- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓപ്പറേഷൻ ഗംഗ' വിജയകരമെന്ന് മോദി; ഇന്ത്യ ചെയ്തത് വലിയ രാജ്യങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യം; ലോകത്തിൽ ഇന്ത്യയുടെ സ്വാധീനം വർധിച്ചു വരുന്നതിന്റെ തെളിവാണിതെന്നും പ്രധാനമന്ത്രി; ഇന്ത്യൻ വിദ്യാർത്ഥികളെ സ്വന്തം മക്കളെ പോലെ പരിപാലിച്ചതിന് റുമേനിയക്ക് നന്ദി അറിയിച്ച് ജ്യോതിരാദിത്യ സിന്ധ്യയും
ന്യൂഡൽഹി: യുക്രൈൻ ഒഴിപ്പിക്കൽ വിജയകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വലിയ രാജ്യങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യമാണ് ഇന്ത്യ ചെയ്യുന്നത്. ആയിരക്കണക്കിന് പേരെ ഇതിനോടകം ഒഴിപ്പിച്ചു കഴിഞ്ഞു. കോവിഡിനെ കൈകാര്യം ചെയ്തത് പോലെ പുതിയ സാഹചര്യത്തെയും നേരിടുന്നുവെന്നും മോദി പറഞ്ഞു. 'മറ്റ് രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ ബുദ്ധിമുട്ടുന്ന സമയത്ത്, ഞങ്ങളുടെ ആളുകളെ പുറത്തെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ലോകത്തിൽ ഇന്ത്യയുടെ സ്വാധീനം വർധിച്ചുവരുന്നതിന്റെ തെളിവാണിത്' മോദി അവകാശപ്പെട്ടു.
അതേസമയം ഇന്ത്യൻ വിദ്യാർത്ഥികളെ സ്വന്തം മക്കളായി പരിപാലിച്ചതിന് റുമേനിയക്ക് നന്ദി അറിയിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും രംഗത്തുവന്നു. യുക്രെയ്‌നിൽ റഷ്യൻ അധിനിവേഷം ആരംഭിച്ചതിന് പിന്നാലെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ത്യൻ പൗരന്മാരെ റുമേനിയ, പോളണ്ട് എന്നീ രാജ്യങ്ങളിലൂടെയാണ് തിരികെയെത്തിച്ചത്. രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി നാല് കേന്ദ്രമന്ത്രിമാരെ യുക്രെയ്‌നിന്റെ അയൽ രാജ്യങ്ങളിലേക്ക് നിയോഗിച്ചിരുന്നു. രക്ഷാദൗത്യം ഏകോപിപ്പിക്കാനായി സിന്ധ്യയെ റുമേനിയയിലേക്കാണ് അയച്ചത്.
പരീക്ഷണ ഘട്ടങ്ങളിൽ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ ഒന്നും അസാധ്യമായിരിക്കില്ലെന്ന് സിന്ധ്യ ട്വീറ്റ് ചെയ്തു. ഇന്ത്യൻ ഭക്ഷണം പാകം ചെയ്യാൻ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അമേരിക്കൻ ഷെഫിന്റെയും, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുഴുവൻ സമയ സുരക്ഷ ഏർപ്പെടുത്തിയ റുമേനിയൻ പൊലീസ് സേനയെയും സിന്ധ്യ തന്റെ ട്വീറ്റിലൂടെ പ്രശംസിച്ചു.
അതേസമയം യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള 'ഓപ്പറേഷൻ ഗംഗ' അവസാന ഘട്ടത്തിലേക്ക് കടന്നതായി ഹംഗറിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. അവശേഷിക്കുന്ന വിദ്യാർത്ഥികളോട് ബുഡാപെസ്റ്റിലെ ഹംഗേറിയൻ സിറ്റിസെന്ററിൽ എത്തിച്ചേരാൻ എംബസി നിർദേശിച്ചു. യുക്രൈനിൽബാക്കിയുള്ള വിദ്യാർത്ഥികൾ അവരുടെ വിവരങ്ങൾ ഓപ്പറേഷൻ ഗംഗയിൽ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് കീവിലെ ഇന്ത്യൻ എംബസിയും നിർദേശിച്ചിട്ടുണ്ട്.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 63 വിമാനങ്ങളിലായി 13,300 വിദ്യാർത്ഥികൾ ഇതുവരെ ഇന്ത്യയിൽ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 വിമാനങ്ങൾ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി സർവീസ് നടത്തി, 2,900 പേരെ ഇന്ത്യയിൽ എത്തിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ