- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറുടമകൾ സഹതാപം അർഹിക്കുന്നുണ്ടോ? കൂട്ടക്കുറ്റവാളി സംഘത്തിൽ പുണ്യാളനുണ്ടാവുക എങ്ങനെയാണ്? സുധീരൻ അസുഖം വന്നതിനുശേഷം മദ്യപാനം നിർത്തിയ വ്യക്തിയാണോ? ഇതാ 'ബിജുരമേശ് ബോംബിന്' ശേഷമുള്ള ചില വീണ്ടുവിചാരങ്ങൾ
"ഈച്ച ചാവുമ്പോഴുള്ള വാർത്ത പൂച്ച ചാവുംവരെ; പൂച്ച ചാവുമ്പോഴുള്ള വാർത്ത പട്ടി ചാവും വരെ". ഈ രീതിയിലാണ് കേരളത്തിന്റെ വാർത്താ സംസ്‌ക്കാരം. പട്ടി ചത്താൽ പിന്നെ പൂച്ചയെ ആരും ഓർക്കാറുമില്ല. ഒരു ദിവസം സരിതയാണ് ഹൂദ് ഹൂദ് കൊടുങ്കാറ്റായി ആഞ്ഞടിക്കയെങ്കിൽ അടുത്ത ദിവസം നിലോഫറായി പി.സി ജോർജായിരിക്കും എത്തുക. ഇടക്ക് ചില പുതിയ സുനാമികളും ഉണ്ടാവു
"ഈച്ച ചാവുമ്പോഴുള്ള വാർത്ത പൂച്ച ചാവുംവരെ; പൂച്ച ചാവുമ്പോഴുള്ള വാർത്ത പട്ടി ചാവും വരെ". ഈ രീതിയിലാണ് കേരളത്തിന്റെ വാർത്താ സംസ്‌ക്കാരം. പട്ടി ചത്താൽ പിന്നെ പൂച്ചയെ ആരും ഓർക്കാറുമില്ല. ഒരു ദിവസം സരിതയാണ് ഹൂദ് ഹൂദ് കൊടുങ്കാറ്റായി ആഞ്ഞടിക്കയെങ്കിൽ അടുത്ത ദിവസം നിലോഫറായി പി.സി ജോർജായിരിക്കും എത്തുക. ഇടക്ക് ചില പുതിയ സുനാമികളും ഉണ്ടാവും. അതിലൊരാളാണ് ഇപ്പോൾ കേരള മന്ത്രിസഭയെ പിടിച്ചിലുക്കുന്ന, തിരുവനന്തപുരത്തുകാർക്കേവർക്കും അറിയാവുന്ന 'രമേശൻ കൺട്രാക്ടറുടെ' മകൻ ഡോ. ബിജു.
ചാനലുകളിൽ വന്നിരുന്ന് നിർഭയം, യാതൊരു സങ്കോചവുമില്ലാതെ ഒരു അബ്ക്കാരി വർഗീയത പറയുന്നുണ്ടെന്ന് ഒരുസുഹൃത്ത് ഫോൺചെയ്ത് അറിയിച്ചതിന്റെ ഭാഗമായി, അസംബന്ധങ്ങൾ ലൈവായി കാണുമ്പോൾ കിട്ടുന്ന സുഖം ആസ്വദിക്കാനായി, ടെലിവിഷൻ പെട്ടന്ന് ഓണാക്കിയപ്പോഴാണ് ബിജുരമേശ് എന്ന 'വേദനിക്കുന്ന കോടീശ്വരനെ' ആദ്യമായി കണ്ടത്. മദ്യത്തിലെ വർഗീയതയായിരന്നു ബിജുവിന്റെ അന്നത്തെ ലഘുപ്രഭാഷണ വിഷയം. അടച്ചുപൂട്ടിയ 416 ബാറുകളിൽ ഏറെയും ഈഴവരുടെതാണെന്നും കത്തോലിക്കരുടെ ബാറുകൾ തുറന്ന് പ്രവർത്തിക്കയാണെന്നും വിനു. വി. ജോണിനെപ്പോലൊരു പുലിയായ ആങ്കറുടെ മുന്നിൽവച്ച് ബിജു പറയുമ്പോൾ സത്യത്തിൽ സഹതാപമാണ് തോന്നിയത്. 'കച്ചോടം പൂട്ടിയപ്പോൾ വട്ടായിപ്പോയി' എന്ന പാട്ട് അന്വർഥമായതയുപോലെ. ഈ സാക്ഷരസുന്ദര മതേതര കേരളത്തിൽ, എന്തും ഏതും അവസാനം വർഗീയതയിലാണല്ലോ അവസാനിക്കയെന്ന് ചിന്തിച്ചുകൊണ്ടാണ് അന്നുരാത്രി ഉറങ്ങിയത്.
പക്ഷേ പിറ്റേന്ന് ഒരു മുതിർന്ന പത്രപ്രവർത്തൻ പൂട്ടിയ ബാറുകളുടെ ലിസ്റ്റും അതിന്റെ ഉടമകളുടെ പേരും അയച്ചുതന്നപ്പോഴാണ് ബിജു പറയുന്നതിൽ ഭാഗികമായി സത്യമുണ്ടെന്ന് ബോധ്യപ്പെട്ടത്. ഫോർസ്റ്റാർ ഫെസിലിറ്റിയുണ്ടായിട്ടും 'ഈഴവ ബാറു'കൾക്ക് നിലവാരമില്ല. കാലിത്തൊഴുത്തുപോലുള്ള 'കത്തോലിക്കാ ബാർ' നിർബാധം പ്രവർത്തിക്കുന്നുമുണ്ട്. (സത്യത്തിൽ ഇതായിരുന്നു കോടതി കണ്ടെത്തേണ്ട ഭരണഘടനാപരമായ വിവേചന വിഷയം!) പിറ്റേന്നുണ്ട് ബിജു ഒരു ചാനലിൽ വന്നിരുന്ന് കുറേക്കുടി വ്യക്തമായി പറയുന്നു. കേരളാ കോൺഗ്രസ് നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കുമുള്ള ബാറുകളൊക്കെ തുറന്നെന്നും ഞങ്ങളുടെ കാര്യം പറയാൻ ആരുമില്ലെന്നും. അന്ന് തോന്നിയതാണ്, ഈ ബിജു ആള് ചില്ലറക്കാരനല്ലെന്ന്.
അതു ശരിയാണെന്ന് കാലം തെളിയിച്ചു. സരിതയുടെ ഓട്ടോഗ്രാഫ് വാങ്ങാൻ ജനം ക്യൂ നിന്ന ഈ നാട്ടിൽ ഇതുപോലൊരു ബോംബ് പൊട്ടിച്ച ബിജുവിനെയും വലിയ താരപദവിതന്നെയാണ് കാത്തിരിക്കുന്നത്. കുറിക്കുകൊള്ളുന്ന രീതിയിൽ കാര്യമാത്ര പ്രസക്തമായി സംസാരിച്ച് മീഡിയയെ നന്നായി മാനേജ്‌ചെയ്യാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്. സ്ഥിരമായി കുറ്റവാളികളെ ചോദ്യംചെയ്യുന്ന പൊലീസുകാർക്ക്, ഒരുത്തൻ മൊഴി നൽകുന്ന ശരീരഭാഷ അവലോകനം ചെയ്താൽ മതി, ഒരു നുണപരിശോധയുടെയും ആവശ്യമില്ലാതെ സത്യം മനസ്സിലാക്കാൻ. സ്ഥിരമായി ഫ്രോഡുകളുടെ പത്രസമ്മേളനങ്ങൾ അറ്റൻഡ്‌ചെയ്യാൻ വിധിക്കപ്പെട്ട, മാദ്ധ്യമപ്രവർത്തകർക്കും ഈ കഴിവ് കിട്ടും. ആ രീതിയിൽ നോക്കുമ്പോൾ, മന്ത്രി മാണി അഞ്ചുകോടി ആവശ്യപ്പെട്ടെന്നും ബാറുടമകൾ ഒരുകോടി കൊടുത്തുവെന്നുമുള്ള ബിജുരമേശിന്റെ ആരോപണം അവിശ്വസിക്കേണ്ട കാര്യമില്ല. മറിച്ച് കെ.എം മാണിയുടെയും ഉമ്മൻ ചാണ്ടിയുടെയും ശരീരഭാഷ നോക്കുക. അവർ പറയുന്നത് പച്ചക്കള്ളമാണെന്നും എന്തൊക്കെയോ തങ്ങൾക്ക് ഒളിക്കാനുണ്ടെന്നും ഒരു നാർക്കോ അനാലിസ്സ് ടെസ്റ്റുമില്ലാതെ അവരുടെ മുഖവും അഡ്രിനാലിൻ ഗ്രന്ഥികളും ലോകത്തോട് വിളിച്ചു പറയുന്നു.പക്ഷേ അതുകൊണ്ട്മാത്രം ബാറുടമകൾ സഹതാപം അർഹിക്കുന്നുണ്ടോ.[BLURB#1-H]
കൂട്ടക്കുറ്റവാളി സംഘത്തിൽ പുണ്യാളനുണ്ടോ?
പക്ഷേ കോഴക്കാര്യം സത്യമാണ് എന്ന ഒറ്റക്കാരണംകൊണ്ട് ബിജുരമേശടക്കമുള്ളവർ പൊതുസമൂഹത്തിനുമുന്നിൽ പുണ്യാളൻ ചമയാൻ ശ്രമിച്ചാൽ, അതിനെ അവജ്ഞയോടെ തള്ളിക്കളയേണ്ടിവരും. ബാർമുതലാളിമാരെപ്പോലെ ഇത്രക്ക് തട്ടിപ്പും തരികിടയും അറിയുന്ന കള്ളത്തിരുമാലികൾ കേരളത്തിൽ വേറെയുണ്ടോയെന്ന് സംശയമാണ്. വെറും കൃമിയും കീടവുമായിട്ടല്ലാതെ മദ്യപാനിയെ എന്നെങ്കിലും നിങ്ങൾ ഉപഭോക്താവായി കണ്ടിട്ടുണ്ടോ. അളവിലും തൂക്കത്തിലും തൊട്ട് മദ്യത്തിന്റെ നിലവാരത്തിൽവരെ സകലതിലും ഈ ബാറുകളിൽ കൃത്രിമമാണ്. പെഗ്ഗ് അളക്കുന്ന ഗ്‌ളാസുകൾ അരക്കിട്ട് ഒട്ടിച്ച് ചെറുതാക്കിയാണ് അളവിൽ തട്ടിപ്പ് കാട്ടുക.രണ്ടു പെഗ്ഗ് കഴിഞ്ഞാൽ മാഹിയിൽനിന്നുള്ള ലോക്കൽ ബ്രാൻഡുകളാണ് പൂശുക. തൊട്ടു നക്കാൻ കൊടുക്കുന്ന അച്ചാറ് കാണണം. ലോകത്തിൽ ഇത്രയും ഒരു വൃത്തികെട്ട ഭക്ഷണം ഉണ്ടാവില്ല. ചർദിലും മൂത്രവും മലവും സ്ഖലനാവശിഷ്ടങ്ങളുമൊക്കെയായി അതിഗംഭീരമാണ് ഇവിടങ്ങളിലെ മൂത്രപ്പുര. ഇനി പ്രതികരിച്ചാലോ. ഗുണ്ടകളായിരക്കും നേരിടാൻ വരിക. ശമ്പളക്കുടിശ്ശിക ചോദിച്ചതിനെ കോഴിക്കോട്ടെ കുപ്രസിദ്ധമായ ഒരു ബാറിൽ ഒരു സപ്ലയർ പയ്യനെ ഗുണ്ടകൾ തല്ലിക്കൊന്നെന്ന് അഞ്ചാറുവർഷംമുമ്പ് കേട്ടിരുന്നു. ആ വീരന്മാരൊക്കെയാണ് ഇന്ന് ബാർ പൂട്ടിയപ്പോഴുണ്ടായ തൊഴിലാളി ആത്മഹത്യകളുടെ പേരിൽ രംഗത്തത്തെിയിരന്നത്! മുതലാളിമാരുടെ ഈ തൊഴിലാളി സ്‌നേഹം കാണുന്ന ആരും ഒന്നും കഴിക്കാതെ പൂസായിപ്പോവും.
25രൂപക്ക് കിട്ടുന്നത് നൂറുരുപക്ക് വിൽക്കാൻ കഴിയുന്ന, ഇത്രയും ലാഭമുള്ള ബിസിനസ് കേരളത്തിൽ ഏതാണുള്ളത്. അല്ലാതെ വെറുതെയാണൊ ഇവർ ഒരു കോടി കൈക്കുലി കൊടുത്തത്. ഇനി കേസുനടത്താനും, മറ്റ് നേതാക്കൾക്ക് കൊടുക്കാനുമൊക്കെയായി പിരിച്ചെടുത്ത 15 കോടിയുടെയും ഭാരം പേറേണ്ടതും പാവം കുടിയന്മാരാണ്. നികുതിവെട്ടിച്ചും മദ്യത്തിൽ കൃത്രിമം കാട്ടിയും ബാറുകാർ അത് ഈടാക്കിക്കോളും. ഇങ്ങനെ കുന്നുകൂട്ടിവച്ചതെടുത്തതാണ് ഇപ്പോൾ മന്ത്രിക്കടക്കം ഇട്ടുകൊടുക്കുന്നതും. അല്ലാതെ ബിജുരമേശടക്കമുള്ളവർ തങ്ങളുടെ തറവാട്ട് സ്വത്തിൽനിന്ന് നയാപൈസ എടുക്കുന്നില്ല. അഞ്ചു കോടി കൊടുത്തിട്ടുണ്ടെങ്കിൽ അതിന്റെ അഞ്ചിരട്ടി മുതലാക്കാൻ അറിയുന്നവരാണിവർ.[BLURB#2-VR]
എക്‌സൈസുകാരും, രാഷ്ട്രീയക്കാരും, ബാറുടുമകളും ചേർന്ന് വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഒരുവലിയ തട്ടിപ്പിന്റെ ഒരറ്റം മാത്രമാണ് ബിജുരമേശ് അറിയാതെ പറഞ്ഞുപോയത്. എന്നാൽ കാര്യങ്ങൾ ഇതിലും എത്രയോ വഷളാണ്. കേരളത്തിലെ എതാണ്ട് എല്ലാ ബാറുകളിലും എക്‌സൈസ് ഉദ്യോഗസ്ഥർക്കും അവർ കൊണ്ടുവരുന്ന പരിവാരങ്ങൾക്കും മുറിയും മദ്യവും സൗജന്യമാണെന്ന് ആർക്കാണ് അറിയാത്തത്. പണ്ട് പൊലീസുകാർ പ്രൈവറ്റ് ബസിൽ ടിക്കറ്റെടുക്കാത്തപോലെ ഏക്‌സൈസുകാർക്ക് വർഷങ്ങളായുള്ള അവകാശമാണിത്. കൃത്യമായി ബാറുകാർ മാസപ്പടി എക്‌സൈസ് ഓഫീസുകളിൽ എത്തിക്കുന്നുമുണ്ട്. (അങ്ങേയറ്റം മാന്യനായ പി.കെ ഗുരുദാസൻ മന്ത്രിയായിട്ടുപോലും ഇത് നിർത്താനായിട്ടില്ല. പിന്നെയാണോ, എട്ടും പൊട്ടും തിരിയാത്തപോലെ സംസാരിക്കുന്ന മന്ത്രി ബാബു!) മണിച്ചന്റെ മാസപ്പടി ഡയറിപോലെ ഒരു ആധുനിക അബ്ക്കാരിയുടെ ഡയറി പുറത്തായാൽ അതോടെ ഉമ്മൻ ചാണ്ടി മന്ത്രിസഭ വീഴും. സമ്മേളനം,തെരഞ്ഞെടുപ്പ് ഫണ്ട്, പ്ലീനം ആനചേനയൊന്നൊക്കെ പറഞ്ഞ് തുക്കടാനേതാക്കൾവരെ കയറിയിറങ്ങുമ്പോൾ ബാർമുതലാളിമാർ എന്തുചെയ്യും. അവർ നന്നായി ചെക്കെുഴിതിക്കൊടുത്തിട്ട്, കുടിയന്റെ പോക്കറ്റടിക്കും. (ഇതുകൊണ്ടൊക്കെയാണ് ബാറിലെ മദ്യത്തിന് വില കുത്തനെ ഉയരുന്നത്. അല്ലാതെ നാം സ്വന്തമായി വാറ്റിക്കുടിക്കയാണെങ്കിൽ പെഗ്ഗിന് പത്തുരൂപപോലും വരില്ല!)
ഇനി പറയട്ടേ, കൈക്കൂലി വാങ്ങുന്നതുപോലെ കൊടുക്കുന്നതും കുറ്റകരമാണല്ലോ? നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഒരു കുറ്റകൃത്യം അറിഞ്ഞുകൊണ്ട് മൂടിവെ ക്കുന്നതും കുറ്റകരമാണ്. ആ രീതിയിൽ നോക്കുമ്പോൾ മന്ത്രി മാണിയെപ്പോയെതന്നെ ഈ കേസിൽ കുറ്റവാളികളാണ് ബിജുരമേശും സഹ ബാർമേറ്റ്‌സും. ഈ കൂട്ട കുറ്റവാളി സംഘത്തെ ഒന്നിച്ചുവേരറുക്കാനുള്ള നടപടികൾ ആലോചിക്കയാണ് ബഹുമാനപ്പെട്ട കോടതി ചെയ്യേണ്ടത്.
സുധീരനും സദാചാര പൊലീസും
ഏതാണ്ട് ഒന്നു രണ്ട് മാസംമുമ്പ് ഏഷ്യാനെറ്റിൽ അവതാരകൻ വിനു വി. ജോണുമായുള്ള വാർത്താ ചർച്ചക്കിടെ ബിജുരമേശ് ഇതുപോലൊരു അടിയടിക്കുന്നത് കണ്ട് സർവരും ഞെട്ടിയിരുന്നു. ടി.എൻ പ്രതാപനൊക്കെ ലൈവിലിരുന്ന് പതിവുപോലെ ആദർശം തട്ടിവിടുമ്പോൾ ബിജു തുറന്നടിച്ചു. കെപിസിസി പ്രസിഡന്റ് വി എം സുധുരൻ മുമ്പ് മദ്യപിച്ചിരുന്ന ആളായിരുന്നെന്നും പിന്നീട് അസുഖം വന്നപ്പോൾ നിർത്തിയതാണെന്നും! തനിക്ക് സുധീരനെ ദീർഘകാലമായി അറിയാമെന്നും ബിജു പറഞ്ഞതോടെ അവതാരകൻ വിനു അടക്കമുള്ള സർവരും പതിറി. അത്തരം വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടക്കാൻ കഴിയില്ലെന്ന്, പരിഭ്രമത്തോടെ പറഞ്ഞ് വിനു വിഷയം മാറ്റുകയായിരുന്നു. ഇതുകേട്ടതോടെ അപ്പുറത്ത് ചർച്ചക്കിരിക്കുന്ന ടി.എൻ പ്രതാപൻ അനാവശ്യം പറയരുതെന്നും മറ്റും പറഞ്ഞ് ബഹളമുണ്ടാക്കുന്നതും കണ്ടു. അന്ന് ഇന്നത്തെപോലെ ക്രഡിബിലിറ്റി ബിജുവിന് ഇല്ലാത്തതുകൊണ്ട് ഈ ലേഖകനൊക്കെ കരുതിയത് വിഷയംമാറ്റാനുള്ള ബാറുകാരുടെ സ്റ്റണ്ടാണിതെന്നാണ്.[BLURB#3-VL]
പക്ഷേ ഇപ്പോൾ തിരുഞ്ഞുനോക്കുമ്പോൾ തോനുന്നു മാണിസാറിനോട് ഉന്നയിച്ചതിനേക്കാൾ ഗുരുതരമായ ആരോപണമായിപ്പോയില്ലേ ഇതെന്ന്. കാരണം അമ്മുടെ ഗർഭപാത്രത്തിൽനിന്ന് പുറത്തുവന്ന കാലം തൊട്ട് താൻ മദ്യ വിരുദ്ധനായിരുന്നു എന്ന മട്ടലാണല്ലോ സുധീരന്റെ വർത്തമാനങ്ങൾ. മാത്രമല്ല, ഇമേജ് വർധിപ്പിക്കുക എന്ന സുധീരന്റെ ഒറ്റ ഈഗോയാണ,് ഏഴുതൊഴിലാളികളുടെ മരണത്തിന് വരെ ഇടയാക്കിയ ഈ പ്രശ്‌നങ്ങൾ അത്രയും ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ ബിജുവിന്റെ ആരോപണത്തിന് മറുപടിപറയേണ്ട ബാധ്യതയും സുധീരന് ധാർമ്മികമായുണ്ട്.
മദ്യപിക്കുകയും മദ്യപിക്കാതിരക്കയും ഒരാളുടെ വ്യക്തിപരമായകാര്യമാണ്. ഒരിക്കൽ മദ്യപിച്ചിരുന്നു എന്ന കാരണം കൊണ്ട് ഭാവിയിൽ ഒരാൾക്ക് മദ്യവിരുദ്ധ നിലപാട് എടുക്കാൻ പാടില്ല എന്നുമില്ല. മാത്രമല്ല, മദ്യപിച്ചിരുന്ന ഒരാൾക്ക്മാത്രമാണ് അതിന്റെ ദൂഷ്യഫലങ്ങൾ നന്നായി അറിയുകയും. പക്ഷേ ഇവിടെ പ്രശ്‌നം സത്യസന്ധതയുടേതാണ്. താൻ മദ്യം കണ്ടിട്ടുപോലുമില്ല എന്ന രീതിയൽ വ്യക്തി ജീവിതത്തിലെ ഇസ്തരിവടിവുകൾ നിലനിർത്താൻ എല്ലായിപ്പോളും സുധീരൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അത് ശരിയാണെങ്കിൽ ഒരു ഡീ അഡിക്ഷൻ സെന്ററിൽപോയാലും ചികിൽസ കിട്ടാത്ത ലഹരി ഭ്രമമാണത്. എനിക്ക് ഷുഗറാണ് അതിനാൽ വീട്ടിലാരും പഞ്ചസാര കഴിക്കരുതെന്ന കാരണവർ കോംപ്ലക്‌സ് ഇവിടെ വർക്കൗട്ടാവുന്നു. ഈ ചിന്തയുടെ മറ്റൊരു രീതിയാണ്, കേരളത്തിൽ ഇന്നുകാണുന്ന സദാചാര പൊലീസ്. ഞങ്ങൾക്കില്ലാത്ത ഒരുകാര്യം മറ്റൊരാൾക്ക് കിട്ടുന്നതിലെ ശുദ്ധമായ അസൂയ. അങ്ങനെയല്ലെന്ന് ചെറുപ്പക്കാരെക്കൊണ്ട് പറയിപ്പിക്കണ്ടില്‌ളെങ്കിൽ, നിജസ്ഥി പറയേണ്ടത് സുധീരൻ തന്നെയാണ്.
വാൽക്കഷ്ണം: ആദ്യം എങ്ങനെയെിലും തട്ടിക്കുട്ടി ഒരു ബാർതുടങ്ങുക. പിന്നെ ജൂവലറിയായി, ആശുപത്രിയായി, സ്വാശ്രയ കോളജായി. കുമിഞ്ഞുകൂടുന്ന പണത്തിൽ കുറച്ച് ജീവകാരണ്യ പ്രവർത്തനങ്ങളിലേക്കും മറ്റും മാറ്റിവച്ച് അബ്ക്കാരിയെന്ന പേര് കളയുക. പിന്നെ, പത്മശ്രീയും അവാർഡുകളുമൊക്കെ നിങ്ങളെ തേടിവരും. അങ്ങനെവരുമ്പോൾ ബിജു രമേശിനെയാക്കെ നാം ആദരിക്കുന്ന കാലം വരും. എന്തുചെയ്യാൻ കേരളമൊരു വെള്ളരിക്കാപ്പട്ടണമായിപ്പോയില്ലേ?