ഓപ്പൺ സർവകലാശാല ഓർഡിനൻസ് ഭേദഗതി ആലോചനയിലെന്ന് മന്ത്രി ബിന്ദു; മന്ത്രിയുടെ മറുപടി യുജിസി അംഗീകാരം ഇല്ലാത്തതുകൊണ്ട് കോഴ്‌സ് തുടങ്ങാനാകുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന്; 20 ബിരുദ കോഴ്‌സുകളും 7 പി ജി കോഴ്‌സുകളും സർവകലാശാലക്ക് കീഴിൽ ഉടൻ തുടങ്ങുമെന്നും മന്ത്രി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ശ്രീനാരായണ ഓപ്പൺ സർവകലാശാല, ഓപ്പൺ സർവകലാശാല ഓർഡിനൻസിൽ ഭേദഗതി ആലോചിക്കാം എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു നിയമസഭയിൽ പറഞ്ഞു. യുജിസി അംഗീകാരം ഇല്ലാത്തതുകൊണ്ട് കോഴ്‌സ് തുടങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. സർവകലാശാലക്ക് യുജിസി അംഗീകാരം ഉണ്ട് എന്ന് മന്ത്രി അറിയിച്ചു.20 ബിരുദ കോഴ്‌സുകളും 7 പി ജി കോഴ്‌സുകളും സർവകലാശാലക്ക് കീഴിൽ ഉടൻ തുടങ്ങുമെന്നും ഇതിനു ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.
ഇതിനായി ബജറ്റിൽ 10 കോടി അധികമായി വക ഇരുത്തിയിട്ടുണ്ട്. കോവിഡ് കാരണം ആണ് കോഴ്‌സിന് അപേക്ഷിക്കാൻ ഉള്ള പോർട്ടൽ തുറക്കാൻ കഴിയാത്തതെന്നും ഒക്ടോബർ മാസത്തിൽ വിദൂര വിദ്യാഭ്യാസ പ്രവേശന നടപടി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.ശ്രീനാരായണ ഓപ്പൺ സർവകലാശാലക്ക് അംഗീകാരം ആയില്ലെന്ന മാധ്യമവാർത്തകളെ തുടർന്നാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയം കൊണ്ടുവന്നത്. ഈ വർഷവും കോഴ്‌സ് തുടങ്ങാൻ കഴിയില്ലെന്നും സ്ഥാപനത്തിൽ ഒരു സൗകര്യവും ഒരുക്കിയിട്ടില്ലെന്നും കെ ബാബു ആരോപിച്ചു.
നിയമനങ്ങളിൽ മാത്രമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചത്.സർക്കാരിന് താൽപര്യമുള്ള ആളുകളെ നിയമിച്ചു. എന്തുകൊണ്ടാണ് സർവകാലാശാലാ നിയമനങ്ങൾ പിഎസ്എസിക്ക് വിടാൻ സർക്കാർ തയ്യാറാകാത്തതെന്ന് മനസിലാകുന്നില്ല. ഫിഷറീസ് സർവകലാശാലയിൽ ബന്ധു നിയമനം ആണ് നടന്നത്. അമ്മിക്കല്ലിന് കാറ്റ് പിടിച്ച പോലുള്ള ഈ ഇരിപ്പ് അവസാനിപ്പിക്കണമെന്ന കെ ബാബുവിന്റെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സഭയിൽ ഭരണപക്ഷ നിര ബഹളം വച്ചു.വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുകയാണ്.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ തിരക്കിട്ട നടപടികളാണ് സർവകലാശാലയുടെ ദുരവസ്ഥക്ക് കാരണമെന്നും കെ ബാബു ആരോപിച്ചു. ഈ വർഷം വിദൂര വിദ്യാഭ്യാസ രംഗത്ത് നില നിൽക്കുന്നത് വലിയ അനിശ്ചിതത്വമാണ്. മറ്റ് സർവകലാശാലകൾക്ക് വിദൂര പഠനം തുടങ്ങാൻ അനുമതി നൽകണം. അതേസമയം പോർട്ടൽ തുറക്കാൻ താമസിക്കുന്നത് മാത്രമാണ് പ്രശ്‌നമെന്നും അതിനിയും നീണ്ടു പോകുകയാണെങ്കിൽ മറ്റ് സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ അനുമതി നൽകുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി ആവർത്തിച്ചു.
മറുനാടന് മലയാളി ബ്യൂറോ