തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ സ്ക്രീനിലും രാഷ്ട്രീയ വേർതിരിവ്. കർട്ടനിട്ട് മറച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിന് കൈകാണിച്ച് നിർത്തി പിഴയിടാൻ മുട്ടുവിറച്ച ഉദ്യോ​ഗസ്ഥർക്ക് തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ വാഹനത്തിന് പിഴ ചുമത്താതിരിക്കാനായില്ല. ആർടിഒമാരുടെ നേതൃത്വത്തിൽ രാവിലെ തിരുവനന്തപുരത്ത് പിഎംജിയിൽ ആരംഭിച്ച പരിശോധനയിൽ നിരവധി വാഹനങ്ങൾക്ക് പിഴയിടുകയും കർട്ടനുകൾ അവിടെവെച്ച് തന്നെ നീക്കം ചെയ്യുകയും ചെയ്തു. പരിശോധനയിൽ ആർക്കും ഇളവുണ്ടാകില്ല എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനം പുറകിൽ കർട്ടനുണ്ടായിട്ടും പരിശോധനയില്ലാതെ കടന്നുപോയി. അതേസമയം കർട്ടനിട്ട് എത്തിയ തിരുവനന്തപുരം ഡിസിസി പ്രസിഡൻറിന്റെ വാഹനത്തിന് പിഴ ചുമത്തി. പൈലറ്റ് അകമ്പടിയോടെ വേഗത്തിൽ രണ്ടാം ട്രാക്കിലൂടെ കടന്നുപോയപ്പോൾ മന്ത്രിയുടെ വാഹനം പരിശോധിക്കാനായില്ലെന്നാണ് ആർടിഒയുടെ വിശദീകരണം.

ഇന്ന് മുതലാണ് സംസ്ഥാനത്ത് വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടനുകളും കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ സ്ക്രീൻ പരിശോധന തുടങ്ങിയത്ി. ആർടിഒമാരുടെ നേതൃത്വത്തിൽ രാവിലെ തിരുവനന്തപുരത്ത് പിഎംജിയിൽ ആരംഭിച്ച പരിശോധനയിൽ നിരവധി വാഹനങ്ങളാണ് കൂളിങ് ഫിലിമും കർട്ടനുകളുമായെത്തി കുടുങ്ങിയത്. അധികനേരം വാഹനങ്ങൾ തടഞ്ഞു നിർത്താതെ ഫോട്ടെയെടുത്ത് ഇ - ചെലാൻ വഴി പിഴ മെസേജയയ്ക്കുകയാണ് ചെയ്യുന്നത്. 1250 രൂപയാണ് പിഴ. പിഴ ചുമത്തിയ ശേഷവും കർട്ടനുകളും കൂളിങ് ഫിലിമുകളും നീക്കം ചെയ്തില്ലെങ്കിൽ രണ്ടാം ഘട്ടത്തിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. കർട്ടനുകളിട്ട് എത്തിയ ചിലർ സ്ഥലത്ത് വെച്ചുതന്നെ ഇവ നീക്കം ചെയ്തു.

ഫിലിം ഒട്ടിച്ചതും കർട്ടനിട്ടതുമായി വാഹനങ്ങൾക്കെതിരെ നടപടി സ്വീകരീക്കാൻ ‘ഓപ്പറേഷൻ സ്ക്രീൻ' ഞായറാഴ്ച മുതൽ നടപ്പാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. ഫിലിമും കർട്ടനും ഒഴിവാക്കാത്ത വാഹനങ്ങളുടെ രജിസ്റ്റ്രേഷൻ റദ്ദാക്കും. നിയമലംഘനം നടത്തിയ വാഹനങ്ങൾ കണ്ടെത്താനായി മോട്ടോ‍ർ വാഹന വകുപ്പ് സംസ്ഥാന വ്യപകമായി പരിശോധന തുടങ്ങണമെന്നും ട്രാൻസ്പോ‍ർട്ട് കമ്മീഷണറുടെ ഉത്തരവിലുണ്ട്.

ഹൈക്കോടതി-സുപ്രീംകോടതി വിധികൾ ലംഘിച്ചു കൊണ്ട് കൂളിങ് പേപ്പ‍ർ, ക‍ർട്ടൻ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാനാണ് ഓപ്പറേഷൻ സ്ക്രീൻ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനായി ഇന്ന് മുതൽ പരിശോധന ആരംഭിച്ചു.

ഗ്ലാസിൽ കൂളിങ് ഫിലിം ഒട്ടിച്ച കാറുകളും, വിൻഡോയിൽ ക‍ർട്ടനിട്ട കാറുകൾ എന്നിവക്കെതിരെ നടപടിയുണ്ടാവും. ഈ വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്താനാണ് ട്രാൻസ്പോ‍ർട്ട് കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. നിയമം ലംഘിച്ച വാഹനങ്ങൾക്ക് ഇ-ചെല്ലാൻ വഴിയാകും പെറ്റി ചുമത്തുക.