'മാപാ & മാപ്ര''

മാർക്‌സിസ്റ്റ് പാർട്ടിയും, മാധ്യമ പ്രവർത്തനവും

മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിനെ പൂട്ടിക്കാനുള്ള ശ്രമങ്ങളാണല്ലോ കഴിഞ്ഞ കുറച്ച് കാലമായി നടക്കുന്നത്. മറുനാടൻ മലയാളിയിൽ, ചാനൽ മേധാവി ഷാജൻ സ്‌കറിയ, പി വി ശ്രീനിജൻ എംഎ‍ൽഎക്കെതിരെ ചെയ്ത ഒരു വാർത്തക്കെതിരെ എസ്.സിഎസ്.ടി പീഡന നിരോധന നിയമം അനുസരിച്ച് കേസെടുത്തിരുന്നു. അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് ഇപ്പോഴുള്ള പൊലീസ് നടപടിയെന്നാണ് ഭാഷ്യം. സെഷൻസ് കോടതിയിലും, ഹൈക്കോടതിയിലും ഷാജൻ സ്‌കറിയ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും, ലഭിച്ചില്ല; അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു.

ആ വാർത്തയുടെ മെറിറ്റിനെ കുറിച്ചോ, മറുനാടൻ മലയാളി മുന്നോട്ട് വയ്ക്കുന്ന മാധ്യമ സംസ്‌കാരത്തെയോ കുറിച്ചല്ല പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്നത്. നിയമം, നിയമത്തിന്റെ വഴിക്ക് തന്നെ പോകണം. കുറ്റക്കാർ ശിക്ഷിക്കപ്പെടുകയും വേണം. ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്ത്രീകളടക്കമുള്ള മാധ്യമ പ്രവർത്തകരുടെ വീടുകളിലും, അവരുടെ ബന്ധു വീടുകളിലും പൊലീസ് റെയ്ഡ് നടത്തുന്നു. ലാപ്‌ടോപ്പുകളും, മൊബൈൽ ഫോണുകളും പിടിച്ചെടുക്കുന്നു. സ്ഥാപനം അടപ്പിക്കുന്നു. തുറക്കരുതെന്ന് ഭീഷണിപ്പെടുത്തുന്നു. കുറേയേറെ ജീവനക്കാരുടെ ഉപജീവന മാർഗ്ഗം ഇല്ലാതാക്കുന്ന, വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമല്ലേ പ്രബുദ്ധ കേരളത്തിൽ നടക്കുന്നത്? ഇതാണോ നിയമത്തിന്റെ വഴി?

എവിടെ പോയി ''മാപാ''കളുടെ സ്ഥിരം മുദ്രാവാക്യങ്ങൾ

തൊഴിൽ സ്വാതന്ത്ര്യം
വ്യക്തി സ്വാതന്ത്ര്യം
ആവിഷ്‌കാര സ്വാതന്ത്ര്യം
സ്ത്രീ സുരക്ഷ
തൊഴിലിടങ്ങളിൽ സംരക്ഷണം
വ്യവസായ സൗഹൃദം

പകരം മുന്നോട്ട് വയ്ക്കുന്ന ആശയം അപകടകരമാണ്. പരസ്യമായ വെല്ലുവിളികൾ, പഞ്ച് സിനിമാ ഡയലോഗുകൾ, മറ്റ് പ്രസ്ഥാനങ്ങൾക്ക് ഭീഷണി, ''എടാ,പോടാ'' വിളികൾ, വിയോജന അഭിപ്രായ പ്രകടനത്തോട് താത്വികമായ അസഭ്യവർഷം, തലയില്ലാത്ത ഫോട്ടോ പ്രസിദ്ധീകരിക്കുക, വിവാദമായ 1.2.3 പ്രസംഗത്തെക്കാൾ വികലമായ പ്രയോഗങ്ങൾ. ചുക്കാൻ പിടിക്കുന്നത് ജനപ്രതിനിധികളും, ഉത്തരവാദിത്തപ്പെട്ട നേതാക്കളുമാകുമ്പോൾ, അണികൾ ഇതാണ് പാർട്ടി നയമെന്ന് വിശ്വസിച്ച് ഇതേറ്റു പാടുന്നു.

മാധ്യമങ്ങളെ കേന്ദ്ര സർക്കാർ കൂച്ചുവിലങ്ങിടുന്നു എന്ന് അലമുറയിടുന്ന ''മാപാ'' വക്താക്കൾക്ക് മിണ്ടാട്ടമില്ല. സാമൂഹിക മാധ്യമവും, ഒരു തരത്തിൽ മാധ്യമ ധർമ്മം തന്നെയാണല്ലോ ഉയർത്തിപ്പിടിക്കുന്നത്; അഥവാ ഉയർത്തിപ്പിടിക്കേണ്ടത്. വ്യക്തിഹത്യ, നാലാംകിട വെല്ലുവിളികൾ, അസഭ്യ വർഷങ്ങൾ എന്നിവയെ എങ്ങനെ ന്യായീകരിക്കും? കേന്ദ്രം പോലും ഇത്ര പച്ചയായി എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നില്ല. അധികാരത്തിന്റെ ധാർഷ്ട്യം വില കുറഞ്ഞ പക വീട്ടലുകളിലേക്കും, വെല്ലുവിളികളിലേക്കും, ഭീഷണിയിലേക്കും അധഃപതിച്ചിരിക്കുന്നു.

ബിബിസി ഓഫീസ് റെയ്ഡിൽ രോഷം കൊണ്ട, സിപിഎം പൊളിറ്റ് ബ്യൂറോ, മുഖ്യമന്ത്രി, ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ്, സിപിഎമ്മിന്റെ വലുതും ചെറുതുമായ നേതാക്കൾ, സാംസ്‌കാരിക ബുദ്ധിജീവികൾ, അഭിപ്രായ സ്വാതന്ത്ര്യ അവകാശ വാദികൾ, ആവിഷ്‌കാര നവോത്ഥാന കാംക്ഷികൾ, ഇടതുപക്ഷ രാഷ്ട്രീയ നിരീക്ഷകർ എന്നിവരുടെ അഭിപ്രായം അറിയാൻ അതിയായ ആഗ്രഹമുണ്ട്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അറിയാത്ത, പക്ഷെ മുറുകെപ്പിടിക്കുന്നു എന്ന് ഊറ്റം കൊള്ളുന്ന ഇവർ ഇരട്ടത്താപ്പുകളുടെ വക്താക്കളായി മാറിയിരിക്കുന്നു എന്ന സത്യം നാം തിരിച്ചറിയേണ്ടതുണ്ട്.

''മോദിയുടെ ഇന്ത്യ'' എന്ന് സ്ഥിരം ചാപ്പ കുത്തുന്നവർ ''പിണറായിയുടെ കേരളം'' കണ്ടില്ലെന്ന് നടിക്കരുത്. പ്രണോയ് റോയ് (എൻഡിടിവി), അന്തരിച്ച വിനോദ് ദുവ (ദ് വയർ), ബോബി ഘോഷ് (ഹിന്ദുസ്ഥാൻ ടൈംസ്), രാഘവ ബാൽ (ദ് ക്വിന്റ്), പുണ്യ പ്രസൂൺ ബാജ്‌പേയ് (എബിപി) തുടങ്ങിയവരെ കേന്ദ്രം വേട്ടയാടിയപ്പോൾ; വിനു വി ജോൺ, സിന്ധു സൂര്യകുമാർ, ഷാജഹാൻ കാളിയത്ത്, നൗഫൽ ബിൻ യൂസഫ്, അഖില നന്ദകുമാർ എന്നിവരുടെ പട്ടികയിലേക്ക് ഷാജൻ സ്‌കറിയയും.

മുഖം നോക്കാതെ സത്യം പറയണം മാധ്യമ പ്രവർത്തകർ, ജനാധിപത്യത്തിന്റെ നാലാം തൂണാകണം മാധ്യമ പ്രവർത്തനം എന്ന ആപ്തവാക്യങ്ങളൊക്കെ നില നിൽക്കേ തന്നെ, ആത്യന്തികമായി ഉപജീവനത്തിനായി, നിലനിൽപ്പിനായി മാധ്യമ പ്രവർത്തനം നടത്തുന്ന, മാധ്യമ പ്രവർത്തകർക്ക് ഐക്യദാർഢ്യം. അവർക്ക് സുരക്ഷിതമായി ജോലിയെടുക്കാനും, അന്തസ്സോടെ തലയുയർത്തി നിൽക്കാനും കഴിയട്ടെ. ഓർക്കുക, സത്യസന്ധമായ മാധ്യമപ്രവർത്തനം എന്നും വിവാദ വിഷയങ്ങളിലേക്ക് വിരൽ ചൂണ്ടുക തന്നെ ചെയ്യും.

തളരാതെ പിടിച്ചുനിൽക്കുക, മുന്നേറുക... ഇന്ത്യ ''ജനാധിപത്യത്തിന്റെ അമ്മ'' ആണോ, എന്ന് പാർട്ടി ജനറൽ സെക്രട്ടറി സ: സീതാറാം യെച്ചൂരിക്ക് സംശയം. കേരളം ''ഫാസിസത്തിന്റെ അച്ഛൻ'' അല്ലേ, എന്ന് സാധാരണ ജനങ്ങൾക്ക് സംശയം.