മുഖ്യമന്ത്രിയുടെ മകളായ ഐ ടി സംരംഭകയുടെ ഭാഗ്യം എന്നാണോ പറയേണ്ടത്, ഐ ടി സംരംഭകയുടെ അച്ഛനായ മുഖ്യമന്ത്രിയുടെ ഭാഗ്യം എന്നാണോ പറയേണ്ടത് എന്നറിയില്ല. ഭാഗ്യം കറങ്ങി നടക്കുന്നുണ്ട് അവിടെ. അതിന്റെ തിരി കെടുത്തരുത് ഒരു കാറ്റും എന്നതിനാൽ മുഖ്യമന്ത്രിയുടെ പാർട്ടി കാവലാളുകൾ വട്ടമിട്ട് കാക്കുന്നുമുണ്ട്.

പഠിക്കാൻ 'അമ്മ'യുടെ അനുഗ്രഹം. സമരമില്ല. ഭക്തിയും കച്ചവടവും മാത്രം. സകല നേതാക്കളും മുട്ടിലിഴയും അമ്മയുടെ മുന്നിൽ. വലിയ നേതാക്കളുടെ മക്കളാണെങ്കിൽ അവിടെ പഠിച്ചിറങ്ങേണ്ട താമസം കൊത്തിക്കൊണ്ടുപോകുന്നു രാജ്യത്തെ വലിയ കോർപറേറ്റുകൾ. അവർ തമ്മിൽ മത്സരിക്കുന്നു. നേതാക്കളുടെ മക്കൾക്ക് വിലപേശുന്നു. വാഗ്ദാനങ്ങൾ ചൊരിയുന്നു. കനിയണേ എന്ന് പടിക്കൽ കാത്തു കിടക്കുന്നു. നേതാക്കളുടെ കുട്ടികൾക്കെന്താ പഠിക്കണ്ടേ? ജോലി ചെയ്യണ്ടേ? സ്വന്തമായി സംരംഭം തുടങ്ങണ്ടേ? എല്ലാവരേയും പോലെ ജീവിക്കണ്ടേ?

ഭക്തജന കാലാൾക്കൂട്ടം സ്വന്തം ദുർവിധി മറന്ന് ഭാഗ്യരത്‌നത്തെ കൊണ്ടാടി. ആർക്കു കിട്ടും ഇത്രയും ഭാഗ്യമെന്നോ കോർപറേറ്റുകളെ വീട്ടു പടിക്കലേക്ക് ആകർഷിച്ച ആ പഠനമികവ് എന്തായിരുന്നുവെന്നോ ഒരു ഭക്തനും തിരക്കിയില്ല. തൊഴിലില്ലാത്ത സ്വന്തം മക്കളെ ഓർത്തില്ല. ഏത് കമ്പനി മുതലാളിയെ പാർട്ടി ഞങ്ങളുടെ വീട്ടിലേക്ക് അയക്കും എന്ന കാത്തിരിപ്പിലാവണം അവർ. റാങ്ക് കിട്ടി ജയിച്ച കുട്ടിയിലെ വൈദഗ്ദ്ധ്യം തേടി രവി പിള്ളയോ ഫാരീസ് അബൂബക്കറോ വരാതിരിക്കുമോ?

വലിയ മൂലധനമൊന്നുമില്ലാതെ പുതിയ സംരംഭം ആരംഭിക്കാനാവും എന്ന മാതൃക കണ്ട് അതിന് ഒരുങ്ങി പുറപ്പെട്ടവരൊക്കെ പൊട്ടിപ്പൊളിഞ്ഞു കുത്തുപാളയെടുത്തു. അവരുടെ കമ്പനിക്കൊന്നും വൻകിടക്കാരുടെ ഓഡറുകൾ വന്നില്ല. രഹസ്യകരാറുകൾ എഴുതിയില്ല. സേവനങ്ങൾക്ക് പ്രതിമാസം അഞ്ചോ എട്ടോ ലക്ഷം രൂപ വന്നില്ല. മെയ്യനങ്ങാതെ കൊട്ടയിൽ മീൻ നിറയ്ക്കുന്ന ഇന്ദ്രജാലം തീരെ ശീലിച്ചില്ല.

മുഖ്യമന്ത്രിയോ പാർട്ടിസെക്രട്ടറിയോ മന്ത്രിമാരോ നേതാക്കളോ ആവട്ടെ, അധികാരം അധികാരമാണ്. അതിന്റെ തണലിൽ വന്നടിയാൻ സകല കച്ചവടക്കാർക്കും കള്ളപ്പണക്കാർക്കും കൊതിയാണ്. അതൊന്നും വക വെക്കരുതെന്ന് പാർട്ടിരേഖകൾ പറയും. പാർട്ടിസദാചാരം കൈതോലപ്പായിൽ പടികടന്നില്ലേ? നേതാക്കളുടെ ജീവിത പങ്കാളിയോ മക്കളോ ബന്ധുജനങ്ങളോ ഭാഗ്യത്തിലാറാടുന്ന ഇതുപോലൊരു കാലം മുമ്പുണ്ടായിട്ടുണ്ടോ?

മാസപ്പടിക്കു ചുങ്കം വാങ്ങുന്ന കാലമാണ്. ചെയ്ത സേവനവും ജോലിയും രഹസ്യമായി വെക്കണമെന്ന് കരാറുണ്ടാക്കുന്ന കാലമാണ്. കൂലിക്കു ചെയ്യുന്ന ജോലി സ്വകാര്യമായി വെക്കുന്ന രീതിയുണ്ടോ? അതെന്ത് ജോലിയായിരിക്കും? ആളുകൾക്ക് അറിയണ്ടേ? കുറഞ്ഞ പക്ഷം പുതിയ സംരംഭകർക്ക് ആ പാഠം മനസ്സിലാവണ്ടേ? പാർട്ടിയെ എങ്ങനെ രക്ഷിക്കണമെന്നല്ല, ജനങ്ങളെയോ സോഷ്യലിസ്റ്റ് മൂല്യത്തെയോ എങ്ങനെ സംരക്ഷിക്കണമെന്നല്ല നേതാവിന്റെ പുന്നാരമോളുടെ മാസപ്പടി സമ്പാദ്യത്തെ എങ്ങനെ ന്യായീകരിക്കണമെന്നാണ് പാർട്ടിയുടെ വെപ്രാളം. സേവനത്തിന് കൂലിവേണ്ടേ? സേവനം രഹസ്യമാക്കി വെക്കണമെന്ന് കരാറില്ലേ? സേവനം ലഭിച്ചില്ലെങ്കിൽ പരാതിപ്പെടേണ്ടത് മറ്റേ പാർട്ടിയല്ലേ എന്നൊക്കെയാണ് മെഴുകൽ.

മോളുടെ കമ്പനി അച്ഛന്റെ കോഴയ്ക്കുള്ള മറയാണെങ്കിൽ, രഹസ്യകരാർ അതിന്റെ നടത്തിപ്പു സുഗമമാക്കാനാണെങ്കിൽ, രണ്ടുകൂട്ടരും അതിൽ തൃപ്തരാണെങ്കിൽ പൊതു സമൂഹത്തിന്റെ സ്വത്തല്ലേ കൊള്ളയടിക്കട്ടെ എന്നു കരുതണോ? മാസപ്പടിക്കു നികുതിയടച്ചാൽ പ്രശ്‌നം തീരുമോ? രാജ്യത്തെ കമ്പനികൾ തമ്മിലുള്ള കരാറൊക്കെ ഇങ്ങനെയാണോ? സേവനം കിട്ടാതെ വന്നാൽ ആരാണ് ആ കരാർ നിലനിർത്തുക? പക്ഷേ, ഒരു ഭാഗത്ത് ഭരിക്കുന്നവരുടെ 'ആളാ'ണെങ്കിൽ, കരാർ അധികാരിയുമായി ഉണ്ടാക്കിയ നീക്കുപോക്കാണെങ്കിൽ സേവനം കിട്ടാതിരിക്കൽ കുറ്റമല്ല. കാരണം അവിടെ സേവയേയുള്ളു. സേവനമില്ല. ഇതു മനസ്സിലാക്കാൻ സി പി എമ്മിന്റെ എ കെ ജി - ഇ എം എസ് പഠനഗവേഷണ കേന്ദ്രങ്ങളിൽ പഠിക്കേണ്ടതില്ല.

അച്ഛനും മകളും സുഖമായിരിക്കട്ടെ. അവരുടെ ബന്ധവും ജീവിതവും പൊതു ചർച്ചയാവുന്നത് ഖേദകരമാണ്. എന്നാൽ പൊതുമുതൽ കൊള്ള ചെയ്യപ്പെടുന്നതുകൊണ്ട്, അച്ഛൻ മകൾ ബന്ധം അധികാരത്തിന്റെ സൗകര്യങ്ങളിലേക്കും അഴിമതികളിലേക്കും നീങ്ങുന്നതു കൊണ്ട് പറയേണ്ടിവരുന്നതാണ്. സുതാര്യമല്ലാത്തതും സംശയാസ്പദവുമായ ഒന്നും അധികാരത്തിൽ ഇരിക്കുന്നവർക്ക് ഭൂഷണമല്ല. ജനങ്ങളെ കൊള്ളയടിച്ചുള്ള സമ്പാദ്യം ഭാഗ്യമെന്ന് കരുതുന്നവർ വെറും കൊള്ളക്കാരാണ്. ജനനേതാക്കളല്ല.