- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഡോക്ടർമാർക്ക് ഇങ്ങനെയും ജീവിക്കാമെന്നത് എനിക്ക് പുതിയ അറിവായി; ടാങ്കോ നൃത്തം ഹരമാക്കിയ മലയാളി ഡോക്ടർ; ഡോ എസ് എസ് ലാൽ എഴുതുന്നു: തപ്പിയാൽ ഇഗ്വാസുവിലും കിട്ടും
തപ്പിയാൽ ഇഗ്വാസുവിലും കിട്ടും
മക്കൾ കളിയാക്കിപ്പറയാറുണ്ട്. 'അച്ഛൻ അന്റാർട്ടിക്കയിൽ ചെന്നാലും ചുറ്റിനും തപ്പി നോക്കും, അവിടെങ്ങാനും ഒരു മലയാളിയുണ്ടോ എന്ന്.' സത്യമാണ്. പുതിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും ഷോപ്പിങ് മോളുകളിലും തെരുവുകളിലും നൂറ് കണക്കിന് അപരിചിത മുഖങ്ങൾക്കിടയിൽ എന്നും ഞാൻ ഏതോ മലയാളിയെ തപ്പാറുണ്ട്.
പുതിയ നഗരവും അതിന്റെ പുതിയ നിറങ്ങളും ശബ്ദങ്ങളും ഉന്മാദമുണ്ടാക്കുമ്പോഴും ഏതോ ഒരു മലയാളി വന്ന് കൈയിൽ പിടിക്കുന്നതിനായി ആഗ്രഹിക്കാറുണ്ട്. ഇത് ലാലല്ലേ എന്നോ, കുറഞ്ഞത്, താങ്കൾ മലയാളിയല്ലേ എന്നോ ഒരാൾ ചോദിക്കാനാണ് ആഗ്രഹിക്കുന്നത്. ഇതൊരു ദുരാഗ്രഹമായി തോന്നാമെങ്കിലും പല നഗരങ്ങളിലും ഇത് സംഭവിച്ചിട്ടുമുണ്ട്.
2000-ൽ കൊൽക്കത്തയിൽ ഹൂഗ്ലി നദിയിൽ വഞ്ചിസവാരി നടത്താനായി കുടുംബാംഗങ്ങളോടും ലോകാരോഗ്യ സംഘടനയിലെ സുഹൃത്ത് അംബരീഷ് ദത്തയോടുമൊപ്പം താഴേയ്ക്കുള്ള വഴിയിലേയ്ക്ക് ഇറങ്ങുകയായിരുന്നു. ഇരുട്ടത്ത് തിരക്കിനിടയിൽ കുടുംബവുമായി വന്ന കൊൽക്കത്ത നിവാസിയായ ഒരു മലയാളി എന്നെ തിരിച്ചറിഞ്ഞു കൈയിൽ പിടിച്ചു. ഞങ്ങൾക്കെല്ലാം അതിശയമായി. ഏഷ്യാനെറ്റിലെ പൾസിന്റെ പ്രശസ്തിയായിരുന്നു അത്.
ഇത്തരം നിരവധി അനുഭവങ്ങൾ പിന്നീടും ഉണ്ടായിട്ടുണ്ട്. കിഴക്കൻ തിമോർ എന്ന ചെറിയ രാജ്യത്ത് പോലും. എവിടെപ്പോയാലും സ്വന്തം നാട്ടുകാരെ തപ്പുന്നത് നമ്മളിൽ നിലനിൽക്കുന്ന ഗ്രോത്രസ്വഭാവത്തിന്റെ പ്രതിഫലനമായിരിക്കണം. രണ്ട് ദിവസമായി അർജന്റീനയിലാണ്. ഇന്നലെ ബ്യൂണസ് അയേഴ്‌സിലായിരുന്നു കറക്കം. മലയാളി പോയിട്ട് ഒരു ഏഷ്യൻ മുഖം പോലും ഇന്നലെ കണ്ടില്ല.
ഇന്ന് കാലത്ത് മുതൽ ഇഗ്വാസു വെള്ളച്ചാട്ടത്തിന് സമീപത്തും ഇഗ്വാസു നദിപ്രദേശങ്ങളിലും ആയിരുന്നു. അവിടെ ഏഷ്യക്കാരൻ പോയിട്ട് ഇംഗ്ലീഷ് അറിയാവുന്ന ഒരു മനുഷ്യനെ കണ്ടില്ല. ഈ നാട്ടിൽ ഇംഗ്ലീഷ് പൂർണമായും അന്യമാണ്. ഒരു ബസ് സ്റ്റേഷനിൽ 'ഞങ്ങൾ ഇംഗ്ലീഷ് പറയും' എന്ന ബോർഡിന് കീഴിൽ നിന്ന ഇൻഫർമേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞ ഇംഗ്ലീഷിനേക്കാൾ നല്ലത് അയാളുടെ സ്പാനിഷ് ആണെന്ന് തോന്നി. ഗൂഗിൾ ട്രാൻസ്ലേറ്റർ ഏറ്റവും ഉപയോഗപ്പെട്ട ദിനങ്ങൾ.
വെള്ളച്ചാട്ടവും ചില്ലറ ഷോപ്പിംഗും കഴിഞ്ഞ് ബ്യൂണസ് അയേഴ്‌സിലേയ്ക്ക് തിരികെപ്പോകാൻ കറ്ററത്താസ് എയർപോർട്ടിനുള്ളിൽ പ്രവേശിച്ചു. നല്ല ക്ഷീണം. ബോഡിംഗിന് മുമ്പ് ഒരു കാപ്പിയും ഫ്രൈസും വാങ്ങാൻ ശ്രമിക്കുകയായിരുന്നു. ഞാൻ ഇംഗ്ലീഷിലും കടയിലെ യുവതി സ്പാനിഷിലും സംസാരിച്ച് സംഗതി ഒടുവിൽ ഒരു തീരുമാനമായി. സമീപത്ത് ഇതെല്ലാം കണ്ടിരുന്ന ഒരാളെ ഞാനും കണ്ടു. അദ്ദേഹം ചിരിച്ചു. ഞാനും.
അദ്ദേഹം എന്നോട് ചോദിച്ചു, 'എത് നാട്ടിൽ നിന്നാണ്?'
ഞങ്ങൾ ഇംഗ്ലീഷിൽ സംഭാഷണം തുടങ്ങി. തുടർന്ന് ഇന്ത്യയിൽ എവിടെ നിന്നെന്നായി. പിന്നെ പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 'ഞാനും മലയാളിയാണ്.'
അല്പം പാടുപെട്ടാണെങ്കിലും മലയാളം പറയാൻ തുടങ്ങിയ ആ മനുഷ്യനെപ്പറ്റി അറിയണ്ടേ?
ജന്മം കൊണ്ട് മലയാളിയായ പാലക്കാട്ടുകാരൻ ഡോ: മനോജ് കുമാർ ഉണ്ണി. ആർമി ഉദ്യോഗസ്ഥന്റെ മകനായി ജനിച്ചതിനാൽ കേരളമൊഴികെയുള്ള പ്രദേശങ്ങളിൽ ജീവിച്ചു. അതാണ് മലയാളം അല്പം മുശ്കിൽ ആയത്. ഡോ: മനോജ് പഠിച്ചത് പൂണെയിലെ ആർമി മെഡിക്കൽ കോളേജിൽ. പിന്നീട് ആർമിയിലെ തന്നെ ഹൃദയ ശസ്ത്രക്രിയ വിദഗ്ദ്ധനായി. തീർന്നില്ല, രാജ്യത്തിന്റെ ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിന്റെ ഡയറക്ടർ ജനറൽ വരെ ആയി.
ആറ് വർഷം മുമ്പ് ആർമിയിൽ നിന്നും വിരമിച്ചു. അതോടെ ഡോക്ടർ ജീവിതം അവസാനിപ്പിച്ചു. ശിഷ്ടജീവിതം ഉല്ലാസങ്ങൾക്കായി മാറ്റിവച്ചു. പ്രധാന വിനോദം ടാങ്കോ നൃത്തമാണ്. ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് ടാങ്കോ നൃത്തം പഠിച്ചത്. താമസം പുനെയിലാണ്. അടുത്ത മാസം ഇന്തോനേഷ്യൻ ദ്വീപായ ബാലിയിൽ ഒരു നൃത്ത മത്സരത്തിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. അതിന് മുമ്പായി ടാങ്കോ നൃത്തത്തിന്റെ ഉറവിടമായ അർജന്റീനയിൽ എത്തിയതാണ്. നൃത്ത പങ്കാളിയോടൊപ്പം.
ഇന്ന് ഞങ്ങളെപ്പോലെ വെള്ളച്ചാട്ടം കാണാൻ വന്നു. ലോകാരോഗ്യ സംഘടനയിൽ ഉയർന്ന പദവികൾ വഹിച്ച ഡോ: സൗമ്യ സ്വാമിനാഥൻ ആർമി മെഡിക്കൽ കോളേജിൽ ഡോ: മനോജിന് നാല് വർഷം ജൂനിയറായി പഠിച്ചതാണ്. അദ്ദേഹം ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിന്റെ ഡയറക്ടർ ജനറൽ ആയിരുന്ന സമയത്ത് ഡോ: സൗമ്യ ഐ.സി.എം.ആർ ഡയറക്ടർ ആയിരുന്നു. വിമാനത്തിന് സമയമായി. ഇനിയും ഒരുപാട് പരസ്പരം ചോദിച്ചറിയാനുണ്ട്. ഞങ്ങൾ ഫോൺ നമ്പർ കൈമാറി. താമസിയാതെ വീണ്ടും കാണാനും തീരുമാനിച്ചു.ഡോക്ടർമാർക്ക് ഇങ്ങനെയും ജീവിക്കാമെന്നത് എനിക്ക് പുതിയ അറിവായി. റിട്ടയർ ചെയ്താൽ
ഡോ: എസ്.എസ്. ലാൽ