- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചാരക്കേസ് വ്യാജമായിരുന്നെന്ന് ഉറപ്പായിരുന്നു; സർക്കാർ അതു കൈകാര്യം ചെയ്ത രീതിയെയാണ് വിമർശിച്ചത്; കോൺഗ്രസിന്റെ പൊതു താത്പര്യത്തിന് എതിരായ തീരുമാനങ്ങൾ കരുണാകരൻ കൈക്കൊണ്ടു; അതുകൊണ്ട് അദ്ദേഹം ശൈലി മാറ്റണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്; അതു കോൺഗ്രസിന്റെ സംഘടനാ കാര്യവുമായി ബന്ധപ്പെട്ടതാണ്; ചാരക്കേസുമായി അതിനു ബന്ധമൊന്നുമില്ല; ലീഡറെ ചാരനായി കണ്ടിരുന്നില്ലെന്ന് ഉമ്മൻ ചാണ്ടി; മുൻ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ചർച്ചയാകുമ്പോൾ
കോട്ടയം: ഒടുവിൽ ചാരക്കേസിൽ മനസ്സ് തുറന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും. ഐഎസ്ആർഒ ചാരക്കേസ് വ്യാജമായിരുന്നെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അന്നു താൻ വിമർശിച്ചത് കെ കരുണാകരന്റെ നേതൃത്വത്തിലുള്ള സർക്കാർ അതു കൈകാര്യം ചെയ്ത രീതിയെ ആണെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിൽ ഉമ്മൻ ചാണ്ടി പറഞ്ഞു. ചാരക്കേസിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ കോൺഗ്രസിലെ എ ഗ്രൂപ്പ് കരുണാകരനെതിരെ രംഗത്ത് വന്നിരുന്നു. ഇതിന്റെ തുടർച്ചയായി കരുണാകരൻ രാജിയും വച്ചു. എകെ ആന്റണി മുഖ്യമന്ത്രിയുമായി. എന്നാൽ ഈ അധികാരകൈമാറ്റത്തിന് ചാരക്കേസുമായി ബന്ധമില്ലെന്നാണ് ഉമ്മൻ ചാണ്ടി പറയുന്നത്.
''ഐഎസ്ആർഒ ചാരക്കേസിലും അന്നത്തെ മുഖ്യമന്ത്രി കരുണാകരനെതിരായ നിലപാടിലും പലരും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. ചാരക്കേസ് വ്യാജമായിരുന്നെന്ന് എനിക്ക് ഉറപ്പായിരുന്നു. സർക്കാർ അതു കൈകാര്യം ചെയ്ത രീതിയെയാണ് ഞാൻ വിമർശിച്ചത്. കോൺഗ്രസിന്റെ പൊതു താത്പര്യത്തിന് എതിരായ തീരുമാനങ്ങൾ കരുണാകരൻ കൈക്കൊണ്ടു. അതുകൊണ്ട് അദ്ദേഹം ശൈലി മാറ്റണമെന്ന് ആവശ്യപ്പെടുകയാണ് ഞാൻ ചെയ്തത്. അതു കോൺഗ്രസിന്റെ സംഘടനാ കാര്യവുമായി ബന്ധപ്പെട്ടതാണ്. ചാരക്കേസുമായി അതിനു ബന്ധമൊന്നുമില്ല''- ഉമ്മൻ ചാണ്ടി പറഞ്ഞു. കേരളത്തിൽ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഉറപ്പാണെന്നും എന്നാൽ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും അഭിമുഖത്തിൽ ഉമ്മൻ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിപദത്തിന് അർഹതയുള്ള ഒട്ടേറെ നേതാക്കൾ കോൺഗ്രസിലുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ആണ് തീരുമാനമെടുക്കുകയെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
''മുഖ്യമന്ത്രി ആരാവും എന്നതിനെപ്പറ്റി യുഡിഎഫിൽ തർക്കമൊന്നും ഉണ്ടാവില്ല. എന്നാൽ അത് ആരാണ് എന്ന് ഇപ്പോൾ പറയാനാവില്ല. കോൺഗ്രസ് ഹൈക്കമാൻഡ് ആണ് തീരുമാനമെടുക്കുക. അർഹതപ്പെട്ട ഒരുപാടു നേതാക്കൾ കോൺഗ്രസിലുണ്ട്.''- ഉമ്മൻ ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയുടേത് മികച്ച പ്രവർത്തനമാണ്. അദ്ദേഹം ഉന്നയിച്ച ഒരു വിഷയത്തിനു പോലും ജനപിന്തുണ ലഭിക്കാതിരുന്നിട്ടില്ല. അദ്ദേഹവും മുഖ്യമന്ത്രിപദത്തിന് അർഹനാണ്. എന്നാൽ തീരുമാനം ഹൈക്കമാൻഡിന്റേതാണ്- ഉമ്മൻ ചാണ്ടി വിശദീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് അധികാരത്തിൽ എത്തും എന്നതിൽ സംശയമൊന്നുമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റിലും ജയിക്കാൻ മാത്രമല്ല, വൻ ഭൂരിപക്ഷം നേടാനും യുഡിഎഫ് സ്ഥാനാർത്ഥികൾക്കു കഴിഞ്ഞു. അത് മുന്നണിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. തുടർച്ചയായ വിവാദങ്ങൾ എൽഡിഎഫിനെ കൂടുതൽ ക്ഷീണിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അതിനെയെല്ലാം അവഗണിച്ചു തള്ളുകയാണെങ്കിലും ജനങ്ങൾക്കു കാര്യങ്ങൾ മനസ്സിലായിട്ടുണ്ട്. ഓണക്കിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ജനങ്ങളെ നേരിട്ടു ബാധിക്കുന്നതാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ഒരുതരത്തിനും എൽഡിഎഫിന് അനുകൂലമല്ല- ഉമ്മൻ ചാണ്ടി പറഞ്ഞു.
ഉപതെരഞ്ഞെടുപ്പുകൾ നടത്തേണ്ടെന്ന് യുഡിഎഫ് പറയുന്നത് പേടി കൊണ്ടല്ല. കോവിഡ് ഭീതി മൂലം ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുകയാണ്. ഉപതെരഞ്ഞെടുപ്പുകൾ ജയിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യക്തമായ മുൻതൂക്കം നേടുമെന്നും ഞങ്ങൾക്കുറപ്പുണ്ട്. എന്നാൽ ജനങ്ങളുടെ ഉത്കണ്ഠകൾ അവഗണിക്കാൻ യുഡിഎഫിനാവില്ല. ജോസ് കെ മാണി വിഭാഗം വിട്ടുപോവുന്നത് യുഡിഎഫിനെ ബാധിക്കില്ല. അവർ തമ്മിലുള്ള പ്രശ്നം തീർക്കാൻ യുഡിഎഫ് നേതൃത്വം ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്. ധാരണ ലംഘിച്ചു പ്രവർത്തിച്ചത് ജോസ് കെ മാണിയാണ്. എന്നിട്ടും ഇപ്പോഴും അവരെ യുഡിഎഫ് പുറത്താക്കിയിട്ടില്ല. എന്നാൽ കെഎം മാണിയെ രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം വേട്ടയാടിയവരുമായി ചേരാൻ ജോസ് കെ മാണി തീരുമാനിക്കുകയായിരുന്നു. മാണിയുടെ ആത്മാവ് അതിനോടു പൊറുക്കില്ല. ജോസ് ചെയ്തതു തെറ്റായിരുന്നുവെന്ന് ചരിത്രം തെളിയിക്കും- ഉമ്മൻ ചാണ്ടി പറഞ്ഞു.
എംഎൽഎ എന്ന നിലയിൽ ഉമ്മൻ ചാണ്ടി 50 വർഷം പൂർത്തിയാക്കി കഴിഞ്ഞു. ഈ പശ്ചാലത്തിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ അഭിമുഖം പത്രം എടുത്തത്. ഇതിലാണ് ചാരക്കേസിൽ നിർണ്ണായക നിലപാട് വിശദീകരണം ഉമ്മൻ ചാണ്ടി നടത്തുന്നത്. ചാരക്കേസ് എന്നത് നടന്നിട്ടില്ലെന്ന് സിബിഐ അടക്കം അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഐഎസ് ആർഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാരവും നൽകി. ഈ ഘട്ടത്തിലാണ് ഉമ്മൻ ചാണ്ടിയുടേയും നിലപാട് പ്രഖ്യാപനം. ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവർണ ജൂബിലി ആഘോഷം 17ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ കോവിഡ് മാനദണ്ഡം പാലിച്ച് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്യും.
'സുകൃതം, സുവർണം' എന്ന പേരിൽ ഒരു വർഷം നീളുന്ന ആഘോഷമാണ് സംഘടിപ്പിക്കുന്നത്.സൂം ആപ്പിലൂടെ വൈകിട്ട് അഞ്ചിനാണ് സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്യുക. സാമൂഹ്യ, രാഷ്ട്രീയ, സാമുദായിക, ആദ്ധ്യാത്മിക മേഖലകളിലുള്ള 50 പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. രാഹുൽ ഗാന്ധി, എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ, മുകുൾ വാസ്നിക് തുടങ്ങിയവരും സൂം ആപ്പിലൂടെ ആശംസ നേരും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും യു.ഡി.എഫ് ഘടകകക്ഷി നേതാക്കളും ഇടതു മുന്നണി സംസ്ഥാനനേതാക്കളും നേരിട്ട് പങ്കെടുക്കും. വെർച്വൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന ചടങ്ങ് 16 ലക്ഷത്തിൽപരം ആളുകൾ തത്സമയം കാണത്തക്ക വിധത്തിലുള്ള വിപുലമായ ഓൺലൈൻ സംവിധാനമാണ് ഒരുക്കുന്നത്. പുതുപ്പള്ളി മണ്ഡലത്തിൽ അന്ന് രാവിലെ 9 മുതൽ പരിപാടികൾ ആരംഭിക്കും. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നേരിട്ടെത്തി ഉമ്മൻ ചാണ്ടി സന്തോഷത്തിൽ പങ്കുചേരും.
ഈ മാസം 17ന് കേരള നിയമസഭയിൽ എം എൽ.എയായി 50 വർഷം തികയ്ക്കുകയാണ് ഉമ്മൻ ചാണ്ടി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കോൺഗ്രസ് നേതാവ് കൂടിയാണ് അദ്ദേഹം. 1970 ൽ തുടങ്ങിയതാണ് പുതുപ്പള്ളിയിൽ നിന്നുള്ള ഉമ്മൻ ചാണ്ടിയുടെ യാത്ര. 27 -ാം വയസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് ഉമ്മൻ ചാണ്ടി ആദ്യമായി മൽസരിക്കുന്നത്. ദേശീയ തലത്തിൽ കോൺഗ്രസ് വലിയൊരു പിളർപ്പ് നേരിട്ട് നിൽക്കുന്ന സമയം. പുതുപ്പള്ളിയാകട്ടെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റുമായിരുന്നു. മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയാലും വിജയിച്ചതായി കണക്കാക്കുമെന്നാണ് നേതൃത്വം ഉമ്മൻ ചാണ്ടിയെ ധരിപ്പിച്ചത്. എന്നാൽ നേതൃത്വത്തെ ഞ്ഞെട്ടിച്ച് സിറ്റിങ് എംഎൽ എ ഇ.എം.ജോർജിനെ പരാജയപ്പെടുത്തി 7233 വോട്ടിന് ഉമ്മൻ ചാണ്ടി വിജയിച്ചു.
1970 ന് ശേഷം നടന്ന 1977, 80, 82, 87, 91,96, 2001, 2006, 2011, 2016 തിരഞ്ഞെടുപ്പുകളിലും ഉമ്മൻ ചാണ്ടി വിജയം തുടർന്നു. തുടർച്ചയായി 11 തവണ. 2011 ൽ സുജ സൂസൻ ജോർജിനെ 33255 പരാജയപ്പെടുത്തിയതാണ് ഉമ്മൻ ചാണ്ടിയുടെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം. 1970 ൽ നേടിയതാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. 1977 ൽ 111 സീറ്റ് നേടി അധികാരത്തിൽ വന്ന കെ.കരുണാകരൻ സർക്കാരിൽ ഉമ്മൻ ചാണ്ടി തൊഴിൽ മന്ത്രിയായി. പിന്നീട് പല മന്ത്രിസഭകളിൽ ആഭ്യന്തര, ധന വകുപ്പുകളുടെ മന്ത്രിയായി. 2004 ൽ മുഖ്യമന്ത്രിയായി. 2006-11 കാലത്ത് പ്രതിപക്ഷ നേതാവായി. 2011 - 16 കാലത്ത് വീണ്ടും മുഖ്യമന്ത്രിയായി. കെ എം മാണിയും കെ ആർ ഗൗരിയമ്മയുമാണ് ഉമ്മൻ ചാണ്ടിക്ക് പുറമേ 50 കൊല്ലം എംഎൽഎയായിരുന്ന കേരളത്തിലെ നേതാക്കൾ.
മറുനാടന് മലയാളി ബ്യൂറോ