുളം ലോ കോളജിൽ നിന്നു നിയമ ബിരുദം നേടി.

കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിൽ എത്തിയ ഉമ്മൻ ചാണ്ടി 1967 ൽ സംസ്ഥാന പ്രസിഡന്റായി. 1969 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി 1970 ൽ പുതുപ്പള്ളിയിൽ നിന്നു നിയമസഭയിൽ എത്തി. നിയമസഭയിൽ 48 വർഷവും പൂർത്തിയാകുന്നു.രണ്ടു വട്ടം മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി നിലവിൽ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ്.