പ്പോൾ ...ചു...രീ..ദാർ ആണ് പുതിയ ഫാഷൻ എന്ന് കേട്ടല്ലോ ഭവാനിയേ?..... നിന്റെ... മോളെന്നാണ് ...ചു...രീ..ദാർ ഇടാൻ തുടങ്ങുന്നത് ?'

ഗോപാലേട്ടൻ, രണ്ടു വിരലുകൾ ചുണ്ടിൽ ചേർത്ത് അതിനിടയിലൂടെ, വായിലെ മുറുക്കാൻ വഴിയരികിലേക്ക് നീട്ടി തുപ്പിക്കൊണ്ട് ചോദിച്ചു.

'ദേ...ഗോപാലേട്ടാ....ഒരുമാതിരി...ചൊറീന്ന വർത്തമാനം പറയല്ലേ.... നിങ്ങൾക്കും ഇല്ലേ, പതിനെട്ട് വയസ്സായ ഒരു കൊച്ചുമോള്? ആദ്യം അവളെ 'ചു...രീ..ദാർ' ഇടീക്ക്... എന്റെ മോളുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം.'

അപമാനിതയായ ഭവാനിചേച്ചി തിരിച്ചടിച്ചു.

കൃത്യമായ വർഷം ഓർമ്മ ഇല്ല, എഴുപതുകളുടെ അവസാനമോ, എൺപതുകളുടെ തുടക്കത്തിലോ ആണ്.

അമ്മയുടെ കൂടെ കറുകച്ചാൽ കവലയിൽ നിന്നും (കോട്ടയം ജില്ല) വീട്ടിലേക്കു നടന്നു വരികയാണ്. കൂടെ ഭവാനി ചേച്ചിയും ഉണ്ട് (യഥാർത്ഥ പേരല്ല), അപ്പോളാണ് വഴിയിൽ ഗോപാലേട്ടനെ കണ്ടത്. അന്ന് എനിക്ക് കഷ്ടിച്ചു ഏഴു വയസ്സ് പ്രായം കാണും. അന്നൊന്നും നാട്ടിൻ പുറത്തു ചുരിദാർ പ്രചാരത്തിൽ ഇല്ല.

ചുരിദാർ എന്നാൽ അന്നൊക്കെ പലർക്കും ആഭാസകരമായ ഒരു വസ്ത്രമായിരുന്നു.

നമ്മുടെ സംസ്‌കാരത്തിനു നിരക്കാത്ത വസ്ത്രം എന്നൊക്കെ അന്ന് പറഞ്ഞിരുന്നത് ചുരിദാറിനെയാണ്.

പട്ടണത്തിൽ ഒക്കെ ചുരിദാർ ഇടാൻ തുടങ്ങി.

ചുരിദാറിനെ ഏറ്റവും 'മോഡേൺ' ഫാഷൻ ആയി ക്കാണുന്ന സമയം.

ഇത് അതിശയോക്തി ആയി പുതിയ തലമുറയിലെ കുട്ടികൾക്ക് തോന്നാം.

ഇതു മനസ്സിലാകണമെങ്കിൽ ഇപ്പോൾ ഇതേപോലെ ഒരു ചുറ്റുപാടിൽ ഈ 'ചുരിദാർ' എന്ന വാക്ക് മാറ്റി 'ലെഗ്ഗിങ്‌സ്' അല്ലെങ്കിൽ 'ഷോർട്‌സ്' എന്നാക്കി ഒന്ന് പറഞ്ഞു നോക്കിക്കേ? (ഉദാഹരണത്തിന് നിന്റെ മോളെന്നാ 'ലെഗ്ഗിങ്‌സ്' ഇടുന്നേ?) നാട്ടിൻപുറത്തൊക്കെ ഇതേപോലെയുള്ള പ്രതികരണം ആയിരിക്കും. അല്ലേ?

ഒരു ഇരുപതു വർഷം കഴിയുമ്പോൾ അതൊക്കെ ഒരു തമാശ ആകും.

ഫാഷൻ തരംഗങ്ങൾ അങ്ങിനെയാണ് പോകുന്നത്. എഴുപതുകളുടെ ആദ്യപകുതിയിൽ ജനിച്ചതുകൊണ്ട് എനിക്ക് പല തരത്തിലുള്ള വേഷ വിധാനത്തിലുള്ള മാറ്റങ്ങൾ കാണാൻ സാധിച്ചിട്ടുണ്ട്.

അമ്മൂമ്മയിൽ (അച്ഛന്റെ, അമ്മയുടെ അമ്മ) നിന്ന് തുടങ്ങാം. ഇട്ടിയമ്മ എന്നായിരുന്നു അമ്മൂമ്മയുടെ പേര്. അമ്മൂമ്മയെക്കുറിച്ചുള്ള ഓർമ്മ വെള്ള മുണ്ടുടുത്ത്, പുറമെ ഒരു വെള്ള മുണ്ട് കുറുകെ മടക്കി പുതയ്ക്കും. അന്ന് നാട്ടിൻ പുറത്തൊക്കെ വളരെ പ്രായമായ സ്ത്രീകൾ ബ്ലൗസ് ഇടില്ലായിരുന്നു. അമ്മൂമ്മ മരിക്കുന്നത് 1975 ഏപ്രിലിൽ ആണ്. 94)0 വയസ്സിൽ, എനിക്ക് മൂന്ന്, വയസ്സു കാണും. ഒരു മിന്നായം പോലുള്ള ഓർമ്മയെ അമ്മൂമ്മയെ പറ്റി ഉള്ളൂ. ബ്ലൗസ് ഒക്കെ ഫാഷൻ ആയത് അടുത്ത തലമുറയിൽ ആണ്. അന്നൊക്കെ ബ്ലൗസ് ഇടാതെ, ഒരു തോർത്തു കൊണ്ട് മാറു മറച്ചിരുന്ന ധാരാളം അമ്മൂമ്മമാരെ കാണാമായിരുന്നു. മുകളിൽ തോർത്തു പോലും മറയ്ക്കാത്ത അമ്മൂമ്മമാരെയും കണ്ടിട്ടുണ്ട്. അന്നൊക്കെ അതൊന്നും ആഭാസമോ, അശഌലമോ അല്ലായിരുന്നു.

ഇനി അടുത്ത തലമുറ നോക്കാം. അമ്മൂമ്മയുടെ മകൾ, അച്ഛന്റെ 'അമ്മ (കാർത്യായനി അമ്മ; ഞങ്ങൾ 'എന്നമ്മ' ന്നു വിളിക്കും).

എന്നമ്മയുടെ വേഷം, വെള്ള മുണ്ടും, വെള്ള ബ്ലൗസും, മുണ്ടിൽ ചുറ്റി, ബ്ലൗസിനു കുറുകെ സാരിത്തുമ്പു പോലെ ഒരു വെള്ള മേൽമുണ്ട്. വീട്ടിൽ നിൽക്കുമ്പോൾ മേൽമുണ്ട് മാറ്റും, വെള്ള മുണ്ടും ബ്ലൗസും മാത്രം വേഷം.

എന്നമ്മ ഇതല്ലാതെ വേറെ ഒരു വസ്ത്രം ധരിച്ചതായി കണ്ടിട്ടില്ല. 80 കളിൽ അറുപതു വയസ്സിനു മുകളിൽ പ്രായം ഉണ്ടായിരുന്ന എല്ലാവരും ഈ വേഷമായിരുന്നു.

അന്നൊന്നും വയറു തുറന്നു കാണിച്ചു നടക്കുന്നത് 'അശ്ലീലം' അല്ലായിരുന്നു.

വയറു മാത്രമല്ല, സാധാരണ സ്ത്രീകൾ ഒക്കെ ജോലി ചെയ്യുമ്പോൾ, മുണ്ട് അല്ലെങ്കിൽ സാരി മുട്ടിനു മുകളിൽ മടക്കിക്കുത്തി ആണ് നടന്നിരുന്നത്. ഇതൊക്കെ അന്ന് സാധാരണം ആയിരുന്നതു കൊണ്ട് ആരും ഒളിഞ്ഞു നോക്കുന്നതായോ, തുറിച്ചു നോക്കുന്നതായോ ഓർമ്മയില്ല.

കുളങ്ങളിൽ ആണ് അന്ന് പലരും കുളിച്ചിരുന്നത്. വീട്ടിൽ കിണറുണ്ടെങ്കിലും, ഒരു 'സോഷ്യൽ ഔട്ടിങ്' എന്ന നിലയിൽ ഞങ്ങളുടെ അയൽപക്കത്തെ പല സ്ത്രീകളും കുളക്കരയിൽ ആണ് കുളിച്ചിരുന്നത്. അമ്മയുടെ കൂടെ ഞാനും വളരെ ചെറുപ്പത്തിൽ പോയിട്ടുണ്ട്. സ്ത്രീകൾ ഒക്കെ തോർത്ത് ഉടുത്ത് അർധ നഗ്‌നരായി ആയി കുളക്കരയിൽ കുളിക്കുന്ന ഒരു കാലവും (എൺപതുകളുടെ തുടക്കത്തിൽ) കേരളത്തിലെ നാട്ടിൻ പുറങ്ങളിൽ ഉണ്ടായിരുന്നു.

ഇനി അടുത്ത തലമുറയുടെ വസ്ത്ര രീതിയിലുള്ള മാറ്റം നോക്കാം; അച്ഛന് മൂന്ന് സഹോദരിമാരായിരുന്നു (എന്റെ അപ്പച്ചി മാർ). സരോജനിയമ്മ, സുമതിയമ്മ, കമലാഭായി (ഭായി) എന്നിവർ.

ഏറ്റവും മൂത്ത സരോജനി അപ്പച്ചി എന്റെ ഓർമ്മയുള്ള കാലം മുതൽ വെള്ളമുണ്ട്, വെള്ള ബ്ലൗസ്, മുണ്ടിൽ ചുറ്റിയുള്ള മേൽമുണ്ട്, ഇവ ആയിരുന്നു വേഷം.

സുമതി അപ്പച്ചിയാണെങ്കിൽ കുറച്ചു കൂടി പരിഷ്‌കാരം വന്ന് സെറ്റു മുണ്ടും, സെറ്റ് മേൽമുണ്ടും കളർ ബ്ലൗസും ആയിരുന്നു വേഷം.

ആ തലമുറയിൽ എന്റെ ഓർമ്മയിൽ കളർ ബ്ലൗസ് ആദ്യം ധരിക്കുന്നത് സുമതി അപ്പച്ചി ആയിരുന്നു.

ഭായി അപ്പച്ചി ആണ്, ആദ്യം കളർ സാരിയും കളർ ബ്ലൗസും ഉടുത്തു കാണുന്നത്.

അതായത് ഒരേ തലമുറയിൽ പെട്ട, ഏകദേശം മൂന്ന് വയസ്സ് ഇടവിട്ടുള്ള സഹോദരിമാരിൽ തന്നെ വേഷങ്ങൾക്ക് വലിയ മാറ്റം പ്രകടമായിരുന്നു.

അടുത്ത തലമുറയിലെ സ്ത്രീകൾ എന്റെ കസിൻസും (അച്ഛന്റെ ഭാഗത്തുള്ള) ആറ് ചേച്ചിമാരും (സാവിത്രി, രമ, നിർമ്മല, മണിയമ്മ, ഗീത, ശ്രീലത), എന്റെ ഇളയ സഹോദരി ശ്രീജയുമാണ്.

ഇതിൽ സാവിത്രി ചേച്ചി മുതൽ മണിയമ്മ ചേച്ചി വരെ എന്റെ ഓർമ്മയിൽ സാരിയും ബ്ലൗസും മാത്രമേ ഉടുത്തു കണ്ടിട്ടുള്ളു.

ലത ചേച്ചി, ഗീത ചേച്ചി ഇവർ എന്റെ ആദ്യ ഓർമ്മയിൽ, പാവാടയും ബ്ലൗസും, കോളേജിൽ ചേർന്നപ്പോൾ ഹാഫ് സാരിയും ബ്ലൗസും, പിന്നെ ഫുൾ സാരിയും ബ്ലൗസും ആയിരുന്നു വേഷം.

ഇവരൊന്നും ഒരിക്കൽ പോലും ചുരിദാർ ഇട്ട് കണ്ടിട്ടില്ല. ചേച്ചിമാർ എല്ലാവരും ഇപ്പോൾ അമ്പത്തിനു മുകളിൽ പ്രായം ഉള്ളവരാണ്.

അതെ തലമുറയിൽ ഉള്ള ഏറ്റവും ഇളയ ചേച്ചിയേക്കാൾ പത്തു വയസ്സോളം പ്രായക്കുറവുള്ള എന്റെ സഹോദരി ശ്രീജ സ്‌കൂളിൽ വലിയ പാവാടയും, ബ്ലൗസും (സ്‌കൂൾ യൂണിഫോം), പിന്നെ നേരെ ചുരിദാറിലേക്കാണ് മാറിയത് (തൊണ്ണൂറുകളുടെ കളുടെ ആദ്യം) . സാരി ഒരു പക്ഷെ കല്യാണ സമയത്തിന് അടുപ്പിച്ചാണ് ഉടുക്കാൻ പഠിച്ചത്. വളരെ വിരളമായേ അന്നൊക്കെ ശ്രീജയെ സാരി ഉടുത്തു കണ്ടിട്ടുള്ളൂ.

തൊണ്ണൂറുകൾ ആയപ്പൊളേക്കും ചുരിദാർ നാട്ടിൻ പുറങ്ങളിലും വളരെ വ്യാപകമായി. ഇങ്ങനെയാണ് വെറും ഇരുപതു വർഷം സ്ത്രീകളുടെ വസ്ത്രധാരണം മാറിയത്. പിന്നെയൊരു ഇരുപതു വർഷം ഇതുപോലെ എടുത്തുപറയത്തക്ക ഒരു മാറ്റം കണ്ടില്ല. ഈ അടുത്ത കാലത്താണ് ചെറിയ മാറ്റങ്ങൾ കാണാൻ തുടങ്ങിയത്.

പറഞ്ഞു വന്നത്, ഓരോ കാലത്തും വസ്ത്രധാരണ രീതികൾ മാറുമ്പോൾ അതിനെതിരെ സമൂഹത്തിൽ ശക്തായ പ്രതിരോധം ഉണ്ടായിട്ടുണ്ട്.

കൂടാതെ ഉടുക്കുന്ന വസ്ത്രങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ ഓരോ കാലത്തും ഉണ്ടായിട്ടുണ്ട്.

വസ്ത്രം ധരിക്കുന്നത്, അത് ധരിക്കുന്ന ആൾക്കാരുടെ സൗകര്യവും, സ്വാതന്ത്ര്യവും ആണ് പ്രധാനം. അതിൽ അശ്ലീലം കാണുന്നതും, അഭംഗി കാണുന്നതും ഒക്കെ വളരെ പിന്തിരിപ്പൻ ചിന്താഗതികൾ ആണ്. പുതു തലമുറയോട് പറയാനുള്ളത്, വസ്ത്രങ്ങളും, വസ്ത്ര രീതികളും ഒക്കെ എന്നും മാറിയിട്ടുണ്ട്.

നിങ്ങൾ എന്ത് ധരിക്കണം എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ മാത്രമാണ്. നിങ്ങൾക്കൊപ്പം സമൂഹത്തിലെ ചിന്താഗതികളും പതിയെ മാറിക്കൊള്ളും.

ആചാരങ്ങളും അങ്ങിനെ തന്നെ, മാറ്റങ്ങൾ വരാൻ തുടക്കത്തിൽ വൻ തടസ്സങ്ങൾ ഉണ്ടാവും, പിന്നെ അത് പതിയെ ജീവിതത്തിന്റെ ഭാഗം ആകും, നമ്മൾ പോലും അറിയാതെ.

ഒരിക്കൽ ആഭാസമായ ചുരിദാർ ഇന്ന് പ്രിയപ്പെട്ട വസ്ത്രം ആയ പോലെ.