- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുബേരന്മാരെ തൊട്ടാൽ പിന്നെ മിണ്ടാട്ടമില്ലാതെ ഓപ്പറേഷൻ കുബേര! കൊള്ളപ്പലിശ ഈടാക്കി പാവപ്പെട്ടവന്റെ ഭൂമി തട്ടിയെടുത്ത ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പത്ത് മാസമായിട്ടും യാതൊരു നടപടിയില്ല; വമ്പൻ സ്രാവിനെ തൊടാൻ കൈവിറച്ച് അന്വേഷണ ഉദ്യോഗസ്ഥർ
കോഴിക്കോട്: ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് ഏറെ കൈയടി നേടിക്കൊടുത്ത പരിപാടിയായിരുന്നു ഓപ്പറേഷൻ കുബേര. പാവപ്പെട്ടവരെ പിഴിയുന്ന കൊള്ളപ്പലിശക്കാർക്കെതിരെ മുഖംനോക്കാതെ നടപടി എടുക്കാൻ മന്ത്രി നിർദ്ദേശം നൽകിയതോടെ ചില വമ്പൻ സ്രാവുകളും ഇതിൽ കുടുങ്ങി. ഇതിൽ പ്രമുഖൻ പാവപ്പെട്ടവന് വേണ്ടി ജീവകാരുണ്യം നടത്തുന്നുവെന്ന് അഹോ
കോഴിക്കോട്: ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് ഏറെ കൈയടി നേടിക്കൊടുത്ത പരിപാടിയായിരുന്നു ഓപ്പറേഷൻ കുബേര. പാവപ്പെട്ടവരെ പിഴിയുന്ന കൊള്ളപ്പലിശക്കാർക്കെതിരെ മുഖംനോക്കാതെ നടപടി എടുക്കാൻ മന്ത്രി നിർദ്ദേശം നൽകിയതോടെ ചില വമ്പൻ സ്രാവുകളും ഇതിൽ കുടുങ്ങി. ഇതിൽ പ്രമുഖൻ പാവപ്പെട്ടവന് വേണ്ടി ജീവകാരുണ്യം നടത്തുന്നുവെന്ന് അഹോരാത്രം പറഞ്ഞ് വൻകിട മാദ്ധ്യമങ്ങളിൽ പത്രപ്പരസ്യവും നൽകിയ പ്രമുഖ ജുവല്ലറി ഉടമ ബോബി ചെമ്മണ്ണൂരായിരുന്നു. ജീവകാരുണ്യത്തിന്റെ മിശിഹാ ചമയുന്ന ബോബി ഓപ്പറേഷൻ കുബേരയിൽ കുടുങ്ങിയ വിഷയം മാദ്ധ്യമങ്ങൾ മുക്കിയപ്പോൾ അത് സധൈര്യം പ്രസിദ്ധീകരിച്ചത് മറുനാടൻ മലയാളിയായിരുന്നു. അമ്പതിനായിരം രൂപ കടംവാങ്ങിയതിന് പകരമായി പലിശയും മുതലുമായി മൂന്ന് ലക്ഷം രൂപ മടക്കി നൽകിയിട്ടും പാവപ്പെട്ടവന്റെ ഭൂമി തട്ടിയെടുത്തെന്നായിരുന്നു ബോബി ചെമ്മണ്ണൂരിനെതിരായ പരാതി.
ഓപ്പറേഷൻ കുബേരയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിനെ പ്രതിചേർത്ത് കോഴിക്കോട് നടക്കാവ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ട് പത്ത് മാസം പിന്നിടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നതാണ് ഈ കേസിന്റെ ബാക്കിപത്രം. പ്രഥാമിക അന്വേഷണത്തിന്റെ ഭാഗമായി ബോബി ചെമ്മണ്ണൂരിനെ ചോദ്യം ചെയ്യാൻ പോലും അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായില്ല. മാദ്ധ്യമങ്ങൾ പോലും തൊടാൻ മടിക്കുന്ന വ്യവസായ പുങ്കവനു മുന്നിൽ തലകുനിക്കാതെ സ്ഥാപനങ്ങളിൽ കയറിയിറങ്ങി റെയ്ഡ് നടത്തുകയും ബോബി ഉൾപ്പടെ കോഴിക്കോട് പാളയം ചെമ്മണ്ണൂർ ജുവലറിയിലെ രണ്ട് ജീവനക്കാരെയും പ്രതി ചേർത്ത് കെസെടുക്കുകയും ചെയ്തതിന്റെ പേരിൽ കോഴിക്കോട് അസിസ്റ്റന്റ് സിറ്റി കമ്മീഷണറും പൊലീസ് ഡിപാർട്ട്‌മെന്റും ഏറെ കയ്യടി നേടിയിരുന്നു. എന്നാൽ വർഷം തികയുന്നതിനു മുമ്പേ പൊലീസ് സ്ഥിരം പല്ലവി തുടരുകയാണ്.
ഓപ്പറേഷൻ കുബേരയുടെ ഭാഗമായി കേസെടുക്കുന്നതും, അറസ്റ്റ് ചെയ്യുന്നവരിലധികവും നാട്ടിൻ പുറങ്ങളിലെ ചെറുകിട വട്ടിപലിശക്കാരായിരുന്നു. വമ്പന്മാരെ മാറ്റി നിർത്തുന്ന ഈപ്രവണത കൂടിയതോടെ ആഭ്യന്തര വകുപ്പിനെതിരിൽ വലിയ തോതിൽ ആക്ഷേപമുയരാൻ സാഹചര്യമുണ്ടായി. തുടർന്ന് വമ്പൻ സ്രാവുകൾക്കായി വല വിരിച്ച് ഉറച്ച നിലപാടുമായി രംഗത്ത് വന്നതോടെയാണ് ബോബി ചെമ്മണ്ണൂർ ഉൾപ്പടെ പല പ്രമുഖരും വലക്കകത്താകുന്നത്. സമ്മർദങ്ങൾ പലതും ഉണ്ടായെങ്കിലും നടപടിയുമായി മുന്നോട്ടു പോകുന്നതിൽ ആഭ്യന്തര വകുപ്പ് ഒരു പരിധ വരെ വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രമുഖർക്കെതിരെ നടപടിയുമായി മുന്നോട്ടു പോകാൻ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവിറക്കുന്ന അവസ്ഥയാണ് കാണുന്നത്.
ഇരുവള്ളൂർ, പാലാത്ത് സ്വദേശി തെക്കയിൽ വീട്ടിൽ ജ്യോതീന്ദ്രൻ നൽകിയ പരാതിന്മേലായിരുന്നു ബോബി ചെമ്മണൂർ, ജീവനക്കാരൻ, എം.ഡി എന്നിവർക്കെതിരെ കേസെടുത്തത്. തുടർന്ന് ക്രൈം നമ്പർ 567/14 പ്രകാരം എഫ്.ഐ.ആർ ഇടുകയായിരുന്നു. 1958 ലെ കേരളാ മണി ലെൻഡേഴ്‌സ് ആക്റ്റ് പ്രകാരം 3/4/17 സെക്ഷനുകളും, 2012ലെ കേരളാ പ്രൊഹിബിഷൻ ഓഫ് ചാർജിംങ് എക്‌സോർബിറ്റൻഡ് ഇന്ററസ്റ്റ് ബില് പ്രകാരം 3/9(ബി) സെക്ഷനുകളും ചുമത്തിയായിരുന്നു ഇവർക്കെതിരെ കേസെടുത്തിരുന്നത്. നടക്കാവ് സ്റ്റേഷൻ ഗ്രേഡ് എസ്.ഐ പുരുഷോത്തമന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്ന് വരുന്നത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലായിരുന്നു.
പല സംശയങ്ങളും ദുരൂഹതകളും മാത്രം ബാക്കി. ഇതിനെ തുടർന്ന് അന്വേഷണത്തിൽ അതൃപ്തിയുണ്ടെന്ന് ചൂണ്ടിക്കാട്ടി രഹസ്യാന്വേഷണ വിഭാഗമായ സംസ്ഥാന സെപെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ തന്നെ കഴിഞ്ഞ ദിവസം നടക്കാവ് സ്റ്റേഷനിൽ നേരിട്ടെത്തുകയുണ്ടായി. എന്നാൽ സെപെഷൽ ബ്രാഞ്ച് സംഘത്തിന് കേസ് ഫയൽ കൈമാറാനോ അന്വേഷണ റിപ്പോർട്ടിന്റെ വിശദാംശം നൽകാനോ അന്വേഷണ ഉദ്യോഗസ്ഥൻ തയ്യാറായില്ല. അതേസമയം താൻ ലീവിൽ പോയതിനാലാണ് ഫയൽ കൈമാറാൻ സാധിക്കാതിരുന്നതെന്ന് എസ്.ഐ പുരുഷോത്തമൻ പറഞ്ഞു.
എന്നാൽ സുപ്രധാനമായ പല കേസുകളും അന്വേഷിച്ചു കൊണ്ടിരുന്ന നടക്കാവ് ഗ്രേഡ് എസ്.ഐ പുരുഷോത്തമൻ മാസങ്ങളായി സർവ്വീസിൽ നിന്നും ലീവെടുത്തിരിക്കുകയാണ്. ഇദ്ദേഹം അന്വേഷണ ചുമതല വഹിക്കുന്ന ഓപ്പറേഷൻ കുബേരയുടെ കേസുകൾ മാത്രം ലീവെടുത്ത സമയം മറ്റു ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നില്ല. മാത്രമല്ല കേസുമായി ബന്ധപ്പെട്ട് ഇതുവരെയും പ്രതിഭാഗത്ത് നിന്നും ബോബി ചെമ്മണ്ണൂരിനെ ചോദ്യം ചെയ്യുകയോ തെളിവെടുക്കുകയോ ചെയ്തിട്ടില്ല.
1997ൽ പാളയത്തുള്ള ചെമ്മണ്ണൂർ ജൂവലറിയിൽ നിന്നും പ്രതിമാസം 2500 രൂപാ പലിശ നിരക്കിൽ അമ്പതിനായിരം രൂപ കടമെടുക്കുകയും ഈടായി ജോതീന്ദ്രന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 12.8 സെന്റ് ഭൂമി ബോബിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകുകയുമായിരുന്നു. മുതലും അമിതപലിശയും അടക്കം മൂന്നര ലക്ഷത്തോളം രൂപ പല ഘട്ടങ്ങളായി തിരിച്ചടവായി അടച്ചിട്ടും ഇനിയും 78,000 രൂപ അടച്ചാൽ മാത്രമെ ഭൂമി തിരിച്ച് രജിസ്റ്റർ ചെയ്ത് തരികയുള്ളൂ എന്നായിരുന്നു ചെമ്മണൂർ അധികൃതരുടെ മറുപടി. കൂലിപ്പണിയും ഡ്രൈവർ പണിയുമായി ജീവിക്കുന്ന ജോതീന്ദ്രന്, തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി തിരിച്ചു ലഭിക്കുന്നതിനായിരുന്നു ഓപ്പറേഷൻ കുബേരയുടെ ഭാഗമായി കോഴിക്കോട് കമ്മീഷണർക്കും ആഭ്യന്ത്രന മന്ത്രി ഉൾപ്പടെയുള്ളവർക്കും പരാതി നൽകിയിരുന്നത്.
എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ പ്രതി ഭാഗത്തിന് ഒത്താശ പാടുന്ന അവസ്ഥയാണ്. പരാതിയിൽ പറയപ്പെട്ട ഭൂമിയുടെ ഒറിജിനൽ രേഖകൾ പരിശോധിക്കാനോ ഇതിന്റെ രജിസ്‌ട്രേഷൻ സംബന്ധിച്ച പരിശോധനകൾ നടത്താനോ ഉദ്യോഗസ്ഥൻ തയ്യാറായിരുന്നില്ല. കേസ് അട്ടിമറിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥന് നാല് പവൻ സ്വർണം ബോബി ചെമ്മണ്ണൂർ നൽകിയതായും ഇതിനെ തുടർന്ന് ചാർജ് ഷീറ്റ് കോടതിയിൽ നൽകുന്നത് വൈകുകയായിരുന്നെന്നും ജോതീന്ദ്രനും കുടുംബവും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആരോപണം സ്ഥിരീകരിക്കുന്നതായിരുന്നു സ്റ്റേറ്റ് സെപെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഈ കേസിന്റെ രഹസ്യാന്വേഷണത്തിലൂടെ. സെപെഷൽ ബ്രാഞ്ച് സംഘം ജോതീന്ദ്രനിൽ നിന്നും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
അതേസമയം, ഇപ്പോഴും അവധിയിൽ തുടരുന്ന എസ്.ഐ പുരുഷോത്തമൻ മെയ് 31ന് സർവ്വീസിൽ നിന്നും വിരമിക്കുകയാണ്. ഇതിന് മുന്നോടിയായി അടുത്ത മാസം ആദ്യ വാരത്തിൽ സർവീസിൽ തിരിച്ചെത്തി കേസ് തേച്ച് മായ്ച്ച് കളയുകയാണ് ലക്ഷ്യമെന്ന ആരോപണവുമുണ്ട്. കേരളത്തിലുടനീളം മനുഷ്യ സ്‌നേഹത്തിന്റെ മന്ത്രം ഓതി 842 കിലോ മീറ്റർ ഓടിയ ബോബി ചെമ്മണ്ണൂർ എന്ന കഴുത്തറുപ്പൻ കൊള്ളപലിശക്കാരന്റെ, മനുഷ്യസ്‌നേഹത്തിന്റെ യഥാർത്ഥ മുഖം ആദ്യമായി പുറം ലോകത്തെ അറിയിച്ചത് മറുനാടൻ മലയാളിയായിരുന്നു. മറുനാടൻ വാർത്തയെ തുടർന്ന് ബോബി വിശദീകരണവുമായി നേരിട്ടെത്തിയിരുന്നു. കോടീശ്വരനായ ബോബി സ്വന്തം പേരിലായിരുന്നു സാധാരണക്കാരനായ ജോതീന്ദ്രനിൽ നിന്നും ഭൂമി എഴുതി വാങ്ങിയത്.
ജോതീന്ദ്രന്റെ പരാതിക്ക് പുറമെ സമാനമായി ഭൂമി നഷ്ടമായവർ വേറെയും നിരവധിയുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും ബോധ്യപ്പെട്ടിരുന്നു. എന്നാൽ പരാതിയുമായി രംഗത്ത് വരാനോ മുന്നോട്ട് പോകാനോ ഇവർ ആരെയെല്ലാമോ ഭയക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാത്ത ഘട്ടത്തിൽ മുൻ സിറ്റി പൊലീസ് കമ്മീഷണറെയും ജ്യോതീന്ദ്രൻ സമീപിച്ചിരുന്നു. എന്നിട്ടും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.