- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ബ്രിട്ടീഷ് ജനതയുടെ അന്തസ്സിനൊത്ത് ജീവിക്കാനും ഒരു ഇലകൊഴിയുമ്പോലെ സുന്ദരമായി അനിവാര്യമായ മരണത്തിൽ വേർപിരിയാനും അവർക്ക് സാധിച്ചു; എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ദുഃഖിക്കുന്നു അനുശോചിക്കുന്നു; ബിജു വി ചാണ്ടി എഴുതുന്നു
എലിസബത്ത് രാജ്ഞിക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നത് ശരിയോ തെറ്റോ എന്നതാണ് മലയാളികളെ ഇപ്പോൾ ശങ്കയിലാക്കിയിരിക്കുന്ന വിഷയം
ബക്കിങ്ങ്ഹാം പാലസും ചുറ്റിപ്പറ്റിയുള്ള വാർത്തകളും വളരെ കൗതുക പൂർവ്വം ശ്രദ്ധിച്ചു പോന്നിട്ടുള്ളവരാണ് നാം
മാധ്യമങ്ങൾ രജ്ഞിയുടെ മരണവുമായി ബന്ധപ്പെട്ട് കൊടുക്കുന്ന വാർത്തകൾക്ക് വായനക്കാരും സോഷ്യൽ മീഡിയായിൽ വൻ റീച്ചും കിട്ടുന്ന സഹചര്യമുള്ളതു കൊണ്ട് പൊട്ടും പൊടിയും ചോരാതെ അപ്‌ഡേറ്റ് ചെയ്യാൻ അവർ കാര്യമായി ശ്രദ്ധിക്കാറുമുണ്ട്
അത്തരം വാർത്തകളുടെ എല്ലാം കമന്റ് ബോക്‌സുകൾ നിറയെ ക്യൂൻ എലിസബത്തിനേയും , ബ്രട്ടീഷുകാരേയും പ്രസിദ്ധീകരിച്ച മാധ്യമത്തെയുമടക്കം ചീത്തവിളിച്ചു കൊണ്ടുള്ള നെഗറ്റീവ് കമന്റുകളാണ് അധികവും എന്നതാണ് മറ്റൊരു വസ്തുത .
സ്വാതന്ത്രിത്തിന് എഴുപത്തഞ്ച് വർഷങ്ങൾക്കു ശേഷവും നമ്മുടെ പൊതുബോധം പകയോടെ മാത്രമാണ് ബ്രിട്ടീഷ്‌കാരനെയും അവരുടെ രാജ്ഞിയേയും കാണുന്നത് .
എങ്ങാനും ആരെങ്കിലും അവർക്ക് ആദരാജ്ഞലി അർപ്പിക്കുകയാ നല്ല കാര്യം പറയുകയോ ചെയ്താൽ അവനെ ബ്രിട്ടീഷ് ചെരുപ്പു നക്കി എന്നൊക്കെ അധിക്ഷേപിക്കുന്ന തരത്തിലുള്ള നിരവധി കമന്റുകൾ ചേർത്ത് വായിക്കേണ്ടിവരും .
രാജ്ഞിയുടെ മരണത്തിൽ ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിച്ച് ,ആചരിച്ച ഒരു ദിവസത്തെ ദുഃഖാചരണം കൂടി വന്നപ്പോൾ ഇകഴ്‌ത്തലുകളുടെ ശക്തിക്ക് ഒന്നുകൂടി മൂർച്ച കുടി
സോഷ്യൽ മീഡിയാ കീഴടക്കിയിരിക്കുന്നതും അവിടെ അഭിപ്രായം രൂപീകരിക്കുന്നതിലും താരമൂല്യമുള്ള വ്‌ളോഗറുമാർക്ക് വലിയ പങ്കുണ്ട്
'ഇംഗ്ലണ്ട് രാഞ്ജിയുടെ മരണത്തിൽ നാമെന്തിന് അനുശോചിക്കണം?
പകരം രാജവംശം ചെയ്തു കൂട്ടിയ പാതകങ്ങൾ കാണണം '
വ്യക്തിപരമായി താല്പര്യപൂർവ്വം പിൻതുടർന്നിരുന്ന ഒരു ബ്ലോഗറുടെ പതിനായിരത്തിൽ പരം വ്യൂവേഴ്സ് കണ്ട വീഡിയോയുടെ തമ്പ് നെയിൽ ഇതായിരുന്നു .
കൊളോണിയൽ കാലത്ത് ബ്രിട്ടൺ ചെയ്തു കൂട്ടിയ അധിനിവേശങ്ങളുടെയും . അടിമ സമ്പ്രദായത്തിന്റേയും , കൊള്ളയുടെയും ,കച്ചവടത്തിന്റെയും കഥ വളരെ സുന്ദരമായും ലളിതമായും പറഞ്ഞു തരുന്നുമുണ്ട് പ്രസ്തുത വീഡിയോയിൽ .
അത്തരം പെരുമാറ്റങ്ങൾ ബ്രിട്ടന്റെ ഭാഗത്തു നിന്നുണ്ടായതാണ് എന്നത് വസ്തുതയാണെന്നും നാം മുമ്പേ മനസ്സിലാക്കിയിട്ടുണ്ട് .
അടിമത്വവും കീഴടക്കലും ,കൊള്ളയും തെറ്റായിക്കരുതിയ ഏതെങ്കിലും സാമ്രാജ്യവും ചക്രവർത്തിയും രാജാവും നാടുവാഴിയും ഒരു നൂറു കൊല്ലം മുമ്പുള്ള ലോക ക്രമത്തിൽ ഭൂമിയിൽ ഏതെങ്കിലും കോണിൽ ഉണ്ടായിരുന്നോ എന്നു കൂടി നാം ചിന്തിക്കണം .
പാശ്ചാത്യ പൗരസ്ത്യ വെത്യാസമില്ലാതെ അധിനിവേശം എല്ലാ രാജ്യങ്ങളും തുടർന്നു പോരുകയും യുദ്ധ വിജയങ്ങൾ അഘോഷിക്കുകയും ചെയ്തിരുന്നത് ബ്രിട്ടീഷ് സാമ്രാജ്യം മാത്രമല്ല എന്നു ചുരുക്കം
കൊളോണിയൽ കാലത്തെ വ്യാപാര,വ്യവഹാര രീതികൾ വളരെ സ്മാർട്ടായി ചെയ്ത് ഇംഗ്ലണ്ടും ഈ രാജകുടുംബവും ലോകത്ത് ആധിപത്യം സ്ഥാപിക്കുകയും രാജ്യങ്ങളെ കീഴടക്കുകയും കോളനികളാക്കുകയും ചെയ്തു എന്നത് വസ്തുത തന്നെയാണ്
പരസ്പരം മത്സരിച്ചും കീഴടക്കിയും മുന്നേറി വിജയം സ്ഥാപിച്ച ഗോത്രങ്ങളേയും രാജ്യങ്ങളേയും രാജാക്കന്മാരേയും ചരിത്രത്തിലുടനീളം വായിക്കാനാവും .
എന്നെങ്കിലും കീഴടങ്ങുകയോ കീഴടക്കപ്പെടുകയോ ചെയ്യാത്ത നമ്മളുൾപ്പടെ ഒരു ജനതയും ലോകത്തുണ്ടാവില്ല .കാരണം അക്രമണങ്ങളും അതിജീവനങ്ങളും നടത്തിയവരാണ് എല്ലാ വംശങ്ങളും തന്നെ.
കീഴടക്കലുകളുടെ ചരിത്രത്തെ നമ്മൾ വിമർശനവിധേയമാക്കുമ്പോൾ
തന്നെ ചരിത്രത്തിലെ ഏതെങ്കിലും നാൾ വഴികളിൽ തെറ്റുകൾ ചെയ്തു കൂട്ടിയെന്ന് നമുക്ക് ബോധ്യപ്പെട്ട സമൂഹത്തിന്റെ വംശ പരമ്പരകളെ , പഴയ കുറ്റകൃത്യങ്ങളുടെ പേരിൽ വെറുപ്പോടെ സമീപിക്കണമെന്ന യുക്തിയോട് വിയോചിക്കുന്നു .
വർത്തമാന കാലത്ത് നിന്നു കൊണ്ട് സ്വയം പരിഷ്‌കരിക്കാനും സംസ്‌കാരിക്കാനും വിമർശനബുദ്ധിയോടെ ചരിത്രത്തെ കാണാമെങ്കിലും ഇതിനോടകം തിരുത്തി പരിഷ്‌കൃതരായി മാറിയ ഒരു സമൂഹത്തേയും വെറുക്കേണ്ടതില്ല.
ബ്രിട്ടിഷ് പാർലമെന്റ് 1807-ൽ അടിമക്കച്ചവടം തടയുന്നതിനുള്ള നിയമം പാസ്സാക്കി. ഡെന്മാർക്ക് 1792-ൽ അടിമക്കച്ചവടം നിർത്തലാക്കി. 1878-ൽ ഫ്രാൻസും 1815-ൽ പോർച്ചുഗലും അടിമക്കച്ചവടം തങ്ങളുടെ കോളനികളിൽ തടഞ്ഞു.
പത്തൊമ്പതാം നൂറ്റാണ്ടു വരെ ഏഷ്യയിൽ എന്തിന് കേരളത്തിൽ പോലും അടിമത്വം നിലനിന്നിരുന്നു എന്നു വായനയുണ്ട്
ഒരു പരിധി വരെ പാശ്ചാത്യരുടെ ഇടപെടലും പ്രേരണകളും , സ്വധീനങ്ങളും കൊണ്ടു കൂടിയാണ് ഇവിടെയും അതൊക്കെ അവസാനിപ്പിച്ചത് .
ജനാധിപത്യ ധാർമ്മിക മൂല്യങ്ങൾ കരുത്താർജ്ജിച്ച ആധുനിക കാലത്ത് മദ്ധ്യകാല യുക്തിയെ ആദ്യം തന്നെ തള്ളിക്കളഞ്ഞ് ലോകത്തിന് മാതൃകയായവരാണ് ബ്രിട്ടീഷ് ജനത
ഏറ്റവും സുന്ദരമായ ജനാധിപത്യം വർത്തമാന കാലത്ത് പിൻപറ്റുന്ന ജനത ,
കേവലം കോവിഡ് പ്രോട്ടോക്കോൾ ലംഖനത്തിന്റെ പേരിൽ പോലും പ്രധാനമന്ത്രിക്കുപോലും രാജിവെയ്‌ക്കേണ്ടി വരുന്ന രാജ്യം,
ഇന്ത്യൻ കുടിയേറ്റക്കാരനായ ഋഷി സുനഗിന് പ്രധാനമന്ത്രി പദത്തിനരികിൽ വരെ എത്താൻ സാധിക്കുന്ന പാകത്തിൽ പരിഷ്‌കൃതമാക്കപ്പെട്ട ജനാധിപത്യം പിൻതുടരുന്നവർ .
ജനാധിപത്യത്തിന് ധർമ്മികതയെ കാലികമായി പരിഷ്‌കരിക്കാനാവും കഴിഞ്ഞ ഏഴര പതിറ്റാണ്ട് ജനാധിപത്യത്തിൽ അടിയുറച്ച് ജീവിക്കുന്ന നമ്മൾ ഇന്ത്യക്കാരുടെയും ധാർമ്മികത അനുദിനം മെച്ചപ്പെടുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.
ഒരു വ്യക്തിക്കോ , സമൂഹത്തിനോ അലോസരമുണ്ടാക്കുന്ന വാക്കുകൾ പോലും പൊളിറ്റിക്കലി കറക്ടാകണമെന്ന് നാം ഇപ്പോൾ തിരിച്ചറിയുകയും ശഠിക്കുകയും ചെയ്യുന്നുണ്ടല്ലോ .
കൊളോണിയൽ കാലത്തിനെല്ലാം ശേഷം
ബ്രിട്ടീഷ് സംസ്‌കാരത്തിന്റെ ഭാഗമായി രാജ പദവിയിലെത്തിയ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നതിൽ ഒരു തെറ്റും സാമാന്യ യുക്തിയിൽ കാണാനാവുന്നില്ല .
നെടുങ്കൻ വീഡിയോകൾ ചെയ്തും പോസ്റ്റിട്ടും ബ്രിട്ടീഷ് രാജ്ഞിയുടെ ചരമവാർത്തകൾക്കു കീഴേയും പഴയ കാല അധിനിവേശത്തിന്റെയും ,സംഭവ വികാസങ്ങളുടേയും പേരിൽ അധിക്ഷേപിക്കുന്നതും അശ്ലീലം വിളമ്പന്നതും ജനാധിപത്യ പരിഷ്‌കൃത സമൂഹത്തിനു ചേരുന്ന പ്രവൃത്തി എന്നു വിലയിരുത്താനാവില്ല .
അധിക്ഷേപിക്കുന്നത് എന്തോ വീര പ്രവൃത്തിയാണെന്നും , വിപ്ലവപ്രവർത്തനമാണെന്നും രാജ്യ സ്‌നേഹപരമാണെന്നുമൊക്കെ കരുതുന്നത് കാപട്യവും മൗഢ്യവുമാണ് .
ചരിത്രത്തിലെ തെറ്റുകളോട് നമുക്ക് വിയോചിപ്പുണ്ട് ,വിമർശനമുണ്ട് പ്രതിഷേധമുണ്ട് . പക്ഷേ അതിനൊന്നും യാതൊരു ഉത്തരവാദികളും അല്ലാത്ത വർത്തമാന കാല മനുഷ്യരോട് നമ്മളെന്തിനാണ് പക വെച്ചു പുലർത്തേണ്ടത് ?
ലോകത്ത് പ്രത്യേകിച്ച് കോമൺവെൽത്തിന്റെ ഭാഗമായ എല്ലാ രാജ്യങ്ങളും അവരുടെ മരണത്തിൽ ദുഃഖം അറിയിക്കുന്നുണ്ട് , ആചരിക്കുന്നുണ്ട് അത് സാമന്യ മര്യാദയുടെ ഭാഗമാണ്
അതാണ് ഭാരത സർക്കാരും ചെയ്തത് .
ബ്രിട്ടീഷ് അധിനിവേശത്തിന്റെ കീഴിൽ നിന്ന് സ്വതന്ത്രമായ പരിഷ്‌കൃത രാജ്യങ്ങളെല്ലാം ഈ ദുഃഖാചരണത്തിൽ ഭാഗവാക്കാണ്. പ്രത്യേകിച്ച് ദുബായ് പൊതുജനങ്ങൾക്കു കൂടി അനുശോചനമറിയിക്കാനുള്ള സൗകര്യം പോലും തയ്യാറാക്കിയിട്ടുണ്ട് .
വ്യക്തിപരമായി നമ്മുടെയൊക്കെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേർ ഇംഗ്ലണ്ടിലൊക്കെ ജോലി ചെയ്യുകയും പൗരത്വം സ്വീകരിക്കുകയുമൊക്കെ ചെയ്തു വരുന്നുണ്ട് .
ചെയ്യുന്ന ഏതു തൊഴിലിനും മാന്യതയും സാമാന്യ വേതനവും മെച്ചപ്പെട്ട ജീവിത നിലവാരവും നിയമം മൂലം ഉറപ്പിച്ചിരിക്കുന്ന രാജ്യം കൂടിയാണ് ഇംഗ്ലണ്ട് . സാമൂഹ്യമായി യാതൊരു വേർതിരിവും ഇല്ലാതെ നമ്മുടെ സഹോദരങ്ങളെ കൂടി ഉൾക്കൊള്ളുന്ന പരിഷ്‌കൃതമായ ആധുനിക സമൂഹം .
ഗോത്രീയതയിൽ നിന്നും ദേശീയതയിലേയ്ക്കും , അവിടെ നിന്ന് മാനവികതയിലേയ്ക്കും വളർന്നുകൊണ്ട് ആഗോള പൗരന്മാരായി തീർച്ചയായും നാം വളരേണ്ടതുണ്ട്
അങ്ങനെ പൗരന്മാർ ഉന്നതമായി ചിന്തിക്കുമ്പോഴാണ് ജനാധിപത്യം പരിഷ്‌കൃതമാവുന്നതും നമ്മുടെ രാജ്യത്തിന്റെ യശസ്സ് വർദ്ധിക്കുന്നതും .
എല്ലാം കൊണ്ടും സമ്പന്നതയുടെ മടിത്തട്ടിൽ ജനിക്കാനും പതിനാലോളും രഷ്ട്രങ്ങളുടെ മേധാവിയായി എഴുപതുകൊല്ലം ജനപ്രീതിയോടെ തുടരാനും അപൂർവ്വ ഭാഗ്യം കൈവന്ന സൗഭാഗ്യവതിയായ സ്ത്രീ രക്‌നമാണ് ക്യൂൻ എലിസബത്ത് .
നമ്മുടെ രാഷ്ട്രത്തലവന്മാരോട് സൗഹൃദവും സ്‌നേഹവും കാത്തുസൂക്ഷിച്ച് ഹാർദ്ദവമായി സ്വീകരിച്ചു . നമ്മുടെ അതിഥിയായി സന്ദർശനങ്ങൾ നടത്തി . നമ്മുടെ പൗരന്മാരിൽ പലർക്കും ജോലിയും ജീവിതവും നൽകി . അവരുടെ വേർപാട് ലോകത്തിനും ഇന്ത്യക്കും അതീവ ദുഃഖകരം തന്നെയാണ് .
അന്താരാഷ്ട്ര വേദിയിലും , പത്രത്താളുകളിലും , ടിവിയിലും മൊക്കെ നിരന്തരം സുസ്‌മേരവദനയായി എഴുപതുകൊല്ലം നിറഞ്ഞു മഹനീയ സാന്നിദ്ധ്യമായിരുന്നു രാജ്ഞി .
ബ്രിട്ടീഷ് ജനതയുടെ അന്തസ്സിനൊത്ത് ജീവിക്കാനും ഒരു ഇലകൊഴിയുമ്പോലെ സുന്ദരമായി അനിവാര്യമായ മരണത്തിൽ വേർപിരിയാനും അവർക്ക് സാധിച്ചു .
എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ദുഃഖിക്കുന്നു അനുശോചിക്കുന്നു .ഒപ്പം ബ്രിട്ടീഷ് ജനതയുടെ അഗാധമായ ദുഃഖത്തിൽ പങ്കാളിയാകുന്നു .......
ആദരാജ്ഞലികൾ ....
ബിജു V ചാണ്ടി