- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദികരിൽ ക്രിസ്തു സാന്നിധ്യം നഷ്ടമായി; ധ്യാനഗുരുക്കൾ ചൂഷകരായ ഭീകരസർപ്പങ്ങൾ; കാനോൻ നിയമം ലംഘിച്ച് വൈദികന്റെ ബന്ധുവിന്റെ വിവാഹവും; ഇടുക്കി ബിഷപ്പിനുള്ള തുറന്ന കത്ത് രൂപതയിലെ ചേരിപ്പോരിന്റെ നേർ സാക്ഷ്യം
ഇടുക്കി: ജനങ്ങൾക്കിടയിൽ വിഭാഗീയതയും സ്വജനപക്ഷപാതവും വളർത്തുന്നതിൽ ഇടുക്കി രൂപതയിലെ കുറെ വൈദികർ പരസ്പരം മത്സരിക്കുകയാണെന്നാരോപിച്ചും പാവപ്പെട്ടവർക്കും പണക്കാരനും രണ്ടു നീതിയാണ് നടപ്പാക്കുന്നതെന്നു ചൂണ്ടിക്കാട്ടിയും ഇടുക്കി ബിഷപ്പിന് തുറന്ന കത്ത്. ഇടുക്കി രൂപതയുടെ ആസ്ഥാന മേഖലയായ വാഴത്തോപ്പ്, തടിയമ്പാട്, മണിയാറൻകുടി, ചെറുതോ
ഇടുക്കി: ജനങ്ങൾക്കിടയിൽ വിഭാഗീയതയും സ്വജനപക്ഷപാതവും വളർത്തുന്നതിൽ ഇടുക്കി രൂപതയിലെ കുറെ വൈദികർ പരസ്പരം മത്സരിക്കുകയാണെന്നാരോപിച്ചും പാവപ്പെട്ടവർക്കും പണക്കാരനും രണ്ടു നീതിയാണ് നടപ്പാക്കുന്നതെന്നു ചൂണ്ടിക്കാട്ടിയും ഇടുക്കി ബിഷപ്പിന് തുറന്ന കത്ത്.
ഇടുക്കി രൂപതയുടെ ആസ്ഥാന മേഖലയായ വാഴത്തോപ്പ്, തടിയമ്പാട്, മണിയാറൻകുടി, ചെറുതോണി തുടങ്ങിയ പ്രദേശങ്ങളിലാണ് ക്രൈസ്തവ സംരക്ഷണ സമിതിയുടെ പേരിൽ കത്ത് പ്രചരിക്കുന്നത്. നാലുപേജുള്ള പ്രിന്റ് ചെയ്ത നോട്ടീസാണ് വ്യാപകമായി വ്യാഴാഴ്ച വിതരണം ചെയ്തത്. വ്യത്യസ്ത അഭിപ്രായങ്ങളുടെയും നിലപാടുകളുടെയും പേരിൽ വൈദികർ പരസ്പരം ചെളിവാരിയെറിഞ്ഞ് പരസ്യപ്രസ്താവനകൾ നടത്തിയതിനെ കത്ത് വിമർശിക്കുന്നു. ധ്യാനപരിപാടികളുടെ പേരിൽ ബ്രദേഴ്‌സ് എന്ന പേരിൽ അറിയപ്പെടുന്നവരുടെ ചൂഷണങ്ങളെയും ക്രൈസ്തവ സംരക്ഷണ സമിതി കുറ്റപ്പെടുത്തുന്നുണ്ട്. ഇതോടെ ഇടുക്കി രൂപതയിൽ കാലങ്ങളായി നിലനിൽക്കുന്ന അഭിപ്രായഭിന്നതകൾ മറനീക്കി പുറത്തുവരികയാണ്.
ഇടുക്കി ബിഷപ്പിനൊരു തുറന്ന കത്ത് എന്ന തലക്കെട്ടോടെ, ക്രൈസ്തവവിശ്വാസികളുടെ അടിസ്ഥാനനിയമാവലിയായ കാനോൻ നിയമം ലംഘിച്ച് നോയമ്പ് നാളിൽ മണിയാറൻകുടി ഇടവകയിൽ വിവാഹം നടത്തിക്കൊടുത്തതിനെ വിമർശിച്ചുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. കോതമംഗലത്ത് സേവനമനുഷ്ഠിക്കുന്ന വൈദികന്റെ കുടുംബക്കാരന്റെ വിവാഹം നോയമ്പ് കാലത്ത്, ഡിസംബർ രണ്ടിന് മണിയാറൻകുടി പള്ളിയിൽവച്ച് യുദ്ധകാലാടിസ്ഥാനത്തിൽ ആശീർവദിച്ചത് നിയമങ്ങൾ ലംഘിച്ചാണെന്നു കത്തിൽ വിശദീകരിക്കുന്നു. മനസമ്മതമോ വിളിച്ചുചൊല്ലലോ വിവാഹപൂർവ ഗൈഡൻസ് കോഴ്‌സോ ഒന്നുമില്ലാതെയാണ് വിവാഹം നടത്തിക്കൊടുത്തത്. ഇക്കാര്യത്തിന് ഒത്താശ ചെയ്ത ഇടവക വികാരി മറുപടി പറയണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. സാധാരണ വിശ്വാസികൾക്ക് ലഭിക്കാത്ത സൗജന്യമാണ് പണത്തിന്റെയും സ്വാധീനത്തിന്റെയും മറവിൽ ചിലർക്ക് മാത്രം ലഭിക്കുന്നത്.
അവസാനനാളുകളിൽ ജനം ജനത്തിനെതിരെ തിരിയുമെന്നു ബൈബിൾ പറയുന്നു. വിധിവൈപരീത്യമെന്നു പറയട്ടെ, വൈദികർ, വൈദികർക്കെതിരെ ചെളിവാരി എറിയുകയാണ്. ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലിനെതിരെ നെടുങ്കണ്ടം കരുണ ആശുപത്രി ഡയറക്ടറും മുതിർന്ന വൈദികനുമായ പാ. ഫിലിപ്പ് പെരുനാട്ട് പരസ്യമായി കത്തെഴുതി. കൊച്ചുപുരയ്ക്കൽ അച്ചന്റെ ശവഘോഷയാത്ര രൂപതയിലെ വൈദികർ നടത്തുമെന്നായിരുന്നു കത്തിലൂടെ പ്രഖ്യാപിച്ചത്. ഇതിനെതിരെ ഫാ. ജോണി ചിറ്റേമാരി (ഫാ. മാർക്കോസ് ചിറ്റേമാരി) ഫേസ് ബുക്കിലൂടെ അവമതിപ്പുണ്ടാക്കുന്ന പോസ്റ്റ് ഇട്ടു. ഇവരൊക്കെ അർപ്പിക്കുന്ന വിശുദ്ധ കുർബാനകളിൽ സംബന്ധിക്കേണ്ടി വരുന്ന ഗതികേടിലാണ് ജനം. ബൈബിൾ വായിച്ചു വിശദീകരിച്ചാൽ മതി, മറ്റുള്ളവർക്ക് മാതൃകയാകേണ്ട ബാധ്യതയൊന്നുമില്ല എന്ന ധാർഷ്ട്യത്തിലാണ് മിക്ക വൈദികരും.
ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ധ്യാനഗുരുക്കൾ മറ്റൊരു ഭീകരസർപ്പമാണ്. സ്ത്രീകളേയും ദുർബലരേയും ചൂഷണം ചെയ്തു കീശ വീർപ്പിക്കുന്നു. ഏതാനും ബൈബിൾ വാക്യങ്ങൾ കാണാതെ പഠിച്ച്, തോന്നുന്ന രീതിയിൽ വ്യാഖ്യാനിക്കുന്ന ഇവർക്ക് ഓശാന പാടുന്നത് വൈദികർ തന്നെയാണ്. യാതൊരു യോഗ്യതയുമില്ലാത്ത ഇത്തരക്കാരുടെ കൗൺസിലിംഗുകൾവഴി എത്രയോ സ്ത്രീകളും കുട്ടികളും ചൂഷണം ചെയ്യപ്പെടുന്നു. ഒരു ഗതിയുമില്ലാതെ, സമ്പൂർണ ബൈബിളുമായി വചനപ്രഘോഷണത്തിനിറങ്ങുന്നവരുടെ സാമ്പത്തിക വളർച്ച പെട്ടെന്നാണ്.
വൈദികരും കന്യാസ്ത്രീകളും കൂടുതൽ എളിമയുള്ളവരും വിനീതരുമായിരിക്കണമെന്നും ആഡംബര വാഹനങ്ങൾ ഒഴിവാക്കണമെന്നുമാണ് മാർപാപ്പ പറഞ്ഞത്. എന്നാൽ ഇടുക്കി രൂപതയുടെ കാര്യാലയത്തിൽപോലും അഞ്ചുലക്ഷം രൂപയിൽ കുറവുള്ള കാറുകൾ ആരും ഉപയോഗിക്കുന്നില്ല. ആകാശപ്പറവകളുടെ സംരക്ഷണയിൽ മരിച്ച ഒരു അമ്മച്ചിയുടെ മൃതദേഹം വാടക വീട്ടിൽ വയ്ക്കുന്നതിന് അസൗകര്യമായതിനാൽ ഉച്ചയോടെ പള്ളിയിൽ സംസ്‌കാരം നടത്തണമെന്ന് മകൻ അപേക്ഷിച്ചപ്പോൾ, മറ്റു തിരക്കുകൾ ഉള്ളതിനാൽ നാലു മണിക്കു ശേഷമേ പറ്റൂ എന്നു പ്രധാന പള്ളിയിലെ വികാരി പറഞ്ഞതിനാൽ ഏറെ ത്യാഗം മകന് സഹിക്കേണ്ടി വന്നു. വൈദികരിലെ ക്രിസ്തുസാന്നിധ്യം ഇല്ലാതായോ ?.
ഇടവകക്കാരുടെ പിരിവ് വാങ്ങി പണിതുയർത്തുന്ന പള്ളിയും പാരീഷ് ഹാളും പിന്നീട് ഇടവകക്കാർ ഉപയോഗിക്കേണ്ടിവരുമ്പോൾ ഭീമമായ ഫീസും അമിതവാടകയും ഈടാക്കുന്നതിലെ യുക്തി എന്താണ് ? കൂലിപ്പണിയെടുത്തു കിട്ടുന്ന തുച്ഛമായ തുകയിൽനിന്നു ഓഹരി നൽകുന്ന പാവപ്പെട്ടവരോട് യാതൊരു കരുണയുമില്ലാതെ അമിത വാടക ഈടാക്കുന്നത് ദേവാലയം കച്ചവടസ്ഥലമാക്കുന്നതിന് തുല്യമാണ്. ക്രിസ്തുവിന്റെ രണ്ടാം വരവിൽ, എന്റെ ആലയം നിങ്ങൾ കച്ചവടസ്ഥലമാക്കിയില്ലേ എന്നു ചോദിച്ചു ചാട്ടവാർ എടുത്താൽ എത്ര വൈദികർ അടിയേൽക്കാതെ രക്ഷപ്പെടും? അതുകൊണ്ട് ബിഷപ്പ് ഇടപെട്ട് കച്ചവടക്കാരെ പുറത്താക്കണമെന്നും എല്ലാ വിശ്വാസികൾക്കും തുല്യനീതി നടപ്പാക്കണമെന്നും സ്വജനപക്ഷപാതവും പണഭ്രമവും ആഡംബര ജീവിതവും അവസാനിപ്പിക്കാൻ വേണ്ടതു ചെയ്യണമെന്നുമുള്ള അഭ്യർത്ഥനയും കത്തിലുണ്ട്.
കത്തിന്റെ പകർപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് നൽകണമെന്നും ഇത്തരം തിന്മകൾക്കെതിരെ മറ്റ് ഇടവകകളിലും നോട്ടീസ് പ്രസിദ്ധീകരിക്കണമെന്നും കത്ത് ആഹ്വാനം ചെയ്യുന്നു.