മെൽബൺ: രാജ്യത്ത് അനധികൃതമായി തങ്ങുന്നവരെ പിടികൂടുന്നതിനായി ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് (എബിഎഫ്) കർശന പരിശോധനയ്ക്ക് തയ്യാറെടുക്കുന്നു. രണ്ടു മാസം കൂടുമ്പോൾ ടാക്‌സി സ്റ്റാൻഡുകളിലും മറ്റും വിസാ പരിശോധന നടത്താനാണ് ഓപ്പറേഷൻ ഫോർട്ടിറ്റിയൂഡ് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.

വിക്ടോറിയൻ പൊലീസുമായി സഹകരിച്ചാണ് എബിഎഫ് ടാക്‌സി സ്റ്റാൻഡുകളിൽ വിസാ പരിശോധനയ്ക്ക് തയാറായിട്ടുള്ളത്. രണ്ടു മാസം കൂടുമ്പോൾ നടത്തുന്ന പരിശോധനയെ തുടർന്ന് മെൽബണിലെ പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനം കൂടുതൽ സുരക്ഷിതമാക്കാമെന്നാണ് കരുതുന്നതെന്ന് എബിഎഫ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.

പൊലീസ്, എബിഎഫ് ഉദ്യോഗസ്ഥർ, മറ്റ് അധികൃതരും ചേർന്നു നടത്തുന്ന വിസാ പരിശോധന ഓപ്പറേഷൻ ഫോർട്ടിറ്റിയൂഡ് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ നിർത്തിവയ്‌ക്കേണ്ടി വന്നു. മെൽബൺ സിബിഡിയിലുള്ള ഫ്‌ലിന്റേഴ്‌സ് സ്ട്രീറ്റ് സ്റ്റേഷനു മുമ്പിൽ പ്രതിഷേധക്കാർ പ്രകടനം നടത്തുകയായിരുന്നു. എബിഎഫിന്റെ നടപടികളെ മാദ്ധ്യമവാർത്തകൾ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചതാണ് പ്രതിഷേധം ശക്തമാകാൻ ഇടയായതെന്നും പിന്നീട് എബിഎഫ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

ഓപ്പറേഷൻ തുടങ്ങുന്നതിന് ഒരാഴ്ച മുൻപ്  ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊഡക്ഷൻ മീഡിയ ടീം ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടിരുന്നു. ഇതു സംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തങ്ങൾക്ക് ആരെയും ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി. കൂടാതെ ആവശ്യമെന്നു തോന്നിയാൽ വിസ രേഖകൾ കർശനമായി പരിശോധിക്കുമെന്നും എബിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞതായി വാർത്തകൾ വന്നിരുന്നു.

ഇത് ജനങ്ങളെ പൊതുസ്ഥലത്ത് തടഞ്ഞു നിർത്തി ചോദ്യംചെയ്യാനുള്ള അധികാരം എബിഎഫിനുണ്ടെന്ന ധാരണ പരത്തി. ഇതേ തുടർന്ന് ഇമിഗ്രേഷൻ സെക്രട്ടറി മൈക്കൽ പെസൂളോയും എബിഎഫ് കമ്മീഷണർ റോമൻ ക്വാഡവ്ൽഗും ക്ഷമ ചോദിച്ചിരുന്നു. വംശീയമായി അധിക്ഷേപിക്കുന്നതിനുള്ള വേദിയായി വിസ പരിശോധന മാറുമെന്നും ആശങ്കയുയർന്നു. ഇതേ തുടർന്നാണ് പ്രതിഷേധം ശക്തമായത്.