ദ്യമായി വിദേശത്ത് പോയത് ഭൂട്ടാനിലാണ്. ഫുണ്ട് ഷോബിങ് എന്ന അതിർത്തി നഗരത്തിൽ ന്യൂജൽപായ്ഗുരി റയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടു മണിക്കൂർ യാത്രയുണ്ടായിരുന്നു എന്നാണോർമ്മ. അവിടുന്ന് തിരിച്ചുള്ള ട്രെയിൻ യാത്രയൊഴിച്ചാൽ മറ്റ് ഓർമ്മകൾ അധികമൊന്നുമില്ല ആ യാത്രയെപ്പറ്റി. ഗുവാഹട്ടിയിൽ നിന്നും ഡൽഹിയിലേക്ക് വരുന്ന ഏതോ ട്രെയിനാണ്. ഒടുക്കത്തെ തിരക്കും. ടിക്കറ്റ് റിസർവേഷൻ ഒന്നുമില്ല. ട്രെയിൻ പ്ലാറ്റ്‌ഫോമിലെത്തിയപ്പോൾ എല്ലാ കമ്പാർട്ട്‌മെന്റിന്റെ പുറത്തും റിസർവ്ഡ് എന്നെഴുതി വച്ചിരിക്കുന്നു. ഉടനെ ടി ടി യെക്കണ്ട് കാര്യം തിരക്കി. അവസാനത്തെ രണ്ട് കമ്പാർട്ട്‌മെന്റുകൾ അൺറിസർവേഡ് ആണ്, ചെന്ന് കയറിക്കൊ എന്ന് ഉത്തരവും കിട്ടി. അവിടെ ബോഗിയുടെ പുറത്ത് അകത്തുള്ള വിദ്വാന്മാർ ചോക്ക് കൊണ്ട് വെറുതെ എഴുതിവച്ചതാണ് റിസേർവേഡ് എന്ന്. ടി ടി പറഞ്ഞതനുസരിച്ച് അവിടെ കയറാൻ ചെന്നപ്പോൾ വാതിൽ അല്പമൊന്ന് അടച്ചുപിടിച്ച് അകത്തുള്ളവർ ഞങ്ങളെ കയറ്റാതിരിക്കാൻ ശ്രമിച്ചു. കഷ്ടപ്പെട്ട് കയറിക്കഴിഞ്ഞും ഒന്നുരണ്ടു മണിക്കൂർ നേരത്തേക്ക് അവർ ഞങ്ങളെ മൈൻഡ് ചെയ്യാതെ അകറ്റിനിർത്തി. പിന്നെ പതുക്കെപ്പതുക്കെ ചെറിയ ചിരിയായി, കമ്പനിയായി, ചീട്ടുകളിയായി.

ട്രെയിൻ ബീഹാറിലെത്തിയപ്പോൾ യാത്രക്കാർ തള്ളിക്കയറാതെ ഡോർ തള്ളിപ്പിടിക്കാൻ മുൻപന്തിയിൽ നിന്നത് ജൽപായ്ഗുരിയിൽ നിന്നുകയറിയ ആൾക്കാരായിരുന്നു. ഇത് വെറുമൊരു ട്രെയിൻ യാത്രയുടെ മാത്രം കഥയല്ല, മനുഷ്യചരിത്രമാണ്. ലോകത്തെ എല്ലാ മനുഷ്യരും ആഫ്രിക്കയിൽ നിന്നും കുടിയേറിവന്നതാണെന്ന് ശാസ്ത്രം പറയുന്നു. പല കാലങ്ങളിലായി അവർ പല ദേശത്തേക്ക് പലായനം ചെയ്തു. ചിലർ ഭക്ഷണം തേടി, ചിലർ യുദ്ധത്തെ ഭയന്ന്, മറ്റു ചിലർ പ്രകൃതിദുരന്തങ്ങൾ കാരണം. ഇതെല്ലാം ഇപ്പോഴും ലോകത്ത് തുടരുന്നു. പണ്ടുകാലത്ത് നാടുവിട്ടവർ ഭൂമിയുടെ മുകളിൽ വരകളൊക്കെ വരച്ച് അതിർത്തികൾ തിരിച്ച് കമ്പാർട്ട്‌മെന്റിലെ യാത്രക്കാരെപ്പോലെ വാതിലും തള്ളിപ്പിടിച്ചിരിക്കുന്നു. ആഫ്രിക്കയിൽ നിന്നും വെങ്ങോല വരെയെത്തിയ എന്റെ ജനിതകചരിത്രം ശാസ്ത്രീയമായി പരിശോധിച്ചറിഞ്ഞ (http://www.mathrubhumi.com/technology/science/article-1.337508)  എനിക്ക് ലോകമെമ്പാടും മറുനാടുകളിൽ നിന്ന് ജോലി അന്വേഷിച്ചോ, യുദ്ധം പേടിച്ചോ ഒക്കെ വരുന്നവരോട് തന്നാട്ടുകാർ വിവേചനബുദ്ധിയോടെ പെരുമാറുന്നതു കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്. ലോകമെമ്പാടും നടന്ന് ജോലിചെയ്ത് പണം സമ്പാദിച്ച് കേരളത്തിലെത്തിക്കുന്ന മലയാളികൾ, കേരളത്തിലെത്തുന്ന ബംഗാളികളെക്കുറിച്ച് പുച്ഛത്തോടെ സംസാരിക്കുന്നതു കേൾക്കുമ്പോൾ ദേഷ്യവും വരാറുണ്ട്.

എന്നാലിത് കേരളത്തിലെ മാത്രം കഥയൊന്നുമല്ല കേട്ടോ. യു കെ യിലെ ബ്രെക്‌സിറ്റിന്റെ സമയത്ത് അവിടെ സ്ഥിരതാമസമാക്കിയ ഏറെ ഇന്ത്യക്കാർ ബ്രെക്‌സിറ്റിന് അനുകൂലമായിരുന്നു ('the Indian Workers' Association had voted for 'leave', and so did less welloff and more recent Indian immigrants, എന്നാണ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് ). പോളണ്ടിൽ നിന്നും മറ്റും കൂടുതൽ കുടിയേറ്റക്കാർ വന്ന് 'തന്നാട്ടുകാരുടെ' തൊഴിലവസരങ്ങൾ കുറയ്ക്കുന്നതിലും, അതുപോലെ ടർക്കിയിൽ നിന്നും ആളുകൾ വന്നേക്കാമെന്നതിലും അവർ ആശങ്കാകുലരും രോഷാകുലരുമാണ്. അമേരിക്കയിൽ ഇപ്പോൾ വരുന്ന നിയന്ത്രണങ്ങളെയും മെക്‌സിക്കൻ മതിലിനെയും പറ്റിയൊക്കെ ആ നാട്ടിൽ ഉള്ളവരുടെ സർവേ നടത്തിയാൽ മലയാളി അമേരിക്കക്കാരുടെ വോട്ട് എവിടെയായിരിക്കുമെന്ന് ബ്രെക്‌സിറ്റ് ഒരു സൂചന നൽകുന്നുണ്ട്.

യുദ്ധവും ദുരന്തവും ഒക്കെയാണ് ലോകത്ത് പലയിടത്തും വൻ തോതിൽ കുടിയേറ്റത്തിന്
വഴി തെളിക്കുന്നത്. കേരളം യുദ്ധവും വലിയ പ്രകൃതിദുരന്തങ്ങളുമൊന്നും ഉള്ള നാടല്ല. 1492 ലാണ് ചരിത്രത്തിൽ കേരളത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തമുണ്ടാകുന്നത്. മുസിരിസ് എല്ലാം മുങ്ങിപ്പോയത് അന്നാണ്. യുദ്ധമാകട്ടെ, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ടിപ്പുസുൽത്താൻ നടത്തിയ പടയോട്ടമാണ്. പക്ഷെ കൂടുതൽ മലയാളികളും നാടുകടന്നത് ഇരുപതാം നൂറ്റാണ്ടിലാണ്. ശ്രീലങ്കയിലേക്ക്, മലേഷ്യയിലേക്ക്, സിംഗപ്പൂരിലേക്ക്, ഗൾഫിലേക്ക്, യൂറോപ്പിലേക്ക്, പിന്നെ അമേരിക്കയിലേക്കും. ഇവരെല്ലാം തന്നെ സാമ്പത്തിക കാരണങ്ങളാൽ അവിടെ എത്തിപ്പറ്റിയവരാണ്. ഗൾഫിൽ ഒക്കെ ജോലി ചെയ്യുമ്പോൾ അവിടെ പല കമ്പനികളിലും രണ്ടു തരം കോൺട്രാക്ട് ഉണ്ട് (Eastern Hire and Western Hire). ഒരേ ജോലി ചെയ്യുന്ന ഇന്ത്യാക്കാർക്കോ പാക്കിസ്ഥാൻകാർക്കോ കൊടുക്കുന്ന ശമ്പളത്തിന്റെ ഇരട്ടിയാണ് അതേ ജോലി ചെയ്യുന്ന ആസ്‌ട്രേലിയക്കാരനോ ബ്രിട്ടീഷുകാരനോ കൊടുക്കുന്നത്. അപ്പോൾ ശമ്ബളം ഇരട്ടിക്കാൻ വേണ്ടിമാത്രം ആസ്‌ട്രേലിയൻ പാസ്സ്‌പോർട്ട് സംഘടിപ്പിക്കുന്നവരുണ്ട്. അതുപോലെ പാശ്ചാത്യരാജ്യങ്ങളിൽ കുട്ടികളെ പഠിക്കാൻ വിടുമ്പോൾ അവർ അവിടുത്തെ പി ആർ (permenant residents) ആണെങ്കിൽ ഫീ പലപ്പോഴും നാലിലൊന്നോ അതിൽ കുറവോ ആയിരിക്കും. അതൊക്കെ കാരണം പി ആറിന് അപേക്ഷിക്കുന്നവരും ഉണ്ട്.

പുതിയതായി കാനഡയിലേക്കോ ആസ്‌ട്രേലിയയിലേക്കോ കുടിയേറാനായി ഒരു മലയാളി ശ്രമിച്ചു എന്നിരിക്കട്ടെ. 'ഇപ്പോൾ പഴയതുപോലെ അവസരങ്ങളില്ല, മോശം കാലാവസ്ഥയാണ്, വംശീയതയുണ്ട്' എന്നിങ്ങനെ പല കാരണങ്ങൾ പറഞ്ഞ് ഇപ്പോൾ അവിടെയുള്ളവർ ഇവരെ പരമാവധി നിരുത്സാഹപ്പെടുത്താൻ നോക്കും. എന്നാലും കുടിയേറുന്ന മലയാളികൾ ആയിരത്തിൽ ഒന്നുപോലും തിരിച്ചുവരുന്നില്ല. ഒരു അഞ്ചുവർഷം കഴിഞ്ഞാൽ ജൽപായ്ഗുരിയിലെ യാത്രക്കാരെപ്പോലെ പുതിയതായി എത്താൻ ശ്രമിക്കുന്നവരോട് അവരും പറയും, 'ഇപ്പോൾ പഴയപോലെ ഇവിടെ വലിയ ചാൻസൊന്നും ഇല്ല കേട്ടോ' എന്ന്. എന്നാലും താല്പര്യമുള്ളവർക്ക് വേണ്ടി കുറെ കാര്യങ്ങൾ പറയാം.

മൂന്നു തരത്തിലാണ് മലയാളികൾ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. പെർമനന്റ് റെസിഡൻസ് (പി ആർ) അല്ലെങ്കിൽ പാസ്സ്‌പോർട്ട് എടുക്കുന്നവരുടെ കാര്യമാണ് ഇവിടെ പറയുന്നത്. അതുകൊണ്ടാണ് ഗൾഫ് ചർച്ചയിൽ വരാത്തത്).

1. ഇന്ത്യയിലോ മറ്റു രാജ്യങ്ങളിലോ ഇരുന്നുകൊണ്ട് ആസ്‌ട്രേലിയ, ന്യൂസിലാൻഡ് കാനഡ എന്നീ രാജ്യങ്ങളിൽ പി ആർ ന് അപേക്ഷിക്കും. ഇവർക്കെല്ലാം കൃത്യമായ ചില നിബന്ധനകളും സിസ്റ്റവും ഉണ്ട്. (http://www.cic.gc.ca/english/, http://www.autsralia.gov.au/informationandservices/immigrationandvisas/migrationtoautsralia,  https://www.immigration.govt.nz/newzealandvisas). അവർക്ക് ആവശ്യമുള്ള ചില തൊഴിലുകളിൽ നിങ്ങൾക്ക് ആവശ്യമായ സ്‌കിൽ ഉണ്ടെങ്കിൽ ശ്രമിച്ചു നോക്കാവുന്നതാണ്. നിങ്ങളുടെ പ്രായം, വിദ്യാഭ്യാസം, ഇംഗ്ലീഷ്, തൊഴിൽ പരിചയം എല്ലാം ചേർന്ന ഒരു സ്‌കോർ വച്ചിട്ടാണ് നിങ്ങളുടെ അപേക്ഷ പരിശോധിക്കുന്നത്. (ഇതിന് സഹായിക്കുന്ന പല ഏജൻസികൾ ഉണ്ട്. പക്ഷെ, സൂക്ഷിച്ചു വേണം ഇടപെടാൻ)

2. പഠനത്തിനോ ജോലിക്കോ മറ്റൊരു രാജ്യത്ത് ചെല്ലുന്നവർ, അവിടെ കുറച്ചുനാൾ താമസിച്ചുകഴിഞ്ഞാൽ ആ രാജ്യങ്ങളിലെ നിയമമനുസരിച്ച് പെർമനന്റ് റെസിഡൻസിനോ, വിസക്കോ അപേക്ഷിക്കുന്നു. ഇതിനും കൃത്യമായ നിയമങ്ങളുണ്ട്. എത്ര കാലം താമസിച്ചിരിക്കണം, ഭാഷയിൽ എത്ര പ്രാവീണ്യമുണ്ട്, ആ രാജ്യത്തിന്റെ ചരിത്രത്തെ പറ്റി എന്തറിയാം എന്നിങ്ങനെ. (https://www.gov.uk/becoming-a-british-citizen/check-if-you-can-apply)

3. പഠിക്കാനോ സന്ദർശനത്തിനോ ആയി മറ്റു രാജ്യങ്ങളിൽ ചെന്ന്, അവിടെനിന്നും മുങ്ങി, അല്ലെങ്കിൽ ബോട്ടിലോ ട്രക്കിലോ കയറി ഈ രാജ്യങ്ങളിൽ എത്തിപ്പറ്റി, അവിടെ കുറേനാൾ നിയമവിരുദ്ധമായി താമസിച്ച് പിൽക്കാലത്ത് അവിടുത്തെ പാസ്സ്‌പോർട്ട് കൈയിലാക്കുന്ന ഒരു ചെറിയ കൂട്ടം മലയാളികളുമുണ്ട്.

ഇന്ത്യക്ക് പുറത്തേക്ക് ആദ്യമായി പോകുന്ന ഭൂരിഭാഗം മലയാളികളോടും ചോദിച്ചാൽ പറയുന്ന ഒരു കാര്യമുണ്ട്. 'ഞാനവിടെ സ്ഥിരമായൊന്നും നിൽക്കാൻ പോകുന്നതല്ല. അഞ്ചോ പത്തോ വർഷം അവിടെ നിൽക്കണം, അത്യാവശ്യം പണമുണ്ടാക്കണം, പിന്നെ തിരിച്ച് നാട്ടിൽ വന്ന് സെറ്റിൽ ചെയ്യണം.' ഇതാണ് ഭൂരിഭാഗത്തിന്റെയും ചിന്ത എങ്കിലും യൂറോപ്പിലോ അമേരിക്കയിലോ ഒക്കെപ്പോയി അവിടെ സ്ഥിരതാമസമാക്കാൻ അവസരം കിട്ടുന്ന പത്തിൽ ഒൻപത് പേരും ആ അവസരം പാഴാക്കാറില്ല. അത് അവർ ഹിപ്പോക്രറ്റുകൾ ആയതുകൊണ്ടൊന്നുമല്ല. ആദ്യമവർ പറഞ്ഞത് ആത്മാർഥമായി തന്നെയാണ്. എന്നാൽ കാലം കഴിയുമ്പോൾ സാഹചര്യങ്ങൾ മാറുന്നതോടെ കുട്ടികളുടെ വിദ്യാഭ്യാസ, തൊഴിലവസരങ്ങൾ അവിടെ കൂടുതലുണ്ടെന്ന് കാണുന്നു, കുടുംബത്തിലെ സ്ത്രീകൾ കേരളം പോലെ ഒരു പുരുഷ കേന്ദ്രീകൃതവും, സ്ത്രീകൾക്ക് ഏറെ നിയന്ത്രണങ്ങളും, സദാചാരപൊലീസുമുള്ള ഒരു നാട്ടിലേക്ക് തിരിച്ചുവരാൻ താല്പര്യം കാണിക്കാതിരിക്കുന്നു. വീട് വാങ്ങുന്നു, വലിയ തുക ടാക്‌സായി അടച്ച് സോഷ്യൽ സെക്യൂരിറ്റി സിസ്റ്റത്തിൽ പങ്കാളികളാകുന്നു. കുട്ടികൾ അവിടെ സെറ്റിലാകുന്നു, അതോടെ നാട്ടിൽ തിരിച്ചുവരാനുള്ള പദ്ധതിയും തീരുന്നു. കാരണം എന്തായാലും മിക്കവാറും ആളുകൾക്ക് കുടിയേറ്റം ഒരു 'passport of convenience' ആണ്. അതുകൊണ്ടുതന്നെ പുതിയതായി ഇന്ത്യക്ക് പുറത്ത് പാശ്ചാത്യരാജ്യങ്ങളിൽ പോകുന്നവരോട് എനിക്കു പറയാനുള്ളത് ഇതാണ്.

1. ഞാൻ അഞ്ചുവർഷം കഴിയുമ്പോൾ തിരിച്ചുവരും എന്നമട്ടിൽ ഒരു തീരുമാനവും എടുക്കാതിരിക്കുക. നിങ്ങൾക്കും കുടുംബത്തിനും കൂടുതൽ അവസരങ്ങൾ എവിടെയുണ്ടോ അവിടെ താമസിക്കുക. നിങ്ങൾ എത്രകാലം എവിടെ താമസിച്ചാലും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയല്ലാതെ മറ്റൊരു ടീമിനെയും സപ്പോർട്ട് ചെയ്യില്ല. അപ്പോൾ ഒരു മനഃസാക്ഷിക്കുത്തും ഉണ്ടാകേണ്ട കാര്യമില്ല.

2. വികസിതരാജ്യങ്ങളിൽ വീട് വാടകക്കെടുക്കുന്നതിന്റെ പകുതി കാശ് മതി വീടു വാങ്ങി അതിന്റെ മാസവരി അടക്കാൻ. അഞ്ചുവർഷം കഴിഞ്ഞ് തിരിച്ചുപോരും എന്ന കണക്കുകൂട്ടലിൽ അവിടെ വീടു വാങ്ങാതെ കാലാകാലം വാടക കൊടുത്ത് വെറുതെ കാശ് കളയരുത്. അതുപോലെതന്നെ നിങ്ങൾ എപ്പോൾ നാട്ടിൽ തിരിച്ചുവന്നാലും ഒരു ഫ്‌ലാറ്റ് വാങ്ങാൻ ഇപ്പോൾ ഒരാഴ്ച പോലും വേണ്ട. അപ്പോൾ ഈ പത്തുവർഷം കഴിഞ്ഞ് നാട്ടിൽ വരുമ്പോൾ താമസിക്കാൻ സ്ഥലമോ, വീടോ, ഫ്‌ലാറ്റോ വാങ്ങി ഇപ്പോഴേ കാശ് കുഴിച്ചിടരുത്.

3. നിങ്ങൾ താമസിക്കുന്ന രാജ്യത്ത് സ്ഥിരതാമസത്തിനോ പാസ്സ്‌പോർട്ടിനോ
അവസരങ്ങൾ വന്നാൽ ആ തീരുമാനം നീട്ടിവെക്കരുത്. കഴിഞ്ഞയാഴ്ച അമേരിക്കയിൽ കണ്ടതുപോലെ കുടിയേറ്റ നിയമങ്ങൾ മാറിമറിയാൻ ഒരു ദിവസം മതി. മറ്റൊരു രാജ്യത്തിന്റെ പാസ്സ്‌പോർട്ട് എടുത്താൽ നമ്മുടെ രാജ്യസ്‌നേഹം കുറയുമെന്നൊന്നും കരുതേണ്ട. നമ്മുടെ പ്രധാനമന്ത്രിയൊക്കെ അമേരിക്കയിൽ ചെന്ന് പ്രസംഗിക്കുമ്പോൾ 'ഭാരത് മാതാ കീ ജയ്' വിളിക്കുന്ന വലിയ ഒരുകൂട്ടം ജനങ്ങൾ മിക്കവാറും ഗ്രീൻകാർഡ് ഉള്ളവരോ അവിടുത്തെ പൗരത്വം നേടിയവരോ ഒക്കെയാണ്. ഇപ്പോൾ ഈ ഫേസ്‌ബുക്കിൽ തന്നെ കേരളത്തിലെ ഭരണത്തെ പറ്റിയൊക്കെ ഘോരഘോരം വിമർശിക്കുന്ന പലരും മറ്റു രാജ്യങ്ങളിലെ പൗരന്മാരായ
മലയാളികളാണ്.

4. വിദേശത്തേക്ക് പോകുന്നതിനു മുൻപുതന്നെ ആ നാട്ടുകാരുമായി സമന്വയിച്ച് പോകാനുള്ള തയ്യാറെടുപ്പോടെ വേണം ചെല്ലാൻ. അവിടുത്തെ ഭാഷ പഠിക്കുക, അവരുടെ സംസ്‌കാരം മനസ്സിലാക്കാൻ ശ്രമിക്കുക, അവിടെയെത്തിയാൽ അകന്നുമാറി നിൽക്കാതെ അവരുമായി കൂട്ടുകൂടുക. ഇതൊന്നും അഞ്ചുവർഷത്തേക്ക് മാറ്റിവെക്കേണ്ട കാര്യങ്ങളല്ല.

5. കാനഡയിലേക്കും ഓസ്‌ട്രേലിയയിലേക്കും ഒക്കെ മൈഗ്രേറ്റ് ചെയ്യാൻ ശ്രമിക്കുന്നവർ അവിടുത്തെ തൊഴിലവസരങ്ങൾ, നമ്മുടെ ഡിഗ്രിയുടെ അവിടുത്തെ സ്വീകാര്യത, കാലാവസ്ഥ ഇതെല്ലാം നോക്കിവേണം അന്തിമ തീരുമാനമെടുക്കാൻ.

6. മൈഗ്രേഷന്റെ ആദ്യത്തെ രണ്ടു മുതൽ അഞ്ചുവരെ വർഷങ്ങളാണ് ഏറ്റവും
കടുപ്പമുള്ളത്. ഇത് നിങ്ങളുടെ സാമ്പത്തിക ഭദ്രതയേയും, കുടുംബബന്ധത്തെയും, മാനസികനിലയെയും വരെ എടുത്തുകുലുക്കും. ഇതിലെല്ലാം നല്ല 'ശാക്തീകരണം' നടത്തിയിട്ടുവേണം അങ്ങോട്ട് യാത്ര തിരിക്കാൻ.

7. കുടിയേറിച്ചെല്ലുന്ന രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളിൽ നിന്നും ഒരു ഡിഗ്രി ഉണ്ടായിരിക്കുന്നതാണ് അവിടുത്തെ ലേബർ മാർക്കറ്റ് ക്രാക്ക് ചെയ്യാനുള്ള എളുപ്പവഴി. ബ്രൂണെയിൽ എന്റെ പല സഹപ്രവർത്തകരും തങ്ങളുടെ മക്കളെ ആസ്‌ട്രേലിയയിൽ പഠിപ്പിച്ച് അവിടെ ജോലിയൊക്കെ ആയതിനുശേഷം അവരുടെ പിറകെയാണ് കുടിയേറ്റം നടത്തുന്നത്. ഗൾഫിലുള്ളവർക്കും പരീക്ഷിക്കാവുന്ന
രീതിയാണിത്.

8. പാശ്ചാത്യരാജ്യങ്ങളിൽ ജോലിക്കെത്തുന്ന പലർക്കും അവരുടെ പങ്കാളികൾക്ക് ജോലിക്കുള്ള വർക്ക് പെർമിറ്റ് ഇല്ല എന്നത് വലിയൊരു പ്രശ്‌നമാണ്. അതേസമയം ആ നാട്ടിലെ ഒരു യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനത്തിനു ചേരുന്നത് ഏറ്റവും നല്ല കാര്യമാണ്. ഭാഷ പഠിക്കുന്നതോടൊപ്പം നെറ്റ് വർക്കും രൂപപ്പെടും. ആ നാട്ടിൽ വിലയുള്ള യോഗ്യത കിട്ടും, കുടുംബത്തിൽ സമാധാനം ഉണ്ടാകും.

ഇത്രയൊക്കെ പറഞ്ഞതുകൊണ്ട് ഞാൻ മലയാളികളൊക്കെ അന്യരാജ്യങ്ങളിലേക്ക്
കുടിയേറണമെന്ന അഭിപ്രായമുള്ള ആളാണെന്ന് തെറ്റിദ്ധരിക്കരുത് കേട്ടോ. എന്നാൽ നമ്മുടെ പഠനത്തിനും യോഗ്യതക്കും അനുസരിച്ചുള്ള ജോലികൾ ചെയ്യാൻ എവിടെയാണോ അവസരം ലഭിക്കുന്നത് അവിടെപ്പോയി അത് ചെയ്യാതിരിക്കുന്നത് നിങ്ങൾക്കോ, കുടുംബത്തിനോ, കേരളത്തിനോ, ലോകത്തിനോ ഗുണകരമല്ല താനും. ആസ്ബസ്റ്റോസ് എന്ന മാരക വസ്തുവിന്റെ അനാലിസിസിൽ വിദഗ്ദ്ധനായ ഒരാൾക്ക് ഇംഗ്ലണ്ടിൽ ദിവസം നാനൂറു പൗണ്ട് ഫീ കിട്ടും. അതേ മലയാളി നാട്ടിൽ വന്നാൽ ഇവിടെ ആസ്ബസ്റ്റോസ് ഒരു മാരകവസ്തുവാണെന്ന് നമ്മൾ അംഗീകരിച്ചിട്ടുപോലും ഇല്ല, അപ്പോൾപ്പിന്നെ അവർക്ക് കേരളത്തിൽ തൊഴിലൊന്നുമില്ല.
അനവധി വിഷയങ്ങളിൽ ഉന്നത ബിരുദമോ തൊഴിൽ പരിശീലനമോ ഒക്കെ നേടിയവരുടെ കാര്യം ഇതാണ്. മെഡിക്കൽ ഫീൽഡിലും മാർക്കറ്റിങ്ങിലും ഒന്നുമല്ലതെ നല്ല വിദ്യാഭ്യാസവും കഴിവുമുള്ള മലയാളികൾക്ക് തൽക്കാലം കേരളത്തിൽ വലിയ അവസരം ഒന്നുമില്ല. ഏതെങ്കിലുമൊക്കെ കാലത്ത് ഉന്നതവിദ്യാഭ്യാസമുള്ളവർക്കും കേരളത്തിൽ അവസരങ്ങൾ വരും, എല്ലാ തൊഴിലുകൾക്കും വേണ്ടത്ര ഡിഗ്‌നിറ്റി ഉണ്ടാവുകയും ചെയ്യും. അന്ന് കേരളത്തിലേക്ക് തൊഴിൽ അന്വേഷിച്ച് വരുന്നവരുടെ മുൻനിരയിൽ മലയാളികൾ തന്നെയായിരിക്കുകയും ചെയ്യും. അതുകൊണ്ട് ഈ പ്രവാസികളെ ഒക്കെ ഒരു ബ്രെയിൻ ബാങ്ക് ആയി എടുത്താൽ മതി.

മുൻപ് പറഞ്ഞതുപോലെ മലയാളി എവിടെ പോയാലും മനസ്സിൽ ഇത്തിരി കൊന്നപ്പൂവും
അല്പം കമ്മൂണിസവും ഒക്കെ കാണും. ലോകത്തെവിടെയിരുന്നും ഏത് പാസ്സ്‌പോർട്ട് കയ്യിൽ വച്ചും കേരളത്തിലെ സമൂഹത്തെപ്പറ്റിയും ഭരണത്തെപ്പറ്റിയുമൊക്കെ അവർ അഭിപ്രായപ്പെടുന്നതും ദേഷ്യം പിടിക്കുന്നതും അതുകൊണ്ടാണ്. അതിൽ നമുക്ക് അഭിമാനം മാത്രം മതി. കാരണം സ്വന്തം നാട്ടിൽനിന്നും ഏതെങ്കിലും കാരണവശാൽ ഓടിപ്പോയവരോ ആട്ടിപ്പായിച്ചവരോ ഒന്നുമല്ല അവർ. അവർക്കെല്ലാം കേരളത്തോടുള്ള സ്‌നേഹം ഇപ്പോഴും മനസ്സിലുണ്ട്. അന്ത്യശ്വാസം വരെയുണ്ടാകുകയും ചെയ്യും.

ആട്ടെ, ചേട്ടനിപ്പോൾ ഇന്ത്യക്കാരനാണോ അല്ലയോ?

എട്ടുവർഷം സ്ഥിരമായി താമസിച്ചാൽ സ്വിറ്റ്‌സർലാൻഡിൽ പാസ്സ്‌പോർട്ട് കിട്ടുമായിരുന്നു. സ്വിസ്സ് പാസ്സ്‌പോർട്ട് ലോകത്തിലേറ്റവും സൗകര്യപ്രദമായതാണ്. ലോകത്തെ നൂറ്റി എഴുപത്തി രണ്ടു രാജ്യങ്ങളിൽ പോകാൻ അവർക്ക് വിസ വേണ്ട. ഇന്ത്യൻ പാസ്സ്‌പോർട്ടുമായി നമ്മളുടെ ഭൂരിഭാഗം അതിർത്തി രാജ്യങ്ങളിൽ പോലും വിസയില്ലാതെ പോകാൻ പറ്റില്ല. ആ അർത്ഥത്തിൽ
ഏറ്റവും കൺവീനിയന്റ് ആയ പാസ്സ്‌പോർട്ട് ആണ് സ്വിറ്റ്‌സർലാൻഡിലേത്. ഞാനിപ്പോൾ ജനീവയിൽ പതിനാലു വർഷമായി. എന്നിട്ടും ഇപ്പോഴും ഇന്ത്യൻ പാസ്സ്‌പോർട്ടുമായിത്തന്നെയാണ് നടക്കുന്നത്.

അതെന്താ ചേട്ടാ?

അനിയനിപ്പോൾ പത്രമൊന്നും വായിക്കാറില്ലേ, ബ്രിട്ടീഷ് പാസ്സ്‌പോർട്ടുള്ളതിനാൽ
പഞ്ചാബിലെ ഒരു മുൻ മന്ത്രിക്ക് അസ്സംബ്ലി ഇലക്ഷന് മത്സരിക്കാൻ പറ്റിയില്ല എന്നു വായിച്ചില്ലേ?   (http://www.hindustantimes.com/punjab/not-an-indian-congress-leader-avtar-henry-s-vote-cancelled-again-cannot-contest-punjab-polls/story-eSGIbtNyzZB8oHN1OrQXbJ.html)

ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം പാസ്സ്‌പോർട്ടിലുമുണ്ട്.

ലേഖകന്റെ അഭിപ്രായം അല്ല