തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തമ്മിൽ ഫേസ്‌ബുക്കിൽ തുടങ്ങിയ യുദ്ധം വീണ്ടും മുറുകുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തുടങ്ങിയ ഫേസ്‌ബുക്ക് വാർ ഇന്നും നേതാക്കൾ തമ്മിൽ തുടർന്നു. ഉമ്മൻ ചാണ്ടിയെ രൂക്ഷമായി വിമർശിച്ച് വി എസ് ഇന്നും രംഗത്തെത്തി. ഉമ്മൻ ചാണ്ടിക്ക് ചോദ്യങ്ങളേയുള്ളു, ഉത്തരങ്ങളില്ലെന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വി എസ് പറയുന്നു. ഉമ്മൻ ചാണ്ടിയുടെ ചോദ്യങ്ങൾക്ക് താൻ മറുപടി നൽകണം. എന്നാൽ, തന്റെ ചോദ്യങ്ങൾക്ക് ഉമ്മൻ ചാണ്ടി മറുപടി നൽകുന്നില്ലെന്നും വി എസ് പറഞ്ഞു. അതേസമയം തനിക്കെതിരെ അസത്യമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന വിഎസിനെതിരെ നിയമനടപടി സ്വീകരിക്കുെമന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇൻഫോപാർക്ക് ആക്രിവിലയ്ക്ക് സ്മാർട്ട് സിറ്റിക്ക് വിറ്റു തുലയ്ക്കാൻ എന്തുകൊണ്ട് ശ്രമിച്ചു?, സ്മാർട്ട് സിറ്റിയെ റിയൽ എസ്റ്റേറ്റ് സിറ്റിയാക്കി മാറ്റിയ ജനവഞ്ചന തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി കിട്ടിയില്ല. അതിന്റെ കാരണം മനസിലാക്കാവുന്നതേയുള്ളുവെന്ന് വി എസ്. ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന് ഐ.ടി എന്നത് ഇന്റർനാഷണൽ തട്ടിപ്പാണ്. മാത്രമല്ല വ്യജസന്യാസി സന്തോഷ് മാധവന്റെ പാടത്താണ് ഉമ്മൻ ചാണ്ടിയുടെ ഐ.ടി. വികസനമെന്ന് വി എസ് ആരോപിക്കുന്നു.

ഉമ്മൻ ചാണ്ടി എന്നോടുന്നയിച്ച രാഷ്ട്രീയ ചോദ്യങ്ങൾക്ക് മറ്റൊരു പോസ്റ്റിലൂടെ ഞാൻ അക്കമിട്ട് മറുപടി നൽകിയെന്നാണ് വി എസ് വ്യക്തമാക്കുന്നത്. ആ പോസ്റ്റിൽ ചില ചോദ്യങ്ങൾ ഞാൻ ഉമ്മൻ ചാണ്ടിയോട് ചോദിച്ചു. 1992 മാർച്ചിൽ പാമോയിൽ അഴിമതി ആരോപണം നിയമസഭയിൽ ഉയർന്ന ദിവസങ്ങളിൽ സഭയിൽ ഒരക്ഷരം ഉരിയാടാതിരുന്നിട്ട് അന്നത്തെ മുഖ്യമന്ത്രി കരുണാകരനെ രക്ഷിക്കാൻ താനാണ് പോരാടിയത് എന്ന് പറഞ്ഞത് പച്ചക്കള്ളമല്ലേ? ചാരക്കേസിൽ കരുണാകരനെ സ്ഥാനഭ്രഷ്ടനാക്കാൻ അന്നത്തെ ധനമന്ത്രി ഉമ്മൻ ചാണ്ടി ആഹ്വാനം നടത്തുന്നതിന്റെ വീഡിയോ ചിത്രം പുറത്തുവന്നിട്ടും രേഖയെവിടെ എന്ന്! ചോദിച്ച് ഉളുപ്പില്ലായ്മ കാണിച്ചില്ലേ? ഈ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസയം വിഎസിന്റ് ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ ഉമ്മൻ ചാണ്ടി രംഗത്തെത്തി. തനിയ്‌ക്കെതിരായ നുണപ്രചാരണം നിർത്തിയില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. തനിയ്‌ക്കെതിരെ 31 കേസുകൾ ഉണ്ടെന്ന വിഎസിന്റെ പരാമർശത്തിന് എതിരെയാണ് ഉമ്മൻ ചാണ്ടി രംഗത്തെത്തിയിരിക്കുന്നത്. എനിയ്‌ക്കെതിരെ 31 കേസുകൾ ഉണ്ടെന്നാണ് വി എസ് പറയുന്നത്. എന്നാൽ ഒരൊറ്റ കേസ് പോലുമില്ല എന്നതാണ് വാസ്തവം ഉമ്മൻ ചാണ്ടി പറഞ്ഞു. സംഭവത്തിൽ വി എസ് മാപ്പുപറയണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

പ്രസ്താവനയ്ക്ക് പുറമേ ഫേസ്‌ബുക്കിലൂടെയും മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കി. വി എസ്, ഇങ്ങനെ അടിയറവ് പറയാനായിരുന്നെങ്കിൽ അങ്ങ് എന്തിനു തുടങ്ങി എന്നു ചോദിച്ചാണ് ഉമ്മൻ ചാണ്ടി മറുപടി പോസ്‌റ്റെഴുതിയത്. എല്ലാം എന്റെ പിഴവാണെന്ന് ഏറ്റുപറഞ്ഞ വ്യത്യസ്തനായൊരു വി എസ്.അച്യുതാനന്ദനെയാണ് കേരളം ഇന്നലെ കണ്ടത്. തന്റെ നിലപാടുകളിൽ എന്തുവന്നാലും ഉറച്ചുനിൽക്കുമെന്ന് പലപ്പോഴും മേനിപറഞ്ഞിരുന്ന അങ്ങ് ആരെയൊക്കയോ എന്തിനെയൊക്കയോ ഭയപ്പെടുന്നു എന്ന പ്രതീതിയാണ് കേരള ജനതക്കു നൽകിയത്. എല്ലാ ഊർജവും നഷ്ടപ്പെട്ട് അധികാര സ്ഥാനത്തിനുവേണ്ടി ഇതുവരെ പറഞ്ഞതെല്ലാം ഒരു നിമിഷംകൊണ്ടു വിഴുങ്ങി ആദർശത്തോടുപോലും സന്ധിചെയ്യുന്ന അങ്ങയുടെ തെരഞ്ഞെടുപ്പുകാലത്തെ നിറംമാറ്റം ജനങ്ങൾ തിരിച്ചറിയുമെന്നും ഉമ്മൻ ചാണ്ടി ഫേസ്‌ബുക്കിൽ കുറിക്കുന്നു.