തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ നട്ടം തിരിയുമ്പോഴും പുതിയ ഓഫിസ് കെട്ടിടം മോടികൂട്ടാൻ ആരോഗ്യ മന്ത്രി ചെലവഴിക്കുന്നത് ലക്ഷങ്ങൾ. ഊരാളുങ്കൽ സൊസൈറ്റിക്ക് കാശുണ്ടാക്കാൻ വേണ്ടിയാണ് പുതിയ സർക്കാർ മന്ദിരങ്ങൾ ഒരാവശ്യവുമില്ലാതെ ആരോഗ്യ വകുപ്പ് തല്ലിപ്പൊളിക്കുന്നത്. സർ്കകാരിൽ പണമില്ലെന്നും സാധാരരണക്കാരോട് മുണ്ട് മുറുക്കിയുടുകകാനും പറയുന്ന സർക്കാർ ഏതാണ്ട് 60 ലക്ഷം രൂപയോളം ചിലവഴിച്ചാണ് മന്ത്രിമന്ദിരം പണിയുന്നത്.

നിലവിൽ സെക്രട്ടേറിയറ്റിലെ നോർത്ത് സാൻഡ്വിച്ച് ബ്ലോക്കിലെ മൂന്നാം നിലയിലാണ് ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ ഓഫിസ് പ്രവർത്തിക്കുന്നത്. ഇവിടെ നിന്നും പുതിയ മന്ദിരമായ സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിലെ ഏഴാം നിലയിലേക്കാണ് ഓഫിസ് മാറുന്നത്. പുതിയ ഓഫിസിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ഏതാണ്ട് അറുപത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മരാമത്ത് പണികൾക്കായി ധൂർത്ത് നടക്കുന്നത്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പുതിയ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കാലപ്പഴക്കമോ കേടുപാടുകളോ ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലാത്ത കെട്ടിടത്തിൽ നാലു മന്ത്രിമാരുടെ ഓഫിസുകളും വിവിധ വകുപ്പ് സെക്രട്ടറിമാരുടെ ഓഫിസുകളും പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ ഓഫിസും പുതിയ മന്ദിരത്തിലെ ആറാം നിലയിലാണ് പ്രവർത്തിക്കുന്നത്. അഞ്ചും ആറും നിലകളിൽ ആരോഗ്യ വകുപ്പ് ഓഫിസുകളുമുണ്ട്. ഇതിന്റെ മുകളിലുള്ള ഏഴാം നിലയിലേക്കാണ് ആരോഗ്യമന്ത്രിയുടെ ഓഫിസ് മാറുന്നത്.

മന്ത്രിയുടെ ഓഫിസിനും മറ്റ് സ്റ്റാഫുകൾക്കുമായി നീക്കിവെച്ചിട്ടുള്ള മുറികളിലെ തറയിൽ പതിച്ചിരുന്ന ടൈൽസ് അടക്കം തല്ലിപ്പൊട്ടിച്ച ശേഷം പുതിയവ സ്ഥാപിച്ചാണ് ധൂർത്ത് അരങ്ങേറുന്നത്. മുറികളിലെ വൈദ്യുതീകരണ സംവിധാനങ്ങളും ശുചിമുറികളും ഇക്കൂട്ടത്തിൽ പുതുക്കി പണിതു കൊണ്ടുള്ള സമ്പൂർണ്ണ നവീകരണമാണ് പുതിയ ഓഫിസിൽ അരങ്ങേറുന്നത്. മുറികളെ വേർതിരിക്കാൻ ചെറിയ ഭിത്തികളും നിർമ്മിക്കുന്നുണ്ട്. രണ്ട് വർഷത്തോളം മാത്രം പഴക്കമുള്ള മന്ദിരത്തിലാണ് ഇത്തരത്തിൽ നവീകരണ പ്രവർത്തനങ്ങൾ തകൃതിയായി അരങ്ങേറുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മുറികളിലെ മരാമത്ത് പണികൾ പുരോഗമിക്കുന്നതുകൊണ്ട്തന്നെ സമീപത്തെ ഓഫിസുകളിലും പൊടിശല്യം രൂക്ഷമായിട്ടുണ്ട്.

മമ്പ് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ,എംഎം മണി, വി എസ് സുനിൽ കുമാർ, സി രവീന്ദ്രനാഥ്, എന്നിവരുടെ ഓഫിസ് ഇവിടേക്ക് മാറ്റിയെങ്കിലും വൻതുക ചെലവഴിച്ചുള്ള മോടികൂട്ടൽ നടത്തിയിരുന്നില്ല. പുതിയ മന്ദിരമായതു കൊണ്ട് തന്നെ മുറികൾക്ക് കേടുപാടുകളോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. ആരോഗ്യ വകുപ്പിലെ നിരവധി പദ്ധതികൾ പണമില്ലാതെ നിർത്തിവെച്ചിരിക്കുന്ന അവസ്ഥയിലും മന്ത്രിയുടെ വഴിവിട്ടുള്ള ധൂർത്തിന് പണം യഥേഷ്ടം ചിലവഴിക്കുകയാണ്.