വത്തിക്കാൻ: ജീവിച്ചിരുന്ന കാലത്ത് മദർ തെരേസ അശരണരുടെയും പാവങ്ങളുടെയും വിശുദ്ധ തന്നെയായിരുന്നു. പാവങ്ങളുടെ അമ്മ എന്നറിയപ്പെട്ട മദർ നടത്തി സേവനങ്ങൾ പ്രശംസകൾക്ക് അതീതമായിരുന്നു. എന്നാൽ മദറിന്റെ പ്രവർത്തനങ്ങളിൽ പലതിനും ദൈവികമാണെന്നും അത്ഭുതപ്രവർത്തിയാണെന്നും വിലയിരുത്തിക്കൊണ്ടുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വളരെ വേഗത്തിൽ തന്നെ അവരെ വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ വത്തിക്കാൻ തീരുമാനിച്ചികുകയായിരുന്നു. സാധാരണ ഗതിയിൽ വർഷങ്ങളോളം സമയം എടുത്ത് പൂർത്തിയാക്കുന്ന പ്രവൃത്തിയാണിത്. വർഷങ്ങൾക്ക് മുമ്പ് പ്രവർത്തിച്ചിരുന്ന ചാവറഅച്ചനെ ഈ അടുത്തകാലത്താണ് വിശുദ്ധനായി പ്രഖ്യാപിച്ചത്.

മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള വഴിയൊരുക്കിയത് മദറിന്റെ പേരിലുള്ള രണ്ടാമത്തെ അദ്ഭുതമായിരുന്നു. ഇത് ഫ്രാൻസിസ് മാർപാപ്പ അംഗീകരിക്കുകയായിരുന്നു. ഒരു ബ്രസീലിയൻ പൗരന്റെ തലച്ചോറിലെ ട്യൂമർ മദറിന്റെ മധ്യസ്ഥതയിൽ ഭേദപ്പെട്ടതാണ് രണ്ടാമത്തെ അദ്ഭുതമായി അംഗീകരിച്ചത്. അടുത്ത വർഷം സെപ്റ്റംബർ നാലിനു മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുമെന്നാണു കരുതപ്പെടുന്നത്.

നാലു ദിവസം മുമ്പാണ് വത്തിക്കാന്റെ വിദഗ്ധസമിതി അദ്ഭുതസംഭവം ശരിവച്ചത്. ഇതോടെ വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ള ഔദ്യോഗിക നടപടി വത്തിക്കാൻ പൂർത്തിയാക്കി. കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ വിശുദ്ധപദവി പ്രഖ്യാപനങ്ങളിലൊന്നാണിത്. 1999 ൽ മദറിനെ ദൈവദാസിയായും 2003 ൽ വാഴ്‌ത്തപ്പെട്ടവളായും പ്രഖ്യാപിച്ചിരുന്നു. കത്തോലിക്കാസഭ കരുണയുടെ വർഷമായി ആചരിക്കുന്ന വേളയിൽത്തന്നെ അഗതികളുടെ അമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു.

പശ്ചിമ ബംഗാളിലെ ദിനാജ്പൂർ ജില്ലയിൽ ഒരു ആദിവാസി വനിതയുടെ ട്യൂമർ ഭേദപ്പെട്ടതാണ് അംഗീകരിക്കപ്പെട്ട ആദ്യ അദ്ഭുതം. 2002 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഇത് അംഗീകരിച്ചത്. രണ്ടാമത്തെ അദ്ഭുതം അംഗീകരിക്കപ്പെട്ട വാർത്ത മദറിന്റെ കർമഭൂമിയായ കൊൽക്കത്ത ആഹഌദത്തോടെയാണു സ്വീകരിച്ചത്. ' ജീവിച്ചിരിക്കുന്ന വിശുദ്ധയായിട്ടാണ് നേരത്തെ തന്നെ മദർതെരേസയെ വിശേഷിപ്പിച്ചിരുന്നത്. കൊൽക്കത്തയിലെ ജനങ്ങളുടെയും ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ആളുകളുടെയും ആ വിശ്വാസം ശരിവയ്ക്കുന്നതാണ് വത്തിക്കാന്റെ ഔദ്യോഗിക സ്ഥിരീകരണം.'മിഷനറീസ് ഓഫ് ചാരിറ്റിയുടെ വക്താവ് സുനിത കുമാർ പറഞ്ഞു.

മദർ മരിച്ചതിന് ശേഷം ഇവരുടെ പേരിലുള്ള രോഗവിമുക്തി ആദ്യമായുണ്ടായത് 2003ലായിരുന്നു. ഇന്ത്യൻ സ്ത്രീയായ മോണിക ബെസ്രയുടെ ഉദര കാൻസർ പെട്ടെന്ന് മാറിയ സംഭവമായിരുന്നു അന്നുണ്ടായത്. തുടർന്ന് അന്നത്തെ പോപ്പായ ജോൺ പോൾ രണ്ടാമൻ മദറിന് മുക്തിയരുളുകയും ചെയ്തിരുന്നു. ഇവരെ വിശുദ്ധമായി പ്രഖ്യാപിക്കണമെങ്കിൽ രണ്ടാമതൊരു രോഗശാന്തി കൂടി തെളിയിക്കപ്പെടേണ്ടതുണ്ട്. ഇതിനിടെയാണ് തന്റെ ഇടവകയിലെ ഒരാൾക്ക് ബ്രെയിൻ ട്യൂമർ അത്ഭുതകരമായി സുഖപ്പെട്ടെന്ന വെളിപ്പെടുത്തലുമായി സാവോപോളോയിലെ ഫാദർ എൽമിറാൻ ഈ വർഷം ആദ്യം രംഗത്തെത്തിയത്. രോഗിയുടെ ഭാര്യ രോഗം ഭേദമാകുന്നതിന് മദർ തെരേസയുടെ ഇടപെടലിനായി പ്രാർത്ഥിച്ചതിലൂടെയാണ് ബ്രെയിൻ ട്യൂമർ ഇല്ലാതായതെന്നാണ് പ്രചരിക്കപ്പെട്ടിരിക്കുന്നത്.

പ്രാർത്ഥനയ്ക്ക് രണ്ട് ദിവസങ്ങൾക്ക് ശേഷം രോഗി ഇന്റൻസീവ് കെയർ യൂണിറ്റിൽ നിന്നും പെട്ടെന്ന് എഴുന്നേറ്റ് പുറത്തേക്ക് നടക്കുകയായിരുന്നുവത്രെ. ഇയാളുടെ പെട്ടെന്നുള്ള രോഗവിമുക്തി കണ്ട് ഡോക്ടർമാർ ഞെട്ടിത്തിരിച്ച് നിൽക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് അന്വേഷിച്ച് ബോധ്യപ്പെടാനാണ് വത്തിക്കാൻ രണ്ട് ഒഫീഷ്യലുകളെ ബ്രസീലിലേക്ക് അയക്കുകയും നിജസ്ഥിതി ബോധ്യപ്പെടുകയും ആയിരുന്നു എന്നാണ് റിപ്പോർട്ട്.