തിരുവനന്തപുരം: വിസാതട്ടിപ്പുകാരും അനധികൃത റിക്രൂട്ട്‌മെന്റ് ഏജൻസിക്കാരും ഇനി സൂക്ഷിക്കുക. നിങ്ങളെ പിടിക്കാൻ നോർക്കയും കേരളാപൊലീസും കൈകൊടുക്കുന്നു. 'ഓപ്പറേഷൻ ശുഭായാത്ര' എന്ന പേരീലാണ് പദ്ധതി നടപ്പാക്കുന്നത്.വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് വിഭാഗവുമായി ചേർന്നാണ് ഓപ്പറേഷൻ ശുഭയാത്ര നടപ്പാക്കുന്നത്.ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്ലൈനും പരാതികൾ അറിയിക്കാനുള്ള ക്രമീകരണവും ഉറപ്പാക്കി.

നിയമാനുസൃതമല്ലാത്ത റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ് പരാതികളിൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പദ്ധതിക്ക് രൂപം നൽകിയത്. തട്ടിപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. മനുഷ്യക്കടത്ത് തടയുന്നതിന് കേന്ദ്ര സർക്കാറുമായി സഹകരിച്ച് കർശന നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മനുഷ്യക്കടത്ത് സർക്കാർ അതിഗൗരവമായി കാണുന്ന വിഷയമായതിനാൽ ക്രൈംബ്രാഞ്ച് ഐ.ജി നോഡൽ ഓഫിസറായി സ്റ്റേറ്റ് സെൽ പ്രവർത്തിച്ചുവരികയാണ്.

നോഡൽ ഓഫിസറുടെ മേൽനോട്ടത്തിൽ എല്ലാ പൊലീസ് ജില്ലയിലും ആന്റി ഹ്യൂമൻ ട്രാഫിക്കിങ് യൂനിറ്റുകളും രൂപവത്കരിച്ചു. വിദേശത്ത് വീട്ടുജോലിക്ക് പോകുന്നതിന് പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് നിലവിൽ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ല. ഈ യോഗ്യത ഇല്ലാത്തവർക്ക് ക്ലിയറൻസ് ആവശ്യമാണ്. ഇവരെ വിസിറ്റിങ് വിസയിൽ വിദേശത്തുകൊണ്ടുപോയി അവിടെനിന്ന് മറ്റ് രാജ്യങ്ങളിൽ എത്തിക്കുന്നതാണ് അനധികൃത റിക്രൂട്ട്മെന്റ് ഏജൻസികളുടെ രീതി. ഇതിനു തടയിടാനുള്ള ശ്രമവും'ഓപ്പറേഷൻ ശുഭായാത്ര' യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തൊഴിൽ തട്ടിപ്പ് ഇരകളെ നാട്ടിലെത്തിക്കാൻ വിദേശത്തെ എംബസികളും, കോൺസുലേറ്റും, നോർക്കയും നിലവിൽ നൽകുന്ന സഹായത്തിന് പുറമെയാണ ഓപ്പറേഷൻ ശുഭയാത്രയുടെ സേവനം ലഭ്യമാകുക. .സോഷ്യൽ മീഡിയ വഴിയുള്ള റിക്രൂട്ട്‌മെന്റ് തട്ടിപ്പ് തടയാൻ പൊലീസ് സൈബർ വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്തും

വിദേശരാജ്യത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റുകൾ, വിസ തട്ടിപ്പുകൾ എന്നിവ സംബന്ധിച്ച് പ്രവാസി മലയാളികളടക്കം ആർക്കും പരാതികൾ നേരിട്ടറിയിക്കാം. വിസ, തൊഴിൽ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മുഖ്യമന്ത്രി നോർക്ക റൂട്ട്സ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ്, കേരളാ പൊലീസ് എന്നിവരുടെ സംയുക്തയോഗം വിളിച്ചിരുന്നു. ഇതേത്തുടർന്നാണ് ഓപ്പറേഷൻ ശുഭയാത്രക്ക് രൂപം നൽകിയതും പ്രാബല്യത്തിൽ വരുന്നതും.

വിസാതട്ടിപ്പിലും മനുഷ്യക്കടത്തലിലും വളരെ വ്യാപകമായി മലയാളികൾ ചെന്ന് ചാടുന്നതായാണ് പൊലീസ് പറയുന്നത്.കംബോഡിയയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ഏജന്റിനെതിരെ ആലുവ വെസ്റ്റ് ആലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചതാണ് അവസാനത്തെ സംഭവം എങ്കിലം നിരവധി കേസുകൾ പുറത്ത് വരാനുണ്ട് എന്നാണ് പൊലീസിന്റെ നിഗമനം.

ആലുവയിലെ സംഭവത്തിൽ ഏജന്റ് പത്തനംതിട്ട സ്വദേശി അരുൺ കുമാറിനെതിരെ നീറിക്കോട് കണ്ടത്തിൽപറമ്പിൽ സിബിൻ ആന്റണി നൽകിയ കേസിലാണ് അന്വേഷണം. ഇയാൾക്ക് പുറമെ കരിങ്ങാംതുരുത്ത് സ്വദേശി ഉണ്ണിക്കൃഷ്ണൻ എന്നയാൾ കഴിഞ്ഞ ദിവസം വരാപ്പുഴ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയുടെയും കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.

പത്ത് പേരോളം വിസക്ക് പണം നൽകിയിട്ടുണ്ട്. വിസ തട്ടിപ്പിന് ഇരയായവരുടെ എണ്ണം ആലങ്ങാട് മേഖലയിൽ ഇനിയും കൂടുമെന്നാണ് വിവരം. കംബോഡിയയിൽ ടൈപ് റൈറ്റിങ്, കസ്റ്റമർ കെയർ ജോലി തുടങ്ങിയ ജോലികൾക്ക് വിസ വാഗ്ദാനം ചെയ്താണ് യുവാക്കളിൽനിന്ന് അരുൺ കുമാർ മൂന്ന് ലക്ഷം രൂപ വീതം വാങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്.

പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും വിസ ലഭിക്കാതെ വന്നപ്പോഴാണ് ഏജന്റിനെതിരെ തട്ടിപ്പിനിരയായവരിൽ ചിലർ പൊലീസിൽ പരാതി നൽകിയത്. പലരുടെയും പാസ്‌പോർട്ടുകളും മറ്റ് രേഖകളും ഏജന്റിന്റെ കൈവശത്തിലായതും ഇവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.