1. മത്സരവേദിയിൽ കാഴ്ചക്കാർക്കും മാദ്ധ്യമ പ്രവർത്തകർക്കും പ്രവേശനം കൊടുക്കാതിരിക്കുക. കുട്ടികളുടെ കലാപരീക്ഷയാണ് അവിടെ നടക്കുന്നത്. പരീക്ഷ എഴുതുന്നിടത്ത് ഒരിക്കലും ആൾക്കൂട്ടത്തിനു പ്രവേശനമില്ലല്ലോ.

2. മത്സരവേദിക്കു പുറത്ത് പവലിയൻ ഉണ്ടാക്കി കാഴ്ചക്കാർക്കു വേണ്ടി ക്ലോസ്ഡ് സർക്യൂട്ട് സ്‌ക്രീനിൽ തത്സമയ പ്രദർശനം നടത്താം.

3. ദുരദർശൻ പോലുള്ള ഒരു ചാനലുകാരെകൊണ്ട് എല്ലാ മത്സരങ്ങളും റെക്കോർഡ് ചെയ്യിച്ച് മറ്റു ചാനലുകാർക്കും പത്രക്കാർക്കും വാർത്ത നൽകാനുള്ള സൗകര്യം ഗൺമെന്റ് ഉണ്ടാക്കണം.

4. കലാമേളയോടനുബന്ധിച്ചുള്ള സാംസ്‌കാരിക ഘോഷയാത്രയും മറ്റും മത്സരത്തിന്റെ സമാപന പരിപാടിയായി നടത്തുക. ഇപ്പോഴത്തെ രീതി വച്ച് എല്ലാ പ്രയത്‌നങ്ങളും തയ്യാറെടുപ്പുകളും വിഐപി സാന്നിദ്ധ്യവും ഘോഷയാത്രയോടെ തീരുന്നു. ഏറ്റവും പ്രധാനപ്പെട്ട ഇനമായ മത്സരങ്ങൾ അനാഥവും ഉത്സവം കഴിഞ്ഞ പൂരപ്പറമ്പിലെ കളികളുമായി മാറുന്നു.

5. കൂടുതൽ പോയിന്റ് നേടുന്ന ജില്ലകൾക്കായുള്ള ട്രോഫിയും ഉൾപ്പോരും വേണ്ടന്നു വയ്ക്കണം. ജില്ലകൾ തമ്മിലുള്ള 'ഇഞ്ചോടിഞ്ചു പോരാട്ട' വും മറ്റും എത്ര ബാലിശമാണ്. മത്സരത്തിന്റെ യഥാർത്ഥ നിലവാരവും കുട്ടികൾ തമ്മിലുള്ള സൗഹൃദവും വർദ്ധിക്കാൻ അതുപേക്ഷിക്കുന്നതാണ് നല്ലത്.

6. കലോത്സവ ക്യാമ്പിൽ നൽകുന്ന ഭക്ഷണം ഭേദപ്പെട്ടതായിരുന്നാൽ മതി. സദ്യയോ പായസത്തിന്റെ എണ്ണമോ അല്ലല്ലോ പ്രധാനം.

7. ഏഷ്യയിലെ ഏറ്റവും മുഴുത്തത്, കലയുടെ മാമാങ്കം എന്നെല്ലാമുള്ള വിഡ്ഢിപ്പൊങ്ങച്ചങ്ങളും ദുരഭിമാനഭ്രാന്തും ഉപേക്ഷിച്ചാൽ തന്നെ കുട്ടികളും അവരുടെ കലയും രക്ഷപെടും.

8. ഗ്രേസ്മാർക്ക് വേണോ, മറ്റു തരത്തിലുള്ള പ്രോത്സാഹനങ്ങൾ മതിയോ എന്നും, ഇപ്പോൾ ഗവൺമെന്റ് ആലോചിക്കുന്നതു പോലെ പല മേഖലകളിൽ വച്ച് ഒരാഴ്ചത്തെ ഇടവേള കൊടുത്ത് മത്സരം നടത്തണോ എന്നും ആലോചിക്കാവുന്നതാണ്.

പക്ഷേ ഏറ്റവും പ്രധാനപ്പെട്ടതും ഗവൺമെന്റ് അടിയന്തിരമായി ചെയ്യേണ്ടതുമായ കാര്യങ്ങൾ ഈ കുറിപ്പിന്റെ ആദ്യം പറഞ്ഞവയാണ് എന്ന് ഊന്നിപ്പറയേണ്ടിയിരിക്കുന്നു.

രക്ഷകർത്താക്കളുടെ നടുവൊടിക്കുന്ന പണച്ചെലവ് ഒഴിവാക്കാം

ഭരതനാട്യം പോലുള്ള മത്സര ഇനങ്ങൾക്ക് അരലക്ഷത്തോളം രൂപ ഓരോ മത്സരാർത്ഥിക്കും ചെലവു വരും എന്നു പറഞ്ഞു കേൾക്കുന്നു. പ്രധാനമായും ചമയങ്ങൾക്കു വേണ്ടിയാണിത്.

നൃത്തത്തിന്റെ നിലവാരം നിർണ്ണയിക്കാൻ പൂർണ്ണമായ വേഷ, ഭൂഷകൾ അത്യാവശ്യമില്ല. ചിലങ്കയും മുഖത്തെഴുത്തും, സാധാരണ തുണികൊണ്ടുള്ള വെള്ള പൈജാമയും ടോപ്പും മതിയാകും,

ഏറ്റവും ശാസ്ത്രീയതയും ചിട്ടയുള്ള കഥകളിയിൽ പോലും ഗുരുക്കന്മാർ ഈ രീതിയിൽ ചൊല്ലിയാട്ടം നടത്തിയാണ് ശിഷ്യരുടെ യോഗ്യത നിർണ്ണയിക്കുന്നത്.

വായ്പാട്ടും പക്ക മേളവും

ഒരേ ചോദ്യക്കടലാസു നൽകിയാണല്ലോ കുട്ടികളെ പരീക്ഷ എഴുതിക്കുന്നത്. ഒരേ നൃത്തം നടത്തിച്ചാലേ കുട്ടികളുടെ യഥാർത്ഥ കഴിവ് നിശ്ചയിക്കാനാകൂ. ജഡ്ജസിന് വിലയിരുത്തൽ നടത്താനും ഇതാണ നല്ലത്. ഓരോ വർഷവും ഏതു കൃതിയാണ് അവതരിപ്പിക്കേണ്ടത് എന്ന് ഗവൺമെന്റ് നേരത്തെ പ്രഖ്യാപിക്കണം. ഒന്നോ രണ്ടോ എണ്ണം ആകാം.

വിദഗ്ദ്ധരായ ഗായകരെയും മേളക്കാരെയും വച്ച് പിന്നണി ചെയ്യിച്ച് സിഡിയും ഇറക്കണം. ഈ സിഡി ഇട്ട് കുട്ടികൾ നൃത്തം ചെയ്യുക. പിന്നണിക്കാരുടെ പ്രകടനം എല്ലാ മത്സരാർത്ഥികൾക്കും ഒരു പോലെ പ്രയോജനപ്പെടാൻ ഇതു സഹായിക്കും. കലോത്സവക്കാലത്ത് പിന്നണി വിദഗ്ദ്ധർ നടത്തുന്ന സാമ്പത്തിക കൊള്ളയും ചരടു വലികളും മറ്റും ഇതോടെ അവസാനിക്കും. മത്സരാർത്ഥികളക്ക് എന്തൊരു ആശ്വാസമായിരിക്കും.

ഏറ്റവും പ്രധാനപ്പെട്ട നേട്ടം, മത്സരത്തിനു മാർക്കിടുന്ന ജഡ്ജസിന് ചിന്താക്കുഴപ്പമില്ലാതെയും മത്സരിക്കുന്ന കുട്ടിക്കു മാത്രവും മാർക്കിടാൻ കഴിയുന്നു എന്നതാണ്. ഇപ്പോഴത്തെ രീതിയിൽ പിന്നണിക്കാരും വേഷഭൂഷാദികളുമാണ് നിർണ്ണായമാകുന്നത്. കുട്ടിയുടെ പ്രകടനമല്ല.

ഗ്രേസ് മാർക്കും ഒന്നും രണ്ടും മൂന്നു സ്ഥാനങ്ങളും വേണ്ടന്നു വച്ചാൽ ഗ്രേസ് മാത്രം നിർണ്ണയിക്കുക കലയിൽ യാഥാർത്ഥ താൽപ്പര്യമുള്ളവരും ഭാവിയിൽ ഈ രംഗത്തു നിൽക്കുന്നവരും മാത്രം മത്സര രംഗത്തു വരുന്ന അവസ്ഥ ഉണ്ടാകും. അതോടെ ഇപ്പോഴത്തെ ആക്രാന്തവും ബഹളവും നിലവാരത്തകർച്ചയും ഒഴിവാകും.