- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നേതാക്കളുടെ ബന്ധുക്കളെയും സ്വന്തക്കാരെയും കുടിയിരുത്തിയിട്ടുണ്ട്; യാതൊരു പ്രഫഷണലിസവും ഇല്ലാത്ത ഇവർക്ക് എങ്ങനെ ഇവിടെ വ്യവസായിക അന്തരീക്ഷം സൃഷ്ടിക്കാനാകും? വ്യവസായ വികസന റാങ്കിൽ കേരളം ഏറ്റവും പിറകിൽ; വികസനങ്ങളെ എതിർക്കുന്നിടത്ത് എങ്ങനെ വ്യവസായം വരുമെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: വികസനപ്രവർത്തനങ്ങളെയും കാലോചിതമായ മാറ്റങ്ങളെയും എതിർക്കുന്ന സിപിഎം ഭരിക്കുന്ന കേരളത്തിൽ എങ്ങനെ വ്യവസായങ്ങളുണ്ടാകുമെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വ്യവസായ അനുകൂല പരിഷ്കാരങ്ങൾ നടപ്പാക്കിയതു വിലയിരുത്തി കേന്ദ്രസർക്കാർ തയറാക്കിയ വ്യവസായ സൗഹൃദ റാങ്കിംഗിൽ (2018-19) കേരളം 28-ാം സ്ഥാനത്തായതിൽ അത്ഭുതമില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2015-16ൽ 18-ാം റാങ്ക് ആയിരുന്നു. ഇടതു സർക്കാർ അധികാരമേറ്റ 2016-17ൽ റാങ്ക് 20ലേക്കു താഴ്ന്നു. 2017-18ൽ 21ലേക്ക് ഇടിഞ്ഞു. 28 സംസ്ഥാനങ്ങളുള്ള രാജ്യത്ത് ഇപ്പോൾ ഏറ്റവും പിറകിലായി. ആന്ധ്രപ്രദേശ് ആണ് ഒന്നാമത്. യുപിയും തെലുങ്കാനയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. സംസ്ഥാനത്തെ 130 പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം സാമ്പത്തിക സർവെ 2019 പ്രകാരം 1833.2 കോടി രൂപയാണ്. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നേതാക്കളുടെ ബന്ധുക്കളെയും സ്വന്തക്കാരെയും കുടിയിരുത്തിയിട്ടുണ്ട്. യാതൊരു പ്രഫഷണലിസവും ഇല്ലാത്ത ഇവർക്ക് എങ്ങനെ ഇവിടെ വ്യവസായിക അന്തരീക്ഷം സൃഷ്ടിക്കാനാകുമെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു.
വ്യവസായ സംരംഭങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ട കെഎസ്ഐഡിസിയിൽ അഞ്ചുവർഷത്തിനിടയിൽ 5 എംഡിമാർ. ഇപ്പോഴുള്ളത് ഇൻ ചാർജ് എംഡി. ഇതിനിടയിലാണ് ഹർത്താൽ, നോക്കുകൂലി തുടങ്ങിയ പരിപാടികളും അരങ്ങേറുന്നത്. കോട്ടൂർ കാപ്പുകാട് ആനപരിശീലനകേന്ദ്രത്തിൽ നവീകരണ പ്രവർത്തികൾക്കു കൊണ്ടുവന്ന, ക്രെയിൻ ഉപയോഗിച്ച് മാത്രം ഇറക്കാവുന്ന കോൺക്രീറ്റ് പൈപ്പുകൾ ഇറക്കാൻ നോക്കുകൂലിയായി ആവശ്യപ്പെട്ടത് 30,000 രൂപ. പാലക്കാട് കാവശേരിയിൽ പ്രവാസി വ്യവസായിയുടെ സ്ഥാപനത്തിൽ സാധനങ്ങൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനു മർദനമേറ്റു. വ്യവസായ പ്രമുഖൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ട്രക്കിൽ കയറി സാധനം ഇറക്കേണ്ടി വന്നു.
കൊച്ചിയിൽ ആഗോള നിക്ഷേപ സംഗമം നടന്ന 2020 ജനുവരി 9ന്റെ തലേദിവസം കേരളത്തിൽ ഹർത്താലായിരുന്നു. കോടതി ഹർത്താൽ നിരോധിച്ച നാടാണു നമ്മുടേത്. ഗെയിൽ പൈപ്പ് ലൈൻ, സ്മാർട്ടി സിറ്റി, വിഴിഞ്ഞം തുറമുഖം, എക്സ്പ്രസ് ഹൈവെ, ആറന്മുള വിമാനത്താവളം തുടങ്ങി എല്ലാത്തിനേയും എതിർക്കുന്നവരെ ആരു വിശ്വസിക്കുമെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു. .
അതോടൊപ്പം കണ്ണൂർ ആന്തൂരിൽ പ്രവാസി വ്യവസായി കോടികൾ മുടക്കിയ തന്റെ ഓഡിറ്റോറിയത്തിനു ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശസ്ഥാപനത്തിൽ നിന്ന് ലൈസൻസ് ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തതും പുനലൂർ സ്വദേശിയായ പ്രവാസി, വർക്ക്ഷോപ്പിൽ പാർട്ടിക്കാർ കൊടികുത്തിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തതുമൊക്കെ കൂട്ടി വായിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.