- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ ട്രെയിൻ മാർഗ്ഗം പോളണ്ടിലെത്തിക്കാൻ നീക്കം; ഇന്ത്യയുടെ രക്ഷാ ദൗത്യം അവസാന ഘട്ടത്തിലേക്ക്; തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ ആരും യുക്രൈനിലില്ല; 20,000ത്തിലധികം പേരെ ഒഴിപ്പിച്ചുവെന്ന വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: യുക്രൈനിലെ സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ പോളണ്ടിലേക്ക് ട്രെയിൻ മാർഗ്ഗം എത്തിക്കാൻ ശ്രമം. ലിവീവിൽ എത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് ഉദ്യോദഗസ്ഥർ അറിയിച്ചു. ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് യുക്രൈനിയൻ നഗരമായ സുമിയിൽ കുടുങ്ങിയ 650 ലധികം ഇന്ത്യൻ വിദ്യാർത്ഥികളെ ചൊവ്വാഴ്ച ഒഴിപ്പിച്ചത്. സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ സംഘം പോൾട്ടോവയിൽ നിന്നും ലിവിവിലേക്കുള്ള ട്രെയിൻ യാത്രയിലാണ്. പോളണ്ട് വഴി നാളെ ഡൽഹിയിലെത്തും.
ആക്രമണം ശക്തമായ സുമിയിൽ ഇരുനൂറോളം മലയാളികൾ അടക്കം 694 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, തുനീസിയ എന്നിവിടങ്ങളിലെ പൗരന്മാരും ഇക്കൂട്ടത്തിലുണ്ട്. ഇവരെ 12 ബസുകളിലായി ഇന്ത്യൻ എംബസിയുെടയും റെഡ് ക്രോസിന്റെയും വാഹനങ്ങളുടെ അകമ്പടിയോടെ 10 മണിക്കൂറിലധികം എടുത്താണ് പോൾട്ടോവയിൽ എത്തിച്ചത്. അവിടെ നിന്നു ട്രെയിൻ മാർഗം ലിവിവിലേക്കും ശേഷം പോളണ്ട് അതിർത്തി വഴി ഇന്ത്യയിലേക്കും എത്തിക്കാനാണ് തീരുമാനം.
ഇന്ത്യയുടെ രക്ഷാ ദൗത്യം ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക് കടന്നു. യുക്രെയിനിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരുന്ന ഓപ്പറേഷൻ ഗംഗയുടെ ഇപ്പോഴത്തെ ഘട്ടം ഒന്നു രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ ആരും ഇപ്പോൾ യുക്രെയ്‌നിലില്ല. പല കാര്യങ്ങൾ കൊണ്ട് അവിടെ തുടരുന്നവരുണ്ടായേക്കാം. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ഇന്ത്യയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചെത്തിയ വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസം അടക്കമുള്ള വിഷയങ്ങൾ അടുത്ത ഘട്ടത്തിൽ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്ന് 20000ത്തിലധികം ആളുകളെ സുരക്ഷിതയമായി ഒഴിപ്പിച്ച് ഇന്ത്യയിലെത്തിക്കാൻ സാധിച്ചുവെന്നും വി മുരളീധരൻ പറഞ്ഞു. യുദ്ധഭൂമിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾ കഷ്ടപ്പെട്ടുവെന്നത് വസ്തുതയാണ്. എന്നാൽ അവരുടെയെല്ലാം സുരക്ഷയ്ക്കാണ് കേന്ദ്രസർക്കാർ ഏറ്റവും പ്രാധാന്യം നൽകിയത്. സുരക്ഷ ഉറപ്പുവരുത്താൻ ഇന്ത്യയുടെ നയതന്ത്ര ശേഷിക്ക് സാധ്യമായി. ഇതാദ്യമായല്ല രാജ്യത്തിന്റെ നയതന്ത്ര ശേഷി പ്രകടമാകുന്നത്. മുമ്പ് ഇറാഖിലെ യുദ്ധഭൂമിയിൽ നിന്ന് ഇതേ സാഹചര്യത്തിൽ മലയാളികൾ അടക്കമുള്ള നഴ്സുമാരെ ഇന്ത്യയുടെ നയതന്ത്ര ശേഷിയിലൂടെ തിരികെയെത്തിക്കാൻ സാധിച്ചിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
രക്ഷാദൗത്യത്തിനിടെ പലതരത്തിലുള്ള വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. വിമർശനങ്ങൾ ഒരുവശത്ത് നടക്കുമ്പോഴും സുരക്ഷാദൗത്യം ഒരുതരത്തിലുള്ള മാറ്റങ്ങളുമില്ലാതെ കൃത്യമായി മുന്നേറി. യുദ്ധം ശക്തമായതോടെ യുക്രൈനിൽ നിന്ന് തിരിച്ചുവരാനായി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 20000ത്തിൽ താഴെയായിരുന്നുവെങ്കിലും 20000ത്തിലധികം പേരെ യുക്രൈനിൽ നിന്ന് ഒഴിപ്പിച്ച് നാട്ടിലെത്തിക്കാൻ സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
അപായഭീഷണിയുള്ളതിനാൽ കരുതലോടെയാണ് എംബസിയുടെ നീക്കം. വിദ്യാർത്ഥികളെ ഡൽഹിയിലെത്തിക്കുന്നതോടെ ഇന്ത്യയുടെ രക്ഷാ ദൗത്യം പൂർത്തിയാകും. എന്നാൽ ഇനിയും ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചാൽ അവരെ കൂടി നാട്ടിലെത്തിക്കുന്നതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുമെന്ന് സർക്കാർ അറിയിച്ചു. ബംഗ്ലാദേശ് പൗരന്മാരെ കൂടി അപകടമേഖലകളിൽ നിന്ന് ഒഴിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നന്ദി പറഞ്ഞു.
സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് പലായനം ചെയ്യാനുള്ള വഴിയൊരുങ്ങിയതിൽ രണ്ട് ഫോൺ കോളുകൾക്കുള്ള പങ്ക് ചെറുതല്ല. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെയും ഉക്രെയ്ൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് സംസാരിച്ചതോടെയാണ് സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് വഴിയൊരുങ്ങിയത്. ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് യുക്രൈനിയൻ നഗരമായ സുമിയിൽ കുടുങ്ങിയ 650 ലധികം ഇന്ത്യൻ വിദ്യാർത്ഥികളെ ചൊവ്വാഴ്ച ഒഴിപ്പിച്ചത്.
സുമിയിൽ കനത്ത ഷെല്ലാക്രമണത്തിനും വെടിവയ്‌പ്പിനും ഇടയിൽ, വിദ്യാർത്ഥികൾ എസ്ഒഎസ് വീഡിയോകൾ അയച്ചിരുന്നുവെങ്കിലും അവർക്ക് സുരക്ഷിതമായ പാത ഒരുക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. ഭക്ഷണവും വെള്ളവും തീർന്നുപോയെന്നും സ്വന്തമായി നഗരം വിട്ടുപോകാൻ തുടങ്ങുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
''ഇത് സങ്കീർണ്ണവും അപകടകരവുമായ സാഹചര്യമായിരുന്നു,'' ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇവരെ മാറ്റാനുള്ള ആദ്യ ശ്രമം തിങ്കളാഴ്ച പരാജയപ്പെട്ടതിനെ തുടർന്ന് പ്രതിസന്ധി ഉയർന്ന തലത്തിലേക്ക് എത്തിിരുന്നതായി ഉദ്യോഗസ്ഥർ എഎൻഐയോട് പറഞ്ഞു.
പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റുമായും യുക്രൈനിയൻ പ്രസിഡന്റുമായും സംസാരിച്ചു, ഇരു നേതാക്കളും വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പ് നൽകി.''രണ്ട് കോളുകളിലും നേതാക്കൾ ഇന്ത്യയുടെ ആവശ്യം സ്വാഗതം ചെയ്യുകയും വിദ്യാർത്ഥികൾ സുരക്ഷിതമായി കടന്നുപോകുന്നതിൽ പ്രശ്നമില്ലെന്ന് പ്രധാനമന്ത്രിയോട് അറിയിക്കുകയും ചെയ്തു,'' ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
കോളുകൾക്ക് ശേഷം, വിദ്യാർത്ഥികൾക്ക് കടന്നുപോകാനുള്ള വഴിയൊരുക്കാൻ മോസ്‌കോയിലെയും കെയ്വിലെയും ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ട്. ചൊവ്വാഴ്ച, സുമിയിലെ ഒരു പോയിന്റിൽ നിന്ന് വിദ്യാർത്ഥികളെ ബസുകളിൽ കയറ്റി സെൻട്രൽ യുക്രൈനിലെ പോൾട്ടാവയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറും റഷ്യയിലെയും യുക്രൈനിലെയും അയൽരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. വിദ്യാർത്ഥികളെ ഒഴിപ്പിക്കാനുള്ള സഹായത്തിനായി ജനീവയിലും യുക്രൈനിലും ഇന്ത്യ റെഡ് ക്രോസുമായി ബന്ധപ്പെട്ടു. യുക്രൈനിയൻ ഡ്രൈവർമാർ റഷ്യൻ ഭാഗത്തേക്ക് വാഹനമോടിക്കാൻ തയ്യാറാകാത്തതിനാൽ യുദ്ധബാധിത മേഖലയിൽ ബസുകൾ വാടകയ്ക്കെടുക്കുന്നത് വലിയ വെല്ലുവിളിയാണെന്നാണ് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
ന്യൂസ് ഡെസ്ക്