- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നേമത്ത് 'രാജേട്ടന്റെ' പടയോട്ടം ചെറുക്കാൻ പുതുപ്പള്ളിക്കാരനെത്തും? രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ റിസ്‌ക് എടുക്കാൻ ഉമ്മൻ ചാണ്ടി; ബിജെപി കോട്ട പിടിച്ചെടുക്കാൻ കോൺഗ്രസ് മുതിർന്ന നേതാവിനെ നിയോഗിക്കുന്നത് ന്യൂനപക്ഷത്തെ അടുപ്പിക്കാൻ; വട്ടിയൂർക്കാവിലും മുൻ മുഖ്യമന്ത്രിയുടെ പേര് പരിഗണനയിൽ; പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ എത്തുമോ?
തിരുവനന്തപുരം: നേമത്ത് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു കഴിഞ്ഞു. ബിജെപിയുടെ വിജയത്തെ തടയാനാണ് നീക്കം. ഒ രാജഗോപാലിലൂടെയാണ് നേമം ബിജെപി സ്വന്തമാക്കിയത്. ഇത്തരവണ രാജഗോപാൽ മത്സരിക്കില്ല. പകരം മറ്റൊരു പരിവാറിലെ രാജേട്ടനായ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകും. കേരളത്തിൽ സിപിഎം-ബിജെപി കൂട്ടുകെട്ടെന്ന ആരോപണം ചർച്ചയാക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ഇതിന് നേമത്ത് അതിശക്തനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നാണ് കോൺഗ്രസിലെ വികാരം. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയെ നേമത്തേക്ക് പരിഗണിക്കുന്നത്.
മണ്ഡല പുനർനിർണ്ണയത്തിന് മുമ്പ് കോൺഗ്രസിന്റെ കോട്ടയായിരുന്നു നേമം. എൻ ശക്തൻ തുടർച്ചയായി ജയിച്ച മണ്ഡലം. ശക്തൻ കാട്ടക്കടയിലേക്ക് പോയപ്പോൾ സിപിഎമ്മും ബിജെപിയും തമ്മിലായി മത്സരം. ഇതിന് മാറ്റം വരുത്തനാണ് ഉമ്മൻ ചാണ്ടിയെ നിയോഗിക്കാനുള്ള ആലോചന. നേമത്തിന് പുറമേ വട്ടിയൂർക്കാവിലും ഉമ്മൻ ചാണ്ടിയുടെ പേര് സജീവ ചർച്ചയാണ്. കെ മുരളീധരൻ ഉറച്ച മണ്ഡലമായി കൊണ്ടു നടന്ന വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിലാണ് കോൺഗ്രസിന് നഷ്ടമായത്. ഇത് കോൺഗ്രസിന്റെ പ്രസ്റ്റീജ് സീറ്റാണ്. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയെ വട്ടിയൂർക്കാവിലേക്ക് പരിഗണിക്കുന്നത്. പുതുപ്പള്ളിയിൽ 50 വർഷത്തിലേറെ തുടർച്ചയായി എംഎൽഎയായിരുന്നു ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടി റിസ്‌ക് ഏറ്റെടുത്ത് തിരുവനന്തപുരത്ത് എത്തിയാൽ മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ മത്സരിക്കും.
ബിജെപിയെ ചെറുക്കാൻ കോൺഗ്രസ്-ഇതാണ് ഇത്തവണ ഉമ്മൻ ചാണ്ടിയെ നേമത്തോ വട്ടിയൂർക്കാവിലോ മത്സരിപ്പിച്ച് കോൺഗ്രസ് ഉയർത്തുന്ന മുദ്രാവാക്യം. നേമത്ത് ഉമ്മൻ ചാണ്ടി എത്തിയാൽ വിജയ സാധ്യത ഏറെയാണെന്ന് കോൺഗ്രസ് കരുതുന്നു. കഴിഞ്ഞ തവണ യുഡിഎഫിന് വേണ്ടി മത്സരിച്ചത് വീരേന്ദ്രകുമാറിന്റെ ദള്ളിന് വേണ്ടി സുരേന്ദ്രൻ പിള്ളയാണ്. ഏറെ പിന്നോക്കം പോയി യുഡിഎഫ്. അതുകൊണ്ട് തന്നെ അതിശക്തമായ ത്രികോണ മത്സരം ഉറപ്പാക്കാൻ ഉമ്മൻ ചാണ്ടിയെ ഇറക്കാനാണ് തീരുമാനം. ഈ റിസ്‌ക് ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടി അർദ്ധ സമ്മതം മൂളിക്കഴിഞ്ഞു. അങ്ങനെ നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കുമ്പോൾ അധികാരം കിട്ടിയാൽ മുഖ്യമന്ത്രി സ്ഥാനാർത്തിയായും നേതാവിനെ ഏവരും വിലയിരുത്തും. രമേശ് ചെന്നിത്തല ഹരിപ്പാടും മത്സരിക്കും. കെപിസിസി അധ്യക്ഷന്റെ മത്സരക്കാര്യത്തിൽ ഇനിയും തീരുമാനം എടുത്തിട്ടില്ല.
തിരുവനന്തപുരത്ത് ജഗതിക്ക് അപ്പുറത്ത് പുതുപ്പള്ളി എന്ന വീട്ടിലാണ് ഉമ്മൻ ചാണ്ടിയുടെ താമസം. ഇത് നേമം മണ്ഡലത്തിലാണ്. ഈ സാഹചര്യത്തിലാണ് നേമത്തേക്ക് ഉമ്മൻ ചാണ്ടിയെ പരിഗണിക്കാൻ പ്രധാന കാരണം. തിരുവനന്തപുരത്ത് മൂന്ന് കോൺഗ്രസ് എംഎൽഎമാരുണ്ട്. കൊല്ലത്തും പത്തനംതിട്ടയിലും ആരുമില്ല. തെക്കൻ കേരളത്തിലെ ഈ മൂന്ന് ജില്ലയിലും ഉമ്മൻ ചാണ്ടിയുടെ തിരുവനന്തപുരത്തെ മത്സര സാന്നിധ്യം ഗുണകരമാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. മുല്ലപ്പള്ളി രാമചന്ദ്രനാണ് ഈ നിർദ്ദേശം ആദ്യം ഉയർത്തിയത്. ബിജെപിയിലേക്ക് പോകുന്ന തിരുവനന്തപുരത്തെ വോട്ടുകൾ തിരികെ കോൺഗ്രസിൽ എത്തിക്കുകയാണ് ലക്ഷ്യം.
തിരുവനന്തപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടി നേരിട്ടു. കോർപ്പറേഷനിൽ ഏറെ സീറ്റു നഷ്ടം ഉണ്ടായി. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പിഴവാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ പിഴവില്ലാത്ത സ്ഥാനാർത്ഥി നിർണ്ണയം തിരുവനന്തപുരം ജില്ലയിലുണ്ടാകും. ഇതിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടിയുടെ പേരും കോൺഗ്രസ് പരിഗണിക്കുന്നത്. പുതുപ്പള്ളിയിൽ തന്റെ പിൻഗാമിയായി മകൻ മത്സരിക്കണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം. അതിന് വേണ്ടി കൂടിയാണ് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ റിസ്‌ക് ഉമ്മൻ ചാണ്ടി എടുക്കുന്നത്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് അനായാസം ജയിക്കാമെന്നാണ് ഉമ്മൻ ചാണ്ടിയുടേയും വിലയിരുത്തൽ.
ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ പ്രവേശം സജീവമാക്കാനുള്ള തന്ത്രമാണ് ഈ ചർച്ചയിലൂടെ നടന്നതെന്നും സൂചനയുണ്ട്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ ചാണ്ടി ഉമ്മന് മത്സരിക്കാൻ രാഷ്ട്രീയ പാരമ്പര്യം തടസ്സമായി ആർക്കും ഉന്നിയിക്കാനാവില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടത് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിലാണ്. എ ഗ്രൂപ്പ് നേതാവാണ് ഷാഫിയും. ജില്ലാ പഞ്ചായത്തിലേക്ക് ചാണ്ടി ഉമ്മൻ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ ഇനി എല്ലാ കണ്ണും പുതുപ്പള്ളിയിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കായി. ഇതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തേക്ക് മാറുന്നുവെന്ന ചർച്ച സജീവമാകുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പുതുപ്പള്ളി ഡിവിഷനിൽ നിന്ന് മത്സരിക്കണമെന്നാണ് യൂത്ത്കോൺഗ്രസ് ചാണ്ടി ഉമ്മനോട് ആവശ്യപ്പെട്ടത്. പിതാവ് ഉമ്മൻ ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളിയിൽ നിന്ന് തന്നെ മകൻ ചാണ്ടി ഉമ്മനും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ. ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ മത്സരത്തിനുള്ള ആഗ്രഹത്തിനെ രമേശ് ചെന്നിത്തലയും അനുകൂലിക്കും. വിദ്യാഭ്യാസ കാലത്ത് ഡൽഹിയിൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗത്തിൽ നേതാവായിരുന്നു ചാണ്ടി ഉമ്മൻ. സോളാർ കേസിനെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്നും അകലം പാലിച്ചു. ഇനി അതിന്റെ ആവശ്യമില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. തന്റെ പിൻഗാമിയായി പുതുപ്പള്ളിയുടെ ഭാവി എംഎൽഎയായി ഉമ്മൻ ചാണ്ടി കാണുന്നത് ചാണ്ടി ഉമ്മനെയാണ്.
ഒരു ടേം കൂടി പുതുപ്പള്ളി എംഎൽഎ ആയാൽ ഒരേ മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ കാലം മത്സരിച്ച റെക്കാഡ് കെ.എം.മാണിയെ മറികടന്നു ഉമ്മൻ ചാണ്ടിയുടെ പേരിലാകും. കോട്ടയം മാമ്മന്മാപ്പിള ഹാളിൽ നടന്ന സുവർണ ജൂബിലി ആഘോഷ പരിപാടികളിലും പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ ഉമ്മൻ ചാണ്ടിയുടെ സ്വീകരണ പരിപാടികളിലും ആദ്യാവസാനം നിറഞ്ഞു നിന്നത് ചാണ്ടി ഉമ്മനായിരുന്നു. പരിപാടികൾ മാനേജ്‌മെന്റ് വൈദഗ്ദ്ധ്യത്തോടെ നിയന്ത്രിച്ചത് മകനായിരുന്നു, അര നൂറ്റാണ്ട് മുമ്പ് ആദ്യ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി കവലയിൽ ഉമ്മൻ ചാണ്ടി പ്രചാരണം തുടങ്ങിയ സ്ഥലത്ത് മകനെ കൈപിടിച്ചു കയറ്റിയതിന് സാക്ഷിയായ നാട്ടുകാർ പുതുപ്പള്ളിയുടെ പിൻഗാമിയുടെ ആരോഹണമായിട്ടാണ് അത് കണ്ടത്. ഇതിനൊപ്പമാണ് പുതിയ ചർച്ചകളിൽ പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മൻ എത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ