ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന് ശേഷം 18 ലക്ഷം ആളുകളുടെ അക്കൗണ്ടുകളിൽ 'ദുരൂഹമായ' രീതിയിൽ നിക്ഷേപം നടന്നുവെന്ന് ആദായനികുതി വകുപ്പ്.

നവംബർ എട്ടിന് നോട്ട് അസാധുവാക്കിയ നടപടിക്ക് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് പ്രഖ്യാപനം. 'ഓപ്പറേഷൻ ക്ലീൻ മണി' എന്ന പേരിലാണ് പതിയ പദ്ധതി. വരുമാനവുമായി ഒത്തുപോകാത്ത രീതിയിൽ പണം നിക്ഷേപിച്ചവരുടെ അക്കൗണ്ടുകളാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടത്തിയത്.

അഞ്ചു ലക്ഷം രൂപയിൽ അധികം നിക്ഷേപം നടന്ന അക്കൗണ്ടുകളാണ് പ്രധാനമായും നിരീക്ഷിക്കപ്പെട്ടത്. ഇത്തരത്തിൽ നിക്ഷേപം നടത്തിയവരോട് പണത്തിന്റെ ഉറവിടം കാണിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശം നൽകിയെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. 10 ദിവസത്തിനുള്ളിൽ മറുപടി നൽകണം. അല്ലാത്ത പക്ഷം നടപടിയുമായി മുന്നോട്ടുപോകുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. ഓൺലൈൻ വഴിയും ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയും വിശദീകരണം നൽകാം.

നവംബർ എട്ടിന് ശേഷം അഞ്ചു ലക്ഷം രൂപയിൽ അധികം പണം നിക്ഷേപിച്ചവരുടെയും മൂന്നു ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയിൽ പണം നിക്ഷേപിച്ചവരുടെ അക്കൗണ്ടുകളുമാണ് പരിശോധിച്ചത്. പാവപ്പെട്ടവരും നികുതി അടയ്ക്കാത്തവരുമായ ആളുകളുടെ അക്കൗണ്ടുകളിൽ ദുരൂഹമായ സാഹചര്യത്തിൽ പണം നിക്ഷേപിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇവരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടർ ടാക്‌സ് (സിബിഡിടി) ചെയർമാൻ സുശിൽ ചന്ദ്ര അറിയിച്ചു.