ചില ടിവി ചാനലുകാർ ഏറ്റവും മികച്ച ജനപ്രതിനിധി, ഏറ്റവും നല്ല മന്ത്രി, ഏറ്റവും മികച്ച മുഖ്യമന്ത്രി എന്നിങ്ങനെ ചിലരെ തിരഞ്ഞെടുത്ത് അവാർഡ് കൊടുക്കുന്നു എന്ന വാർത്ത എന്നെ ഞെട്ടിച്ചു. ഇത്രയും നിരർത്ഥകവും അപകടകരവുമായ കാര്യം വേറെയില്ല. അന്യഥാ ആളുകൾക്ക് മതിപ്പുള്ള ചാനലുകളാണല്ലോ ഇത് ചെയ്യുന്നത് എന്നോർത്തപ്പോൾ കടുത്ത നിരാശയുണ്ടായി. സത്യം പറഞ്ഞാൽ എനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നി. പൊലീസുകാർ കേസെടുക്കുമല്ലോ എന്നോർത്ത് മാത്രമാണ് ഞാനതിനു ശ്രമിക്കാത്തത്.

ഒരുദാഹരണത്തിലൂടെ ഞാൻ വിശദമാക്കാം. ഒരു സ്‌ക്കൂളിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്കുവാങ്ങി പാസാകുന്ന വിദ്യാർത്ഥിക്ക് നല്ലൊരു തുക അവാർഡും വലിയൊരു വേദിയിൽ വച്ച് സ്വീകരണവും കൊടുക്കാൻ ആരെങ്കിലും തീരുമാനിച്ചാൽ അതൊരു നല്ല കാര്യമായി മഹാകാര്യമായിപ്പോലും നാം കണക്കാക്കും. പക്ഷേ ആ സ്‌കൂളിൽ നിന്നു പാസാകുന്നവരെല്ലാം ജസ്റ്റ് പാസുകാരോ തേർഡ് ക്ലാസുകാരോ ആണെങ്കിലോ? ഒരു ഫസ്റ്റ്ക്ലാസ്സ് പോലും നേടാത്ത വിദ്യാർത്ഥിയാണ് ഏറ്റവും കൂടുതൽ മാർക്കിന്റെ പേരിൽ ബഹുമതിയും സ്വീകരണവുമൊക്കെ വാങ്ങുന്നതെങ്കിൽ ഇത്രയും പരിഹാസ്യവും അർത്ഥശൂന്യവുമായ കാര്യമില്ല. ചുരുക്കത്തിൽ പൊതുവായ ഒരു മാനദണ്ഡമില്ലാതെ (ഉദാ. ഫസ്റ്റ്ക്ലാസ്, ഡിസ്റ്റിങ്ഷൻ) തമ്മിൽ ഭേദം തൊമ്മൻ എന്നോ മൂക്കില്ലാത്തിടത്തെ നാമമാത്രമൂക്കുകാരൻ എന്നോ നോക്കി അവാർഡ് കൊടുക്കുന്നത് സമനിലയുള്ള ഒരു സമൂഹത്തിനു യോജിച്ച കാര്യമല്ല.

മുകളിൽ പറഞ്ഞ ഉദാഹരണം ഒന്നുകൂടി പരിഗണിക്കാം. എല്ലാവരും കഷ്ടിച്ച് കടന്നുകൂടുന്ന സ്‌കൂളിലെ വിദ്യാർത്ഥിക്ക് അവാർഡ് കൊടുത്തേ തീരൂ എന്ന് ആർക്കെങ്കിലും മുട്ടലുതോന്നിയാൽ ചെയ്യാവുന്ന യുക്തിസഹമായ കാര്യം അവിടത്തെ പൊതു പിന്നോക്കാവസ്ഥ പരിഗണിച്ച് എല്ലാവർക്കും ഒരുപോലെ സബ്‌സിഡിയായി ചെറിയ ഓരോ തുക കൊടുക്കുക എന്നതാണ്. പക്ഷേ ഈ ജനപ്രതിനിധികൾ ആവശ്യമായ അലവൻസുകളൊക്കെ സ്വയം നിശ്ചയിച്ച് കൈപ്പറ്റുന്നവരും ജീവിക്കാൻ പഠിച്ചവരുമാണ്. ഈ മുതലക്കുഞ്ഞുങ്ങളെ നീന്തലുപഠിപ്പിക്കാൻ ശ്രമിക്കുന്നവർ തന്നെത്താൻ ബഹുമാനിക്കാൻ നോക്കുന്നവരും ഇവരുടെ പ്രീതി സമ്പാദിക്കാൻ ശ്രമിക്കുന്നവരുമാണ്. ഒരു ഫോർത്ത് എസ്‌റ്റേറ്റുകാരും അത് ചെയ്യാൻ പാടില്ല.

ഇത്തരം തിരഞ്ഞെടുപ്പിലും ആദരിക്കലിലും ഒരു മേന്മയും ഇല്ലെങ്കിലും ദൂഷ്യങ്ങൾ, അപകടങ്ങൾ, നഷ്ടങ്ങൾ ഒരുപാടുണ്ട്. തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള ചർച്ചകളും വാദപ്രതിവാദങ്ങളും നടത്തുന്നതിനുവേണ്ടി വരുന്ന ചാനലിന്റെ സമയനഷ്ടം, അതെല്ലാം കേട്ടിരിക്കേണ്ടി വരുന്ന ജനത്തിന്റെ സമയനഷ്ടം, ആളുകൾക്കുണ്ടാകുന്ന തെറ്റിദ്ധാരണകൾ, തുടങ്ങി എത്രയോ നഷ്ടങ്ങൾ. ഏറ്റവും വലിയ അപകടം ഈ രാഷ്ട്രീയക്കാർക്ക് തങ്ങൾ ചെയ്യുന്നതൊക്കെ ധാരാളമാണല്ലോ ഇതു മതി ഇതിലും നന്നാകേണ്ട കാര്യമില്ല എന്ന ധാരണയുണ്ടാകുന്നു എന്നതാണ്. ജനങ്ങളുടെയും ചാനലുകളുടെയും ശ്രദ്ധ പ്രധാന സാമൂഹ്യപ്രശ്‌നങ്ങളിൽ നിന്ന് തിരിഞ്ഞുപോകുന്നു എന്നത് മറ്റൊരു വലിയ അപകടം. ചാനലുകാർക്ക് ഒരിക്കൽ തിരഞ്ഞെടുത്ത നേതാവ് പിന്നീട് കുഴപ്പങ്ങൾ കാട്ടിയാലും ഒരു പരിധിവരെയെങ്കിലും അവരെ ന്യായീകരിക്കേണ്ടി വരും. തീരുന്നില്ല ഓരോ ചാനലുകാരും പത്രസ്ഥാപനങ്ങളും മത്സരിച്ച് ഈ പാത തെരഞ്ഞെടുക്കാനും ഇതൊരു അപകടം പിടിച്ച ട്രെന്റാകാനും സാധ്യത ഏറെയുണ്ട്.

ജനങ്ങൾ എത്ര ക്ലേശം സഹിക്കുമ്പോഴും കാലാകാലങ്ങളിൽ തങ്ങളുടെ അലവൻസുകളും പെൻഷനും നാലിരട്ടി വരെ വർദ്ധിപ്പിച്ച് സ്വയം തീരുമാനമെടുത്ത് തോന്നിയപോലെ പേഴ്‌സണൽ സ്റ്റാഫിനേയും നിയമിച്ച് വാഴുന്ന ഈ യജമാനന്മാരും അവരുടെ പാർട്ടികളും ജനങ്ങളുടെ ശത്രുപക്ഷത്താണ്. ജനങ്ങളുടെ കണ്ണീരും നെടുവീർപ്പും ഭക്ഷിച്ചു കൊഴുക്കുന്ന ഇവരെ ജനം ഉള്ളാലെ ശപിക്കുകയാണ്. ഇക്കൂട്ടരെ ആദരിച്ചും ബഹുമാനിച്ചും ഫൂളാക്കല്ലേ... ജനങ്ങളെ ഫൂളാക്കല്ലേ.

നല്ല കാര്യം ചെയ്യാൻ ചാനലുകൾക്ക് ആത്മാർത്ഥമായ മനസ്സുണ്ടെങ്കിൽ സമൂഹത്തിനുപകാരമുള്ള മഹത്വമുള്ള എത്രയോ വിഷയങ്ങളുണ്ട്. ഗവേഷണങ്ങൾ നടത്തുന്ന, കണ്ടുപിടിത്തങ്ങൾ, മാരകരോഗങ്ങൾക്ക് മരുന്ന്, കാർഷിക ഉപകരണങ്ങൾ, അപകടമില്ലാത്ത കീടനാശിനികൾ, ചെലവുകുറഞ്ഞ വളം, ഇന്ധനം, സൗരോർജ്ജം, കാറ്റിൽ നിന്ന് തിരമാലയിൽ നിന്ന് വൈദ്യുതി, ഇന്ധന ലാഭമുള്ള എഞ്ചിനുകൾ, ബൾബുകൾ....നടത്തുന്നവർക്ക് അവാർഡ് കൊടുക്കാം. വിദ്യാർത്ഥികളുടെ ശാസ്ത്രമേളയിൽ ചെന്ന് അവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാം. ഒരാളെ തെരഞ്ഞെടുത്തല്ലാ നേട്ടങ്ങളുണ്ടാക്കുന്ന എല്ലാവരെയും കണ്ടെത്തണം. സ്വന്തം അവയവം ദാനം ചെയ്യുന്നവരെ ആദരിക്കാം. മറ്റുള്ളവരുടെ അവയവദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന കൂട്ടരെയല്ല ആദരിക്കേണ്ടത്.

ഏറ്റവും മികച്ച മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക എന്ന ആശയമാകട്ടെ നമുക്കു സങ്കൽപ്പിക്കാവുന്നതിൽ വച്ച് ഏറ്റവും കടുത്ത ബാലിശത്തവും പാഴ്‌വേലയും ജനനിന്ദയും കൂടിയാണ്. അതിന്റെ കാരണം ഈ നാടിന്റെ ഇന്നത്തെ അവസ്ഥ തന്നെയാണ്. ഈ അവസ്ഥയുടെ ഉത്തരവാദികൾ ഇവിടം ഭരിച്ച ഗവൺമെന്റുകളും പ്രത്യേകിച്ച് അതിന്റെ തലവന്മാരുമാണ്. മികച്ച മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ, ചത്ത കൊച്ചിന്റെ ജാതകം എന്നും പറയാം. ചാനലുകാരെ പ്രേരിപ്പിക്കുന്ന കാര്യങ്ങളെന്തൊക്കെയാണ്? സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കടമില്ലാത്ത അവസ്ഥ, അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ, ആരോഗ്യരംഗം, മുല്ലപ്പെരിയാർ കരാർ, വിദ്യാഭ്യാസം സ്വകാര്യ സ്വാശ്രയ മാനേജുമെന്റുകൾ, അഴിമതി നിലവാരം, രാഷ്ട്രീയ നേതാക്കളിൽ, ഐഎഎസ്, ഐപിഎസുകാരിൽ, മദ്യാസക്തി, അക്രമങ്ങൾ, സ്ത്രീകൾക്കും ശിശുക്കൾക്കും നേരെ വർഗ്ഗീയത, സാമുദായിക പിന്നോക്ക വിവേചനങ്ങൾ, വ്യവസായം, കൃഷി, വനംകൊള്ള, പൊതുമുതൽ കെവശപ്പെടുത്തൽ, മാഫിയകൾ, സുരക്ഷിതത്വം ഇങ്ങനെ പറഞ്ഞാൽ തീരാത്ത വിഷയങ്ങൾ. ഇവയൊന്നും പെട്ടെന്ന് ഒരു ദിവസം ഒരു ഭരണത്തിൻകീഴിൽ ഉണ്ടായതല്ല. ക്രമാനുഗതമായി കൈവരിച്ച നേട്ടങ്ങളാണ്. ആരും തനിക്കു മുമ്പു ഭരിച്ചവരെ തിരുത്തിയിട്ടില്ല. അവരുടെ തിന്മകളെ കീഴ്‌വഴക്കമാക്കിയിട്ടേയുള്ളൂ. വിദ്യാഭ്യാസ ബില്ലിന്റെ പതിനൊന്നാം വകുപ്പ് നടപ്പാക്കാതിരിക്കൽ, നിയമനങ്ങൾ പിഎസ്‌സിക്ക് വിടാതിരിക്കൽ, ഇല്ലാത്തവർക്ക് ഭൂമികൊടുക്കാതിരിക്കൽ, കുറ്റവാളികൾ ശിക്ഷിക്കപ്പെടാതിരിക്കൽ, ലാവ്‌ലിൻ, പാമോലിൻ പോലുള്ള വൻകിട അഴിമതിക്കേസുകൾ തീരാതിരിക്കൽ. ഒരു മുഖ്യമന്ത്രിയേയും ഒരിഞ്ചുപോലും പിന്നോട്ട് നിർത്താൻ കഴിയില്ല! ആരാണ് കൂടുതൽ യോഗ്യൻ എന്ന് കണ്ടെത്താൻ പ്രയാസം.

ഏറ്റവും ലളിതവും യുക്തിസഹവുമായ ഒരു മാനദണ്ഡമുണ്ട്. നന്നായി ഭരിച്ചിട്ടുള്ള ജനനന്മ വരുത്തിയിട്ടുള്ള ഒരു മുഖ്യമന്ത്രിയുണ്ടെങ്കിൽ അദ്ദേഹത്തിന്റെ പാർട്ടിക്ക് ജനസമ്മതി വർദ്ധിക്കുകയും ആ പാർട്ടി വളരുകയും ചെയ്യുമായിരുന്നു. എന്നാൽ കേരളത്തിൽ ഏതു പാർട്ടിയാണ് വളർച്ച മുരടിക്കാത്തത്. അതേ സമയം ഏതു പാർട്ടിയാണ് സാമ്പത്തികമായി തടിച്ചുകൊഴുക്കാത്തത്.

അവസാനമായി എന്തിനാണ് നമ്മുടെ ചാനലുകൾ മേൽപ്പറഞ്ഞ തരം തെരഞ്ഞെടുപ്പും ആദരിക്കലും നടത്തുന്നത്. മറ്റുനാടുകളിൽ നിലവിലുള്ളതൊക്കെ അനുകരിക്കാനുള്ള ശ്രമംകൊണ്ടാണോ. അതല്ലെങ്കിൽ മുമ്പു നാം കൊട്ടിഘോഷിച്ച കുറെ കേരളാ മോഡലുകൾ ഉണ്ടല്ലോ പിന്നീട് ദുർമാതൃകകൾ എന്ന് തെളിയിക്കപ്പെട്ടവ. അതുപോലെ പുതിയൊരു കേരളാ ദുർമാതൃക സൃഷ്ടിക്കലാണോ ലക്ഷ്യം. ദുർമാതൃകകൾക്കും അനുകരണ ഭ്രമത്തിനും പേരെടുത്തവരാണല്ലോ നമ്മൾ.