കോട്ടയം : കനത്ത പ്രളയത്തിൽ കേരളം മുങ്ങിയപ്പോൾ ജന ജീവിതങ്ങൾക്കൊപ്പം സർക്കാരിന്റെ പ്രധാന നടപടിയും മുങ്ങിയിരുന്നു. ഓപ്പറേഷൻ സാഗർ റാണിയെന്ന പേരിൽ മായം കലർന്ന മത്സ്യം കണ്ടെത്താനുള്ള നടപടി അകാല ചരമം പ്രാപിച്ചതോടെ കേരളത്തിലേക്ക് വീണ്ടും വലിയ തോതിൽ മായം കലർന്ന മത്സ്യം വരുമോ എന്ന ആശങ്കയിലാണ് ഏവരും.

പ്രളയക്കെടുതിയും ശബരിമല പ്രശ്‌നവും കത്തി നിൽക്കുന്ന അവസ്ഥയിൽ സർക്കാരിന്റെയും മാധ്യമങ്ങളുടേയും കണ്ണുവെട്ടിച്ച് മായം കലർന്ന മത്സ്യം വിപണിയിൽ സജീവമാകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ഉറപ്പ് പറഞ്ഞിരുന്നുവെങ്കിലും സ്ഥിതിഗതികൾ ഇപ്പോൾ മരവിച്ച അവസ്ഥയിലാണ്.

കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മാർക്കറ്റിൽ കിലോ കണക്കിന് മായം കലർന്ന മത്സ്യമാണ് പിടിച്ചെടുത്തത്.സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പേപ്പർ സ്ട്രിപ്പ് ഉയോഗിച്ചുള്ള പ്രാഥമിക പരിശോധനയിലാണ് മത്സ്യത്തിൽ മായം കലർന്ന വിവരം പുറത്ത് വന്നത്.

മൂന്നു ഘട്ടം എന്ന് സർക്കാർ പറഞ്ഞിട്ട് എന്തായി ?

കേരളത്തിലെ മാർക്കറ്റുകളിൽ ഫോർമാലിൻ കലർന്ന മത്സ്യം അമിതമായി എത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് വ്യാപകമായി പരിശോധന കർശനമാക്കിയിരുന്നു. തമിഴ്‌നാട്ടിൽ നിന്നുൾപ്പടെ വന്ന മത്സ്യ ലോറികളിൽ നിന്നും ഫോർമാലിൻ വലിയ അളവിൽ കലർന്ന മത്സ്യമാണ് പിടിച്ചെടുത്ത്. ഇതിന് ശേഷം മിക്ക ജില്ലകളിൽ നിന്നും മായം കലർന്ന മത്സ്യ ലോഡുകളുടെ കഥ മാധ്യമങ്ങളിലും നിറഞ്ഞിരുന്നു.

എന്നാൽ പെട്ടന്നുണ്ടായ പ്രളയവും പിന്നീടുണ്ടായ സംഭവവികാസങ്ങളിലും മത്സ്യ പരിശോധനയ്ക്കായി സർക്കാർ തീരുമാനിച്ച ഓപ്പറേഷൻ സാഗർറാണി പ്രളയജലത്തിൽ മുങ്ങി. മൂന്ന് ഘട്ടമായി നടപ്പിലാക്കുമെന്ന് പറഞ്ഞ പദ്ധതി ആദ്യ ഘട്ടത്തിൽ തന്നെ സർക്കാരിന് ഉപേക്ഷിക്കേണ്ടി വന്നു.

ഏറ്റവും കൂടുതൽ മായം കലർന്നതായി കണ്ടെത്തിയ മത്സ്യമാർക്കറ്റുകളിൽ ആഴ്ചയിലൊരിക്കൽ പരിശോധന നടത്താൻ അസിസ്റ്റന്റ് കമ്മിഷണർമാർക്കു നിർദ്ദേശം നൽകിയിരുന്നു. ഉദ്യോഗസ്ഥരും വ്യാപാരികളും ഒത്തുകളിച്ചാണു പരിശോധന നിലച്ചത്. മൃതദേഹങ്ങൾ കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ മത്സ്യക്കച്ചവടക്കാർ ഉപയോഗിക്കുന്നതായി തെളിഞ്ഞതിനെ ത്തുടർന്നാണ് പരിശോധന വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

മൽസ്യത്തിൽ ഫോർമാലിൻ മാരകമായ അളവിൽ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു. ഫോർമിക് ആസിഡ് ഉപയോഗിച്ച് പ്രത്യേകം തയാറാക്കുന്ന രാസവസ്തുവാണിത്. മനുഷ്യശരീരം കേടുകൂടാതെ സൂക്ഷിക്കാനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.

വിവിധ ശരീരഭാഗങ്ങൾ പത്തോളജി പരിശോധനയ്ക്കായി അയയ്ക്കുന്നത് 10 ശതമാനം വീര്യമുള്ള ഫോർമാലിൻ ലായനിയിലാണ്. മൃതദേഹം എംബാം ചെയ്യാനായി ഉപയോഗിക്കുന്നതും ഫോർമാലിനാണ്. ഇവ അടങ്ങിയ മത്സ്യം കഴിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നാണ് വിവരം.

 ഫോർമാലിൻ ഉള്ളിൽ ചെന്നാൽ !

മൃതദേഹങ്ങൾ അഴുകാതെ സൂക്ഷിക്കാനാണ് ഫോർമാലിൻ ഉപയോഗിക്കുന്നത്. മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഫോർമലിൻ ലായനിയിൽ സൂക്ഷിക്കും. ശരീരത്തിനകത്തെത്തിയാൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും.

ക്യാൻസർ, ശ്വാസകോശ, കരൾ രോഗങ്ങൾ വരെയുണ്ടാക്കും. കൂടാതെ തലച്ചോറിനെയും നാഡികളെയും ബാധിക്കും. കൂടിയ അളവിലെത്തിയാൽ അത് മരണത്തിനുപോലും കാരണമാകാം.