പാലക്കാട്: സംസ്ഥാന പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ ആട് ആന്റണിയെ മൂന്ന് വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ പിടികൂടുമ്പോൾ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി സുനിലിന് തൊപ്പിയിലെ മറ്റൊരു പൊൻതൂവൽ കൂടിയാണ്. ട്രെയിൽ വച്ച് പീഡിപ്പിച്ച ശേഷം സൗമ്യയെന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിയെ അറസ്റ്റ് ചെയ്തതും ഡിവൈഎസ്‌പി സുനിൽ കുമാറായിരുന്നു. ഏതു കേസിന്റെ അന്വേഷണത്തിലും തന്റെ സ്വതസിദ്ധമായ ശൈലിയാണ് അന്വേഷണത്തെ വിജയിപ്പിക്കുന്നത്. അന്വേഷണത്തിന് ഒരു മികച്ച ടീമിന് തയ്യാറാക്കുക എന്നതാണ് ഡിവൈഎസ്‌പി സുനിലിന്റെ പ്രത്യേകത. ഈ പാടവം തന്നെയാണ് ആട് ആന്റണിയെന്ന വർഗീസ് ആന്റണിയെ കേരള പൊലീസിന്റെ ഭദ്രമായ കൈകളിലെത്തിച്ചത്.

ആട്ടിൻ കൂട്ടിലേക്കുള്ള വഴി

ആട് ആന്റണിയെ പോലെ രൂപസാദൃശ്യമുള്ള ഒരാളെ തിരുപ്പൂരിലെ ധാരാപുരത്ത് കണ്ടെത്തിയ വിവരം ലഭിച്ചെങ്കിലും ധൃതിപ്പെട്ട് ഒരു നീക്കത്തിനും പൊലീസ് തയ്യാറായില്ല. ഈ വിവരം അറിഞ്ഞപ്പോൾ തന്നെ സുനിൽ എസ്‌പി. എൻ.വിജയകുമാറിനോട് പങ്കുവച്ചു. എസ്‌പി ഇക്കാര്യം അതീവരഹസ്യമായി എഡിജിപി ശങ്കർറെഡ്ഡി, ഇന്റലിജൻസ് മേധാവി എ ഹേമചന്ദ്രൻ എന്നിവരുമായി പങ്കുവച്ചു. ആട് ആന്റണിയാണെന്ന കാര്യത്തിൽ സ്ഥിരീകരണം വരുന്നതു വരെ വിവരം പുറത്ത് പോകാതിരിക്കാൻ എല്ലാ മുൻകരുതലുകളും ഇവരെടുത്തിരുന്നു. രാജ്യം മുഴുവൻ കറങ്ങി തിരുപ്പൂരിൽ എത്തിയ വിവരം ഡിവൈഎസ്‌പി സുനിൽ കുമാർ അറിഞ്ഞപ്പോൾ അക്കാര്യം സ്ഥിരീകരിക്കാൻ അന്വേഷണസംഘത്തിലെ രണ്ടു എസ്.ഐമാരെ ചുമതലപ്പെടുത്തി. ഇവർ തിരുപ്പൂരിലെ ധാരാപുരത്ത് തങ്ങി രണ്ടാഴ്ചയോളം നിരീക്ഷിച്ചാണ് ആട് ആന്റണിയാണെന്ന് ഉറപ്പ് വരുത്തിയത്. ആട് ആന്റണി തിരുപ്പൂരിൽ അറിയപ്പെട്ടിരുന്നത് ശെൽവകുമാർ എന്ന പേരിലായിരുന്നു. തുണിവ്യാപാരിയായിട്ടാണ് തിരുപ്പൂരിൽ ആട് ആന്റണി തങ്ങുന്നതെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥർ, ആന്റണിയുടെ യാത്രകളിൽ രഹസ്യമായി അനുഗമിച്ചു. അപ്രതീക്ഷിതമായി പാലക്കാട്ടേക്കുള്ള യാത്രയാണ് അന്വേഷണസംഘത്തിന് തുറുപ്പ് ചീട്ടായത്.

'ഓപ്പറേഷൻ ആട്'

തിരുപ്പൂരിലെ ധാരാപുരത്തേക്ക് അന്വേഷണത്തിന് എത്തിയ എസ്. ഐ.മാർ നൽകിയ വിവരം ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ച ഡിവൈഎസ്‌പി ആട് ആന്റണിയെ വലയിലാക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. ആന്റണി പാലക്കാട് എന്തിനു വരുന്നതെന്ന് കണ്ടു പിടിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ സുനിൽ കുമാർ നിർദ്ദേശം നൽകി. വീണ്ടും തിരുപ്പൂരിലെത്തിയ ഉദ്യോഗസ്ഥർ ആന്റണിക്ക് പിന്നാലെ പാലക്കാട്ടെത്തി. പാലക്കാട് ഗോപാലപുരത്തെ ബിന്ദു എന്ന യുവതിയെ കാണാൻ എത്തിയതെന്ന് ഉറപ്പിച്ചതോടെ അന്വേഷണസംഘം ഒരിക്കലും വഴുതിപോകാനിടയില്ലാത്ത 'കൂട്' ആന്റണിക്കായി ഒരുക്കുകയായിരുന്നു. ആന്റണി മൊബൈൽഫോൺ ഉപയോഗിക്കാത്തതാണ് ഉദ്യോഗസ്ഥർക്ക് തലവേദന ആയത്.

ബിന്ദുവിന്റെ മൊബൈൽഫോൺ നമ്പർ സംഘടിപ്പിക്കനായിരുന്നു ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം. വസ്തുബ്രോക്കറായും ലോട്ടറിക്കച്ചവടക്കാരായും ഉദ്യോഗസ്ഥർ ഗോപാലപുരത്ത് സംഘടിപ്പിച്ച് ബിന്ദുവിന്റെ നമ്പർ സംഘടിപ്പിച്ചു. നമ്പർ കിട്ടിയതോടെ വിവരം അറിയാക്കാതെ സൈബർ സെല്ലിന്റെ സഹായത്തോടെ ബിന്ദുവിന്റെ ഫോൺ ചോർത്താൻ തുടങ്ങി. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. ഇന്റലിജൻസ് ആസ്ഥാനത്ത് എ.ഹേമചന്ദ്രന്റെ നേതൃത്വത്തിൽ അടിയന്തരയോഗം. ' ഓപ്പറേഷൻ ആട് ' എന്ന കേരളപൊലീസിന്റെ അഭിമാന പോരാട്ടത്തിന്റെ അമരക്കാരൻ എന്ന മഹാദൗത്യം ഡി.വൈ.എസ്. പി സുനിൽകുമാറിനെ ഏൽപിച്ചു. തിരുപ്പൂരിൽ വച്ച് തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യാൻ ആദ്യം പദ്ധതിയിട്ടെങ്കിലും വിവരം ചോരുകയോ, ഏതെങ്കിലും പാളിച്ചയുണ്ടാകുകയോ ചെയ്താൽ അത് മറ്റൊരു നാണക്കേടിലേക്ക് വഴിതെളിക്കുമെന്നതിനാൽ ആടിന്റെ അടുത്ത സന്ദർശനത്തിനുവേണ്ടി കാത്തിരുന്നു.

ഇതിനിടയിൽ സംസ്ഥാനപൊലീസിലെ മിടുക്കരായ 18 പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വഷണസംഘം രൂപീകരിച്ചു. ഒരിടത്തു പോലും പാളിച്ചയുണ്ടാകാതിരിക്കാൻ മാപ്പും ഗ്രാഫിക്‌സ് ചിത്രങ്ങളടക്കം മോക്ക് ഡ്രിൽ നടത്തുകയും ചെയ്തു. ക്രൈംസ്‌ക്വാഡ്, എ.ആർ.ക്യാമ്പ്, സൈബർ സെൽ, സ്റ്റേഷൻ ഉദ്യോഗസ്ഥർ, സ്‌പെഷ്യൽ ബ്രാഞ്ച് എന്നിവരെ ഉൾപ്പെട്ട ടീമിനെയാണ് ഡിവൈഎസ്‌പി സുനിൽ കുമാർ തയ്യാറാക്കിയത്. ധാരാപുരത്തെ ടെലിഫോൺ ബൂത്തിൽ നിന്ന് ബിന്ദുവിന്റെ ഫോണിലേക്ക് വിളിച്ച് ചൊവ്വാഴ്ച പാലക്കാട് എത്തുമെന്ന ആന്റണിയിൽ നിന്നുള്ള നിർണായക വിവരം അന്വേഷണസംഘത്തെ ലഭിച്ചു.

ആട് കൂട്ടിലേക്ക് എത്തുന്നു

ചൊവ്വാഴ്ച രാവിലെ തന്നെ ഓപ്പറേഷൻ ആടിലെ 11 പേർ ധാരപുരത്തെത്തി. ഏഴുപേർ ഗോപാലപുരത്തും തമ്പടിച്ചു. ക്രൈംസ്‌ക്വാഡിലെ ഉദ്യോഗസ്ഥർക്ക് മാത്രമായിരുന്നു പിടികൂടാൻ പോകുന്നത് ആട് ആന്റണിയാണെന്ന വിവരം അറിയാമായിരുന്നത്ച. ധാരാപുരത്ത് ന്വേഷിച്ചപ്പോൾ ശെൽവകുമാർ നാലുദിവസമായി സ്ഥലത്തില്ല എന്ന വിവരം ലഭിച്ചു. ധാരാപുരത്ത് നിന്ന് ആന്റണിയെ പിന്തുടരാൻ നിന്ന ടീമിനെ ഇത് ആശയക്കുഴപ്പിലത്തിലാക്കി. ആന്റണി പൊള്ളാച്ചിയിൽ നിന്ന് ബസിനെത്തിയ വിവരം ധാരപുരത്തുണ്ടായ ഡിവൈഎസ്‌പിയെ അറിയിച്ചു. ധാരപുരത്തിരുന്നു കൊണ്ട് ഓപ്പറേഷൻ നിയന്ത്രിച്ച സുനിൽ കുമാർ ആന്റണിയെ ബിന്ദുവിന്റെ വീടിനടുത്തു വച്ച് വളഞ്ഞപ്പോഴാണ് ആട് ആന്റണിയെയാണ് വലയ്ക്കുള്ളിലാക്കിയിരിക്കുന്നതെന്ന വിവരം മറ്റുള്ളവർ മനസിലാക്കുന്നത്.

ആടിനെ കൂട്ടിലാക്കിയവർ

എം.എൽ.സുനിൽ ഡിവൈഎസ്‌പി, ടി.എസ്.ബിനു, ചിറ്റൂർ എസ്്.ഐ, ജലീൽ, എഎസ്ഐ മലമ്പുഴ, സന്തോഷ് എഎസ്ഐ സൈബർ സെൽ, അശോക് കുമാർ, സുനിൽ കുമാർ, സജി, മൻസൂർ, വിനീത്, നസീർ അലി, ജേക്കബ്, പ്രമീള,സുബൈർ, രതീഷ്, ഹരിദാസ്, ഉണ്ണിക്കണ്ണൻ, രതീഷ്, കൃഷ്ണപ്രസാദ് ( സിവിൽ പൊലീസ് ഉദ്യോഗസ്ഥർ )

സംഭവത്തിന്റെ രണ്ടാം ദിവസം തന്നെ ഗോവിന്ദച്ചാമിയെ അറസ്റ്റ് ചെയ്തിന് വിശിഷ്ടസേവനത്തിനുള്ള പുരസ്‌കാരം ലഭിച്ച ഡിവൈഎസ്‌പി എം.എൽ സുനിലിനും ടീമിനും ഇത് മറ്റൊരു പുരസ്‌കാരത്തിലേക്കുള്ള നേട്ടം കൂടായാണ്.