കോഴിക്കോട്: സ്വർണ വ്യാപാരത്തിന്റെ മറവിൽ ബ്ലേഡ് ഇടപാട് നടത്തിയ കോഴിക്കോട്ടെ പ്രമുഖ ജുവലറി ഗ്രൂപ്പായ ഹിസാന ഗോൾഡിൽ നിന്നും പിടിച്ചെടുത്ത രേഖകൾ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ജൂവലറി ഉടമയെ രക്ഷിക്കാൻ രേഖകൾ കടത്തിയതിന്റെ പേരിൽ ഉദ്യോഗസ്ഥനെതിരായി കേസെടുത്തു. കൊയിലാണ്ടി ഗ്രേഡ് എസ്.ഐ എം.കെ കരുണാകരനാണ് ബ്ലേഡുകാരായ ജൂവലറി ഉടമയെ രക്ഷിക്കാൻ രേഖകൾ കടത്തിയത്. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലായിരുന്നു നാടകീയ രംഗങ്ങൾക്ക് കഴിഞ്ഞ ദിവസം വേദിയായത്.

കൊയിലാണ്ടിയിലും പുറത്തുമായി നിരവധി ശാഖകളുള്ള ജുവലറി ഗ്രൂപ്പായ ഹിസാന ജൂവലറിക്കെതിരിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പ്രദേശത്തെ കോൺഗ്രസ് നേതാവ് പരാതി നൽകിയത്. സ്വർണ വ്യാപരത്തിന്റെ പേരിലും അല്ലാതെയുമായി നിരവധിയാളുകളെ ബ്ലേഡിൽ കുടുക്കിയെന്നായിരുന്നു പരാതിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. പരാതി ലഭിച്ചയുടനെ കോഴിക്കോട് റൂറൽ എസ്‌പിയെ വിവരമറിയിക്കുകയും തുടർന്ന് ഓപ്പറേഷൻ കുബേരയുടെ ചുമതലയുള്ള സ്‌പെഷൽ സ്‌ക്വോഡ് കൊയിലാണ്ടിയിലെ ഹിസാന ഗ്രൂപ്പിന്റെ ക്വോർട്ടേഴ്‌സിൽ റെയ്ഡ് നടത്തുകയും നിരവധി രേഖകൾ കണ്ടെടുക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഓപ്പറേഷൻ കുബേരയിൽ ഉൾപ്പെടുത്തി ജുവലറി ഉടമക്കെതിരിൽ കൊയിലാണ്ടി പൊലീസ് 1000/2014 എന്ന ക്രൈം നമ്പർ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

വിവിധ പേരുകളിലുള്ള 94 ചെക്ക് ലീഫുകളും ഉടമ്പടി തയ്യാറാക്കിയ 44 മുദ്രപത്രങ്ങളും മറ്റു രേഖകളുമാണ് ജൂവലറി ക്വോർട്ടേഴ്‌സിൽ നിന്നും കണ്ടെത്തിയത്. കേസിന്റെ തുടർന്നുള്ള അന്വേഷണത്തിനായി എഎസ്ഐ കരുണാകരനെ മേൽ ഉദ്യോഗസ്ഥർ ചുമതലപ്പെടുത്തുകയായിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി കരുണാകരൻ ജൂവലറിയെ സമീപിച്ചിരുന്നെങ്കിലും ഉടമ എഎസ്ഐയെ സ്വാധീനിക്കുകയായിരുന്നു. അന്വേഷണ ചുമതല ഏറ്റെടുക്കുന്ന സമയത്തു തന്നെ കരുണാകരൻ സ്‌പെഷൽ സ്‌ക്വോഡ് സംഘം പിടിച്ചെടുത്ത ചെക്ക് ലീഫുകളും മറ്റു രേഖകളും കൈക്കലാക്കിയിരുന്നു.

അടുത്ത ദിവസം ഈ രേഖകൾ ജൂവലറി ഉടമക്ക് നൽകുകയും പകരം ചില രേഖകൾ തിരുകിക്കയറ്റുകയുമാണ് ചെയ്തത്. എന്നാൽ ഈ ദിവസം തന്നെ സ്‌പെഷൽ സ്‌ക്വാഡ് ഉദ്യോഗസ്ഥർ രേഖകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതു നൽകാൻ എഎസ്ഐ കരുണാകരൻ തയ്യാറായില്ല. വീണ്ടും ആവശ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം രേഖകൾ കൈമാറിയപ്പോയാണ് പിടിച്ചെടുത്തതിൽ നിന്നും പല രേഖകളും വ്യത്യാസപ്പെട്ടതായി കണ്ടെത്തിയത്. ഇത് ചൂണ്ടിക്കാട്ടി സ്‌പെഷൽ സ്‌ക്വാഡ് നൽകിയ പരാതിന്മേൽ കൊയിലാണ്ടി സി.ഐ ആർ. ഹരിദാസന്റെ നിർദ്ദേശ പ്രകാരം എഎസ്ഐ കരുണാകരനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

1017/2014 എന്ന ക്രൈം നമ്പറിൽ എഎസ്ഐ ക്കെതിരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. വിശ്വാസ വഞ്ചന, പ്രതികളുമായി ഗുഢാലോചന നടത്തൽ എന്നീ കുറ്റങ്ങളാണ് എഎസ്ഐക്കെതിരിൽ ചുമത്തിയത്. എന്നാൽ കരുണാകരനെ പൊലീസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാൾ വയനാട്ടിലുണ്ടെന്ന സൂചന ലഭിച്ചതായി കൊയിലാണ്ടി സി.ഐ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇയാളുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നതായും സി.ഐ വ്യക്തമാക്കി. എന്നാൽ സ്വർണ കടയിൽ നിന്നും ലഭിച്ച ഇത്രയധികം ചെക്ക് ലീഫുകളും മുദ്ര പത്രങ്ങളും അസ്വാഭാവികത ഉണ്ടാക്കുന്നെന്നും വരും ദിവസങ്ങളിൽ ജൂവലറിക്ക് മറവിൽ നടക്കുന്ന പണമിടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നും സി.ഐ മറുനാടനോട് പറഞ്ഞു. കോഴിക്കോട് ജൂവലറികളുടെ മറപിടിച്ച് അനധികൃത പലിശ ഇടപാട് നടക്കുന്നതായുള്ള വാർത്ത ശരി വെയ്ക്കുന്നതായിരുന്നു കൊയിലാണ്ടിയിലെ ജൂവലറിയിൽ നിന്നും പിടിച്ചെടുത്ത രേഖകളിലൂടെ തെളിയുന്നത്. മുമ്പ് ചെമ്മണ്ണൂർ ജൂവലറിക്കെതിരായി കുബേരയിൽ ഉൾപെടുത്തി പൊലീസ് കേസെടുത്തതും ഏറെ ചർച്ചാ വിഷയമായിരുന്നു.