- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഊട്ടി സ്‌കൂൾ മോഡലിൽ കോട്ടും സ്യൂട്ടുമായി പുതിയ യൂണിഫോം പരിഷ്‌കാരം; 3650 രൂപ നിരക്കിൽ രണ്ടരകോടിയോളം രൂപയുടെ കച്ചവടം; കണ്ണൂർ കടമ്പൂർ എയ്ഡഡ് സ്‌കൂളിലെ കൊള്ള താങ്ങാനാവാതെ ടിസി വാങ്ങി സാധാരണക്കാർ
കണ്ണൂർ: അൺ എയ്ഡഡ് സ്‌കൂളുകളെ വെല്ലുന്നവിധത്തിൽ കോട്ടും സ്യൂട്ടും മോഡൽ യൂണിഫോം പരിഷ്‌കരണമേർപ്പെടുത്തി എയ്ഡഡ് സ്‌കൂൾ കോടികളുടെ തീവെട്ടിക്കൊള്ള നടത്തുന്നതായി രക്ഷിതാക്കളുടെ പരാതി. കണ്ണൂർ ജില്ലയിലെ കടമ്പൂർ ഹയർസെക്കൻഡറി സ്‌കൂളിനെതിരെയാണ് ഗുരുതര ആരോപണവുമായി രക്ഷിതാക്കൾ രംഗത്തെത്തിയത്.
സ്‌കൂൾ യൂണിഫോമിന്റെ പേരിൽ 3650 രൂപയാണ് കുട്ടികളിൽ നിന്നും പിരിക്കുന്നത്. ഏഴായിരം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളാണിത്. നേരത്തെയുണ്ടായിരുന്ന സാധാരണ യൂണിഫോം മാറ്റിയാണ് മാനേജ്മെന്റ് പുതിയ പരിഷ്‌കാരം ഏർപ്പെടുത്തിയത്. നിർബന്ധിതമായി ഇതുവിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുമ്പോൾ താങ്ങാനാവാത്ത സാമ്പത്തികഭാരമാണ് ഈ എയ്ഡഡ്്സ്‌കൂൾ ഒന്നിലേറെ കുട്ടികൾ പഠിക്കുന്ന സാധാരണക്കാരായ രക്ഷിതാക്കളിൽ അടിച്ചേൽപ്പിക്കുന്നത്.
ഏറ്റവും ചുരുങ്ങിയത് ഏഴായിരം രൂപയെങ്കിലും ഇതിനായി ചെലവഴിക്കേണ്ടിവരുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ഇതുകാരണം ഇതുവരെയായി മുന്നൂറിലേറെ രക്ഷിതാക്കൾ സ്‌കൂളിൽ നിന്നും ടി.സി വാങ്ങി കുട്ടികളെ മറ്റിടങ്ങളിലേക്ക് ചേർത്തുകഴിഞ്ഞു. കഴിഞ്ഞ ഏപ്രിൽ മുതൽ മെയ്വരെയുള്ള കാലയളവിലാണ് ഈകൊഴിഞ്ഞുപോക്കുണ്ടായിരിക്കുന്നത്. ഊട്ടിയിലെ ബോർഡിങ് സ്‌കൂളിനെ അനുസ്മരിക്കുന്ന വിധത്തിൽ കോട്ടുൾപ്പെടെയുള്ളതാണ് പുതിയ യൂണിഫോം.
ഇതു മഴയിലും വെയിലും അണിയേണ്ടിവരുന്നത് പ്രൈമറി കുട്ടികൾ മുതൽ എസ്. എസ്. എൽ.സി വരെയുള്ളവരാണ്. അന്നന്ന് അധ്വാനിച്ചു ഉപജീവനം കഴിക്കുന്ന സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെയെത്തുന്നവരിൽ ഭൂരിഭാഗവും. യൂണിഫോമിന്റെ പേരിൽ മറവിൽ നടക്കുന്നത് തനി കച്ചവടമാണെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ഒരുസ്വകാര്യ ഏജൻസിയുടെ മറവിലാണ് മാനേജ്മെന്റ് ഈ ഭൂലോക വെട്ടിപ്പ് നടത്തിവരുന്നത്.
7000 വിദ്യാർത്ഥികൾ ശരാശരി 3500 രൂപയുടെ യൂണിഫോം പർച്ചേസ് ചെയ്യുമ്പോൾ ഇവിടെ നടക്കുന്നത് 24500000 (2 കോടി 45 ലക്ഷം) രൂപയുടെ വ്യാപാരമാണ്. ഇന്നത്തെ നിരക്കിൽ മുപ്പതുശതമാനം കമ്മീഷൻ കണക്കാക്കിയാൽ മാത്രം 'വ്യാപാരിക്ക് ' ലഭിക്കുന്നത് 7350000 (എഴുപത്തിമൂന്നര ലക്ഷം) രൂപയാണ്. ഒരു ടെക്സ്റ്റയിൽസ് ഷോപ്പിൽ ഇത്രയും ബിസിനസ് നടത്തണമെങ്കിൽ ഒരു പാട് ചെലവുകളുണ്ട്. വാടക, കറന്റ് ചാർജ്, ജീവനക്കാർക്കുള്ള ശമ്പളം എന്നിവയൊക്കെ കൈയിൽ നിന്നും പോകും. എന്നാൽ ഇവിടെഈ വിദ്യാലയത്തിലോ രക്ഷിതാക്കളുടെ ഒരു വാട്സ് ആപ് മെസേജ് മതി ഇത്രയും രൂപ സമാഹരിക്കാൻ.
ഏഴായിരത്തിൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ ഡിജിറ്റൽ ക്ലാസ് റൂമിന്റെ പേരിൽ രണ്ടു വർഷത്തിനിടയിൽ പിരിച്ചെടുത്തത് കോടികളാണെന്ന് രക്ഷിതാക്കൾ പറയുന്നു. പണപ്പിരിവിനെതിരെ ഒരു വിദ്യാർത്ഥി സംഘടന ബാലാവകാശ കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര സെക്രട്ടറി, വിജിലൻസ് ഡയരക്ടർ എന്നിവരോട് മൂന്ന് മാസത്തിനകം അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായിരിക്കുകയാണ്. ഇങ്ങനെ ഒരു ഉത്തരവ് നിലനിൽക്കെ തന്നെ വീണ്ടുമൊരു ധനസമാഹരണം കൂടി നടത്തുകയാണ് സ്‌കൂൾ മാനേജ്മെന്റ്.
ഭരണകക്ഷി പാർട്ടിയിലെ ഉന്നത നേതാക്കളുമായുള്ള ബന്ധമാണ് കെ. എസ്. ടി. എ അടക്കമുള്ള സംഘടനകളുടെ എതിർപ്പിനെ മറികടന്നുകൊണ്ടു പുത്തൻപരിഷ്‌കാരം നടപ്പിലാക്കുന്നതിന് മാനേജർക്ക് കരുത്തേകുന്നത്.കേരള എജുക്കേഷണൽ ആക്ട് ആൻഡ് റൂൾസ് അനുസരിച്ച് പ്രവർത്തിക്കേണ്ട ഒരു പൊതു വിദ്യാലയമാണ് കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ.
സ്‌കൂളിലെ അദ്ധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുകയും സ്‌കൂളിന്റെ മെയിന്റനൻസിന് സർക്കാർ ഗ്രാൻഡ് നൽകുകയും ചെയ്യുന്നുണ്ട്. ഇതോടൊപ്പം തന്നെ എട്ടാം തരം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഉച്ചക്കഞ്ഞിയും യൂണിഫോമും സർക്കാർ സൗജന്യമായാണ് നൽകുന്നത്. ക്ലാസുകൾ 'സ്മാർട്ട് ' ആക്കുക എന്ന ഉദ്ദേശത്തോടെ ഓരോ ക്ലാസ് മുറിയിലും ലാപ്ടോപ്, പ്രൊജക്ടർ തുടങ്ങി എല്ലാ വിധ ഡിജിറ്റൽ പഠനോപകരണങ്ങളും ഗവൺമെന്റ് സൗജന്യമായാണ് കടമ്പൂർ സ്‌കൂളിനും നൽകിയിട്ടുള്ളത്.
എന്നാൽ കോവിഡ് കാലത്ത് ഡിജിറ്റൽ ക്ലാസ് റൂമിന്റെ പേരിൽ മൂവായിരം മുതൽ അയ്യായിരം രൂപവരെയാണ് സാധാരണക്കാരായ രക്ഷിതാക്കളിൽ നിന്നുവരെ മാനേജ്മെന്റ് കൊള്ളയടിച്ചത്. സ്‌കൂൾ തുറക്കാൻ ഇനി രണ്ടുദിവസം മാത്രം ബാക്കി നിൽക്കവെ സ്‌കൂൾ യൂണിഫോം വാങ്ങാൻ പണമില്ലാതെ കുട്ടികളെ മാറ്റിചേർക്കുകയാണ് നിത്യവരുമാനക്കാരായ സാധാരണക്കാർ.
അദ്ധ്യാപകരുടെ മിടുക്ക് കൊണ്ടു ഉന്നത പഠനനിലവാരം പുലർത്തുന്ന ഈവിദ്യാലയത്തിൽ നിന്നും കണ്ണീരോടെയാണ് കുരുന്നുകൾ പടിയിറങ്ങുന്നത്. ഭരണതലത്തിലുള്ള ഉന്നത സ്വാധീനം കാരണം മാനേജരുടെ മുഷ്‌കിനെ ചോദ്യം ചെയ്യാൻ പോലും ഈ പാവങ്ങൾക്ക് കഴിയുന്നില്ല. സി.പി. എം ഉന്നത നേതാക്കളുടെ ഉറ്റതോഴനാണ് കടമ്പൂർ സ്‌കൂൾ മാനേജർ. അതുകൊണ്ടു തന്നെ കെ. എസ്.ടി. എയടക്കമുള്ള സംഘടനകൾ നിരവധി സമരങ്ങൾ ഇവിടെ നടത്തിയിട്ടും ഒന്നും ഏശിയിട്ടില്ല. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിലുംസമരം നടത്തിയതിനും അദ്ധ്യാപകരെ പിരിച്ചുവിട്ട സംഭവങ്ങൾ വരെ ഇവിടെയുണ്ടായിട്ടുണ്ട്.




