- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഡിഎഫ് പിഎസ്‌സി ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകിയത് പൈസ വാങ്ങിയാണെന്ന ആരോപണം തെളിയിക്കാൻ വെല്ലുവിളി; ഉദ്യോഗാർത്ഥികളുടെ കണ്ണീരൊപ്പാൻ ഫോർമുല; പെട്രോൾ വിലയിലും നികുതി കുറയ്ക്കുമെന്ന പ്രഖ്യാപനം; 'നേമത്തെ' മോഹം കൈവിടാതെ മുല്ലപ്പള്ളിയും
തിരുവനന്തപുരം: ബിജെപിയുടെ സിറ്റിങ് സീറ്റാണ് നേമം. ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഏറെ പിന്നോട്ട് പോയി. ഇത്തവണ ഈ സീറ്റ് ജയിക്കാൻ കോൺഗ്രസിലെ വലിയൊരു വിഭാഗം നേതാക്കളും മനസ്സിൽ കാണുന്ന സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടിയാണ്. എന്നാൽ പുതുപ്പള്ളി വിട്ട് മത്സരത്തിന് ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യവുമില്ല. നേമത്തേക്ക് എന്തുകൊണ്ട് ഉമ്മൻ ചാണ്ടി എന്ന ചോദ്യത്തിന് അത് മുന്നോട്ട് വയ്ക്കുന്നവർക്ക് കൃത്യമായ ഇടപെടലുണ്ട്. ഉമ്മൻ ചാണ്ടി നടത്തുന്ന ജനകീയ ഇടപെടലുകൾ. അതു തന്നെയാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിലും ചർച്ചയാകാൻ പോകുന്നത്. ശബരിമല വിഷയത്തിന് അപ്പുറം രണ്ട് അജണ്ട കൂടി സെറ്റ് ചെയ്യുകയാണ് ഉമ്മൻ ചാണ്ടി. ഇന്ധന വില വർദ്ധനവും പിന്നെ യുവാക്കളുടെ ജോലി പ്രശ്‌നവും.
സംസ്ഥാന സർക്കാർ നികുതി കുറച്ചാലും പെട്രോൾ വിലയിൽ സാധാരണക്കാർക്ക് ആശ്വാസം കിട്ടും. എന്നാൽ അതിന് ധനമന്ത്രി തോമസ് ഐസക് തയ്യാറല്ല. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയുടെ മാസ് പ്രഖ്യാപനം. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ ഇന്ധന വിലയുടെ അധിക നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകുന്ന നടപടി തുടരുമെന്നു ഉമ്മൻ ചാണ്ടി പറയുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധനവിലയിൽ ചുമത്തുന്ന അമിത നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ രാജ്ഭവനു മുന്നിൽ സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അങ്ങനെ ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മറ്റൊരു മുദ്രാവാക്യം കൂടി വയ്ക്കുകയാണ്. ഇന്ധനവിലയുടെ ചുട്ടുപൊള്ളുന്ന അവസ്ഥ ഉമ്മൻ ചാണ്ടി തിരിച്ചറിയുന്നു. മുമ്പ് മുഖ്യമന്ത്രിയായിരുന്നപ്പോൾ അധിക നികുതി വേണ്ടെന്ന് വച്ച് ഉമ്മൻ ചാണ്ടി മാതൃക കാട്ടിയിരുന്നു. എന്നാൽ അത് കണ്ടില്ലെന്ന് നടിച്ച് പിണറായി സർക്കാർ മുമ്പോട്ട് പോകുന്നു.
കെപിസിസിയും ഈ വിഷയം ഏറ്റെടുക്കുകയാണ്. അടിക്കടി ഇന്ധനവിലയും പാചകവാതക വിലയും വർധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ചൂഷക വർഗത്തിന്റെ പ്രതിനിധികളായി മാറിയെന്നു മുല്ലപ്പള്ളി പറഞ്ഞു. ഇന്ധനത്തിന് അമിത നികുതി ഈടാക്കി ജനങ്ങളെ പീഡിപ്പിക്കുന്ന ഇതുപോലൊരു ഭരണകൂടം ലോകത്ത് മറ്റൊരിടത്തുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർച്ചയായ പത്താം ദിവസവും ഇന്ധന വില കൂട്ടി. അതുകൊണ്ട് തന്നെ ഈ വിഷയം കത്തുകയാണ്. ിന്ന് പെട്രോളിന് 25 പൈസയും ഡിസലിന് 26 പൈസയുമാണ് കൂടിയത്. ഇതോടെ പെട്രോൾ വില സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ്. ഈ വിഷയം സജീവ ചർച്ചയാക്കുമെന്ന സൂചനയാണ് ഉമ്മൻ ചാണ്ടി നൽകുന്നത്. ഇത്തരം ഇടപെടലുകളാണ് ഉമ്മൻ ചാണ്ടിയെ കേരളത്തിലെ കോൺഗ്രസിൽ ജനകീയ മുഖമാക്കി നിർത്തുന്നതും.
സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ്‌സി റാങ്കുകാരുടെ സമരത്തിനു പരിഹാര ഫോർമുലയുമായും ഉമ്മൻ ചാണ്ടി എത്തുകയാണ്. യുഡിഎഫ് സർക്കാരിന്റെ മാതൃകയിൽ ലാസ്റ്റ് ഗ്രേഡ് (എൽജിഎസ്) റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒന്നര വർഷം കൂടി നീട്ടണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കാലാവധി കഴിഞ്ഞ സിപിഒ റാങ്ക് ലിസ്റ്റുകാരെ കോടതിയിൽ സർക്കാർ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം തുടരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെയും വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥനെയും റാങ്ക് ഹോൾഡർമാരെയും സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ സമരത്തിലും ഉമ്മൻ ചാണ്ടി സജീവമായി ഇടപെടുന്നു. പിണറായി സർക്കാരിനെ വെട്ടിലാക്കാനാകുന്ന രണ്ട് സമര മുഖങ്ങളാക്കി പെട്രോളിനേയും തൊഴിലില്ലായ്മയേയും മാറ്റുകയാണ് ഉമ്മൻ ചാണ്ടി. സ്വപ്‌നയും സരിതയുമല്ല ഇതെല്ലാമാകണം പ്രചരണ വിഷയങ്ങളെന്ന അജണ്ട സെറ്റു ചെയ്യുകയാണ് മുൻ മുഖ്യമന്ത്രി.
യുഡിഎഫ് സർക്കാർ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാര്യത്തിൽ ഒരു നയം സ്വീകരിച്ചിരുന്നു. 3 വർഷം കഴിയുമ്പോൾ കാലാവധി കഴിയുന്ന ലിസ്റ്റിന് പകരം പുതിയ ലിസ്റ്റ് ഇല്ലെങ്കിൽ അതു നീട്ടി നൽകുക. ഇങ്ങനെ നാലര വർഷം നീട്ടാത്ത ഒരു റാങ്ക് ലിസ്റ്റും യുഡിഎഫ് സർക്കാർ റദ്ദ് ചെയ്തിട്ടില്ല. പുതിയ ലിസ്റ്റ് ഇല്ലെങ്കിൽ ഒന്നര വർഷം കൂടി പഴയ ലിസ്റ്റ് നീട്ടി നൽകാൻ വ്യവസ്ഥയും ചട്ടവുമുണ്ട്. യുഡിഎഫ് സർക്കാർ 5 വർഷവും അതു പാലിച്ചു. ഇടതുസർക്കാർ ഓരോ പിഎസ്‌സി ലിസ്റ്റും 3 വർഷമാകാൻ കാത്തിരിക്കുകയാണ് റദ്ദ് ചെയ്യാൻ. 133 ലിസ്റ്റുകളാണ് ഒടുവിൽ റദ്ദ് ചെയ്തത്. ഇതിൽ 2, 3 വർഷങ്ങളായിട്ടുള്ള ലിസ്റ്റുമുണ്ട്. പകരം ലിസ്റ്റ് വന്നിട്ടില്ല. സർക്കാർ മനസ്സുവച്ചിരുന്നെങ്കിൽ നീട്ടി നൽകാമായിരുന്നു. റദ്ദ് ചെയ്ത ലിസ്റ്റുകളുടെ മുഴുവൻ വിവരങ്ങളും രണ്ടുമൂന്നു ദിവസങ്ങൾക്കുള്ളിൽ പുറത്തുവിടും. ഇപ്പോൾ കിട്ടിയ കാലാവധി കഴിഞ്ഞ 31 ലിസ്റ്റുകളിൽ വെറും 350 പേരെ അഡൈ്വസ് ചെയ്യാനാണ് സർക്കാർ എഴുതിയത്-ഉമ്മൻ ചാണ്ടി പറയുന്നു.
മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമാകണം നിയമനം . പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെടുന്ന എല്ലാവർക്കും ജോലി നൽകാൻ സർക്കാരിനു കഴിയില്ല. എന്നാൽ അതിലെ കൂടുതൽ പേർക്കു ജോലി നൽകാനായി സർക്കാരിന് ഇടപെടാനാകും. യുഡിഎഫ് സർക്കാർ നിയമിച്ച താൽക്കാലികക്കാരുടെ കണക്ക് സർക്കാർ പുറത്തുവിടട്ടെ. കേരള ഹൗസ് നിയമനങ്ങളിലെ വിവരങ്ങൾ പുറത്തുവിട്ടതോടെ അതിന്റെ ആക്ഷേപം തീർന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദന്റെ 2 കത്ത് വന്നു. നിയമിച്ചവരിൽ ഒരാൾ എകെജി സെന്ററിൽ ജോലി ചെയ്യുന്ന ആളിന്റെ ഭാര്യയാണ്. കേരളഹൗസ് നിയമനങ്ങളിൽ രാഷ്ട്രീയം നോക്കിയിട്ടില്ല. പിഎസ്‌സിയുടെ പരിധിയിൽ വരുന്ന നിയമനങ്ങൾ ഒന്നും അവിടെ നടത്തിയിട്ടില്ല ഉമ്മൻ ചാണ്ടി പറഞ്ഞു.
യുഡിഎഫ് സർക്കാർ പിഎസ്‌സി ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകിയത് പൈസ വാങ്ങിയാണെന്ന ആരോപണം തെളിയിക്കാൻ ഇടതുമുന്നണി കൺവീനർ എ. വിജയരാഘവനെ വെല്ലുവിളിച്ച് ഉമ്മൻ ചാണ്ടി. പൈസ വാങ്ങിയെന്ന് ഒരാളിനെയെങ്കിലും കൊണ്ടുവന്നു തെളിയിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ഈ പ്രചരണകാലത്ത് താരം താനും കൂടിയായിരിക്കുമെന്ന് വ്യക്തമാക്കുകയാണ് ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യയാത്രയിലും സജീവ സാന്നിധ്യം. ഗ്രൂപ്പ് വഴക്കുകൾ മറനീക്കിയില്ലെങ്കിൽ വമ്പൻ വിജയം ഉമ്മൻ ചാണ്ടി പ്രതീക്ഷിക്കുന്നു. ഇത്തരം നീക്കങ്ങൾക്കൊപ്പം നേമത്ത് മത്സരിക്കാൻ കൂടി ഉമ്മൻ ചാണ്ടി തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് കെപിസിസി നേതാക്കൾ ഇപ്പോഴും.
ഉമ്മൻ ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാനുള്ള അതിയായ മോഹമുള്ളത് മുല്ലപ്പള്ളി രാമചന്ദ്രനാണ്. കേരളത്തിൽ ഉടനീളം ഇതിന്റെ ഗുണം കോൺഗ്രസിന് ചെയ്യുമെന്ന് മുല്ലപ്പള്ളി കരുതുന്നു. എന്നാൽ എ ഗ്രൂപ്പ് ഉമ്മൻ ചാണ്ടിയെ അതിന് അനുവദിക്കുന്നുമില്ല. പുതുപ്പള്ളി മതിയെന്നാണ് അവരുടെ നിലപാട്.




