ആലുവ:റൂറൽ ജില്ലയിലെ നിരന്തര കുറ്റവാളികളായ മൂന്ന് പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. മാഞ്ഞാലി കുന്നുംപുറം ഭാഗത്ത് കരിയംപിള്ളി വീട്ടിൽ സുനീർ (35), വടക്കേക്കര പൂയ്യപ്പിള്ളി തച്ചപ്പിള്ളി വീട്ടിൽ യദുകൃഷ്ണ (24), ഞാറക്കൽ വാടയ്ക്കൽ വീട്ടിൽ ജൂഡ് ജോസഫ് (28) എന്നിവരെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഠിന ദേഹോപദ്രവം, കൊലപാതകശ്രമം, വിശ്വാസ വഞ്ചന തുടങ്ങിയ കേസുകളിൽ പ്രതിയാണ് സുനീർ. കഴിഞ്ഞ ജനുവരിയിൽ മാഞ്ഞാലി മാട്ടുപുറത്ത് ഗുണ്ടാ ആക്രമണ കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.

നോർത്ത് പറവൂർ, ആലുവ ഈസ്റ്റ്, മുനമ്പം, കൊച്ചി സിറ്റി എറണാകുളം സെൻട്രൽ, ചേരാനല്ലൂർ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ, കവർച്ച കേസുകളിലെ പ്രതിയാണ് യദുകൃഷ്ണ. കഴിഞ്ഞ ജനുവരിയിൽ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബൈക്ക് മോഷണ കേസിൽ പ്രതിയയായതിനെ തുടർന്നാണ് ഇപ്പോൾ കാപ്പ പ്രകാരം നടപടി സ്വീകരിച്ചത്. ഞാറയ്ക്കൽ, മുനമ്പം പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ആയുധ നിയമ പ്രകാരമുള്ള കേസ്, കാപ്പ ഉത്തരവിന്റെ ലംഘനം, മോഷണം മുതലായ കേസുകളിലെ പ്രതിയാണ് ജൂഡ് ജോസഫ്.

കഴിഞ്ഞ ഫെബ്രുവരിയിൽ ചെറായിയിൽ പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിൽ പുലർച്ചെ കയറി ലാപ്‌ടോപ്പും മറ്റ് വസ്തുക്കളും മോഷണം ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് ഇയാൾക്കെതിരെയുള്ള കാപ്പ നടപടി. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ 57 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു, 35 പേരെ നാട് കടത്തി. എറണാകുളം റൂറൽ ജില്ലയിൽ ഗുണ്ടകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായുള്ള നടപടികൾ ശക്തമായി തുടരുമെന്ന് ജില്ല പൊലീസ് മേധാവി വിവേക് കുമാർ അറിയിച്ചു.