ന്യൂഡൽഹി: ദക്ഷിണ സുഡാനിൽ കഴിയുന്ന ഇന്ത്യക്കാരുമായി ആദ്യ രക്ഷാവിമാനം നാളെ തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം വിമാനത്താവളത്തിൽ പുലർച്ചെ മൂന്നിനെത്തുന്ന വിമാനത്തിൽ 38 മലയാളികളാണുള്ളത്. 10 സ്ത്രീകളും മൂന്നു പിഞ്ചുകുട്ടികളുമടക്കം 143പേരാണ് വിമാനത്തിലുള്ളത്.

ആഭ്യന്തരസംഘർഷം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ 300 പേരെ കൊണ്ടുവരാൻ രണ്ടു വിമാനങ്ങളാണ് ഇന്ത്യ അയച്ചിട്ടുള്ളത്. തലസ്ഥാനമായ ജുബയിൽനിന്നാണ് ഇവരെ ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരുന്നത്.

ഓപ്പറേഷൻ സങ്കട്‌മോചൻ എന്നാണ് ഈ ദൗത്യത്തിനു കേന്ദ്രം പേരിട്ടിരിക്കുന്നത്. വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗാണ് ദൗത്യത്തിനു നേതൃത്വം നൽകുന്നത്. 600 ഇന്ത്യക്കാരാണു സുഡാനിൽ കുടുങ്ങിക്കിടക്കുന്നത്. തലസ്ഥാനമായ ജുബയിൽ 450 പേരും മറ്റു സ്ഥലങ്ങളിലായി 150 പേരുമാണ് കുടുങ്ങിക്കിടക്കുന്നത്. സുഡാനിൽ കഴിഞ്ഞ നാലു ദിവസങ്ങളായി വിമതരും സൈന്യവും തമ്മിൽ കനത്ത ഏറ്റുമുട്ടൽ നടക്കുകയാണ്. ചർച്ചയെത്തുടർന്ന് 24 മണിക്കൂർ നേരത്തേക്ക് ഇരുകൂട്ടരും വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്.

പിരിച്ചുവിടപ്പെട്ട വൈസ് പ്രസിഡന്റ് റീക് മചാറുടെയും പ്രസിഡന്റ് സൽവ കിറിന്റെയും സേനകൾ തമ്മിലുണ്ടായ പോരാട്ടമാണ് ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ചത്. നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും പതിനായിരങ്ങൾ വീടുവിട്ടോടുകയും ചെയ്ത സുഡാനിൽ നിന്നു ജർമനിയും ഇറ്റലിയും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കും. രാജ്യാന്തര പൗരത്വമുള്ളവരെയും മറ്റു യൂറോപ്യന്മാരെയും ജർമൻ യുദ്ധവിമാനങ്ങൾ കൊണ്ടുപോകും.

സുഡാനിലുള്ള പൗരന്മാരുടെ സുരക്ഷയ്ക്കായി യുഎസും സൈനികരെ അയച്ചിട്ടുണ്ട്. ജുബയിൽ അടിയന്തര സേവനം ആവശ്യമില്ലാത്ത വിഭാഗത്തിൽപ്പെടുന്ന നയതന്ത്ര ജീവനക്കാരെയും തിരിച്ചുപോരാൻ താൽപര്യം പ്രകടിപ്പിച്ച യുഎസ് പൗരന്മാരെയും ഒഴിപ്പിക്കും.