- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ടൈറ്റാനിയം അഴിമതിയും മുഖ്യമന്ത്രിയും; വേശ്യവൽക്കരിക്കപ്പെടുന്ന മാദ്ധ്യമവിചാരണ
മനുഷ്യൻ ഇന്നേവരെ ആവിഷ്‌കരിച്ച രാഷ്ട്രീയ സംവിധാനങ്ങളിൽ ഏറ്റവും മികച്ചതും താരതമ്യേന കുറ്റമറ്റതും ജനാധിപത്യമാണെന്ന് നാം അവകാശപ്പെടുമ്പോഴും അതിന്റെ സഹജമായ ദൗർബല്യങ്ങൾ വൻ പ്രശ്‌നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുന്നുവെന്നത് നിസ്സാരമായി തള്ളിക്കൂടാ. ആടിനെ പട്ടിയാക്കുന്ന മാദ്ധ്യമവിചാരണയാണ് ഇന്നിന്റെ സാംസ്‌കാരിക കേരളം ആടി തിമിർ
മനുഷ്യൻ ഇന്നേവരെ ആവിഷ്‌കരിച്ച രാഷ്ട്രീയ സംവിധാനങ്ങളിൽ ഏറ്റവും മികച്ചതും താരതമ്യേന കുറ്റമറ്റതും ജനാധിപത്യമാണെന്ന് നാം അവകാശപ്പെടുമ്പോഴും അതിന്റെ സഹജമായ ദൗർബല്യങ്ങൾ വൻ പ്രശ്‌നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുന്നുവെന്നത് നിസ്സാരമായി തള്ളിക്കൂടാ.
ആടിനെ പട്ടിയാക്കുന്ന മാദ്ധ്യമവിചാരണയാണ് ഇന്നിന്റെ സാംസ്‌കാരിക കേരളം ആടി തിമിർക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടത്. 'മുഖ്യൻ മുഖ്യപ്രതി' എന്നതായിരുന്നു മിക്ക ചാനലുകളുടെയും ഫ്‌ളാഷ് ന്യുസ്. അഭിപ്രായസ്വാതന്ത്ര്യവും മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യവും ജനാധിപത്യത്തിന്റെ കാതലാണ്. ഇന്ന് തിമിർത്താടുന്ന മാദ്ധ്യമവിചാരണകളിലൂടെ എത്രയേറെ മനുഷ്യരുടെ ജീവിതങ്ങൾ തകർത്തിരിക്കുന്നു എന്നത് ആരും ഓർക്കുന്നില്ല. ഭരണകൂടങ്ങളുടെ നിഗൂഢ അജണ്ടകളോട് അറിഞ്ഞോ അറിയാതെയോ ചേർന്നുകൊണ്ട് അവ വ്യക്തിഹത്യക്കും വ്യക്തിസ്വാതന്ത്ര്യഹത്യക്കും എത്രതവണ കൂട്ടുനിന്നിരിക്കുന്നു. കള്ളക്കേസിൽ അകപ്പെടുത്തപ്പെട്ട ഒട്ടനേകം യുവാക്കളെ ഒടുവിൽ കോടതി വിട്ടയക്കുമ്പോൾ മുഴച്ചുനിൽക്കാറുള്ളത് ഭരണകൂടത്തിന്റെ അത്യാചാരം മാത്രമല്ല, അതിനു പിന്തുണ നൽകിയ മാദ്ധ്യമങ്ങളുടെ കൊള്ളരുതായ്മ കൂടിയാണ്. ഇന്നിന്റെ 'മാദ്ധ്യമവിചാരണ' നീതിന്യായ കോടതികളെവരെ സ്വാധീനിക്കുമ്പോളും നിരപരാധികൾ അപരാധികളായി മാറുന്നു. നിരപരാധികൾ ക്രൂശിക്കപ്പെടുമ്പോൾ നിയമത്തെ വഴിക്കുവിടുന്നവർ സ്വന്തം അപരാധത്തിനു നിയമത്തെ വഴിതിരിച്ചു വിടുന്നതിനെ ഏത് ആധിപത്യത്തിന്റെ പേരിലാണ് എന്ന് സാധാരണ മനസ്സിന് ഉൾക്കൊള്ളാൻ പ്രയാസമാണ്.
മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യം നിരുപാധികമായിക്കൂടാ എന്നതാണ് സത്യം. പൊതുനന്മക്ക് അത്യാവശ്യമെന്ന നിലക്കാണ് മാദ്ധ്യമ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുള്ളത് അവിടെ മാദ്ധ്യമങ്ങൾക്ക് അനുവദിക്കപ്പെട്ട സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതെയും, നഷ്ടപ്പെടുത്താതെയും കാത്തു സൂക്ഷിക്കക എന്നതായിരിക്കണം ഓരോ മാദ്ധ്യമങ്ങളുടെയും ലക്ഷ്യം. ആ സ്വാതന്ത്ര്യം തിന്മക്കുവേണ്ടി പ്രയോഗിക്കപ്പെടുമ്പോൾ മാദ്ധ്യമങ്ങൾ സ്വന്തം നിലനിൽപിന്റെ ന്യായമാണ് ഇല്ലാതാക്കുന്നത്. അവിടെ അതിർവരമ്പുകൾ കൂടിയേ തീരൂ. ധാർമികതയുടെ മാനദണ്ഡങ്ങൾ നിർണയിക്കാനോ അവ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനോ നമ്മുടെ മാദ്ധ്യമങ്ങൾ പൊതുവെ തയ്യാറാകുന്നില്ല. പല മാദ്ധ്യമങ്ങൾക്കും ഇക്കാര്യത്തിൽ നയം പോലുമില്ല. തങ്ങൾക്ക് കിട്ടിയ അവകാശാധികാരം മുറുകെ പിടിക്കുകയും എന്നാൽ, ഉത്തരവാദിത്തം അവഗണിക്കുകയും ചെയ്യുന്ന ഈ രീതിതന്നെ മാദ്ധ്യമ അധാർമ്മികമാണ്. മാദ്ധ്യമങ്ങൾക്ക് ആഭ്യന്തരതലത്തിൽ ഒരു നിയന്ത്രണസംവിധാനം ഉണ്ടായിരിക്കുക, അതിനെപ്പറ്റി ജനങ്ങളെ അറിയിക്കുക, ധാർമിക മാനദണ്ഡങ്ങൾ പരസ്യപ്പെടുത്തുക എന്നിവ ആവശ്യമായിരിക്കുന്നു.
കഴിഞ്ഞ ദിവസത്തെ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ വിധിയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരെ പ്രതികളാക്കി കേസ്സെടുക്കാൻ വിജിലൻസ് കോടതി ഉത്തരവിടുന്ന തരത്തിൽ പുറത്തുവന്ന വാർത്തയാണ് ചാനലുകൾ മത്സരിച്ച് ആഘോഷമാക്കി മാറ്റിയത്. എന്നാൽ കോടതി വിധി പുറത്തു വന്ന പ്പോൾ മുഖ്യമന്ത്രിക്ക് ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് പറയാനാകില്ല. മറ്റു മന്ത്രിമാരുടെ പേരോ വിധിയിൽ പരാമർശിച്ചിട്ട് പോലുമില്ല. പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി അയച്ച കത്തിൽ കമ്പനിയുടെ പേര് പരാമർശിച്ചിട്ടുണ്ട് എന്ന കാരണത്താൽ മുഖ്യമന്ത്രിക്ക് ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് പറയാൻ കഴിയില്ലെന്നായിരുന്നു കോടതി വിധിയിൽ പറഞ്ഞിരുന്നത്. ഊതി വീർപ്പിക്കപ്പെട്ട ബലൂൺ പോലെ ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞപ്പോൾ തലേദിവസം മത്സരിച്ച് ആഘോഷിച്ചവർക്ക് മിണ്ടാട്ടമില്ലതായി. ഈ കോടതിവിധി എങ്ങനെ നേർവിപരീതമായി വ്യാഖ്യാനിക്കപ്പെട്ടു എന്നതാണ് സാംസ്‌കാരിക കേരളം ഉറ്റുനോക്കുന്നത്. വിജിലൻസ് കോടതി വിധി വളച്ചൊടിച്ച് അതിൽ സർക്കാരിലെ പ്രമുഖരുടെ പേര് ചേർത്ത് വാർത്ത കെട്ടിച്ചമയ്ക്കാൻ തിരക്ക് കൂട്ടിയതിനു പിന്നിൽ ആരൊക്കെ എന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.
ജനാധിപത്യത്തിന്റെ ജീവവായു എന്നനിലയിലാണ് മാദ്ധ്യമങ്ങളുടെ പ്രസക്തി വർദ്ധിക്കുന്നത്. മാദ്ധ്യമരംഗത്തെ ദുഷ്പ്രവണതകൾക്ക് അറുതിവരുത്തുന്ന കൂട്ടത്തിൽ ആശയപ്രചാരണത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഭരണഘടന നൽകുന്ന അവകാശം എത്രത്തോളം ഹനിക്കപ്പെടുമെന്നതും ചിന്താവിഷയമാക്കേണ്ടതുണ്ട്. മാദ്ധ്യമരംഗത്തെ കുത്തകവത്കരണത്തെയും ചീത്ത സ്വാധീനങ്ങളെയും തടയാൻ ആവശ്യമായ നടപടികൾ ഉണ്ടായേ മതിയാകു. കൂടുതൽ കോർപ്പറേറ്റുകൾ മാദ്ധ്യമരംഗത്തേക്ക് കടന്നുവരുകയും അവർ മാദ്ധ്യമങ്ങളിൽ അവിഹിതമായി ഇടപെടുകയും മാദ്ധ്യമശൃംഖലകൾ സ്വന്തമാക്കി കുത്തക സ്ഥാപിക്കുകയും ചെയ്തപ്പോൾ ചൂടുള്ള വാർത്തകൾ അല്പം മസാല ചേർത്ത് വിളമ്പുന്നതിൽ മത്സരിക്കുകയാണ് നവമാദ്ധ്യമങ്ങൾ. രാഷ്ട്രീയാധികാരമുപയോഗിച്ച് വിവിധ പാർട്ടികൾ മാദ്ധ്യമങ്ങളെ ഉപയോഗിക്കുന്ന രീതിയും ഇന്ന് വ്യാപകമാണ്.
പണം വാങ്ങി വാർത്ത നൽകുന്ന 'പെയ്ഡ് ന്യൂസ്' രോഗവും പരസ്യങ്ങൾക്ക് വിലയായി ഓഹരികൾ സ്വന്തമാക്കുന്ന രഹസ്യധാരണകളും എല്ലാം ഇന്ന് മാന്യവല്ക്കരിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിൽ പവിത്രമായി കരുതേണ്ട പൊതുജനാഭിപ്രായങ്ങളെയും ജനതാൽപര്യങ്ങളെയും അവഗണിച്ച് വൻകുത്തകകൾക്ക് വിടുപണിചെയ്യുന്ന സ്ഥിതിയിലേക്ക് മാദ്ധ്യമങ്ങൾ തരംതാഴുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സങ്കുചിത വീക്ഷണങ്ങളുള്ള പാർട്ടികളും സംഘടനകളും മാദ്ധ്യമരംഗത്തെ ദുഷിപ്പിക്കുന്നതിൽ പങ്കുവഹിക്കുന്നുണ്ട് എന്നതാണ് മറ്റൊരു ശാപം.
വിയോജിപ്പുകൾ ഫലപ്രദമായി രേഖപ്പെടുത്താനുള്ള അവകാശം ജനാധിപത്യത്തിന്റെ മർമ്മമായിരിക്കെ മാദ്ധ്യമരംഗത്ത് അവ ക്രിയാത്മകമായി പ്രവർത്തികമാക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. എന്ത് പറയണം, എന്ത് പറയാതിരിക്കണം, എന്ത് എഴുതണമെന്നും എഴുതാതിരിക്കണമെന്നും, എന്ത് അവതരിപ്പിക്കണമെന്നും അവതരിപ്പിക്കാതിരിക്കണമെന്നും തീരുമാനിക്കുന്നത് ആരാണ്? സാംസ്‌കാരിക പൈതൃകം എന്ന അജ്ഞാതവും അദൃശ്യവുമായ അസ്തിത്വത്തിന്റെ തീരുമാനമെടുക്കൽ അധികാരം ശരിയോ തെറ്റോ എന്നത് ചർച്ച ചെയ്യാവുന്നതാണ്.
പണമോ മറ്റു സൗജന്യങ്ങളോ കൈപ്പറ്റി വാർത്തകളും പരിപാടികളും അവതരിപ്പിക്കുന്ന 'പെയ്ഡ് ന്യൂസ്' ഏർപ്പാട് പത്രങ്ങളിലും ചാനലുകളിലും ഇന്ന് ഒരുപോലെ വ്യാപകമാണ്. പൊതുജനത്തിന്റെ അറിയാനുള്ള അവകാശത്തെ വേശ്യവല്ക്കരിക്കുന്ന ഈ ദുഷ്പ്രവണത സമൂഹത്തെ മലീമസമാക്കും. 'പെയ്ഡ് ന്യൂസ് 'എന്ന പകർച്ചാവ്യാധി ഇപ്പോൾ പൂർവാധികം വ്യാപകവും വിനാശകരവുമായിട്ടുണ്ട് എന്നത് ഇന്നിന്റെ യാഥാർത്ഥ്യമാണ്.
രാഷ്ട്രജീവിതത്തിന്റെ രോമകൂപങ്ങളിൽ പോലും അഴിമതി എന്ന മഹാവ്യാധി പടർന്നുകയറിയിരിക്കെ, അത് അനാവരണം ചെയ്യാൻ വ്യഗ്രത കാട്ടുന്ന മാദ്ധ്യമങ്ങളെയും അതേ രോഗം പിടികൂടിയെന്നു പറഞ്ഞാൽ ആരെയാണ് ജനങ്ങൾ വിശ്വസിക്കേണ്ടത്. ആരിലാണ് അവർ പ്രതീക്ഷയർപ്പിക്കേണ്ടത്? സത്യസന്ധമായും സ്വതന്ത്രമായും വാർത്തകൾ വാർത്തകളായിത്തന്നെ ജനങ്ങൾക്ക് നൽകാനും പരസ്യങ്ങൾ പരസ്യങ്ങളായി അവതരിപ്പിക്കാനുമുള്ള പ്രാഥമിക ബാധ്യത നവമാദ്ധ്യമങ്ങൾക്കുണ്ട് എന്ന സത്യം മറക്കരുത്. നിലനിൽപിന് പരസ്യങ്ങളെ ആശ്രയിച്ചേ തീരൂ എന്നത് യാഥാർഥ്യമായിരിക്കെത്തന്നെ, സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും, വഴിപിഴപ്പിക്കുകയും ചെയ്യുന്ന വിധം വാർത്തകൾ മാറ്റിമറിക്കുന്നത് അങ്ങേയറ്റം നിരുത്തരവാദപരവും അധാർമികവുമാണെന്ന സത്യത്തിന് അടിവരയിട്ടേ മതിയാകൂ.
ജനാധിപത്യത്തിന്റെ കാതലാണ് സുതാര്യത. പൗരന്മാരുടെ അറിയാനുള്ള അവകാശത്തിനു തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് മറതീർക്കുന്നത് ജനാധിപത്യ റിപ്പബ്‌ളിക്കിനു ചേർന്നതല്ല. മാദ്ധ്യമങ്ങൾ തങ്ങളുടെ കിടമത്സരത്തിനിടയിൽ ഈ സുതാര്യത നഷ്ടമാക്കുവാൻ കൂട്ടുനില്ക്കരുത്.
ലേഖകൻ ഓർത്തഡോക്‌സ് ടിവിയുടെ സിഇഒ ആണ്.